കപ്പലണ്ടി കാക്ക – ഒരു പ്രവാസി ദുരിതക്കഥ

Old_Man_pravasi

വര്‍ഷങ്ങളായുള്ള പ്രവാസ ജീവിതം. ആ ജീവിത യാത്രക്കിടയില്‍ കാണാനിടയായ ചില കാഴ്ചകള്‍, പരിചയപ്പെടാനോ അടുത്ത് നിന്ന് നോക്കിക്കാണാനോ കഴിഞ്ഞ ചില ജീവിതങ്ങള്‍, പിന്നെ എല്ലാ പ്രവാസിയെയും പോലെ മനസ്സില്‍ സൂക്ഷിക്കുന്ന കുറേ ഗൃഹാതുരതകള്‍ … അവയേക്കുറിച്ചുള്ള ചെറുകുറിപ്പുകളാണ് ഈ ‘സായാഹ്നക്കാഴ്ചകള്‍’

ഭാഗം ഒന്ന്

കപ്പലണ്ടി കാക്ക

വിരസമായ മറ്റൊരു വാരാന്ത്യം. പാര്‍ക്കിലെ ആളൊഴിഞ്ഞ കോണില്‍ തനിച്ചിരുന്നു എന്തെക്കെയൊ ഓര്‍ത്തിരിക്കുമ്പോഴാണ്,

‘സാറേ, കപ്പലണ്ടി വേണോ?’

ചിന്തകളെ മുറിച്ചതിന്റെ ഈര്‍ഷ്യയോടെ തലയുയുര്‍ത്തി നോക്കുമ്പോള്‍ മുന്നില്‍ മെലിഞ്ഞുണങ്ങിയ പ്രായമുള്ള ഒരാള്‍. ഒരു കയ്യില്‍ ഒരു പ്ലാസ്റ്റിക് സഞ്ചി, മറുകയ്യില്‍ പേപ്പര്‍ കുമ്പിളുകളിലാക്കിയ കപ്പലണ്ടി, നരച്ച താടി, തലയില്‍ തൂവാല കൊണ്ട് ഒരു കെട്ട്. ആകപ്പാടെ ദയനീയത തോന്നിക്കുന്ന ഒരു രൂപം. ആവിശ്യമില്ലാതിരുന്നിട്ടും ഒരു കുമ്പിള്‍ കപ്പലണ്ടി വാങ്ങി. ഒരു ദിര്‍ഹം നാണയം വാങ്ങി നന്ദിസൂചകമായി ഒരു നനഞ്ഞ ചിരിയും ചിരിച്ച് അയാള്‍ പോയി.

പിന്നെ വന്ന ദിവസങ്ങളിലൊക്കെ ഇതൊരു പതിവായി. എനിക്കായി കരുതിവെയ്ക്കുന്നത് പോലെ ഒരു കുമ്പിള്‍ കപ്പലണ്ടി പൊതിയുമായി അയാള്‍ വരും. ഒന്ന് രണ്ട് വാക്കുകളില്‍ ഒതുങ്ങുന്ന കുശലവും പറഞ്ഞ് ഒരുകാല്‍ വലിച്ചിഴച്ച് അയാള്‍ നടന്ന് പോകും. ചില്ലറയില്ലാത്ത ദിവസങ്ങളില്‍ ‘സാരമില്ല ഇന്ന് പൈസ വേണ്ട സാറേ’ എന്ന് പറഞ്ഞ് ഒരു അവകാശം പോലെ കപ്പലണ്ടിപ്പൊതിയും തന്ന് അയാള്‍ പോകും.

അയാളോട് ഒരു സംഭാഷണം തുടങ്ങാന്‍ പലപ്പോഴും ശ്രമിച്ചെങ്കിലും ഒന്നോ രണ്ടൊ വാക്കുകളില്‍ മറുപടി ഒതുക്കി അയാള്‍ നടന്ന് പോകും.

പതിവ് പോലെ ഒഴിഞ്ഞ കോണില്‍ തനിച്ചിരുന്ന ഒരു ദിവസം അയാള്‍ അടുത്തു വന്നു, ഏറെ ക്ഷീണിതനായത് പോലെയുണ്ടായിരുന്നു അന്നയാള്‍.

‘സാറേ ഞാനും കൂടി ഇരുന്നോട്ടെ ഇവിടെ?’

‘അതിനെന്താ, ഇരുന്നോളൂ’

കയ്യിലെ സഞ്ചി ബെഞ്ചിന്റെ അറ്റത്ത് ഒതുക്കി വെച്ച്, ഇരു മുട്ടുകളിലും കൈ പിടിച്ച് അയാള്‍ ബെഞ്ചിലേക്ക് ഇരുന്നു.

‘വയ്യ സാറേ.. കാല്‍മുട്ടിനും ഒക്കെ വല്ലാത്ത വേദന’

കണ്ണുകളടച്ച് ബെഞ്ചില്‍ ചാരിയിരിയ്ക്കുന്ന അയളുടെ മുഖത്ത് വല്ലാത്ത വേദന അനുഭവിക്കുന്നതു പോലെ. ഇടയ്ക്ക് കണ്ണ് തുറന്നപ്പോള്‍ ഞാന്‍ ചോദിച്ചു,

‘നിങ്ങള്‍ ഇവിടെ എത്തിയിട്ട് എത്രകാലം ആയി?’

ചുണ്ടിന്റെ കോണില്‍ വിരിഞ്ഞ ഒരു ചിരി അമര്‍ത്തി അയാള്‍ പറഞ്ഞു.

‘ഒരുപാട് കാലം ആയി, കാലവും സമയവും ഒക്കെ മറന്നിരിക്കുന്നു’

ഒരു ദിവസം പേര് ചോദിച്ചപ്പോള്‍ പാന്‍ ചവച്ച് കറ പുരണ്ട പല്ല് കാട്ടി അയാള്‍ പറഞ്ഞു,

‘ഇവിടെ എല്ലാവരും എന്നെ കപ്പലണ്ടിക്കാക്കാ എന്നാണ് വിളിക്കുന്നത്. സത്യത്തില്‍ ഞാന്‍ എന്റെ പേര് എന്നേ മറന്ന് കഴിഞ്ഞു സാറേ’

തുടര്‍ന്ന് വന്ന ദിവസങ്ങളില്‍ കുറേശ്ശെ അയാള്‍ മനസ്സ് തുറക്കാന്‍ തുടങ്ങി.

ഒരു ദിവസം ഞാന്‍ ചോദിച്ചു,

‘കാക്കയ്ക് ഇനി ഇതൊക്കെ മതിയാക്കി നാട്ടില്‍ പൊയ്ക്കൂടേ?’

‘ഏത് നാട്, എന്ത് വീട്ടുകാര്‍ സാറേ…?’ ഒരു ദീര്‍ഘനിസ്വാസത്തോടെ അയാള്‍ എഴുനേറ്റ് നടന്നു.

മറ്റൊരു ദിവസം അയാള്‍ തന്റെ കഥ പറഞ്ഞൂ. ദുബായില്‍ കുടിയേറ്റം തുടങ്ങിയ കാലത്ത് ലോഞ്ചില്‍ കടല്‍ കടന്നെത്തിയ കൂട്ടത്തില്‍ ഉണ്ടായിരുന്നതാണ് അയാളും. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ പലവിധ ജോലികള്‍ ചെയ്തു. ആദ്യം 5 വര്‍ഷം കഴിഞ്ഞാണ് നാട്ടില്‍ പോയത്. ആ യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ പാത്തുമ്മയുടെ വയറ്റില്‍ രണ്ടാമത്തെ കുഞ്ഞിന് ജീവന്‍ വച്ചിരുന്നു. പിന്നെ രണ്ട് യാത്രകളില്‍ രണ്ട് കുഞ്ഞുങ്ങള്‍ കൂടി. പല പണികള്‍ ചെയ്ത് ഉറുമ്പ് അരിമണി പെറുക്കിക്കൂട്ടുന്നത് പോലെ ഉണ്ടാക്കിയ പണം കൊണ്ട് ഇതിനിടയില്‍ ഓലപ്പുര മാറ്റി പുതിയൊരു വീട് വച്ചു. ജോലിയുടെ കഷ്ടപ്പാടുകള്‍ കൂടിയിട്ടും, ജീവിതച്ചിലവ് കൂടിയിട്ടും പിടിച്ച് നിന്നു. ഇതിനിടയില്‍ രണ്ട് പെണ്മക്കളെ കെട്ടിച്ചയച്ചു. അവസാനം ഇളയ മകന് നാട്ടില്‍ തന്നെ ജീവിക്കാന്‍ ഒരു കടയും ഇട്ട് കൊടുത്തു.

എല്ലാം പറഞ്ഞ് അയാള്‍ തലയിലെ തൂവാലയഴിച്ച് മുഖം അമര്‍ത്തി തുടച്ചു.

‘അപ്പോള്‍ ബാധ്യതകളൊക്കെ കഴിഞ്ഞില്ലേ, ഇനി നാട്ടില്‍ പോയി കഴിഞ്ഞൂ കൂടേ?’

‘അങ്ങനെയൊക്കെ ആയിരുന്നു സാറേ ആഗ്രഹിച്ചത്’

‘പിന്നെ?’

‘ഓരോ തവണ മടങ്ങിപ്പോകാന്‍ തുടങ്ങുമ്പോഴും നാട്ടില്‍ നിന്ന് പുതിയ എന്തെങ്കിലും ആവിശ്യങ്ങള്‍ വരും, മക്കളുടെയോ, കൊച്ചുമക്കളുടെയോ ഒക്കെ… അപ്പോള്‍ പിന്നെയും മാറ്റിവെയ്ക്കും’.

‘ഇപ്പോള്‍ വിസയുടെ കാലാവധിയും കഴിയാറായി, ഇനിയും പുതുക്കാനും ആവില്ല. തിരിച്ചു ചെല്ലുന്നു എന്നു പറഞ്ഞപ്പോള്‍ പാത്തുമ്മ പറഞ്ഞു സാറേ, നിങ്ങള്‍ ഇപ്പോള്‍ ഇങ്ങോട്ട് വന്നാല്‍ ഏങ്ങനെയാ ജീവിയ്ക്കുക എന്ന്! മോനും ചോദിച്ചെന്ന്, ഉപ്പാ എന്തിനാ ഇപ്പോള്‍ ഇങ്ങോട്ട് വരുന്നത് എന്ന്. ആര്‍ക്കും വേണ്ടത് എന്നെയല്ല സാറേ, ഞാന്‍ അയയ്കുന്ന പണം മാത്രമാണ്’

കാക്കയുടെ ശബ്ദം ഇടറിയിരുന്നു.

‘അപ്പോള്‍ വിസയൊന്നും ഇല്ലാതെ ഇനി …?’

‘ഒന്നും അറിയില്ല സാറേ, പടച്ചവന്‍ തന്നെ കാക്കട്ടെ’

കയ്യിലിരുന്ന തൂവാല കൊണ്ട് കണ്ണ് തുടച്ച് കാക്ക തന്റെ ഇടറുന്ന കാലുകളും വലിച്ച് നടന്നു.