7 Shares 345 Views

മറുനാട്ടില്‍ ഒരു മലയാളി: (കാലം തെറ്റിയ) ഒരു റിവ്യൂ !

Aug 11, 2016
7 346

marunattil oru malayali malayalam movie reviewകോട്ടയം രാജമഹാള്‍ തീയേറ്ററില്‍ “മറുനാട്ടില്‍ ഒരു മലയാളി ” എന്ന ചിത്രം റിലീസ് ദിനത്തില്‍ കാണാന്‍ എത്തുമ്പോള്‍ വലിയ തിരക്കുണ്ടായിരുന്നില്ല. സംവിധായകന്‍ എ. ബി. രാജിന്റെ മുന്‍പിറങ്ങിയ രണ്ടു ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വലിയ ചലനം സൃഷ്ട്ടികാതിരുന്നതുകൊണ്ടാവാം അത്.

ക്രിസ്തുമത വിശ്വാസിയായ നായകന്‍ (പ്രേം നസീര്‍ ) മദ്രാസില്‍ ചെല്ലുന്നതും, ബ്രാഹ്മണനായ ഹോട്ടലുടമയുടെ (ശങ്കരാടി ) ഹോട്ടലില്‍ ജോലി കിട്ടാനായി ബ്രാഹ്മണനായി അഭിനയിക്കുന്നതും, ഹോട്ടലുടമയുടെ മകളുമായി ( വിജയശ്രീ ) പ്രേമബന്ധതിലാകുന്നതും വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. അടൂര്‍ ഭാസി അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ നന്നായി ആസ്വദിക്കും. ചിത്രത്തിന്റെ അവസാനം നായകന്‍റെ കള്ളത്തരം പൊളിയുമ്പോള്‍ ശങ്കരാടിയുടെ വെളിപ്പെടുത്തല്‍ നായകനെ എന്നതുപോലെ കാണികളെയും അത്ഭുതപ്പെടുത്തുന്നു.

ജയ്മാരുതി തീയെറ്റെഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന മറുനാട്ടില്‍ ഒരു മലയാളിയുടെ കഥ വി. ദേവന്‍ എഴുതിയിരിക്കുന്നു. സംഭാഷണം എസ്. എല്‍ .പുരം. പ്രേം നസീര്‍, വിജയശ്രീ, അടൂര്‍ഭാസി, ശങ്കരാടി ,എസ് പി പിള്ള എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. യേശുദാസ്, ജയചന്ദ്രന്‍, പി സുശീല, എസ് ജാനകി എന്നിവര്‍ പാടിയിരിക്കുന്നു. ദക്ഷിണാമൂര്‍ത്തി ശ്രീ കുമാരന്‍ തമ്പി ടീമിന്റെ എല്ലാ ഗാനങ്ങളും മനോഹരം. മനസ്സിലുണരൂ ,ഗോവര്‍ധന ഗിരി,അശോക പൂര്‍ണ്ണിമ,കാളി ഭദ്രകാളി,സ്വര്‍ഗവാതില്‍ ഏകാദശി എന്ന് തുടങ്ങുന്ന ഗാനങ്ങളില്‍ അദ്ദ്യത്തെ മൂന്നു ഗാനങ്ങള്‍ മലയാള ഗാനശാഖ ഉള്ളിടത്തോളം കാലം കേരളീയര്‍ ഏറ്റുപാടാതിരിക്കില്ല.

കലാമൂല്യമുള്ള ഒരു ചിത്രം എന്നതിലുപരി രണ്ടര മണിക്കൂര്‍ പ്രേക്ഷകനെ രസിപ്പിക്കുക എന്ന ദൌത്യം ആണെന്ന് തോന്നുന്നു സംവിധായകന്‍ എ.ബി രാജ് ഉദ്ദേശിച്ചിരിക്കുന്നത്. അതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. ഒരു നല്ല ചിത്രം പ്രതീക്ഷിചെതുന്നവരെ നിരാശ പ്പെടുതുന്നില്ല ഈ ചിത്രം. ഒരു സംശയവും ഇല്ലാതെ തന്നെ പത്തില്‍ ഏഴു മാര്‍ക്ക് നേടുന്നു ഈ ചിത്രം.

കുറിപ്പ് : മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസായ ഒരു ചിത്രത്തിന് റിവ്യൂ എഴുതിയതെന്തിനാനെന്നൊരു ചോദ്യമുണ്ടാവാം. പടം റിലീസായി ആദ്യത്തെ ഷോ കണ്ടിട്ട് ഇറങ്ങിയ ഉടനെ റിവ്യൂ എഴുതി ഒരു വ്യവസായത്തെ തന്നെ നശിപ്പിക്കുന്ന “റിവ്യൂ തൊഴിലാളികളോടുള്ള” പ്രതിഷേധം മാത്രമാണീ പോസ്റ്റ്‌. സിനിമ കണ്ടു കയ്യടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തിട്ട് ഇറങ്ങിയ ഉടനെ ചെയ്യുന്ന ഈ ദ്രോഹം മലയാള സിനിമയ്ക്ക് എന്ത് ഗുണം ചെയ്യും എന്ന് ഓര്‍ക്കുന്നത് നല്ലതായിരിക്കും.സിനിമ നല്ലതാവട്ടെ, ചീത്തയാവട്ടെ. നിക്പക്ഷമായി അത് പൊതുജനം കണ്ടിട്ട് വിധി എഴുതട്ടെ.ഈ തരം ഇന്‍സ്റ്റന്റ് റിവ്യൂ വായിച്ചു ഒരു മുന്‍വിധിയോടെ പടം കാണുകയോ കാണേണ്ട എന്ന് തന്നെ വെക്കുംപോളോ കുറെ ഏറെ പേരുടെ ഒരുപാടുനാളത്തെ അധ്വാനമാണ് ഒരു ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വഴി ഇല്ലാതാകുന്നത്. ഉദയനാണ് താരത്തിലെ നായകന്‍ പറയുന്നതുപോലെ ഒരാളുടെ ഒരു പാട് നാളത്തെ സ്വപ്നമായിരിക്കാം ഇക്കൂട്ടര്‍ തകര്‍ക്കുന്നത്.

മലയാളം സിനിമയെ നന്നാക്കി കളയാം, അല്ലെങ്കില്‍ പ്രേക്ഷകരുടെ പണം നഷ്ട്ടപ്പെടാതെ നോക്കാം എന്ന നല്ല ഉദ്ദേശം ഇതിന്റെ പിന്നില്‍ ഉണ്ട് എന്ന് കരുതുക വയ്യ…

വായനക്കാരുടെ അഭിപ്രായങ്ങള്‍ പ്രതീഷിക്കുന്നു

Write Your Valuable Comments Below