രചന: സുനില്‍ എം എസ്, മൂത്തകുന്നം
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമേത് എന്നു ചോദിച്ചാല്‍ ഭൂരിപക്ഷം പേരും ‘ഹൃദയം’ എന്നായിരിയ്ക്കും പറയുക. ജീവശാസ്ത്രപരമായി കരളും മസ്തിഷ്കവും ഹൃദയത്തേക്കാള്‍ താഴ്ന്നവയാണെന്നു പറയുക ബുദ്ധിമുട്ടാണെങ്കിലും, മനുഷ്യബന്ധങ്ങളെപ്പറ്റി പറയുന്നിടത്ത്, പ്രത്യേകിച്ച് സാഹിത്യത്തില്‍, ഹൃദയത്തിനുള്ള സ്ഥാനം മറ്റൊരവയവത്തിനുമില്ല. ചങ്കില് കൈ വെച്ചുകൊണ്ടു പറയുക, ചങ്കില് കുത്തുക, ചങ്കുപൊട്ടി കരയുക എന്നിങ്ങനെ എഴുത്തിലുള്ള വികാരപ്രകാശനങ്ങളില്‍ ഹൃദയത്തിനോളം സ്ഥാനം കരളിനോ മസ്തിഷ്കത്തിനോ ഇല്ല.
അങ്ങനെ കൈ കഴുകി തൊടേണ്ട ‘ഹൃദയ’ത്തിനു പകരം ‘ഹ്രുദയം’ എന്ന് ആവര്‍ത്തിച്ചുപയോഗിച്ചിരിയ്ക്കുന്നത്, പ്രവാസിരചനകള്‍ക്കു മുന്‍ഗണന നല്കുന്ന ചില മലയാളം ബ്ലോഗ്സൈറ്റുകളില്‍ ഇയ്യിടെ വന്നൊരു ബ്ലോഗില്‍ കാണാനിടയായി. ഭാവി ബ്ലോഗുകളിലെങ്കിലും ‘ഹൃദയം’ ‘ഹ്രുദയ’മായിപ്പോകാതിരിയ്ക്കാന്‍ സഹായിയ്ക്കണമെന്നു തോന്നിയതിന് ഫലമാണീ ലേഖനം.
ഹൃദയശസ്ത്രക്രിയയെപ്പോലെ ‘ഹൃദയം’ എന്ന പദത്തിന്റെ ഓണ്‍ലൈനെഴുത്തും മുമ്പ് എളുപ്പമായിരുന്നില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ യൂണിക്കോഡ് ഫോണ്ടുകളുപയോഗിച്ചുള്ള മലയാളം ട്രാന്‍സ്ലിറ്ററേഷന്‍ അനായാസമായിത്തീര്‍ന്നിട്ടുണ്ട്. കീബോര്‍ഡിലെ ഇരുപത്താറു കീകളും ഷിഫ്റ്റുമുള്‍പ്പെടെ, ആകെ 27 കീകള്‍ കൊണ്ട് എഴുതാനാകാത്ത അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും മലയാളത്തിലുള്ള 460 ലിപികളില്‍ ഇന്നില്ല എന്നു തന്നെ പറയാം.
മലയാളം ട്രാന്‍സ്ലിറ്ററേഷന്‍ വ്യത്യസ്ത സോഫ്റ്റ്വെയറുകളുപയോഗിയ്ക്കപ്പെടുന്നുണ്ട്. വ്യത്യസ്ത സോഫ്റ്റ്വെയറുകളില് വ്യത്യസ്തരീതികളുപയോഗിച്ച് (വ്യത്യസ്ത കീകളുപയോഗിച്ച്) ആയിരിയ്ക്കാം, ‘ഹൃ’ എഴുതുന്നത്. ഈ ലേഖകനുപയോഗിയ്ക്കുന്ന ഇന്കി സോഫ്റ്റ്വെയര് ഉപയോഗിച്ച് ‘ഹൃ’ എഴുതാനുള്ള കീ സ്ട്രോക്കുകളിവയാണ്: ആദ്യം ഇംഗ്ലീഷക്ഷരം ‘എച്ച്’ അടിയ്ക്കുക. ഷിഫ്റ്റ് അമര്‍ത്തിപ്പിടിച്ചുകൊണ്ട് ഇംഗ്ലീഷക്ഷരം ആര് അടിയ്ക്കുക: ‘ഹൃ’ വന്നു കഴിഞ്ഞിരിയ്ക്കും. ലളിതം! ഒരു വ്യഞ്ജനത്തോട് ഋ എന്ന സ്വരം ചേര്‍ക്കാന്‍ ഷിഫ്റ്റ് ആര് അടിയ്ക്കണമെന്നു ചുരുക്കം. ഋ ചേര്‍ത്ത മറ്റു ചില അക്ഷരങ്ങളുടെ കീ സ്ട്രോക്കുകള്‍ താഴെ കൊടുക്കുന്നു:
കൃ = k shift r
ജൃ = j shift r
തൃ = th shift r
ദൃ = d shift r
ധൃ = dh shift r
നൃ = n shift r
പൃ = p shift r
ഭൃ = bh shift r
മൃ = m shift r
വൃ = v shift r
ശൃ = S shift r
സൃ = s shift r
മുകളില്‍ കൊടുത്തിരിയ്ക്കുന്ന കീ സ്ട്രോക്കുകള്‍ മറ്റു സോഫ്റ്റ്വെയറുകളില് പ്രവര്‍ത്തിച്ചെന്നു വരില്ല. വ്യഞ്ജനങ്ങളോട് ഋ എന്ന സ്വരം ചേര്‍ക്കാന്‍ ഇംഗ്ലീഷക്ഷരം ആറിനോടൊപ്പം ^ എന്ന ചിഹ്നം ഉപയോഗിയ്ക്കുന്ന സോഫ്റ്റ്വെയറുണ്ടെന്നും മനസ്സിലായിട്ടുണ്ട്.
https://s5.postimg.org/6ezhgyg93/Shashi_Tharoor_Malayalam_Tweet_2.jpg
വ്യഞ്ജനത്തോട് ഋ ചേര്‍ക്കുന്നത് ഇന്നു ദുഷ്കരമല്ലെങ്കിലും, തിരക്കിട്ടെഴുതുമ്പോള്‍ ഋ ചേര്‍ക്കേണ്ടിടത്തു റകാരം ചേര്‍ത്തുപോകാറുണ്ട്. ഈയബദ്ധം ഒന്നോ രണ്ടോ ഇടങ്ങളില്‍ മാത്രമായൊതുങ്ങിയാല്‍ സാരമില്ല. പക്ഷേ, ഒരേ ബ്ലോഗില്‍ത്തന്നെ ‘ഹ്രുദയം’ ആവര്‍ത്തിച്ചു വരികയും, അതിനു പുറമേ മറ്റനവധി വൈകല്യങ്ങളുമുണ്ടാകുകയും ചെയ്യുമ്പോള്‍ ബ്ലോഗിന്റേയും ബ്ലോഗ്സൈറ്റിന്റേയും, എല്ലാറ്റിനുമുപരി, ഭാഷയുടെ തന്നെയും മഹിമ നഷ്ടപ്പെടുന്നു. മുകളില്‍ പരാമര്‍ശിച്ച ബ്ലോഗില്‍ കണ്ട വൈകല്യങ്ങളും അവയുടെ ശരിരൂപങ്ങളും ചെറു വിശദീകരണങ്ങളോടൊപ്പം താഴെ കൊടുക്കുന്നു; ബ്ലോഗുകളിലെ മലയാളഭാഷയുടെ ശുദ്ധിയും അഴകും കഴിയുന്നത്ര വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിയ്ക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം; അച്ചടിമാദ്ധ്യമത്തില് നിന്നു വായനക്കാരെ ബ്ലോഗ്സൈറ്റുകളിലേയ്ക്ക് ആകര്‍ഷിയ്ക്കാന്‍ ഇതാവശ്യമാണ്:
ഹ്രുദയാഭിലാഷം – ഹൃദയാഭിലാഷം
ഹ്രുദയപൂര്‍വ്വം – ഹൃദയപൂര്‍വം
ഹ്രുദയത്തില് – ഹൃദയത്തില്‍
ഹ്രുദയത്തിലെ – ഹൃദയത്തിലെ
യുവഹ്രുദയങ്ങളില്‍ – യുവഹൃദയങ്ങളില്‍
ഹ്രുദ്യമായ – ഹൃദ്യമായ
ഗ്രഹാതുരമായി – ഗൃഹാതുരമായി
ഗ്രഹാതുരത്വത്തിന്റെ – ഗൃഹാതുരത്വത്തിന്റെ
ഹ്രുസ്വവിവരണങ്ങളും – ഹ്രസ്വവിവരണങ്ങളും (ഇവിടെ ഹ്ര ശരി തന്നെ.)
ഹ്രുസ്വസര്‍ഗ്ഗങ്ങളിലൂടെ – ഹ്രസ്വസര്‍ഗങ്ങളിലൂടെ
സ്രുഷ്ടികള്‍ – സൃഷ്ടികള്‍
സ്രുഷ്ടിച്ച – സൃഷ്ടിച്ച
കാലനുസ്രുതമായ – കാലാനുസൃതമായ
ആക്രുഷ്ടരായി – ആകൃഷ്ടരായി
സംത്രുപ്തരാകുന്നു – സംതൃപ്തരാകുന്നു
‘ഹൃദയ’വൈകല്യമാണ് ഈ ലേഖനമെഴുതാന്‍ പ്രേരിപ്പിച്ചതെങ്കിലും, മറ്റു ചില വൈകല്യങ്ങള്‍ കൂടി മുമ്പു പരാമര്‍ശിച്ച ബ്ലോഗില്‍ കണ്ടതുകൊണ്ട്, അവ കൂടി തിരുത്തിക്കാണിയ്ക്കാന്‍ ഈയവസരം വിനിയോഗിയ്ക്കുന്നു. ഏകദേശം പത്തു വാക്കുകളില്‍ ‘ച്ച’ എന്ന കൂട്ടക്ഷരത്തിനു പകരം ‘ല്ല’ എന്നുപയോഗിച്ചു പോയിട്ടുണ്ട്. അവയുടെ ശരിരൂപങ്ങള്‍ താഴെ കൊടുക്കുന്നു:
വളര്‍ല്ല – വളര്‍ച്ച
വിളില്ലു – വിളിച്ചു
വെളില്ലം – വെളിച്ചം
ഏല്‍പ്പില്ല – ഏല്പിച്ച, ഏല്‍പ്പിച്ച
നിര്‍വ്വഹില്ലിരിക്കുന്നു – നിര്‍വഹിച്ചിരിക്കുന്നു
നിര്‍വ്വഹില്ലിരിക്കുന്നത് – നിര്‍വഹിച്ചിരിക്കുന്നത്
ജീവിതത്തെക്കുറില്ലൊക്കെ – ജീവിതത്തെക്കുറിച്ചൊക്കെ
നഗരങ്ങളെക്കുറില്ലുള്ള – നഗരങ്ങളെക്കുറിച്ചുള്ള
കെടുതികളെക്കുറില്ല് – കെടുതികളെക്കുറിച്ച്
ഗതിക്കനുസരില്ലുള്ള – ഗതിക്കനുസരിച്ചുള്ള
ഇരട്ടിപ്പുകള്‍ വേണ്ടിടങ്ങളില്‍ അവയുപയോഗിയ്ക്കാതെ പോയ ഏതാനും സന്ധികളും അവയുടെ ശരിരൂപങ്ങളും താഴെ കൊടുക്കുന്നു:
ഒതുങ്ങി കൂടുന്നു – ഒതുങ്ങിക്കൂടുന്നു
ഏറെകാലം – ഏറെക്കാലം
വാരിതേക്കുകയും – വാരിത്തേക്കുകയും
വാങ്ങി കൂട്ടി – വാങ്ങിക്കൂട്ടി
എഴുതികൊടുക്കാന്‍ – എഴുതിക്കൊടുക്കാന്‍
കോരികൊടുക്കുന്ന – കോരിക്കൊടുക്കുന്ന
മേച്ചില്‍ പുറങ്ങള്‍ – മേച്ചില്‍പ്പുറങ്ങള്‍
തേടിപോകുന്നു – തേടിപ്പോകുന്നു
താഴെ കൊടുക്കുന്ന ഉദാഹരണങ്ങളില്‍ ഇരട്ടിപ്പ് ആവശ്യമില്ലാത്തിടത്ത് അതു കൊടുത്തുപോയിരിയ്ക്കുന്നു:
ആവിഷ്ക്കാരത്തിലും – ആവിഷ്കാരത്തിലും (ഷകാരത്തോടു ചേരുന്ന കകാരം ഇരട്ടിയ്ക്കേണ്ടതില്ല)
രംഗാവിഷ്ക്കാരത്തിന്റെ – രംഗാവിഷ്കാരത്തിന്റെ
ചില പദങ്ങള്‍ ചേരുമ്പോള്‍ ആദ്യപദത്തിന്റെ അന്ത്യത്തിലുള്ള സ്വരം ദീര്‍ഘിയ്ക്കും. അങ്ങനെയല്ലാതെ എഴുതിപ്പോയിരിയ്ക്കുന്ന ചില പദങ്ങളും അവയുടെ ശരിരൂപങ്ങളും താഴെ കൊടുക്കുന്നു:
ആരാധനഭാവത്തോടെ – ആരാധനാഭാവത്തോടെ
സഹോദരി പുത്രനായ – സഹോദരീപുത്രനായ
അതെപോലെ – അതേപോലെ
രചനതന്ത്രങ്ങളെ – രചനാതന്ത്രങ്ങളെ
രണ്ടു പദങ്ങള്‍ അടുത്തടുത്തു വരുമ്പോള്‍ അവയിലേതെങ്കിലുമൊന്നിനു മിക്കപ്പോഴും മാറ്റമുണ്ടാകും. ഈ മാറ്റം, രണ്ടാമത്തെ പദത്തിന്റെ തുടക്കം സ്വരത്തിലോ വ്യഞ്ജനത്തിലോ എന്നതിനെ ആശ്രയിച്ചിരിയ്ക്കും. സ്വരത്തിലെങ്കില്‍, ഒന്നാമത്തെ പദത്തിന്റെ അവസാനം ചന്ദ്രക്കല (സംവൃതോകാരം) പ്രയോഗിയ്ക്കണം. ചില ഉദാഹരണങ്ങള്‍:
ആചാരങ്ങളാണു എല്ലാറ്റിനും
ഇവിടെ രണ്ടാമത്തെ വാക്കായ എല്ലാറ്റിനും എന്ന വാക്കിന്റെ തുടക്കത്തിലുള്ളത് എ; ഒരു സ്വരമാണ് എ. അതുകൊണ്ട്, ഒന്നാമത്തെ വാക്ക് ചന്ദ്രക്കലയില്‍ അവസാനിയ്ക്കണം:
ആചാരങ്ങളാണ് എല്ലാറ്റിനും.
അതുപോലുള്ള മറ്റു ചിലത്:
സാഹിത്യരൂപത്തിനു ഇപ്പോള്‍ – സാഹിത്യരൂപത്തിന് ഇപ്പോള്‍, സാഹിത്യരൂപത്തിനിപ്പോള്‍
സംസ്കാരമാണു അദ്ദേഹത്തിന്റെ – സംസ്കാരമാണ് അദ്ദേഹത്തിന്റെ
പ്രവാസത്തിനു ഒരു – പ്രവാസത്തിന് ഒരു, പ്രവാസത്തിനൊരു
വിവേചനത്തിനു ഇരകളാകുന്നെങ്കിലും – വിവേചനത്തിന് ഇരകളാകുന്നെങ്കിലും
അലിയിക്കയാണു അല്ലാതെ – അലിയിക്കയാണ്, അല്ലാതെ (ഇവിടെ ചെറിയൊരു നിറുത്തുള്ളതിനാല്‍ കോമ വേണം)
അടുത്തടുത്തു വരുന്ന രണ്ടു പദങ്ങളില്‍ രണ്ടാമത്തേതു തുടങ്ങുന്നതു വ്യഞ്ജനത്തിലാണെങ്കില്‍ ഒന്നാമത്തെ പദം ഉകാരത്തിലവസാനിയ്ക്കണം:
വിലങ്ങ്തടിയായി – വിലങ്ങുതടിയായി
തിരിഞ്ഞ്നോക്കുന്നു – തിരിഞ്ഞുനോക്കുന്നു
കാരണം വിശദീകരിയ്ക്കുന്ന വാക്യത്തില്‍, കാരണത്തെ തുടര്‍ന്ന് അല്പവിരാമം (കോമ) വേണം:
കാരണം. ഇത്തരം… കാരണം, ഇത്തരം…
സമാനപദങ്ങളെ ഉം ചേര്‍ത്തെഴുതുമ്പോള്‍ അവയിക്കിടയില്‍ കോമ വേണ്ട താനും:
സംസ്കാരവും, വിശേഷങ്ങളും – സംസ്കാരവും വിശേഷങ്ങളും
അകാരത്തിലവസാനിയ്ക്കുന്ന വാക്കിനെത്തുടര്‍ന്ന് ഇരട്ട കകാരം വരുമ്പോള്‍ യകാരം ചേര്‍ക്കണം:
ഒറ്റക്ക് – ഒറ്റയ്ക്ക്
ബ്ലോഗില്‍ എഴുതിക്കണ്ട മറ്റു ചില പ്രയോഗങ്ങളുടെ അല്പം കൂടി നല്ല രൂപങ്ങള്‍ താഴെ കൊടുക്കുന്നു:
നമുക്ക് കുടിയേറിയ രാജ്യം അവകാശപ്പെട്ടിട്ടും നാം കുടിയേറിയ രാജ്യം നമുക്കവകാശപ്പെട്ടിട്ടും, കുടിയേറിയ രാജ്യം നമുക്കവകാശപ്പെട്ടിട്ടും
നിഘണ്ടുവില്‍ നിന്നും – നിഘണ്ടുവില്‍ നിന്ന്
യാത്രകളില്‍ നിന്നും – യാത്രകളില്‍ നിന്ന്
സഹതാപസ്ഥിതിയില്‍ മനമലിഞ്ഞ് – പരിതാപസ്ഥിതിയില്‍, ദയനീയസ്ഥിതിയില്‍
മെല്‍ടിങ്ങ്പോട്ടിനും – മെല്‍റ്റിംഗ് പോട്ടിനും
ഹൂസ്റ്റന്‍ – ഹ്യൂസ്റ്റന്‍
സുരക്ഷിതാബോധവും – സുരക്ഷാബോധവും, സുരക്ഷിതത്വബോധവും
ഒരു വാക്യത്തിലെ പദങ്ങളുടെ പ്രാധാന്യം വ്യത്യസ്തമായിരിയ്ക്കും. പ്രാധാന്യം കുറഞ്ഞ വാക്കുകള്‍ കഴിവതും പ്രധാനപ്പെട്ട പദങ്ങളുമായോ പരസ്പരമോ ചേര്‍ത്തെഴുതുന്നതു നന്ന്:
എന്ന ഒരു – എന്നൊരു
മേലെ ഒരു – മേലൊരു
ചുറ്റിലും ഉള്ള – ചുറ്റിലുമുള്ള
ര്‍ എന്ന ചില്ലിനു ശേഷം ക, ച, ട, ത, പ, ന എന്നിവയൊഴികെ മറ്റക്ഷരങ്ങള്‍ ഇരട്ടിയ്ക്കേണ്ടതില്ല:
വിവാഹപൂര്‍വ്വദിനങ്ങളില്‍ – വിവാഹപൂര്‍വദിനങ്ങളില്‍
സര്‍ഗ്ഗങ്ങളിലൂടെ – സര്‍ഗങ്ങളിലൂടെ
ഘടകപദങ്ങള്‍ സമാസിച്ചുണ്ടാകുന്ന സമസ്തപദം ചേര്‍ത്തെഴുതണം:
ജാതി വ്യവസ്ഥയുടെ – ജാതിവ്യവസ്ഥയുടെ
സമാസിക്കാത്ത പദങ്ങള്‍ ചേര്‍ക്കാതെഴുതണം:
പുതിയലോകം – പുതിയ ലോകം
യാത്രയുഗങ്ങളായി – യാത്ര യുഗങ്ങളായി
പുരോഗതിതേടിയുള്ള – പുരോഗതി തേടിയുള്ള
അതിനെസ്വന്തമാക്കാന്‍ – അതിനെ സ്വന്തമാക്കാന്‍
വിവാഹത്തിനുമുമ്പുള്ള – വിവാഹത്തിനു മുമ്പുള്ള
പുതിയതലമുറ – പുതിയ തലമുറ
മറ്റു ചില തിരുത്തുകള്‍
നേഴുമാരെ – നേഴ്സുമാരെ
സ്ര്തീകളുടെ – സ്ത്രീകളുടെ
വിസേഷദിവസങ്ങള്‍ – വിശേഷദിവസങ്ങള്‍
വിശുദ്ധിപ്പോലെ – വിശുദ്ധി പോലെ
പലുതരാനും – പാലു തരാനും
കുടുമ്പം – കുടുംബം
മലയാളി കുടുമ്പം – മലയാളികുടുംബം
കൂട്ടുകുടുമ്പങ്ങളുടെ – കൂട്ടുകുടുംബങ്ങളുടെ
കാണൂക – കാണുക
ചൂഷണങ്ങല്‍ – ചൂഷണങ്ങള്‍
പാശ്ചാത്തലത്തില്‍ – പശ്ചാത്തലത്തില്‍
യാഥസ്ഥിതത്തോടെ – യഥാതഥമായി, യാഥാര്‍ത്ഥ്യബോധത്തോടെ
ആശയ വില്ലേഷണം – ആശയപ്രകാശനം (ആശയവിശ്ലേഷണം എന്നുമാകാം, പക്ഷേ, അര്‍ത്ഥം വ്യത്യസ്തമാകും.)
അത്മറ്റു സംസ്കാരങ്ങളെ – അത് മറ്റു സംസ്കാരങ്ങളെ
ഭരിക്കുന്നത്തങ്ങളാണോ – ഭരിക്കുന്നത് തങ്ങളാണോ
നല്ലത്തന്നെ – നല്ലത് തന്നെ
കുടിയേറ്റക്കരുടേതായ – കുടിയേറ്റക്കാരുടേതായ
മധ്യതിരുവതാംക്കൂറിന്റെ – മധ്യതിരുവിതാംകൂറിന്റെ
നിഷക്കളങ്കരായ – നിഷ്കളങ്കരായ
ബ്രഡ് – ബ്രെഡ്
അതിഥികളുടെ മുമ്പാകെ ആദരപൂര്‍വം വിളമ്പുന്ന ഭക്ഷണത്തില്‍ കല്ലുണ്ടാകരുത്. അതിഥികള്‍ക്കു വിളമ്പുന്ന ഭക്ഷണത്തിനു തുല്യമാണു ബ്ലോഗര്‍ പൊതുജനസമക്ഷം അവതരിപ്പിയ്ക്കുന്ന ബ്ലോഗ്. വൈകല്യങ്ങള്‍ കഴിവതും ഒഴിവാക്കി, ശ്രദ്ധയോടെ വേണം അതവതരിപ്പിയ്ക്കാന്‍. തെറ്റു പറ്റാത്തവരില്ലെന്നതു ശരി തന്നെ. പക്ഷേ, തെറ്റുകളധികമായാലോ, അതു വായനക്കാരോടുള്ള അനാദരവാകും.
മലയാളം ബ്ലോഗെഴുത്ത് ഏകദേശം ഒരു ദശാബ്ദം തികയ്ക്കാറായിട്ടും, ബ്ലോഗുകളില്‍ ഇത്തരത്തില്‍ നിരവധി തെറ്റുകളുണ്ടാകുന്നത് ഒഴിവാക്കേണ്ടിയിരിയ്ക്കുന്നു. മലയാളം ബ്ലോഗെഴുത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന കുറേയേറെ തെറ്റുകള്‍ക്കു കാരണം സാങ്കേതികവിദ്യയുടെ ന്യൂനതയായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍കൊണ്ടു സാങ്കേതികവിദ്യ സ്വന്തം തെറ്റുകള്‍ തിരുത്തി, വികാസം പ്രാപിച്ചിട്ടുണ്ട്; നാം, ബ്ലോഗര്‍മാരാണ് ഇനി സ്വയം തിരുത്തേണ്ടത്.
ഗഹനമായ ആശയങ്ങളുള്‍ക്കൊള്ളുന്ന രചനകള്‍ സൃഷ്ടിയ്ക്കാനുള്ള ചിന്താശക്തി സാധാരണക്കാരായ നമുക്കില്ല. പക്ഷേ, തെറ്റുകളില്ലാത്ത മലയാളമെഴുതാന്‍ നമുക്കാവും. അതിന് പതിവായുള്ള പത്രവായനയേ വേണ്ടൂ. തെറ്റുകളൊഴിവാക്കി, ബ്ലോഗുകളുടെ ഗുണനിലവാരമുയര്‍ത്താന്‍ ബ്ലോഗര്‍മാര്‍ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ, മലയാളം ബ്ലോഗ്സൈറ്റുകള്‍ക്കും ബ്ലോഗര്‍മാര്‍ക്കും വളരാനാകൂ. കല്ലുകളുള്ള ഭക്ഷണം സൗജന്യമായാല്‍ത്തന്നെയും, അതു ഭുജിയ്ക്കാന്‍ ആരാണു വരിക!