Share The Article

ദേശവും ഭക്തിയും!

ദേശഭക്തി എന്ന ചിന്തയും വികാരവും എന്നിൽ ആദ്യം ഉണ്ടാക്കിയത് എൻറെ അടുത്ത ബന്ധുവായിരുന്ന കേരളൻ ചേട്ടൻ ആയിരുന്നു. എസ് കേരള കുമാർ എന്ന് പേര്, ഞങ്ങൾ എസ് കെ എന്ന് വിളിക്കും.

എന്നെക്കാൾ മൂന്നു വയസ്സിന് മൂത്തതാണ്, ഞങ്ങൾ ഒരുമിച്ചാണ് സ്‌കൂളിൽ പോകുന്നതും കളിക്കാൻ പോകുന്നതും ഒക്കെ. കളിയിലും അതിന് ശേഷമുള്ള കളിയാക്കലിലും അടിപിടിയിലും ചേട്ടൻ ഒന്നാമതാണ്. അതുകൊണ്ട് എൻറെ ഹീറോ ആണ്.
അന്ന് ഓണംകുളം പ്രൈമറി സ്‌കൂളിൽ രണ്ടു ഷിഫ്റ്റ് ആണ്. ഒന്നാം ക്‌ളാസ്സിലുള്ളവർക്ക് രാവിലെയാണ് ക്ലാസ്. രണ്ടും മൂന്നും ക്ലാസിലുള്ളവർക്ക് ഉച്ചക്കും. നാലും അഞ്ചും ക്ലാസുകാർക്ക് രാവിലെ തൊട്ട് വൈകുന്നേരം വരെ.

1971ൽ എൻറെ ഇളയ ചേച്ചി അഞ്ചാം ക്‌ളാസിലാണ്, ഞാൻ രണ്ടിലും. ഒരു ദിവസം വൈകിട്ട് ചേച്ചി വീട്ടിൽ വന്ന് വലിയ ഗമയിൽ പറഞ്ഞു, “ഞങ്ങൾ ഇന്ന് യഹ്യാ ഖാന്റെ കോലം കത്തിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധമാണ്. അതുകൊണ്ട് ഞങ്ങൾ ‘ഭാരത് മാതാ കീ ജയ്’ എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു”
കുരുക്ഷേത്രത്തിലെ യുദ്ധവും ലങ്കയിലെ യുദ്ധവും ഒക്കെ അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട്. അതുകൊണ്ട് യുദ്ധം എന്താണെന്ന് എനിക്ക് മനസ്സിലായെങ്കിലും മറ്റൊരു വാക്കും പിടി കിട്ടിയില്ല.
ആരാണ് യഹ്യാ ഖാൻ? എവിടെയാണ് പാകിസ്ഥാൻ? എന്താണ് കോലം?

പിറ്റേന്ന് ശനിയാഴ്ചയാണ്. കേരളൻ ചേട്ടന്റെ വീട്ടിൽ രാവിലെ പാല് കൊണ്ട് കൊടുക്കേണ്ട ജോലി എന്റെയാണ് (അതേറെ സന്തോഷമുള്ള ജോലിയാണ്. ചേട്ടന്റെ അമ്മ, സരോജനി ചിറ്റമ്മ എനിക്ക് ഒരു ദോശ തരും. അന്നെന്റെ വീട്ടിൽ ദോശ ഉണ്ടാക്കാറില്ല. ദീപാവലിക്ക് മാത്രം കിട്ടുന്ന ഒന്നാണ് ഇഡലി. മറ്റ് 364 ദിവസവും രാവിലെ കഞ്ഞിയാണ്. അതുകൊണ്ടു തന്നെ ഒരു ദോശ കിട്ടുക എന്നത് മഹാഭാഗ്യം ആണ്).

വത്സല ചേച്ചിയുടെ ക്ലസ്സിലാണ് കേരളൻ ചേട്ടൻ പഠിക്കുന്നത്. കേരളൻ ചേട്ടന്റെ മൂത്ത സഹോദരൻ, മണി ചേട്ടൻ ആഗ്രയിലാണ് ഉന്നത വിദ്യാഭ്യാസം ചെയ്തത്. അതുകൊണ്ടു തന്നെ അക്കാലത്ത് ഞങ്ങളുടെ കുടുംബത്തിലെ ആരെക്കാളും ലോക പരിചയവും ജ്ഞാനവും ഉണ്ട്. അതിൻറെ ഗുണം കുറച്ചൊക്കെ കേരളൻ ചേട്ടനും കിട്ടിയിട്ടുണ്ട്. അതിനാൽ യുദ്ധത്തിലെ സംശയങ്ങൾ അവിടെ ചോദിക്കാമെന്ന് കരുതി.
“ചേട്ടാ, ആരാണീ യഹ്യാ ഖാൻ?”
അടുത്ത ഒരു മണിക്കൂറിൽ ഇന്ത്യയും പാകിസ്ഥാനും രണ്ടായ കഥ, കിഴക്കൻ പാകിസ്ഥാനിലെ ബംഗാളികളോട് പടിഞ്ഞാറേ പാകിസ്താനിലെ സൈനികർ ചെയ്ത അക്രമങ്ങൾ, ബംഗ്ലാദേശ് അഭയാർത്ഥികൾ, മുജീബുർ റഹ്മാൻ, മുക്തി ബാഹിനി, ഇന്ത്യൻ സൈന്യം, മനേക് ഷാ, ഇന്ദിരാ ഗാന്ധി, റഷ്യ ഇതൊക്കെ എനിക്ക് ഒരു ക്രാഷ് കോഴ്സ് എടുത്തു.
“ചേട്ടൻ ഇതൊക്കെ എങ്ങനെ മനസ്സിലാക്കി?” ഞാൻ ചോദിച്ചു.
“പത്രം വായിച്ചിട്ടാണ്”, എസ് കെ പറഞ്ഞു.

അന്നാണ് ഞാൻ പത്രം വായിച്ചു തുടങ്ങിയത്. പത്രം ആയാൽ മനോരമ തന്നെ. ഇന്നത്തെ പോലെ തന്നെ ത്രസിപ്പിക്കുന്ന ഭാഷയിലാണ് യുദ്ധ വർണ്ണന. എൻറെ ചോരക്ക് തീ പിടിച്ചു.
പിറ്റേന്ന് രാവിലെ ഞാൻ കുറച്ചു നേരത്തേ ചേട്ടന്റെ അടുത്തെത്തി. അന്നത്തെ പത്രം എടുത്തു വായിച്ചു. ആവേശം കൂടി.
അന്നത്തെ ദോശയും കഴിച്ചു ഞാനും എസ് കെ യും കൂടി പുറത്തിറങ്ങി. രണ്ടു പേരുടെയും കയ്യിൽ ഓരോ മരത്തിന്റെ വാളുണ്ട്. പണ്ട് അവിടെ മരപ്പണിക്കാർ വന്നപ്പോൾ പറഞ്ഞുണ്ടാക്കിച്ചതാണ്. “പാടാം പാടാം ആരോമൽ ചേകവർ പണ്ട് അങ്കം വെട്ടിയ കഥകൾ” എന്ന പാട്ട് അഭിനയിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ്. ഇന്നതിന് ഒരു പ്രത്യേക ലക്ഷ്യമുണ്ട്.
വീടിനടുത്താണ് ചുണ്ടമല. അന്നതിന് വേലിയും മതിലും ഒന്നുമില്ല. നിറയെ കുറ്റിച്ചെടികളും കമ്മൂണിസ്റ്റ് പച്ചയും.
പാകിസ്താന്റെ കൊടിയുടെ നിറം പച്ചയാണ്. അതുകൊണ്ട് ആ പച്ചകളെ മുഴുവൻ വെട്ടിക്കൊലപ്പെടുത്തുകയാണ് ലക്ഷ്യം.
രാവിലെ ഒൻപത് മുതൽ ഉച്ചക്ക് പന്ത്രണ്ട് മണി വരെ യുദ്ധം നടന്നു. ഒന്നൊഴിയാതെ എല്ലാ പച്ചകളുടെയും തലയറ്റു !!.
വിജയശ്രീലാളിതിരായി ഞങ്ങൾ തിരിച്ചു വീട്ടിലെത്തി.
ഇൻഡോ പാക്ക് യുദ്ധം പിന്നെ അധിക നാൾ നീണ്ടില്ല. യുദ്ധം തുടങ്ങി പതിനഞ്ചാം ദിവസം പാകിസ്ഥാൻ ആർമി ധാക്കയിൽ ആയുധം വെച്ച് കീഴടങ്ങി.

ഇന്ത്യ ജയിച്ചു. ബംഗ്ലാദേശ് ഉണ്ടായി. രാജ്യസ്നേഹം എവിടെയും അണപൊട്ടി ഒഴുകി. ഇന്ദിരാ ഗാന്ധി ഭാരത രത്നം ആയി.
പട്ടാളത്തോടുള്ള ഈ സ്നേഹവും, യുദ്ധത്തോടുള്ള ആവേശവും ഏറെ നാൾ എൻറെ മനസ്സിൽ ഉണ്ടായിരുന്നു. ചരിത്രത്തിൽ താല്പര്യം വരുന്നതും പത്തു കഴിഞ്ഞപ്പോൾ നാഷണൽ ഡിഫൻസ് അക്കാദമിയിൽ അഡ്മിഷന് ശ്രമിക്കുന്നതും അങ്ങനെയാണ്. വേണ്ടത്ര മാർഗ്ഗ നിർദ്ദേശം തരാൻ ആരുമില്ലാത്തതിനാൽ അതൊന്നും നടന്നില്ല.

പിന്നീട് വായിച്ചു തുടങ്ങിയ കാലം മുതൽ യുദ്ധ ചരിത്രങ്ങൾ വായിക്കുന്നത് പതിവായി. യുദ്ധത്തെക്കുറിച്ചുള്ള സിനിമകൾ അനവധി കണ്ടു. ഒന്നാം ഗൾഫ് യുദ്ധം (കുവൈറ്റ് വിമോചനം) ലൈവ് ആയി ഫോളോ ചെയ്തു. പാനിപ്പത്ത് തൊട്ട് വാട്ടർലൂ വരെയുള്ള യുദ്ധക്കളങ്ങൾ സന്ദർശിച്ചു.

2003-ൽ ഇറാഖിനെ സഖ്യ സേന ആക്രമിക്കാൻ തുടങ്ങിയ അന്നാണ് ഞാൻ ഐക്യ രാഷ്ട്ര സഭയിൽ ജോലിക്ക് ചേരാനായി ഒമാനിൽ നിന്നും ജനീവയിലേക്ക് പോകുന്നത്. സാധാരണ ഇറാക്കിന്റെ മുകളിലൂടെ ആണ് വിമാനം പറക്കേണ്ടത്, പക്ഷെ അന്ന് താഴെ വൻ വ്യോമാക്രമണം നടക്കുന്നതിനാൽ വിമാനം സൗദിക്ക് മുകളിലൂടെ പറന്നു.

അതിന് ശേഷം ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ നടന്ന എല്ലാ യുദ്ധങ്ങളുടെയും അനന്തര ഫലങ്ങൾ പഠിക്കുന്നത് എൻറെ ജോലിയായി. കൊസോവോ മുതൽ കാബൂൾ വരെ, ഇറാക്ക് മുതൽ കോംഗോ വരെ, ലൈബീരിയ മുതൽ പലസ്‌തീൻ വരെ എവിടെയൊക്കെ സംഘർഷങ്ങളും യുദ്ധങ്ങളും ഉണ്ടായോ, അവിടെ ഒക്കെ പോയി യുദ്ധക്കെടുതികൾ കണ്ടു. സിറിയ പോലെ യുദ്ധം നടക്കുന്ന രാജ്യങ്ങളിൽ യുദ്ധത്തിന്റെ നടുക്ക് പോകേണ്ട ദൗത്യങ്ങൾ ഉണ്ടായി. യുദ്ധത്തിന്റെ ചരിത്രം മാത്രമല്ല സാമൂഹ്യ പാഠങ്ങളും പഠിച്ചു. ഇന്നും പഠിച്ചുകൊണ്ടിരിക്കുന്നു.
മേൽപ്പറഞ്ഞ കാരണങ്ങളാൽ യുദ്ധത്തെപ്പറ്റിയുള്ള എൻറെ ചിന്തകൾ ഏറെ മാറിയിട്ടുണ്ട്.

ഒന്നാമതായി ലോകം കൂടുതൽ കൂടുതൽ സമാധാനത്തിലേക്ക് വരികയാണ്. ഓരോ നൂറ്റാണ്ടിലും അതിന് മുന്നിലെക്കാളും യുദ്ധങ്ങളുടെ എണ്ണവും നാശവും കുറഞ്ഞു വരികയാണ്. ആദിമ മനുഷ്യ കുലങ്ങളിൽ നടത്തിയ പഠനം കാണിക്കുന്നത് അഞ്ചിലൊരാൾ കൊല്ലപ്പെടുകയായിരുന്നു എന്നാണ്. ഇന്നത് ലക്ഷത്തിൽ ഒരാൾ പോലും ഇല്ല. രണ്ടാം മഹായുദ്ധ കാലത്ത് ഒരു പാലം പിടിച്ചെടുക്കാൻ വേണ്ടി മരിച്ച അത്രയും ആളുകൾ ഇക്കാലത്ത് വർഷങ്ങൾ നീളുന്ന യുദ്ധത്തിൽ മരിക്കുന്നില്ല. ഇതൊരു നല്ല കാര്യമാണ്.

പാരന്പര്യ ശത്രുക്കൾ എന്ന സങ്കല്പം മാറി മറിയുകയാണ്. നൂറ്റാണ്ടുകളോളം ശത്രുക്കളായിരിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവരാണ് ഇംഗ്ളീഷുകാരും ഫ്രഞ്ചുകാരും. അവർ തമ്മിലുള്ള ശത്രുത ഇപ്പോൾ ഫുട്ബോളിലും റഗ്ബിയിലും ഒക്കെയാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്ത് ബ്രിട്ടനിൽ മുപ്പത് ലക്ഷം ആളുകളാണ് പട്ടാളത്തിൽ ജോലി ചെയ്തത്. അന്ന് അവരുടെ ജനസംഖ്യ അഞ്ചു കോടിയിൽ താഴെയാണ്. ഇന്നവരുടെ ജനസംഖ്യ ഏഴുകോടിയോട് അടുത്താണ്, പട്ടാളത്തിന്റെ വലുപ്പം ഒരു ലക്ഷത്തിൽ താഴെയും.

ഫ്രാൻസിനെ കീഴടക്കി ഭരിച്ചവരാണ് ജർമ്മനി. ഇന്ന് ജർമ്മനിയിൽ നിന്നും ഫ്രാൻസിലേക്ക് വണ്ടിയോടിച്ചു പോകാൻ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ പോകുന്നത്രയും ബുദ്ധിമുട്ടില്ല. ഉദാഹരണങ്ങൾ ഏറെ പറയാനുണ്ട്. സാമ്പത്തിക താല്പര്യങ്ങളാണ് രാജ്യങ്ങളുടെ വിദേശ കാര്യം നയിക്കുന്നത്, അല്ലാതെ പഴം പുരാണം അല്ല.

പണ്ടൊക്കെ ഓരോ രാജ്യത്തെയും നിർവ്വചിച്ചിരുന്നത് അവരുടെ പട്ടാളത്തിന്റെ ശക്തിയും വിദേശ ബന്ധങ്ങളും ഒക്കെയാണ്. ഇപ്പോൾ രാജ്യത്തിന്റെ മതിപ്പ് ഉയർത്തുന്നത് അവിടുത്തെ മാനവശേഷിയുടെ മികവും ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോഗവും രാജ്യഭരണത്തിൻറെ മേന്മയും ആണ്. ഇക്കാര്യങ്ങൾ കൂടി വരികയേ ഉള്ളൂ.

ലോകത്തിലെ എല്ലാ സ്ഥലങ്ങളും ഇങ്ങനെ ആയി എന്ന് തെറ്റിദ്ധരിക്കരുത്. അങ്ങനെ ഒരു തെറ്റിദ്ധാരണ എനിക്കില്ല. നൂറ്റാണ്ടുകളായി ഉള്ള ശത്രുതയും പതിറ്റാണ്ടുകളായി നടക്കുന്ന യുദ്ധങ്ങളും ലോകത്ത് ഇപ്പോഴും ഉണ്ട്. അതെല്ലാം നേരിട്ട് കാണുന്ന ഒരാളാണ് ഞാൻ. പക്ഷെ അവരൊക്ക ഒരു അനോമലി ആണ്, ലോകത്തിന്റെ യഥാർത്ഥ പോക്ക് പരസ്പരം സാങ്കേതികമായി ബന്ധപ്പെട്ടിരിക്കുന്ന സമാധാനപരമായ ഒരു ലോകത്തേക്ക് തന്നെയാണ്. അതുകൊണ്ടാണ് തോമസ് ഫ്രീഡ്മാൻ പ്രശസ്തമായ Dell Theory of Conflict കൊണ്ട് വന്നത്.

‘The Dell Theory of Conflict Prevention argues that no two countries that are both part of the same global supply chain will ever fight a war as long as they are each part of that supply chain.’
അതായത് പരസ്പര ബന്ധിതമായ സമ്പദ് വ്യവ്യസ്ഥകളുള്ള രണ്ടു രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്യാൻ സാധ്യതയില്ല. അതുകൊണ്ടാണ് 2012 ൽ യൂറോപ്യൻ യൂണിയന് നോബൽ പ്രൈസ് കൊടുത്തത്. അതുകൊണ്ടാണ് ചൈനയുടെ വൺ ബെൽറ്റ് – വൺ റോഡ് പദ്ധതി ലോകത്തെ ഏറ്റവും വലിയ സമാധാന പദ്ധതി ആയി മാറിയേക്കാവുന്നത്.

നമ്മുടെ ചുറ്റും യുദ്ധത്തിന്റെ കാഹളങ്ങൾ വരുമ്പോൾ ഈ വലിയ ചിത്രത്തിനിടക്കാണ് നമ്മൾ അത് നോക്കിക്കാണേണ്ടത്. യുദ്ധം എന്നത് വിദേശകാര്യത്തിൻറെ ഇന്നലത്തെ രീതിയാണ്, നാളെയുടേതല്ല. യുദ്ധങ്ങൾ ഇല്ലാത്ത ഒരു ലോകം തന്നെയാണ് ഞാൻ സ്വപ്നം കാണുന്നത്. അതിലാണ് നമ്മുടെ കുട്ടികൾക്ക് നല്ലൊരു ഭാവി ഉണ്ടാകുന്നത്. അങ്ങനെ ഒരു ലോകത്താണ് ഇന്ത്യക്ക് നമ്മുടെ മുഴുവൻ അറിവും കഴിവും വിഭവങ്ങളും ഉപയോഗിച്ച് മുന്നേറാൻ പറ്റുന്നത്. അങ്ങനെ ഉള്ള ഒരു ഇന്ത്യയാണ് ലോക ശക്തി ആകാൻ പോകുന്നത്. ആ ശക്തിയെയാണ് ലോകം അംഗീകരിക്കാൻ പോകുന്നത്.

യുദ്ധത്തെ പിന്തുണക്കാത്തവരെയെല്ലാം ദേശദ്രോഹികളായോ, ദേശ സ്നേഹം കുറഞ്ഞവരായോ ചിത്രീകരിക്കുന്ന രീതിയോട് എനിക്ക് ഒരു അനുഭാവവും ഇല്ല. ദേശം എന്നത് മണ്ണിൽ വരച്ചിട്ടിരിക്കുന്ന ഒരു വരയല്ല, മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു സങ്കൽപ്പമാണ്. ജനാധിപത്യം നിലനിൽക്കുന്ന ഇന്ത്യ, എല്ലാ ജാതിമതങ്ങളെയും എല്ലാക്കാലത്തും അംഗീകരിച്ച ഇന്ത്യ, ലോകത്ത് സമാധാനം കാംക്ഷിക്കുന്ന ഇന്ത്യ ലോകശക്തിയാകാൻ കഴിവുള്ള ഇന്ത്യ, ഇതൊക്കെയാണ് ഇന്ത്യയെപ്പറ്റി ഒരു ശരാശരി ഇന്ത്യക്കാരന്റെ സങ്കല്പം. ആ സങ്കല്പം മനസ്സിൽ ഏറെ പതിഞ്ഞതു കൊണ്ടാണ് വിദേശത്ത് പോയാലും അവിടുത്തെ പൗരത്വവും പാസ്സ്പോർട്ടും എടുത്താലും ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തിൽ ഇപ്പോളും ഇന്ത്യ സ്വന്തം രാജ്യമായി നിലകൊള്ളുന്നത്. ആ സങ്കൽപ്പത്തോടാണ് നമുക്ക് ഭക്തിയും സ്നേഹവും ഉണ്ടാകേണ്ടത്. ആ ഭക്തിയും സ്നേഹവും പ്രകടിപ്പിക്കേണ്ടത് നമ്മൾ ചെയ്യുന്ന ഏത് ജോലിയും നന്നായി ചെയ്യുക വഴിയാണ്. നമ്മൾ ഏത് രാജ്യത്ത് പോയാലും മാതൃകാപരമായി പെരുമാറുക വഴിയാണ്. നാസയുടെ കെട്ടിടത്തിൽ തൂപ്പുജോലി ചെയ്ത ആളോട് “നിങ്ങൾ ഇവിടെ എന്ത് ജോലിയാണ് ചെയ്യുന്നത്?” എന്ന് ചോദിച്ച അമേരിക്കൻ പ്രസിഡന്റിനോട് “ഞാൻ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാൻ സഹായിക്കുകയാണ്” എന്ന് പറഞ്ഞ തൂപ്പുകാരൻറെ കഥ കേട്ടിട്ടുണ്ട്. അല്ലാതെ ചെയ്യുന്ന ജോലിയിൽ അതിൽ ഉപേക്ഷയും അവസരം കിട്ടിയാൽ അഴിമതിയും കാണിച്ചിട്ട് ഫേസ്ബുക്കിൽ ദേശഭക്തി കാണിക്കുന്നവരെ കാണുന്പോൾ എനിക്ക് ലാൽ സലാമിലെ മോഹൻ ലാൽ ഡയലോഗ് ആണ് ഓർമ്മ വരുന്നത്.
“ഈ നെട്ടൂരാൻ വിളിച്ച അത്രയും മുദ്രാവാക്യം ഒന്നും സഖാവ് സേതുലക്ഷ്മി വിളിച്ചിട്ടില്ല.”

മുരളി തുമ്മാരുകുടി

  • 5
    Shares