Share The Article

Biju Kumar Alakode എഴുതുന്നു 

കുറേ നാൾ മുൻപാണ്, കേരളത്തെ പഠിയ്ക്കാൻ നെതർലാൻഡ്സിൽ നിന്നും ഒരു സംഘം വന്നു. അവർ കേരളത്തിൽ നെടുനീളം സഞ്ചരിച്ചിട്ട് വിസ്മയത്തോടെ പറഞ്ഞു: “കേരളം കോടീശ്വരന്മാരുടെ നാടാണ്!“

അതുകേട്ട പത്രക്കാർ അത്ഭുതത്തോടെ തിരക്കി: “അങ്ങനെ പറയാൻ എന്താ കാരണം?”

Biju Kumar Alakode
Biju Kumar Alakode

“യൂറോപ്പിലൊക്കെ കോടീശ്വരന്മാരാണൂ കോൺക്രീറ്റ് വീടുകൾ വയ്ക്കാറ്. അല്ലാത്തവർ തടിയും ആസ്ഫാൾട്ടുമൊക്കെയാണ് ഉപയോഗിയ്ക്കുന്നത്. ഇവിടെ ഞങ്ങൾ കേരത്തിലെമ്പാടും കണ്ടത് വമ്പൻ കോൺക്രീറ്റ് വീടുകളാണ്. സാധാരണക്കാർക്കെങ്ങനെയാണ് ഇത്തരം വീടുകൾ വയ്ക്കാനാകുക!“

സായിപ്പ് ആക്കിയതാണേലും അല്ലേലും സംഗതി സത്യമാണ്. കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തിനിടയിലാണു കേരളത്തിൽ ഇത്രയേറെ കോൺക്രീറ്റ് വീടുകൾ ഉണ്ടായത്. ഈ വീടുകൾക്ക് ഓരോന്നിനും ചുരുങ്ങിയത് ആറോ ഏഴോ ലോഡ് കരിങ്കല്ലു കഷണങ്ങളും പത്തു ലോഡിനടുത്ത് മണലും ഉപയോഗിച്ചിട്ടുണ്ടാവും.
ഇതുകൂടാതെ വമ്പൻ ഫ്ലാറ്റുകൾ, മാളുകൾ, ആശുപത്രികൾ, മറ്റു കെട്ടിടങ്ങൾ, മുക്കിലും മൂലയിലും ടാർ റോഡുകൾ, റെയിൽ ലൈനുകൾ. എല്ലാറ്റിനും വേണം മണലും പാറയും. ഇതൊക്കെ എവിടെ നിന്നാണ്?

കേരളത്തിലെ മണൽ ഖനനത്തിലും പാറപൊട്ടിയ്ക്കലിനുമെതിരെ ഘോരഘോരം പ്രസംഗിയ്ക്കുന്ന പരിസ്ഥിതിവാദികളൊക്കെ ഒന്നാന്തരം കോൺക്രീറ്റ് വീട്ടിലാണു താമസിയ്ക്കുന്നത്.

ജലക്ഷാമത്തെ പറ്റി വാചാലരാകുന്ന പലരുടെയും വീട്ടിൽ ടോയിലറ്റുകൾ മൂന്നും നാലും കാണും. പണ്ട് വീടിന്റെ പുറകിൽ മൂത്രമൊഴിച്ച് ചുമ്മാ കയറിപ്പോന്നവർ ഇപ്പോൾ ഓരോ തവണയും ഫ്ലഷ് ചെയ്യാൻ അരബക്കറ്റ് വെള്ളം ഉപയോഗിയ്ക്കുന്നു. പുഴയിൽ മുങ്ങിക്കുളിച്ചവർ ഇപ്പോൾ ബാത്ത് റൂമിലെ ഓരോ കുളിയ്ക്കും രണ്ടോ മൂന്നോ ബക്കറ്റ് വെള്ളം ഉപയോഗിയ്ക്കുന്നു.

ജനസംഖ്യ നിയന്ത്രണമില്ലാതെ പെരുകുകയാണ്. വെള്ളം, ആഹാരം, വീട്, ഗതാഗത സൌകര്യങ്ങൾ ഇവയ്ക്കെല്ലാം ദിനം തോറും ആവശ്യം പെരുകുകയാണ്. ഇതെല്ലാം പരിസ്ഥിതിയ്ക്കു മേലാണു ആഘാതമേൽ‌പ്പിയ്ക്കുന്നത്.

അതായത്, ഇവിടെ പാറപൊട്ടിയ്ക്കാനും മണൽ ഊറ്റാനും കാരണക്കാർ ‘അവർ” അല്ല “നിങ്ങൾ” തന്നെയാണ്. കുട്ടികൾ രണ്ടുമതി എന്നു പറയുമ്പോൾ, ഞങ്ങളുടെ സൌകര്യം പോലെ ഉണ്ടാക്കും എന്നു പറഞ്ഞ നിങ്ങൾ തന്നെയാണു ഈ പരിസ്ഥിതിയ്ക്കു ഏറ്റവും വലിയ ഭീഷണി.

എൻബി : മോഡേൺ മെഡിസിൻ ആശുപത്രികൾ, ഫാർമസികൾ ഇവയൊക്കെ അടച്ചുപൂട്ടുകയും മോഹനൻ വൈദ്യന്മാരെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്താൽ കുറച്ചൊക്കെ ഫലം ചെയ്തേക്കും.

ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.