Share The Article

Murali Thonnakkal എഴുതുന്നു 

ബിർസാമുണ്ട : ഇന്ത്യയുടെ അഭിമാനമായ ആദിവാസിഗോത്ര പോരാളി

ജൂൺ 9- ബിർസാ അനുസ്മരണ ദിനം

“ചെഗ് വേരയ്ക്കും മുന്നേനടന്ന ഗറില്ല പോരാളി !”

ചാരം മൂടിയ ചരിത്ര ചക്രവാളത്തിൽ കനലായെരിയുന്ന വിപ്ളവസൂര്യനാണ്
ഭഗവാൻ ബിർസാ മുണ്ട.1875 നവംബർ
15ന് ജാർഖണ്ഡിലെ ഉലിഹാത്തിലാണ് ആ ധീര ഗറില്ലാ പോരാളിയുടെ ജനനം.

സ്വാതന്ത്ര്യ സമര രംഗത്ത് ബിർസ
അവലംബിച്ച ഗറില്ല യുദ്ധമുറയ്ക്ക്
ചരിത്രത്തിൽ സമാനതകളില്ല തന്നെ. ആദിവാസികളെ കടന്നാക്രമിച്ച ബ്രിട്ടീഷ്
തോക്കിൻ കുഴലുകൾക്ക് മുന്നിൽ ആ ധീര
പോരാളി നെഞ്ചുറപ്പോടെ പൊരുതിനിന്നു.

പോരാട്ട ഭൂവിൽ പുലിയായി പൊരുതി നിന്ന ആ ധീര പോരാളിയെ ബ്രിട്ടീഷ് സർക്കാർ ജയിലടച്ച് താഴിട്ടു.മൂന്ന് മാസത്തെ ജയിൽവാസത്തിനിടയിൽ, 1900ജൂൺ9ന് ബിർസാ രക്തസാക്ഷിയായി.കേവലം 25 വർഷം മാത്രം ജീവിതം നയിച്ച,ബിർസ “ധർത്തി ആബ ” – ജനരക്ഷകനായി ആദിവാസി ഹൃദയങ്ങളിൽ ഇടം നേടി.

ഒരു ബദൽ രാഷ്ടീയ – സാമൂഹിക ക്രമത്തിനായുള്ള അന്വേഷണമായിരുന്നു ബിർസാ വിഭാവനം ചെയ്ത മുണ്ടാരാജ്. സർവ്വചങ്ങലകളിൽ നിന്നും വീമോചിത മായൊരു സാമൂഹിക ക്രമമാണ് ബിർസാ ധർമ്മമായി ഉയർത്തിപ്പിടിക്കുന്നത്.

ബിർസാ -അംബേദ്കർ – ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷൻ (BAPSA) പോലുള്ള സംഘടനകൾ മുഖ്യധാരയിൽ ആ ദീപ്ത സ്മരണ ഉൾക്കൊള്ളുന്നു. റാഞ്ചിയിലെ ബിർസാമുണ്ട വിമാനത്താവളം, ബിർസാ കാർഷിക സർവ്വകലാശാല, ബിർസാ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി എന്നിവ ആ യുഗപ്രഭാവന്റെ സ്മരണ ഉണർത്തുന്ന മഹത്തായ സ്ഥാപനങ്ങളാണ്.

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇടം നേടാൻ കഴിഞ്ഞ ഏക ആദിവാസി ഗോത്ര നേതാവും ബിർസ തന്നെയാണ്. ഈ ജൂൺ 9 ന് രാജ്യം അനുസ്മരിക്കുന്ന ബിർസായുടെ
കൊക്കാറിലെ സമാധി സ്തൂപത്തിൽ
ഇന്ത്യൻ ദലിത്- ബഹുജൻ യുവതക്ക് വേണ്ടി ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു.

” പോരാട്ട വഴിയിലെ രക്തച്ചൊരിച്ചിലുകളെ
ഞാൻ ഭയക്കുന്നില്ല. പക്ഷേ, എന്റെ ജനത യുടെ കണ്ണിൽ കണ്ണീർ പൊടിയുന്നത് എനിക്ക് സഹിക്കാവുന്നതല്ല….. ”

(മുരളി തോന്നയ്ക്കൽ)

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. നിങ്ങൾക്കും എഴുതാം ബൂലോകത്തിൽ.