Share The Article
നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരം-മാംഗ്ലൂർ യാത്ര സാധ്യമാകുന്ന അതിവേഗ റെയിൽവേ ഉപേക്ഷിച്ചു എന്നുകേൾക്കുമ്പോൾ ഒരു സാധാരണ പൗരന്‌ അത്ര അത്ഭുതമെന്നും തോന്നാത്തത് ഈ രാജ്യത്തിൽ ഏതൊരു പദ്ധതിയുടെയും ഉറപ്പില്ലായ്മകൾ കണ്ടു ശീലിച്ചതുകൊണ്ടാകും. നമ്മുടെ ഉപരിതലഗതാഗത സൗകര്യങ്ങൾ അത്രമാത്രം പരിതാപകരമാണ്. ഈ കാലത്തിലും ഇങ്ങനെയൊരു രാജ്യവും ഒച്ചിഴയുന്ന പോലുള്ള ഗതാഗതസംവിധാനങ്ങളും ഉണ്ടാകുന്നതു ഇവിടെ ഇങ്ങനെയൊക്കെ പോയാൽമതിയെന്ന് സംതൃപ്തികൊള്ളുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഉള്ളതുകൊണ്ട് തന്നെയാണ്. ജനം അവരുടെ വിലപ്പെട്ടജീവിതത്തിലെ എത്രായിരം മണിക്കൂറുകൾ ആണ് വാഹനങ്ങളിൽ ഹോമിക്കുന്നത്. അവർ വാഹനങ്ങളിലിരുന്നു ഒരുദിവസം ചൊരിയുന്ന ശാപവാക്കുകൾ ഫലിച്ചിരുന്നെങ്കിൽ ഇവിടെ ഭരണകൂടങ്ങൾ എത്രതവണ ഭൂമിക്കടിയിലേക്ക് വീണടിഞ്ഞേനെ. ഹൈസ്പീഡ് ഗതാഗത സൗകര്യങ്ങൾ ഇന്നും നമുക്ക് അപ്രാപ്യമാകുന്നു. മെച്ചപ്പെട്ട ഗതാഗതസൗകര്യങ്ങൾ നാടിനെ വളരെവേഗം പുരോഗത്തിലെത്തിക്കുന്നത് എന്തുകൊണ്ടെന്ന് നമ്മളിനിയും പഠിച്ചിട്ടില്ല. അത് റോഡായാലും റെയിൽവേ ആയാലും.
യാത്ര വേഗത്തിലാകുമ്പോൾ കാര്യങ്ങൾ വേഗത്തിലാകുന്നു. കാര്യങ്ങൾ വേഗത്തിലാകുമ്പോൾ എല്ലാം വേഗത്തിലാകുന്നു. നാട് ആ വേഗത്തിൽ മുന്നോട്ടുപോകുന്നു. ‘നമ്മുടെ സമ്പത്തുകൊണ്ടു റോഡുകൾ ഉണ്ടാക്കി എന്ന് പറയുന്നതിനേക്കാൾ, റോഡുകൾ നമുക്ക് സമ്പത്തുണ്ടാക്കി തരികയായിരുന്നു എന്ന് പറയുന്നതാകും ശരി’ എന്ന ഒരു മഹദ്‌വചനം ഓർത്തുപോകുന്നു ഭീമമായ ചിലവോർത്താണ് ഇവിടെ പല പദ്ധതികളും റദ്ദാക്കുന്നത്. മേല്പറഞ്ഞ റെയിൽ പദ്ധതി കേരളസർക്കാരിന്റെ മേൽനോട്ടത്തിൽ ഉള്ളതായിരുന്നെങ്കിലും ഇന്ത്യയിലെ പൊതുവായ അവസ്ഥയും ഇതുതന്നെ. കേരളംപോലൊരു ചെറിയ സംസ്ഥനത്തിനു ഇത്തരം വലിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ പ്രയാസമാണ്. എറണാകുളം മെട്രോയെക്കാൾ എത്രയോ മടങ്ങു പണം വേണ്ടിവരുന്ന പദ്ധതിയാണിത്. എന്നാൽ ഉപരിതലഗതാഗത സംവിധാനങ്ങൾ ഇത്തരം കാരണങ്ങളിൽ മുടങ്ങിപ്പോകുമ്പോൾ നാടിന്റെവേഗതയാണ് നമ്മൾ മുടക്കുന്നതെന്നു ചിന്തിക്കേണ്ടിവരും. എന്നാൽ കേന്ദ്രസർക്കാരുകൾ അവരുടെ പ്രിയപ്പെട്ട സംസ്ഥാനങ്ങൾക്ക് പലതും വാരിക്കോരി കൊടുക്കുന്നുണ്ട്. അഹമ്മദാബാദിനെയും മുംബയെയും ബന്ധിപ്പിച്ചു ബുള്ളറ്റ് ട്രെയിൻ കുറിച്ച് ഈ രാജ്യം ചിന്തിക്കുന്നതുതന്നെ, നമ്മെക്കാൾ എത്രയോ കൂടുതൽ ജനങ്ങളുള്ള ചൈന അവരുടെ അഭിമാനപദ്ധതിയായി പല നഗരങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് അത്തരം പദ്ധതികൾ നടപ്പാക്കിയതിനും ഏറെവർഷങ്ങൾക്കു ശേഷമായിരുന്നു. നിലവിൽ നമുക്ക് തിരുവനന്തപുരം-മാംഗ്ലൂർ യാത്രയെ വച്ചുതന്നെ നമ്മുടെ ഗതികേടിനെ വിലയിരുത്താവുന്നതാണ്. ഞാൻ ഏറെത്തവണ യാത്രചെയ്തിട്ടുള്ള ഒരു റൂട്ടാണത്. മാവേലി എക്സ്പ്രസിൽ രാത്രി ഏഴരയോടെ തുടങ്ങുന്ന യാത്ര പിറ്റേന്ന് രാവിലെ എട്ടര-ഒൻപതു മണിയോടെയാണ് അവസാനിക്കുന്നത്. ഏറനാടിൽ പോയിട്ടുള്ളപ്പോൾ പുലർച്ച നാലുമണിയോടെ തുടങ്ങുന്ന യാത്ര അവസാനിക്കുന്നത് അന്ന് വൈകുന്നേരം ആറോ ഏഴോ മണിയോടെയാണ്. പതിമ്മൂന്നോ പതിനാലോ മണിക്കൂർ യാത്ര. 630 കിലോമീറ്ററുകൾ താണ്ടാനാണിത്, ചുമച്ചു കുരച്ചുകൊണ്ടു പോകുന്ന തീവണ്ടികളും പണിതീരാത്ത ട്രാക്കുകളും ക്രോസിംഗും വെയിറ്റിങ്ങും എല്ലാംകൂടി കവർന്നെടുക്കുന്ന വിലപ്പെട്ട സമയം. അത് യാത്രക്കാരുടെ മാത്രം നഷ്ടമാണ്. പ്രധാന സ്റ്റേഷനിൽ എത്തുന്നതിനു തൊട്ടുമുൻപ് ഒരു മണിക്കൂറോളം പിടിച്ചിട്ടു യാത്രക്കാരുടെ പരീക്ഷിക്കുന്ന അവസ്ഥ.
ഓരോ യാത്രക്കാരന്റെയും മനസ്സിൽ നുരഞ്ഞുപൊങ്ങുന്ന വിഫലമായ പ്രതിഷേധവും പകയും അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് അറിയേണ്ട ആവശ്യമില്ല. ഹൈസ്പീഡ് ഗതാഗത സൗകര്യങ്ങൾ വളരെ വികസിച്ച നമ്മുടെ അയൽരാജ്യമായ ചൈന. മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ പായുന്ന ഹൈസ്പീഡ് എൻജിനുകൾ അഭിമാനത്തോടെ ലോകത്തെ കാണിച്ചു. അത്തരം ഒരു ട്രെയിനിൽ തിരുവനന്തപുരത്തുനിന്നും മാംഗ്ളൂരിൽ എത്താൻ ഒന്നേമുക്കാൽ മണിക്കൂർ മാത്രമെടുക്കുമ്പോൾ ആണ് ഞാൻ മുകളിൽ സൂചിപ്പിച്ച സമയത്തിന്റെ വില നമുക്ക് മനസിലാകുന്നത്. ഈ ഒരു യാത്രയെ ഉദാഹരിക്കുമ്പോൾ തന്നെ വിലപ്പെട്ട പതിനൊന്നേകാൽ മണിക്കൂർ ഒരു യാത്രക്കാരൻ അവന്റെ സമയത്തെ നഷ്ടപ്പെടുത്തുന്നു. അപ്പോൾ ദീർഘദൂര സർവീസുകളിൽ കാര്യങ്ങൾ ഇതിലും പരിതാപകരമാകുന്നു. ഇതിനേക്കാൾ അപരിതാപകരമാണ് നമ്മുടെ റോഡുകളുടെ അവസ്ഥ. അതുകൊണ്ടുതന്നെ എവിടെ നോക്കിയാലും സ്‌പീഡ്‌ ലിമിറ്റുകൾ രേഖപ്പെടുത്തിയിരിക്കുന്നതുകാണാം. എന്നാൽ എക്പ്രസ് ഹൈവേകൾ നടപ്പിലാക്കിയ നാടുകളിൽ അങ്ങനെയൊന്നില്ല. വേഗതയിലും സുരക്ഷിതത്വം ആണ് നല്ല റോഡുകൾ വാഗ്ദാനം ചെയുന്നത്. ഇന്നും എക്പ്രസ് ഹൈവേയെന്നും ഹൈസ്പീഡ് റെയിലെന്നും കേൾക്കുമ്പോൾ അവയെ മുടക്കാൻ കച്ചകെട്ടിയിറങ്ങുന്ന ആളുകളാണ് നമ്മൾ. അത്തരം റോഡുകൾ വന്നാൽ നാടിനെ വിഭജിക്കപ്പെടും എന്നൊക്കെയാണ് മുറവിളികൾ. വേണ്ടത്ര വികസനമില്ലാത്ത കാലങ്ങളിൽ നിരത്തിൽ വാഹനങ്ങൾ കുറവായ കാലത്തു ദുബായിയിൽ പന്ത്രണ്ടുവരി റോഡ് പണിതപ്പോൾ ഏറെ വിമർശനവും പരിഹാസവും ഉണ്ടായാതായി കേട്ടിട്ടുണ്ട്. പക്ഷെ ഇന്നൊരു ലോക നഗരമായി ദുബായി പ്രതാപത്തിന്റെ ഉത്തുംഗതയിൽ വിരാജിക്കുമ്പോൾ നമ്മൾ മനസിലാക്കണം ആ ദീർഘവീക്ഷണം.
മോശമായ ഗതാഗതസൗകര്യങ്ങൾ ലക്ഷ്യങ്ങളെ വിദൂരത്തിലാക്കുമ്പോൾ നമ്മൾ കിതയ്ക്കാനും തളരാനും തുടങ്ങുന്നു. സമ്പന്നർ കുറവായതുകൊണ്ട് വിമാനഗതാഗതം വേണ്ടത്ര വികസിച്ചിട്ടില്ലാത്ത നാടാണ് നമ്മുടേത്. വിമാനക്കമ്പനികളും തുലോം കുറവ്. ഉപരിതല ഗതാഗതമാണ് പലതിനും നമ്മൾ ആശ്രയിക്കുന്നത്. യതയ്‌ക്കൊപ്പം ചരക്കുഗതാഗതവും ഭൂരിഭാഗവും നടക്കുന്ന അവയിൽ തന്നെയാണ് കാലോചിതമായ പരിഷ്‌കാരങ്ങൾ ജനം ആഗ്രഹിക്കുന്നതും. പ്രതിമകളും സ്മാരകങ്ങളും പണിതു സമ്പത്തു ധൂർത്തടിക്കുന്നവർ ഇതൊക്കെ ഇനി എന്നാണു മനസിലാക്കുന്നത്. ദീര്ഘവീക്ഷണമില്ലാത്ത ഭരണാധികാരികളുടെ നാട്ടിനെ സ്വപ്നങ്ങളില്ലാത്തൊരു ജനതയെ വച്ചു കൃത്യമായി ചേരുംപടി ചേർക്കാവുന്നതാണ്. നമുക്ക് സ്വപ്‌നങ്ങൾ വാഹനങ്ങളിൽ തളച്ചിടാം. മുടന്തിക്കിതയ്ക്കുന്നതിനെ പഴമയുടെ നൊസ്റ്റാൾജിയകളിൽ പെടുത്തി ഗതികേടോടെ ആഘോഷിക്കാം. ഒരു ദിശയിൽ നിന്നും യാത്രതിരിക്കുന്ന പ്രിയപ്പെട്ടവരേ കാത്തു ക്ളോക്കിലെ വിരസമായ മണിക്കൂറുകൾ എണ്ണിയെണ്ണി ഇരിക്കാം. ചെറിയ ദൂരമെങ്കിലും തണ്ടാനെടുക്കുന്ന വലിയ സമയത്തെ ഒരു സ്വാഭാവികകാര്യമായി ചിന്തിച്ചു ജീവിക്കാം. ബെയ്‌ജിംഗും ഷാങ്‌ഹായിയും ടോക്കിയോയും ന്യൂയോർക്കും ടെലിവിഷനിൽ കണ്ടു നെടുവീർപ്പിടാം. അവയൊന്നും ഭൂമിയിലല്ലെന്നു വാദിക്കാൻ പഠിക്കാം. എന്നിട്ടു ജീർണ്ണിച്ച സംസ്കാരത്തിന്റെ മഹത്വമോർത്തു പ്രകൃതമായൊരു കുളിരിൽ അനുനിമിഷം മുങ്ങിപ്പൊങ്ങാം. മനസിന്റെ കാളവണ്ടിയിൽ പ്രാചീനതയിലേക്കു പ്രയാണം തുടരാം.

 

  • 34
    Shares