Share The Article

markandeya-katju

രചന: സുനില്‍ എം എസ്, മൂത്തകുന്നം

കേരളീയരാണ് യഥാര്‍ത്ഥ ഭാരതീയരെന്ന് ഒരു മുന്‍ സുപ്രീം കോടതി ജഡ്ജി കഴിഞ്ഞ ആഗസ്റ്റില്‍ പറഞ്ഞു. അതാരെന്നല്ലേ! 2006 മുതല്‍ 2011 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്ന മാര്‍ക്കണ്ഡേയ കാട്ജു. വിഭിന്ന ജാതിമതസ്ഥരുള്‍പ്പെട്ട കേരളീയജനത ഒരുമയോടെ, ഒറ്റ ജനതയായി ജീവിച്ചുപോരുന്നതാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്. അത് അന്യസംസ്ഥാനജനതകള്‍ കണ്ടു പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ അദ്ധ്യക്ഷന്‍ കൂടിയാണദ്ദേഹം. നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി കാട്ജുവിനു നന്ദി പറയുകയും ചെയ്തു.

കേരളീയരെപ്പറ്റിയുള്ള കാട്ജുവിന്റെ അഭിപ്രായം വായിച്ചു രോമാഞ്ചകഞ്ചുകമണിയും മുമ്പ്, കാട്ജു തുടര്‍ന്നു ‘പൊട്ടിച്ച ബോംബുകളുടെ’ കാര്യവും കേള്‍ക്കുന്നതു നന്നായിരിയ്ക്കും. കാട്ജുവിന്റെ ‘ബോംബുകളി’ലൊന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ രൂപത്തിലായിരുന്നു. ലോകം മുഴുവനും അമ്മയായി കരുതുന്ന മദറിനെപ്പറ്റി കാട്ജു പറഞ്ഞതു മുഴുവനും ഇവിടെയെഴുതാന്‍ ബുദ്ധിമുട്ടുണ്ട്. കാട്ജുവിന്റെ ‘വചന’ങ്ങളില്‍ ഒന്നു മാത്രം പറയാം: ‘പത്തു മില്യന്‍ ഡോളര്‍ തന്നാല്‍ ദരിദ്രരുടേയും അനാഥരുടേയുമിടയില്‍ ഞാനും സേവനമനുഷ്ഠിയ്ക്കാം.’

നാലു ദിവസം കൂടി കഴിഞ്ഞപ്പോള്‍ കാട്ജു വീണ്ടുമൊരു സ്‌ഫോടനം നടത്തി: ദല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിന്റെ തലയ്ക്കകം ശൂന്യമാണ് എന്നായിരുന്നു അത്. ഖരഗ്പുര്‍ ഐഐടിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദമെടുത്തയാളാണു കെജ്‌രിവാള്‍. അതിനു പുറമേ, ഐ ഏ എസ്സിനു സമാനമായ ഐ ആര്‍ എസ്സുമുണ്ട്, കെജ്‌രിവാളിന്റെ പോക്കറ്റില്‍. കെജ്‌രിവാളിനെപ്പറ്റിയുള്ള അഭിപ്രായപ്രകടനം നടത്താന്‍ കാട്ജുവിനെ പ്രേരിപ്പിച്ചത്, ജനുവരിയില്‍ നടക്കാന്‍ പോകുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലേറ്റിയാല്‍ അമൃത്‌സറിനും ആനന്ദ്പുര്‍ സാഹിബ്ബിനും പുണ്യനഗരപദവി നല്‍കാമെന്ന് ഒരു തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ കെജ്‌രിവാള്‍ നല്‍കിയ വാഗ്ദാനമായിരുന്നു. കെജ്‌രിവാളിന്റെ വാഗ്ദാനമെങ്ങാന്‍ പാലിയ്ക്കപ്പെട്ടാലത് അലഹബാദ്, വാരാണസി, അയോദ്ധ്യ, മഥുര, പുരി, ദ്വാരക എന്നിങ്ങനെ അനേകം നഗരങ്ങളേയും പുണ്യനഗരപദവി ആവശ്യപ്പെടാന്‍ പ്രേരിപ്പിയ്ക്കുമെന്നും, കെജ്‌രിവാള്‍ രാഷ്ട്രീയവും മതവും കൂട്ടിക്കലര്‍ത്തുകയാണെന്നും കാട്ജു കുറ്റപ്പെടുത്തി.

‘ബോംബുകള്‍ പൊട്ടിയ്ക്കുന്നത്’ കാട്ജുവിന്റെ പതിവാണെന്നു വേണം പറയാന്‍. ദേശത്തും വിദേശത്തും ആദരിയ്ക്കപ്പെടുന്ന രബീന്ദ്രനാഥ ടാഗോര്‍ ബ്രിട്ടീഷ് ഏജന്റായിരുന്നെന്നും, സുഭാഷ് ചന്ദ്രബോസ് ജാപ്പനീസ് ഏജന്റായിരുന്നെന്നും കാട്ജു തന്റെ ബ്ലോഗില്‍ ഒരിയ്ക്കലെഴുതിയിരുന്നു. അതിനെ അപലപിച്ചുകൊണ്ട് പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രമേയം പാസ്സാക്കിയിരുന്നു.

ടാഗോറിനോടും ബോസിനോടും കാട്ജു കാണിച്ച അനാദരവ് ഇന്ത്യയിലെ ബഹുശതം ജനങ്ങളെ ക്രുദ്ധരാക്കിയെങ്കില്‍, പശുവിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് ഇന്ത്യയിലെ പകുതിയിലേറെപ്പേരെയെങ്കിലും രസിപ്പിച്ചിട്ടുണ്ടാകും: കാട്ജുവിന്റെ പോസ്റ്റ് ചുരുക്കത്തില്‍ ഇതായിരുന്നു: ‘കുതിരയേയും പട്ടിയേയും പോലൊരു മൃഗം മാത്രമാണു പശു. അത് ആരുടേയും അമ്മയല്ല…ബീഫ് തിന്നാന്‍ ഞാനിഷ്ടപ്പെടുന്നെങ്കില്‍ അതിലെന്താണു കുഴപ്പം? ആര്‍ക്കാണെന്നെ തടയാനാകുക?’

കാട്ജുവിന്റെ മുകളിലുദ്ധരിച്ച പ്രസ്താവനകള്‍ ബോംബുകള്‍ക്കു സമമായിരുന്നെങ്കില്‍, അണുബോംബിനു തുല്യമായൊരെണ്ണം ഇക്കഴിഞ്ഞ ഞായറാഴ്ച കാട്ജു പൊട്ടിയ്ക്കുകയുണ്ടായി. ഇത്തവണയും ബോംബിന്റെ രൂപം ഫേസ്ബുക്ക് പോസ്റ്റിന്റേതു തന്നെ. അതിന്റെ രത്‌നച്ചുരുക്കമിതാ:

‘പാക്കിസ്ഥാനികളേ, നമുക്കു തര്‍ക്കങ്ങളവസാനിപ്പിയ്ക്കാം. ബീഹാറിനെക്കൂടി നിങ്ങളെടുക്കണമെന്ന ഒറ്റ വ്യവസ്ഥയിന്മേല്‍ ഞങ്ങള്‍ നിങ്ങള്‍ക്കു കശ്മീരിനെ തരാം. പക്ഷേ, ബീഹാറിനെ വേണ്ടെങ്കില്‍ കശ്മീരുമില്ല. സമ്മതിച്ചോ?’

കാര്‍ട്ടൂണ്‍ വരച്ചതിന് കാര്‍ട്ടൂണിസ്റ്റ് അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ള നമ്മുടെ രാജ്യത്ത്, ജീവപര്യന്തം തടവു വരെ കിട്ടാവുന്നൊരു രാജ്യദ്രോഹക്കുറ്റമായി കാട്ജുവിന്റെ പോസ്റ്റ് വ്യാഖ്യാനിക്കപ്പെട്ടെന്നു വരാം. ഒരുപക്ഷേ, കാട്ജുവിന്റെ പോസ്റ്റിനെ ഒരു തമാശയായി മാത്രം കണക്കാക്കി, സര്‍ക്കാരും ജനവും കാട്ജുവിനെ വെറുതേ വിട്ടെന്നും വരാം. കാട്ജു രാജ്യദ്രോഹക്കുറ്റം ചെയ്തുവോ ഇല്ലയോ എന്നതല്ല, ഈ ലേഖനവിഷയം. ഭരണഘടനാഭേദഗതികളെ അസാധുവാക്കാന്‍ കാട്ജുവിനെപ്പോലുള്ളവരും ഉള്‍പ്പെടാനിടയുള്ള, അഞ്ചു സുപ്രീംകോടതി ജഡ്ജിമാര്‍ മാത്രമടങ്ങുന്ന, ഭരണഘടനാബെഞ്ചിനാകും: ഭരണഘടനാബെഞ്ചിനുള്ള ഈ അധികാരമാണിവിടത്തെ വിഷയം.

അല്പം വിശദീകരിയ്ക്കാം: നമ്മുടെ ഭരണഘടനയില്‍ ഭേദഗതി വരുത്തണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അതു പാസ്സാക്കിയിരിയ്ക്കണം; തുടര്‍ന്ന്, പകുതിയിലേറെ സംസ്ഥാനനിയമസഭകളും അതു പാസ്സാക്കിയിരിയ്ക്കണം. ഈ സഭകളിലെല്ലാം ജനത നേരിട്ടു തെരഞ്ഞെടുത്ത പ്രതിനിധികളോ, ജനതയുടെ പ്രതിനിധികള്‍ തെരഞ്ഞെടുത്ത പ്രതിനിധികളോ ആണുള്ളത്. പാര്‍ലമെന്റില്‍ മാത്രമായി 778 പ്രതിനിധികള്‍. പകുതിയിലേറെ നിയമസഭകളെന്നു പറയുമ്പോള്‍, ചുരുങ്ങിയത് 2500 നിയമസഭാസാമാജികര്‍. ആകെ മൂവായിരത്തി ഇരുനൂറിലേറെ ജനപ്രതിനിധികളുടെ ഭൂരിപക്ഷ പിന്തുണയുണ്ടെങ്കില്‍ മാത്രമേ, ഒരു ഭരണഘടനാഭേദഗതി നിയമമാകുകയുള്ളൂ.

ഇങ്ങനെ ലോക്‌സഭയും രാജ്യസഭയും ഭൂരിപക്ഷം നിയമസഭകളും പാസ്സാക്കിയ ഭരണഘടനാഭേദഗതിയെ അസാധുവാക്കാന്‍ അഞ്ചു സുപ്രീംകോടതി ജഡ്ജിമാര്‍ മാത്രമടങ്ങിയ ഭരണഘടനാബെഞ്ചിനു സാധിയ്ക്കും. ഭരണഘടനാഭേദഗതിയെന്ന പ്രക്രിയയെ ഒരു തുലാസ്സായി സങ്കല്പിച്ചാല്‍, ഒരു തട്ടില്‍ 3200 ജനപ്രതിനിധികള്‍; മറ്റേതില്‍ അഞ്ചു ജഡ്ജിമാര്‍ മാത്രം. എന്നിട്ടും, ജഡ്ജിമാരുടെ തട്ടിനു തന്നെ ഭാരക്കൂടുതല്‍!

ജനപ്രതിനിധികള്‍ രൂപീകരിച്ച സര്‍ക്കാര്‍ നിയമിച്ചവരാണു ജഡ്ജിമാര്‍. സര്‍ക്കാരിന്റെ ശമ്പളം പറ്റുന്നവര്‍. ജഡ്ജിമാര്‍ ജനപ്രതിനിധികളുമല്ല. മാത്രവുമല്ല, ജഡ്ജിമാരില്‍ ചിലരെങ്കിലും മാര്‍ക്കണ്ഡേയ കാട്ജുവിനെപ്പോലുള്ളവരായിരിയ്ക്കാം. ജഡ്ജിമാരില്‍ വിവേകക്കുറവുള്ളവരുണ്ടാകാം. ഏതാനും മുന്‍ ചീഫ് ജസ്റ്റീസുമാരുടെ തന്നെ പ്രസ്താവനകള്‍ കണക്കിലെടുക്കുമ്പോള്‍ ജഡ്ജിമാര്‍ക്കിടയില്‍ അഴിമതിക്കാരുമുണ്ടാകാം. ജനപ്രതിനിധികള്‍ കൂട്ടായെടുത്ത തീരുമാനങ്ങളെ അസാധുവാക്കാന്‍ വിവേകക്കുറവും അഴിമതിസ്പര്‍ശവുമുള്ള ജഡ്ജിമാരും ഉള്‍പ്പെട്ടേയ്ക്കാവുന്നൊരു ചെറുസംഘത്തിന് അധികാരമുണ്ടാകുന്നതു ജനാധിപത്യത്തിന് അനുകൂലമല്ല.

സുപ്രീംകോടതിയിലെ ഭരണഘടനാബെഞ്ച് പിരിച്ചു വിടുകയും, ഭാവി ഭരണഘടനാഭേദഗതികളിലോരോന്നും പാര്‍ലമെന്റ് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസ്സാക്കിയ ശേഷം ജനതയുടെ തീരുമാനത്തിനു വിടുകയുമാണു വേണ്ടത്. ജനതയുടെ തീരുമാനം വോട്ടെടുപ്പിലൂടെ വേണം നിര്‍ണയിയ്ക്കാന്‍. ‘പാര്‍ലമെന്റു പാസ്സാക്കിയിരിയ്ക്കുന്ന ഇത്രാമതു ഭരണഘടനാഭേദഗതി നിര്‍ദ്ദേശത്തെ നിങ്ങള്‍ അനുകൂലിയ്ക്കുന്നുവോ?’ ‘ഉവ്വ്’ അല്ലെങ്കില്‍ ‘ഇല്ല’ എന്ന ഉത്തരം ഓരോ പൗരനും രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യവും സൗകര്യവും വോട്ടിംഗ് യന്ത്രങ്ങള്‍ ലഭ്യമാക്കണം. ജനതയുടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷപിന്തുണ ലഭിച്ചാല്‍ മാത്രം ഭരണഘടനാഭേദഗതി നിയമമായിത്തീരണം; അല്ലെങ്കിലത് അസാധുവായിത്തീരണം. ജനാധിപത്യത്തില്‍ ജനങ്ങളായിരിയ്ക്കണം, പരമോന്നതം.