Share The Article

Nelson Joseph എഴുതുന്നു 

ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചർക്ക് എഴുതുന്ന തുറന്ന കത്ത് :

ബഹുമാനപ്പെട്ട ടീച്ചർ,

നമ്മുടെ കേരളം ആരോഗ്യത്തിൻ്റെ കാര്യത്തിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടേത് അപേക്ഷിച്ച് നോക്കുമ്പോൾ അസൂയാവഹമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നത് നമുക്കേവർക്കും അഭിമാനിക്കാവുന്ന നേട്ടമാണല്ലോ.

മാതൃ-ശിശു മരണനിരക്കുകൾ നിയന്ത്രിച്ചും ഫലപ്രദമായി രോഗപ്രതിരോധവും ആരോഗ്യബോധവൽക്കരണവുമെല്ലാം നടപ്പാക്കിയും നാം ഇനിയും ഏറെ മുന്നേറുകയും ചെയ്യും.എന്നാൽ തികച്ചും ദുഖകരവും ഒഴിവാക്കാൻ കഴിയുമായിരുന്നതുമായ ഏതാനും സംഭവങ്ങളിലേക്കാണ് ടീച്ചറുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.

1. അതിൽ ആദ്യത്തേത് തൃശൂർ മെഡിക്കൽ കോളജ് പീഡിയാട്രിക് റസിഡൻ്റ് ഡോ.Vipin Kalathil എഴുതിയ കുറിപ്പാണ്. വെറും ഒന്നര വയസ് മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞാണ് ടീച്ചർ മരണപ്പെട്ടത്. ഡോ. വിപിൻ്റെ വാക്കുകൾ കടമെടുക്കുകയാണ്..

കൃത്യമായ ഭക്ഷണക്രമത്തിലൂടെയും മരുന്നുകളിലൂടെയും നിയന്ത്രിച്ച് ഒരു പരിധി വരെ മുന്നോട്ട് പോകാമായിരുന്ന ജനിതക രോഗമാണെന്നു ( Included Under Inborn errors of Metabolism ) കണ്ടെത്തിയിരുന്നതാണ്. അത് ഏകദേശം ഒരു വർഷത്തോളം കാര്യമായ പ്രശ്നങ്ങളില്ലാതെ മുൻപോട്ട് പോയിരുന്നതുമാണ്.

എന്നാൽ ചേർത്തല സ്വദേശിയായ മോഹനൻ എന്നയാളുടെ വാക്ക് കേട്ട് അങ്ങനെ ഒരു രോഗമില്ല എന്നും കുട്ടിയ്ക്ക് ഓട്ടിസം ആണെന്നും വിശ്വസിച്ച് മരുന്നുകൾ നിർത്തുകയും അവിടെനിന്ന് നൽകുന്ന പൊടികൾ കഴിക്കുകയും ചെയ്തതിനെത്തുടർന്ന് രോഗം മൂർച്ഛിച്ചു.. അതെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരണപ്പെടുകയും ചെയ്തു.

2. തൻ്റെ സുഹൃത്തിൻ്റെ മരണത്തെക്കുറിച്ച് ഹുസൈൻ എന്നൊരു വ്യക്തി ഫേസ്ബുക്കിൽ കുറിച്ചത് വായിച്ച് ചെന്നപ്പൊഴും അതേ ചേർത്തല സ്വദേശിയിലാണ് എത്തി നിൽക്കുന്നത്.

കരളിനെ ബാധിച്ചിരുന്ന കാൻസർ ആയിരുന്ന സുഹൃത്തിന് പ്രത്യേകിച്ച് ഒരു അസുഖവുമില്ല എന്നും കുറച്ച് ഗ്യാസിൻ്റെ പ്രശ്നം മാത്രമേയുള്ളൂ എന്നും പ്രസ്തുത വ്യക്തി പറഞ്ഞതിനെക്കുറിച്ചുള്ള വീഡിയോ എസൻസ് ഗ്ലോബൽ എന്ന മറ്റൊരു പേജിൽ നിന്ന് ലഭിച്ചതും താഴെ ചേർക്കുന്നു.

മരണപ്പെട്ടയാളുടെ ഫേസ്ബുക് വാളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോൾ ടീച്ചർ, ആരോഗ്യമന്ത്രിയെക്കുറിച്ച് അഭിമാനത്തോടെ ഷെയർ ചെയ്ത ഒരു പോസ്റ്റും അയാളുടെ വാളിൽ കാണാൻ കഴിഞ്ഞു..ഈ നാടിൻ്റെ ആരോഗ്യമന്ത്രിയിൽ വിശ്വസിച്ച ഒരാളായിരുന്നു ടീച്ചർ അയാളും..

നമ്മുടെ സിസ്റ്റത്തിൽ വിശ്വസിച്ച ഒരാൾക്ക് അങ്ങനെയൊരു പിഴവ് പറ്റിയതിനു നമ്മളും ഉത്തരവാദികളാണ് ടീച്ചർ.

3. ഈ അടുത്ത് സമ്പ്രേഷണം ചെയ്യപ്പെട്ട ഒരു ടെലിവിഷൻ ചാനൽ പരിപാടിയിൽ നിപ്പ സമയത്ത് മാങ്ങ ചപ്പി ആരോഗ്യവകുപ്പ് പ്രചരണങ്ങൾക്ക് എതിർ പ്രചരണം നടത്തിയതിനെക്കുറിച്ചും അന്ന് മാപ്പ് പറഞ്ഞത് കേസുണ്ടാവാതിരിക്കാനാണ് എന്നും പറയുന്നത് കേരള സമൂഹം കണ്ടതാണ്.

മുൻപും കേരളത്തിൻ്റെ പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന രീതിയിലുള്ള പ്രചരണങ്ങൾ അയാളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിക്കാനാണ് ഇത് പറഞ്ഞത്.

4. ആളുകളുടെ അനുഭവ സാക്ഷ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയായിരുന്നു ഈ അടുത്ത കാലം വരെയുള്ള രീതി. എന്നാൽ രോഗം മാറിയെന്നതിനുള്ള ശാസ്ത്രീയമായ എന്തെങ്കിലും തെളിവുകൾ അതിനൊപ്പമുണ്ടായിരുന്നതായി വ്യക്തമല്ല.

അത്തരം അനുഭവസാക്ഷ്യങ്ങൾ സത്യമാണെന്ന് വിശ്വസിച്ച് അവിടെ ചെന്ന് പെടുന്നവർ വഞ്ചിതരാവാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട്.

മേൽപ്പറഞ്ഞ ഉദാഹരണങ്ങൾ പോലെയുള്ള സംഭവങ്ങളിൽ ആപത്ത് സംഭവിച്ചവർ അത് തുറന്ന് പറയാനുള്ള മാനസികാവസ്ഥയിലായിരിക്കണമെന്നില്ല. അത് മാത്രമല്ല, നിയമപരമായി മുന്നോട്ട് പോവുമ്പോളുള്ള വൈഷമ്യങ്ങളും സാധാരണക്കാരെ അത്തരം നടപടികളിലേക്ക് കടക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്.

ആയതിനാൽ ആരോഗ്യവകുപ്പിൻ്റെയും ടീച്ചറുടെയും സത്വരശ്രദ്ധ ഈ സംഭവങ്ങളിലേക്ക് പതിയേണ്ടതായുണ്ട്. ഇതെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ

Advertisements