ഒരു മുസ്ലിയാരുടെ വിറളിത്തരങ്ങള്‍

മഹല്ല് ഖതീബായി ചാര്‍ജ് എടുത്ത അന്ന് തന്നെ ചേലതൂര്‍ അങ്ങാടിയില്‍ ഒരു വഅള് വെക്കണമെന്ന് ഹുസൈന്‍ മുസ്ലിയാര്‍ക്ക് അങ്ങേയറ്റത്തെ നിര്‍ബന്ധം, മഹല്ല് കമ്മിറ്റി കൂടി ആ പരിപാടി അങ്ങട്ട് ഉറപ്പിച്ചു. അഞ്ഞൂറോളം വീടുകള്‍ അടങ്ങുന്ന പുരാതനമായ ഈ മഹല്ലിലെ ജനങ്ങളെ കുറിച്ച് മുസ്ലിയാര്‍ക്ക് കുറെ കേട്ടറിവുകളുണ്ട് , അത് തന്നെയാണ് മുസ്ലിയാര്‍ വഅള് വെക്കാന്‍ തല്പര്യപ്പെട്ടതും, കുറെ പണക്കാരുള്ള മഹല്ലാ, പറഞ്ഞിട്ടെന്താ, ദീന് കുറവാ, പലരും വീടുമുറ്റതു തന്നെ നായയേയും, പട്ടിയെയും ഒക്കെ വളര്‍ത്തുന്നു, റഹ്മത്തിന്റെ മലക്ക് ഈ മഹല്ലിലേക്ക് പോയിട്ട് ഈ പഞ്ചായത്തിലേക്ക് തന്നെ അടുക്കൂല.. ആദ്യ വഅളില്‍ തന്നെ ഈ വിഷയം പറയാന്‍ മുസ്ലിയാര്‍ തീരുമാനിച്ചു.

താല്‍കാലികമായി കെട്ടിയുണ്ടാക്കിയ സ്‌റ്റേജില്‍ കയറി മുസ്ലിയാര്‍ വഅള് തുടങ്ങി, ഹംദും, സ്വലാതും കഴിഞ്ഞു, മുസ്ലിയാരുടെ ശബ്ദം ഉയര്‍ന്നു, ‘ചെലതൂര്‍ അങ്ങാടിയിലെ ജനങ്ങളെ, നായ്ക്കളെ, പട്ടികളെ….പെട്ടന്നാണ് കരണ്ടു പോയത്, എല്ലാവരും ഒരു നിമിഷം സ്തബ്ദരായി..എന്താ ഇപ്പം ഉസ്താദ് പറഞ്ഞത്, ഞമ്മളെ ചെലവില്‍ മോയ്‌ലിയെരു ഞമ്മളെ തന്നെ നായീന്നും, പട്ടീന്നും ഒക്കെ ബിളിക്ക്യെ,..അബ്ദുല്‍ ഖാദര്‍ ഹാജിക്ക് ഹാലിളകി.. ചെലതൂര്‍ അങ്ങാടി ആകെ ഇളകി , ഒരു മിന്നല്‍ പോലെ ആ നിമിഷം കരണ്ടു വന്നതും ഹുസൈന്‍ മുസ്ലിയാര്‍ വീണ്ടും മൈക്കിനു മുമ്പിലെത്തി കത്തിക്കീറാന്‍ തുടങ്ങി, ‘ ചെലതൂര്‍ അങ്ങാടിയിലെ ജനങ്ങളെ…നായ്ക്കളെ…പട്ടികളെ…പിന്നെയും കറണ്ടിന്റെ കളി, വഅള് കേള്‍ക്കാന്‍ മുമ്പില്‍ ഇരുന്നവര്‍ ഒക്കെ സ്‌റ്റെജിലേക്ക് ഓടിക്കയറി മുസ്ലിയാരെ പിടിച്ചു ഉന്തലും, തള്ളലും ഒക്കെയായി, പലരും കൈ കൊണ്ട് പോരാത്തതിന് കാലു കൊണ്ടും നന്നായി പെരുമാരുന്നുണ്ടായിരുന്നു ..നാട്ടുകാരുടെ പെരുമാറലിനും ജഗ പൊകക്കുമിടയില്‍ വീണ്ടും കരണ്ട് വന്നു.. പക്ഷെ മൈകും സെറ്റും ഒക്കെയുമായി സെറ്റുകാര് സ്ഥലം കാലിയാക്കിയിരുന്നു. വഅള് മുഴുമിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും മുസ്ലിയാര് ഇങ്ങനെ പറയുന്നത് കേള്‍കാമായിരുന്നു, ‘തൊട്ടാല് കുളിക്കണം……….നായ്ക്കളെ പട്ടികളെ ‘തൊട്ടാല് കുളിക്കണം……തൊട്ടാല് കുളിക്കണം…

തലേന്ന് കിട്ടിയ അടിയുടെയും, ഇടിയുടെയും വേദന കടിച്ചമര്‍ത്തി മിഹരാബിന്റെ തൊട്ടടുത്ത റൂമില്‍ ഓതി കൊണ്ടിരിക്കുകയാണ് ഹുസൈന്‍ മുസ്ലിയാര്‍. മറ്റേ കൈ കൊണ്ട് മുസ്ലിയാര്‍ ചവിട്ടു കൊണ്ട ഭാഗങ്ങള്‍ നന്നായി തടവുന്നുണ്ട്.. പെട്ടന്നാണ് ഒരാള്‍ അകത്തേക്ക് കടന്നു വന്നത്, അല്ല ഉസ്താദെ ഞമ്മക്ക് ആ കക്കൂസിന്റെ താക്കോല്‍ ഒന്ന് തരോ, വല്ലാത്ത ഒരു ശങ്ക..ആഗതന്റെ ചോദ്യം കേട്ട പാടെ ഹുസൈന്‍ മുസ്ലിയാരുടെ മറുപടി, താക്കോല്‍ ഇവിടെയല്ല, മഹല്ല് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ കടയിലാണ്…ഉടന്‍ അയാള്‍ അങ്ങോട്ടേക്ക് ഓടി, കടതേടി പിടിച്ചെങ്കിലും അവിടെ അബ്ദുല്‍ ഖാദര്‍ ഹാജിയില്ല, കടയിലെ ജോലിക്കാരനോട് എങ്ങനെയൊക്കെയോ അയാള്‍ കാര്യം അവതരിപ്പിച്ചു, പക്ഷെ ഇപ്പൊ താക്കോല്‍ സെക്രട്ടറിയുടെ കയ്യിലാണ് എന്ന മറുപടി കേട്ട് തൂറാന്‍ മുട്ടി വന്ന ആഗതന് നിക്കപ്പൊരുതി മുട്ടി..സെക്രെട്ടരിയുമില്ല, പ്രസിഡന്റും ഇല്ല, അയാള്‍ പള്ളിയിലേക്ക് തന്നെ തിരിച്ചു ഓടി.. അപ്പോഴേക്കും ചാരിയിട്ട വാതിലിനു ഹുസൈന്‍ മുസ്ലിയാര്‍ ഓടാംപിലയിട്ടിരുന്നു.

ഉച്ചയുറക്കത്തിനു ശേഷം എഴുന്നേറ്റു വസ്ത്രങ്ങള്‍ അലക്കാനുള്ള ഒരുക്കത്തിലാണ് ഹുസൈന്‍ മുസ്ലിയാര്‍. ബക്കറ്റു കാണാനില്ല, എവിടെ പ്പോയി, തെരചിലായി, അസര്‍ ബാങ്കിന് ഇനി അധികം നേരമില്ല, ഹുസൈന്‍ മുസ്ലിയാര്‍ക്ക് പിരി കയറാന്‍ തുടങ്ങി, പെട്ടന്നാണ് കോണിക്കൂട്ടിനുള്ളില്‍ ആ നീല ബക്കറ്റില്‍ മുസ്ലിയാരുടെ കണ്ണുടക്കിയത്, ഓടി ചെന്ന് നോക്കിയപ്പോള്‍ അങ്ങോട്ട് അടുക്കാന്‍ പറ്റാത്ത ദുര്‍ഗന്ധം, കക്കൂസിന്റെ താക്കോല്‍ ചോദിച്ചു വന്ന ആ യാത്രക്കാരന്‍ ബക്കറ്റില്‍ കാര്യം സാധിച്ചു തടി സലാമതാക്കിയിരിക്കുന്നു. ഹുസൈന്‍ മുസ്ലിയാരുടെ കണ്ണുകള്‍ ചുവന്നു.. ദേഷ്യം അലയടിച്ചു. മഹല്ലിലെ ജനങ്ങളെ ഒന്നടങ്കം ഒരു പാഠം പഠിപ്പിക്കാന്‍ തന്നെമുസ്ലിയാര്‍ തീരുമാനിച്ചു.

വൈകുന്നേരം ആയതിനാല്‍ മഗ്രിബിന് കുറെ ആളുകളുണ്ട് പള്ളിയില്‍, ഹുസൈന്‍ മുസ്ലിയാര്‍ ഈ സമയം തന്നെ തെരഞ്ഞെടുത്തു, എല്ലാത്തിനും മധുരമായി പ്രതികാരം ചെയ്യാന്‍..നമസ്‌കാരം നടക്കുകയാണ്, രണ്ടു റക്ഹതുകള്‍ കഴിഞ്ഞു.. നമസ്‌കാരത്തിന്റെ അവസാനത്തെ റക്ഹതായി, ഇനി സുജൂദിലെക്കാണ്, എല്ലാവരും സുജൂദില്‍ ആണെന്ന് ഉറപ്പു വരുത്തി, ഹുസൈന്‍ മുസ്ലിയാര്‍ ഒറ്റ മുങ്ങല്‍.. ആര്‍കും ഒന്നും മനസ്സിലായില്ല.. കൂട്ടത്തില്‍ നിന്നും അബ്ദുല്‍ ഖാദര്‍ ഹാജിയാണ് തല ഉയര്‍ത്തി നോക്കിയത്, ഇമാമിന്റെ മുസല്ലയില്‍ മുസ്ലിയാരെ കാണാനില്ല. ഇത് മുസ്ലിയാര്‍ ഒപ്പിച്ചതാണെന്ന് എല്ലാവര്ക്കും മനസ്സിലായി. നാല് സ്വഫുകളിലായി നൂറിലേറെ വരുന്ന ജനങ്ങളെ സുജൂദില്‍ ഇട്ടിട്ടു പോയ മുസ്ലിയാരുടെ നടപടിയില്‍ നാട്ടുകാര്‍ ഹാലിളകി. കൂട്ടത്തില്‍ അയമ്മുവും..

അയമ്മുവിന്റെ വീട്ടിലാണ് മുസ്ലിയാര്‍ക്ക് രാത്രി ഭക്ഷണം,ഇടവഴിയില്‍ നിന്നും നീളമുള്ള ടോര്‍ച്ചുമായി മുസ്ലിയാര്‍ നീട്ടി വെളിച്ചം അടിക്കുമ്പോള്‍ തന്നെ അയമ്മുവിന്റെ ഭാര്യ ഭക്ഷണം ഒരുക്കി വെച്ചു…തീന്‍ മേശയില്‍ ഇരുന്നാല്‍ പിന്നെ മുസ്ലിയാര്‍ക്ക് കണ്ണ് കാണൂല..ആര്‍ത്തിയോടെ വാരി വലിച്ചു തിന്നുംപോളാണ് ‘ ഉസ്താദെ ബെക്കം തിന്നൂടി..അയമുവിന്റെ ദൃതി കൂട്ടല്‍ , ഹാ എന്തെ അയമൂ ന്നു മുസ്ലിയാരും, ഒന്നോല്ല്യ ഞമ്മളെ ഉമ്മാക്ക് തൂറാന്‍ മുട്ടുനുണ്ട്,,, അയിനെന്തിനാ അയമൂ ഞമ്മള് ബെക്കം തിന്നുനത്…മുസ്ലിയാര്‍ക്ക് ഒന്നും മനസ്സിലായില്ല… ഉസ്താദെ ഞമ്മളെ മ്മാക്ക് തൂറാനും, ഇങ്ങക്ക് തിന്നാനും ഇബടെ ഒറ്റ പാത്രേ ള്ളൂ ..അയമുവിന്റെ മറുപടി കേട്ടതും മുസ്ലിയാരുടെ ഓക്കാനവും ഒരുമിച്ചായിരുന്നു….