Share The Article

(വലിയ പോസ്റ്റാണ് സമയമുള്ളവർ വായിക്കുക, ശിക്ഷിക്കുന്നില്ല)

ഈ ‘സംഘി’ എന്നതെന്താ നിലവിലെ ജാതിവ്യവസ്ഥയിൽ ഉള്ള ഒരു ജാതിയോ മറ്റോ ആണോ, അതിൽ നിന്നും മാറാൻ സാധിക്കാതിരിക്കാൻ. അല്ല, അതിനെ മതത്തിന്റെ സെറ്റപ്പിൽ കാണാൻ ആണ് ഇഷ്ടം. താത്പര്യമില്ലെന്നുകണ്ടാൽ ഉപേക്ഷിച്ചു മറ്റൊരു രാഷ്ട്രീയം തേടൽ. പ്രിയ സുഹൃത്ത് ശൈലന്റെ പോസ്റ്റ് വായിച്ചിട്ടു രാജേഷ് ശിവ സംഘിയായിരുന്നോ എന്ന് അന്തംവിട്ടു മെസ്സഞ്ചറിലും മറ്റുംവന്നു ചോദിക്കുന്നവർ, രാജേഷ് ശിവ അവന്റെ ഹിസ്റ്ററിയെ (His-story) തന്നെ അപനിർമ്മിച്ചു മറ്റൊരു ഇമേജ് ഉണ്ടാക്കിയെടുത്തു എന്നൊരു തെറ്റായ രീതിയിലാണ് ചിന്തിച്ചതെന്ന് തോന്നുന്നു.

Rajesh Shiva

രണ്ടുവർഷംമുന്നേവരെ എന്റെ സൗഹൃദം സ്വീകരിച്ചുവന്ന നൂറുശതമാനംപേർക്കും അറിയാവുന്ന ഈ പരസ്യമായ സത്യം ആർക്കുമൂടിവയ്ക്കാൻ സാധിക്കും. നമ്മൾ അനുഭവിച്ച ഒന്നിനെമാത്രമേ, ഒന്നുകിൽ തീവ്രമായി സ്നേഹിക്കാനോ അല്ലെങ്കിൽ വെറുക്കാനോ സാധിക്കൂ. സിപിഎം രാഷ്ട്രീയവും സംഘിരാഷ്ട്രീയവും ഞാൻ വളർന്ന വീട്ടിൽ ചെലുത്തിയ സ്വാധീനഫലങ്ങൾ എഫ്ബിയിലെ സേഫ്സോൺ രാഷ്ട്രീയക്കാർക്ക് മനസിലാകുമെന്നുതോന്നുന്നില്ല.

ബിജെപിയില്ലാത്ത കാലം, ആർഎസ്എസ് എന്ന പ്രസ്ഥാനം കേരളത്തിൽ അതിന്റെ സ്വാധീനമുറപ്പിക്കുന്ന കാലം. തിരുവനന്തപുരം നഗരത്തിലെ പേട്ടയ്ക്ക് തൊട്ടടുത്തു കല്ലുംമൂട് എന്ന സ്ഥലത്തു റോഡരികിൽ ഇരിക്കുന്ന ഒരു വീട്. അവിടെ സിപിഎമ്മിന്റെ കൊടികളും ബാനറും നോട്ടീസുകളും കൊണ്ട് നിറഞ്ഞിരുന്നു. പ്രഥമദൃഷ്ട്യാ അതൊരു പാർട്ടിയാപ്പീസ് ആയിരുന്നെങ്കിലും ഒരു വലിയ കൂട്ടുകുടുംബത്തിന്റെ ആസ്ഥാനവും ആയിരുന്നു. അന്നു ഞാനെന്ന ബാലൻ മൂക്കളയൊലിപ്പിച്ചു നിക്കറുമിട്ടു ചെങ്കൊടിയെടുത്തു ഇൻക്വിലാബ് വിളിച്ചു കളിക്കുന്ന പ്രായം.പെട്ടന്നാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. ഞങ്ങളുടെ കുടുംബക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പാർട്ടിയും (പാർട്ടിക്കാർ ആയ വ്യക്തികൾ) വീട്ടുകാരും തമ്മിൽ തെറ്റുകയും തൊട്ടടുത്ത ദിവസം തന്നെ അതുവരെ സ്വന്തം ഓഫീസ് പോലെ കരുതിപ്പോന്ന വീട്ടിൽ പാർട്ടിക്കാർ ആക്രമണം നടത്തുകയും ചെയ്തു. ഇതുവായിക്കുന്ന തീവ്രരാഷ്ട്രീയക്കാർക്കു ആരുടെഭാഗത്താണ് തെറ്റെന്ന കാര്യത്തിൽ സംശയം ഉടലെടുക്കുന്നത് സ്വാഭാവികം .അതവിടെനിൽക്കട്ടെ.

സംരക്ഷിക്കേണ്ടവർ ആക്രമിക്കുമ്പോൾ ഉള്ള നിസ്സഹായാവസ്ഥ അനുഭവിക്കാത്തവർക്കു മനസിലാകില്ല. അതിനാൽ തന്നെ ഒരു അഭയം ആവശ്യമായിരുന്നു..അത് നൽകാൻ തയ്യാറായവരുടെ കൂടെ അതിജീവനത്തിന്റെ രാഷ്ട്രീയം തേടി കുടുംബം. ഭീരുവായി മരിക്കാൻ മനസ്സിലായിരുന്നു. എല്ലാ അർത്ഥത്തിലും അന്നത് ശരിയുമായിരുന്നു. സമാനമായ അനുഭവങ്ങൾ ഞാൻ പിൽക്കാലത്തു പരിചയപ്പെട്ട പല പൂർവ്വകാല സീപ്പിയെമ്മുകാർക്കും ഉണ്ടായെന്നു അവർ പറയുകയും ചെയ്തിരുന്നു. പിന്നീടുള്ള കാലം, അതായതു 1990 വരെ (എന്റെ ഹൈസ്‌കൂൾ കാലം വരെ) എന്റെ വീട് എട്ടോളം പ്രാവശ്യം ആക്രമണത്തിനിരയിട്ടുണ്ട്. വ്യക്തിപരമായ താത്പര്യങ്ങൾ രാഷ്ട്രീയ പിൻബലത്തോടെ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നവർ ഏതുപ്രസ്ഥാനത്തിലും ഉണ്ട്. അവർ ആ പ്രസ്ഥാനത്തിന്റ അന്തസ്സിനു കളങ്കം ഏൽപ്പിക്കുകയാണ് ചെയുന്നത്.

ജാതിബോധമോ മതബോധമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു കുടുംബത്തെ ജാതിയും മതവും പറയുന്നവരുടെ പ്ലാറ്റ്‌ഫോമിൽ എത്തിക്കാൻ ചിലർകാണിച്ച വ്യഗ്രത എന്റെ പിഞ്ചുമനസിൽ പോലും തിക്തമായൊരു ഓർമയായി കിടക്കുന്നു. ഇത്രേംകാലം ‘ഹിന്ദു’ എന്നൊരു വാക്ക് എന്റെ കുടുംബത്തിൽ ആരും പറയുന്നത് ഞാൻ കേട്ടിട്ടില്ല. സാധാരണ ദൈവവിശ്വാസികൾ എന്നല്ലാതെ, ആ ബോധം ജീവിതത്തിന്റെ ഒരു മേഖലയിലെങ്കിലും പ്രകടമാക്കിയിരുന്നോ എന്നും അറിയില്ല. റഷ്യൻ വിപ്ലവവും ബോൾഷെവിക് പ്രസ്ഥാനവും ഒരു ഹരമായി കൊണ്ടുനടന്ന അമ്മയുടെ ചേച്ചിയുടെ ഭർത്താവിൽ (വല്യച്ഛൻ) നിന്നും ഊർജ്ജം ഉൾക്കൊണ്ടു പതിനേഴാംവയസിൽ ദൈവവുമായുള്ള ബന്ധം മുക്കാല്ഭാഗവും മുറിച്ചെറിയുകയും ഒരു നിഷേധിയുടെ റോളിൽ മുന്നോട്ടുപോകുകയും ചെയ്ത ഞാൻ വിശാലകുടുംബത്തിന്റെ സംഘിരാഷ്ട്രീയബോധങ്ങളിൽ രാഷ്ട്രീയ പ്രതിയോഗികളുടെകൂടെ വെറുപ്പുംപുലർത്തിയിരുന്നു. മനസിലെ പുരോഗമനചിന്തയും കുടുംബത്തിന്റെ രാഷ്ട്രീയബോധങ്ങളും വല്ലാത്തൊരു ആശയക്കുഴപ്പം സൃഷ്ടിച്ച കാലം. നാട്ടിലെ എതിരാളികൾ പരമ്പരാഗത രാഷ്ട്രീയ ശത്രുക്കൾ ആയി നിലകൊണ്ടത്തുകാരണം കുടുംബത്തിന്റെ രാഷ്ട്രീയബോധത്തിൽ നിന്നും മാറിനടക്കാൻ കഴിയാതെയുംപോയി. ആരോടും പോരിന് പോയില്ലെങ്കിലും കുടുംബത്തിൽ ഒരു കുലംകുത്തിയാകാൻ മനസ്സിലായിരുന്നു.

കാലങ്ങൾ കഴിഞ്ഞു… കേന്ദ്രത്തിൽ ഭൂരിഭാഗം സമയവും ഭരിച്ച കോൺഗ്രസ് സർക്കാരുകളുടെ നയങ്ങളും സിപിഎം വിരുദ്ധതയും ബിജെപി അനുഭാവത്തിൽ പിടിച്ചുനിർത്തി. സോഷ്യൽ മീഡിയ വന്നപ്പോഴാണ് സംഘി എന്ന പേരുതന്നെ ഉണ്ടായതും അതൊരപമാനമായി കരുതുന്നവർ ഉണ്ടായതും. അതിനുമുന്നെയുള്ള കാലത്തു വാജ്പേയി ഭരിക്കുമ്പോൾ ഒക്കെ ‘സംഘി’ എന്ന ബോധം ചീഞ്ഞിരുന്നില്ല. മണ്ടത്തരങ്ങൾ പറയുന്നവരും ഇല്ലായിരുന്നു. ഗുജറാത്ത് കലാപത്തോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ അവതരിച്ച ഒരു ധൂമകേതുവാണ് ഈ ദേശീയരാഷ്ട്രീയത്തെ ഇത്രമേൽ അപകടകരവും ഹാസ്യാത്മകതയുടെ കേന്ദ്രവും ആക്കിയതെന്നു ഞാൻ ഉറച്ചുവിശ്വസിക്കുന്നു.

വാജ്‌പേയിയും അദ്വാനിയും ‘സംഘി’രാഷ്ട്രീയം കയ്യടക്കിയ കാലത്തു വാജ്‌പേയി മിതവാദിയും അദ്വാനി തീവ്രവാദിയും ആയിരുന്നെങ്കിൽ ഇന്ന് അദ്വാനിയും തന്റെ ഗ്രൂപ്പും മിതവാദികളും മോദി തീവ്രവാദിയും ആകുന്നു. ഇതാണ് ഒരു പ്രസ്ഥാനം മുന്നോട്ടുപോകുമ്പോൾ ഫാസിസം സ്വീകരിച്ചു തുടങ്ങുന്നതിന്റെ തെളിവ്. നാളെ യോഗി ആദിത്യനാഥിനെ പോലുള്ളവർ ദേശീയരാഷ്ട്രീയത്തിലേക്കു വരുമ്പോൾ മോദിയെ നമ്മൾ മിതവാദി എന്ന് ചിന്തിച്ചേയ്ക്കാം. മതരാഷ്ട്രീയം കൂടുതൽ ഭീകരമായിക്കൊണ്ടിരിക്കും. കൊടിയ്ക്ക് കാവി പോരെന്നു തോന്നുമ്പോൾ അവർ തീവ്രവർഗ്ഗീയത അതിൽ ചാർജ് ചെയ്തുകൊണ്ട് ഇരിക്കും. എന്റെ സഹോദരങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ പെരുകിയപ്പോൾ ഞാൻ ആദ്യമായി കുടുംബത്തിൽ കുലംകുത്തിയായി ആ പഴയ രാഷ്ട്രീയം വിട്ടു. കാലങ്ങളായി ആ രാഷ്ട്രീയത്തോട് ഉറഞ്ഞുകിടന്ന അനവധി വെറുപ്പുകളുടെ ഫലവുംകൂടിയായിരുന്നു.

ഇതൊക്കെ വായിക്കുമ്പോൾ, നീ പിന്നീട് തിരിച്ചറിഞ്ഞല്ലോ, ഇന്നലെ തെറ്റ് ചെയ്യാത്തവർ ആരും ഉണ്ടാകില്ല ഗോപുമോനേ … വെളിച്ചം വീശിയല്ലോ നിന്നിൽ … എന്നൊക്കെയുള്ള പറഞ്ഞുകൊണ്ട് വിശാലഹൃദയമുള്ള ഏതെങ്കിലും ആശാന്മാരും ആശാത്തികളും എങ്കിക്കു മാപ്പു നൽകാനൊന്നും വരണ്ട.. മാപ്പ് എനിക്ക് കോപ്പാണ്. രാഖിയും കുങ്കുമക്കുറിയും കഴുത്തിൽ കുറെ ചരടുകളും അണിഞ്ഞുകൊണ്ടുനടന്ന ഒരാളായിരുന്നില്ല ഞാൻ. അരാജകമായ ചില ജീവിതരീതികളിൽ ഭ്രമിച്ചുനടന്ന, കുലപുരുഷൻ അല്ലാത്തെ ഒരാൾ തന്നെയിരുന്നു. രാഷ്ട്രീയബോധം കൊണ്ടുമാത്രം ചിലരെ എതിർക്കാൻ സംഘിവാദം ഉയർത്തിവയവൻ.

എല്ലാപേരും സംഘിയാകുന്നത് മതബോധം മൂത്തിട്ടോ ആർഷഭാരതസംസ്കാരത്തിന്റെ കഴപ്പ് കയറിയിട്ടോ അല്ല. നിലവിലെ ജീവിതസാഹചര്യങ്ങളിൽ മറ്റുള്ളവർ വാളോങ്ങുന്ന അവസ്ഥയുണ്ടാകുമ്പോഴും ആകാം. സമൂഹത്തിലെ കുടുംബങ്ങളെയും അതിലെ യുവാക്കളെയും വെറുപ്പിക്കുകയല്ല, സ്നേഹത്തോടെ മതേതര ആശയങ്ങളിൽ എത്തിക്കാൻ ശ്രമിക്കുകയാണ് പുരോഗമനപ്രസ്ഥാനങ്ങൾ ചെയ്യേണ്ടത്.

ഇന്നലെ കുടുംബം ചെയ്തതും ഞാനതിൽ നിന്നതും ശരിയായിരുന്നു. അതിജീവനം തെറ്റെന്നു ഞാൻ കരുതുന്നില്ല. ക്രമേണ ആ രാഷ്ട്രീയം മാറിമാറി രണ്ടുവര്ഷത്തിനു മുന്നേ പൂർണ്ണമായി ഞാൻ അത് വിട്ടതും ശരിയായിരുന്നു. നാളത്തെ ശരിയുടെ കൂടെ ഇന്നേ അണിനിരക്കുന്നു. ഇനി അതല്ല സംഘി എന്നതൊരു ജാതിയാണ്, രാജേഷ് ശിവ ഇന്നലെകളിൽ അതായിരുന്നെങ്കിൽ അതായി കാണാനേ നിർവാഹമുള്ളൂ എന്നാരെങ്കിലും നിർബന്ധം പിടിക്കുന്നെങ്കിൽ പോയി നീയൊക്കെ നിന്റെ പണിനോക്കിനെടാ .. നിന്റെയൊക്കെ അംഗീകാരം ആർക്കുവേണം എന്ന് പറയാനും ആഗ്രഹിക്കുന്നു.

തികച്ചും പുരോഗമന ആശയങ്ങൾക്കുവേണ്ടി തീവ്രമായിത്തന്നെ വാദിക്കും. ഇനിയും..ഇനിയും..

  • 1
    Share