മാത്തുക്കുട്ടിയുടെ ക്രൂര കൃത്യം – പട്ടാള കഥകള്‍

99

പട്ടാളത്തില്‍ ചേരുന്നതിനു മുന്‍പ്, അതിരാവിലെ എഴുനേറ്റു കുളിയും തേവാരവും കഴിഞ്ഞു അടുക്കളയിലെത്തി ഏകദേശം പത്തു ദോശയും അതിനു ആനുപാതികമായ അളവിലുള്ള ചമ്മന്തിയും അകത്താക്കിയ ശേഷം വീടിനടുത്തുള്ള ബസ് സ്റ്റോപ്പിലെത്തി അവിടെ ബസ് കാത്തു നില്‍ക്കുന്ന സുന്ദരികളായ തരുണീമണികളുടെ അംഗലാവണ്യം ആസ്വദിച്ചുകൊണ്ട് പത്താം ക്ലാസ്സില്‍ പഠിച്ച ജീവശാസ്ത്രപുസ്തകത്തിലെ ‘മനുഷ്യ ശരീരഭാഗങ്ങളും അതിന്റെ ധര്‍മങ്ങളും’ എന്ന പാഠത്തിന്റെ ‘റിവിഷന്‍’ നടത്തുകയെന്നത് എന്റേയും കൂട്ടുകാരുടെയും ഹോബിയായിരുന്നു.

പട്ടാളത്തില്‍ ചേര്‍ന്നതിനു ശേഷവും ലീവിന് വരുമ്പോള്‍ ഈ പരിപാടി മുടക്കം കൂടാതെ നടത്തുവാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. കാലക്രമേണ ആ പതിവ് തെറ്റി. സുഹൃത്തുക്കളായിരുന്ന റസാഖും മാത്തുക്കുട്ടിയും ഉപജീവനാര്‍ഥം പ്രവാസികളാവുകയും പ്രവാസിനികളെത്തന്നെ വിവാഹം കഴിക്കുകയും ചെയ്തു. അതോടെ അവര്‍ വഴിവക്കിലെ കലുങ്കിലിരുന്നുള്ള ‘ഡൊമസ്റ്റിക്ക് ഔട്ട് ഡോര്‍ റിവിഷന്‍’ പൂര്‍ണമായി നിര്‍ത്തുകയും ‘ഇന്റര്‍നാഷണല്‍ ഇന്‍ഡോര്‍ റിവിഷനി’ ലേയ്ക്ക് ചേക്കേറുകയും ചെയ്തു. നാട്ടുകാരിയെത്തന്നെ കല്യാണം കഴിച്ച എന്റെ റിവിഷന്‍ ‘വര്‍ഷത്തില്‍ രണ്ടുമാസം ഒണ്‍ലി’ എന്ന മിലിട്ടറി കണക്കിലേയ്ക്ക് ചുരുങ്ങി.
അങ്ങനെ ഒരിക്കല്‍ അവധിക്കാലത്ത് ഞാനും മാത്തുക്കുട്ടിയും റസാഖും കൂടി ബസ് സ്റ്റോപ്പിനടുത്തുള്ള കലുങ്കിലിരുന്നു റിവിഷന്‍ നടത്തുമ്പോള്‍ ഒരു പോലീസ് ജീപ്പ് പാഞ്ഞു വന്നു സഡന്‍ ബ്രേക്കിട്ടു നിന്നു. അതില്‍ നിന്നും രണ്ടു പോലീസ്സുകാര്‍ ഇറങ്ങി കലുങ്കിന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ഞങ്ങള്‍ മൂന്നു പേരെയും ആകെയൊന്നു വീക്ഷിച്ചു.

പോലീസുകാരുടെ നോട്ടവും ഭാവവും കണ്ട മാത്തുക്കുട്ടി ഓടാന്‍ എളുപ്പമുള്ള കുറുക്കു വഴി നോക്കി ഉറപ്പു വരുത്തിയിട്ട് സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവറെപ്പോലെ ഏതു സമയവും പുറപ്പെടാന്‍ പാകത്തില്‍ തയ്യാറായി നിന്നു. റസാഖ് എന്തു ചെയ്യണമെന്നറിയാതെ പരുങ്ങി. ഞാനാകട്ടെ ഒരു പട്ടാളക്കാരന്റെ ഗൌരവം ഒട്ടും കളയാതെ ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന ഭാവത്തില്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരു ജീന്‍സ് ധാരിണിയെ നോക്കി റിവിഷന്‍ തുടന്നു.

അല്ലെങ്കില്‍തന്നെ പട്ടാളക്കാരനായ ഞാന്‍ എന്തിനു പോലീസുകാരെ കണ്ടു ഭയപ്പെടണം? അതിനു തക്ക കുറ്റങ്ങളൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ. കലുങ്കില്‍ ഇരുന്നു പെണ്‍കുട്ടികളെ വെറുതെ നോക്കുന്നതും ചെറിയ ചെറിയ കമന്റടിക്കുന്നതും ഒരു കുറ്റമാണോ? അതൊക്കെ എല്ലാ ചെറുപ്പക്കാരും ചെയ്യുന്നതല്ലേ? അങ്ങനെയുള്ള കമന്റടികള്‍ ആസ്വദിക്കാത്ത പെണ്‍കുട്ടികളുണ്ടോ? അങ്ങനെ ചെയ്യുന്നത് കുറ്റമാണെന്ന് ഏതെങ്കിലും ചെറുപ്പക്കാരായ ആണുങ്ങള്‍ (പൊലീസുകാര്‍) പറയുമോ?. അഥവാ അങ്ങനെ പറഞ്ഞാല്‍ ആ മാന്യദേഹത്തിന്റെ തന്ത്രപ്രധാനമായ യന്ത്രഭാഗങ്ങള്‍ക്ക് കാര്യമായ എന്തെങ്കിലും ‘ഏനക്കേട് ‘വന്നിട്ടുള്ള ആളായിരിക്കണം.

ഏതായാലും ഞാന്‍ പോലീസുകാര്‍ അടുത്തെത്തിയിട്ടും അവരെ മൈന്‍ഡ് ചെയ്യാതെ എന്റെ റിവിഷന്‍ പൂര്‍വാധികം ഭംഗിയോടെ തുടര്‍ന്നു.

‘ആരാടാ രഘുനാഥന്‍?’

ഒരു പോലീസുകാരന്റെ ഘനഗംഭീരമായ ശബ്ദം കേട്ട ഞാന്‍ ഒന്നു ഞെട്ടി. എന്റെ പേര്‍ എങ്ങിനെ ഈ കശ്മലനു കിട്ടി? വേറെ ഏതെങ്കിലും രഘുനാഥനെ തിരഞ്ഞു വന്നതാണോ ഇവര്‍? അങ്ങനെ ആകാനാണ് വഴി. ഞാനൊരു പട്ടാളക്കാരന്‍ ആണെന്നുള്ള വിവരം ഒരുപക്ഷെ ഇവര്‍ക്ക് അറിയില്ലായിരിക്കാം.

പുവര്‍ ഫെലോസ്… …!!

ഞാന്‍ റിവിഷന്‍ തുടര്‍ന്നു.

‘എന്താടാ ചോദിച്ചത് കേട്ടില്ലേ? നിങ്ങളില്‍ ആരാ പട്ടാളക്കാരന്‍ രഘുനാഥന്‍? ‘

ആജാനുബഹുവായ ഒരു പോലീസ്സുകാരന്റെ എരുമ അമറുന്ന സ്വരത്തിലുള്ള ചോദ്യം കേട്ടതോടെ ഓടാന്‍ തയ്യാറായി നിന്ന മാത്തുക്കുട്ടി ഓട്ടം ക്യാന്‍സല്‍ ചെയ്തിട്ട് ആശ്വാസത്തോടെ കൈ എന്റെ നേരെ ചൂണ്ടി.
പട്ടാളക്കാരന്‍ രഘുനാഥനെയാണ് പോലീസ്സുകാര്‍ തിരക്കുന്നത് എന്ന് മനസ്സിലായ ഞാന്‍ ഇത്തവണ കാര്യമായിത്തന്നെ ഞെട്ടി. റിവിഷന്‍ നടത്തികൊണ്ടിരുന്ന പാഠഭാഗങ്ങള്‍ പെട്ടെന്ന് മറന്നു. ജീന്‍സ് ധാരിണിയും പരിവാരങ്ങളും പോകേണ്ട വണ്ടി വന്നിട്ടും കേറാതെ ഞങ്ങളെ ശ്രദ്ധിച്ചു കൊണ്ട് അവിടെത്തന്നെ നിന്നു. ചായക്കടയില്‍ ചായ കുടിക്കാന്‍ വന്നവര്‍ കാര്യമറിയാനായി അടുത്തു കൂടി. ഈ ലാക്കില്‍ ആരുമറിയാതെ റസാഖ് മുങ്ങി. മാത്തുക്കുട്ടി ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ കയ്യും കെട്ടി മാറി നിന്നു.

‘നീയാണോടാ പട്ടാളക്കാരന്‍ രഘുനാഥന്‍? വണ്ടിയിലോട്ടു കേറിക്കോ. എസ്‌ഐ ഏമാന് നിന്നെ ഒന്നു കാണണമെന്ന് ‘.

ജീപ്പിന്റെ പുറകിലെ ഡോര്‍ തുറന്നു പിടിച്ചുകൊണ്ട് പോലീസ്സുകാരന്‍ പറഞ്ഞപ്പോള്‍ അത്രയും നേരം ജീവന്‍ടോണ്‍ പരസ്യത്തിലെ ആളെപ്പോലെ മസ്സിലു പിടിച്ചു ഞെളിഞ്ഞു നിന്ന ഞാന്‍ കാറ്റ് പോയ ബലൂണ്‍ പോലെ ചുരുങ്ങി.

പോലീസ്സ് വണ്ടി കണ്ടിട്ടുണ്ടെങ്കിലും അതില്‍ ഇതുവരെ കേറിയിട്ടില്ല. എസ് ഐ ഏമാനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും പോലീസ് സ്റ്റേഷന്റെ ഉള്ളില്‍ വച്ച് അദ്ദേഹത്തെ കണ്ടിട്ടില്ല. ലോക്കപ്പ് മുറി സിനിമയില്‍ കണ്ടിട്ടുള്ളതല്ലാതെ യാതൊരു പരിചയവുമില്ല. ഞാന്‍ ആസകലം വിയര്‍ത്തു. ഒരു സഹായത്തിനു വേണ്ടി ചുറ്റും നോക്കി.

മാത്തുക്കുട്ടി നിന്ന സ്ഥലം ശൂന്യമായിരിക്കുന്നു. !

ഇവരെന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? എസ്‌ഐ ഇടിക്കുന്നതിനു മുന്‍പ് ഇവരെല്ലാവരും കൂടി ഇടിക്കാനുള്ള പ്ലാനാണോ? ഒരു പട്ടാളക്കാരനെ ഫ്രീയായി ഇടിക്കാന്‍ കിട്ടുന്ന അവസരമല്ലേ.? ഞാന്‍ പേടിയോടെ ചിന്തിച്ചു.

എനിക്ക് മൂത്രശങ്ക കലശലായി. ഇടി തുടങ്ങുന്നതിനു മുന്‍പ് ഒന്നു മൂത്രമൊഴിക്കാന്‍ പറ്റിയിരുന്നെങ്കില്‍….
ഞാന്‍ പരവേശത്തോടെ ചുറ്റും നോക്കി. പെട്ടെന്ന് എസ് ഐ ഏമാന്റെ മുറിയുടെ വാതില്‍ തുറന്നടഞ്ഞു. ഒരാള്‍ ആ മുറിയില്‍ നിന്നും പുറത്തിറങ്ങി. ആറടിയിലധികം ഉയരം. അതിനൊത്ത വണ്ണം. ഉരുണ്ട മുഖം, കട്ടി മീശ..കാക്കിയണിഞ്ഞ അയാളുടെ ചുമലില്‍ വെട്ടിത്തിളങ്ങുന്ന നാലു നക്ഷത്രങ്ങള്‍..!

ഈശ്വരാ …കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ രൂപം.!!

അയാളുടെ വരവു കണ്ട പോലീസ്സുകാര്‍ ചാടിയെഴുനേറ്റു. എന്റെ നേരെ നടന്നടുക്കുകയാണ് സബ്ബ് ഇന്‍സ്‌പെക്ടര്‍.! അയാളുടെ മുഖം കോപം കൊണ്ട് ചുവന്നിരിക്കുന്നു. ഒരു നിമിഷം….പെട്ടെന്നയാള്‍ എന്റെ ഷര്‍ട്ടിന്റെ കോളറില്‍ കയറി ഒരു പിടുത്തം. കൂടെ ഒരലര്‍ച്ചയും.

‘ഫാ പുല്ലേ…ഓര്‍മ്മയുണ്ടോ ഈ മുഖം? നീ രക്ഷപെട്ടു എന്നു കരുതി അല്ലേടാ കോപ്പേ…?’

ആ അലര്‍ച്ച കേട്ടു ഞാന്‍ വിരണ്ടു പോയി.

കര്‍ത്താവേ ഇയാള്‍ സുരേഷ് ഗോപിയുടെ ഡ്യൂപ്പോ മറ്റോ ആയിരിക്കുമോ? അങ്ങിനെയാണെങ്കില്‍ എന്റെ മുതുകത്ത് ഉടനെ ഒരു ‘ഷിറ്റ് ‘ പ്രതീക്ഷിക്കാം. അതോടെ ഞാന്‍ പ്രയാസപ്പെട്ടു പിടിച്ചു വച്ചിരുന്ന മൂത്രശങ്ക പിടിവിടുമെന്ന് ഉറപ്പായി. പോലീസ് സ്റ്റേഷനില്‍ മൂത്രമൊഴിച്ചു എന്നൊരു കുറ്റം കൂടി ഇയ്യാള്‍ എന്റെ തലയില്‍ കെട്ടിവയ്ക്കുമോ? കണ്ടന്‍ പൂച്ചയുടെ മുന്‍പില്‍ പെട്ട പെരുച്ചാഴിയെപ്പോലെ ഞാന്‍ വിറച്ചു. ബോധം കെടുമോ എന്ന മറ്റൊരു ശങ്ക കൂടി എന്നെ പിടികൂടി.

പെട്ടെന്ന് സുരേഷ് ഗോപിയുടെ ഡ്യൂപ്പ് പൊട്ടിച്ചിരിച്ചു. കൂടെ പോലീസ്സുകാരും.

‘ഡാ രഘൂ..നിനക്കെന്നെ മനസ്സിലായില്ലേ? ഞാന്‍ പഴയ ബാബുവാടാ. ബീയേയ്ക്ക് നിന്റെ കൂടെ ഒന്നിച്ചു പഠിച്ചില്ലേ? … ബാബു …

സബ്ബ് ഇന്‍സ്‌പെക്ടര്‍ ചിരിയോടെ പറഞ്ഞു..

ബാബുവോ…ഏതു ബാബു…എനിക്ക് ആളെ പിടികിട്ടിയില്ല.

എടാ സുരേഷ് ബാബുവിനെ നീ ഓര്‍ക്കുന്നില്ലേ…?

ങേ ..സുരേഷ് ബാബുവോ?. ഞാന്‍ അവിശ്വസനീയതയോടെ നോക്കി.

യെസ്.. സുരേഷ് ബാബു തന്നെ. ഞാന്‍ ഇവിടെ ചാര്‍ജ്ജെടുത്തിട്ടു ഒരാഴ്ചയേ ആയുള്ളൂ. നീ വന്ന വിവരം ഇന്നലെ മാത്തുക്കുട്ടിയാ എന്നെ വിളിച്ചു പറഞ്ഞത്. അപ്പോള്‍ നിനക്കൊരു സര്‍പ്രൈസ് ആകട്ടെന്നു കരുതിയാ ഈ നാടകം ഒപ്പിച്ചത്. രാവിലെ നീ ബസ്റ്റോപ്പിലെ കലുങ്കില്‍ കാണുമെന്നു അവന്‍ തന്നെയാ എന്നോട് പറഞ്ഞത്.’

പരമദ്രോഹീ മാത്തുക്കുട്ടീ……………..

അപ്പോള്‍ ഇത് നിന്റെ പ്ലാനിങ്ങായിരുന്നു അല്ലെ? നിന്നെ ഞാന്‍ എടുത്തോളാം.. പക്ഷെ അതിനു മുന്‍പ് ഞാനൊന്ന് മൂത്രമൊഴിക്കട്ടെ. പോലീസുകാരുടെ കൂട്ടച്ചിരിക്കിടയില്‍ ഞാന്‍ മൂത്രപ്പുര ലക്ഷ്യമാക്കി പാഞ്ഞു.

Write Your Valuable Comments Below