Share The Article

ഒരു തോല്‍വിയുടെ കഥ

വിദ്യാലയ തിരുമുറ്റങ്ങള്‍ക്കും കലാലയ കാമ്പസുകള്‍ക്കും ഇത് വിരഹത്തിന്റെ കാലം. കാമ്പസ് നൊസ്റ്റാള്‍ജിയ മനസില്‍ മൂകമായൊരു സ്വരം മൂളുന്നു. കൌമാര കാല്‍പനികതയുടെ മണിവീണയില്‍ തന്ത്രികള്‍ വലിഞ്ഞുമുറുകും മുമ്പ് വായില്‍ വിരലുകള്‍ തിരുകി പീപ്പിയൂതി നടന്ന നിക്കറിട്ട ബാല്യം ഓര്‍മ്മകളുടെ തുണി സഞ്ചിയില്‍നിന്നൊരു സ്ളേറ്റ് എടുക്കുന്നു. അതില്‍ വിയര്‍പ്പ് നനവില്‍ മാഞ്ഞുതുടങ്ങിയ കല്ലുപെന്‍സിലിന്റെ കോറലുകള്‍.. ആദ്യാക്ഷരം കുറിച്ച ആ വിദ്യാലയ തിരുമുറ്റത്തേക്ക് ഓര്‍മ്മയുടെ പിതൃവാല്‍സല്യം തുളുമ്പുന്ന ഒരു വിരലില്‍ തൂങ്ങി നടന്നുകയറുമ്പോള്‍ പിന്നില്‍നിന്ന് കൂക്കിവളിച്ചതാരാണ്? ഇപ്പോഴും ഓര്‍ത്തെടുക്കാന്‍ പറ്റുന്ന അസംഖ്യം പേരുകാരിലൊരുവന്‍, ആരായിരിക്കുമത്, ആവോ?

രണ്ടാം ക്ലാസിലെ കൊല്ല പരീക്ഷക്ക്
കിട്ടിയത് അഞ്ചുമാര്‍ക്ക്.
കറുത്ത സ്ളേറ്റില്‍ വെളുത്തുകിടന്ന
അഞ്ചിനുമുകളിലൂടെ വിരലോടിച്ച്
വിരല്‍തുമ്പത്ത് തടഞ്ഞ ചോക്കുപൊടികൊണ്ട്
അടുത്തൊരു പൂജ്യമിട്ട് അമ്പതാക്കി
പരീക്ഷക്ക് അമ്പതില്‍ അമ്പതും വാങ്ങി
വീട്ടില്‍ വീരനായി.
അഞ്ചിനെ വഞ്ചിച്ചതുകൊണ്ടാകാം
അഞ്ചിലെന്നെ തോല്‍പിച്ച് അവന്‍
പകരം വീട്ടി.
സ്ളേറ്റുള്ളപ്പോള്‍ മോഹം ഒരു ചോക്ക് സ്വന്തമാക്കാനായിരുന്നു
ഇഷ്ടംപോലെ മാര്‍ക്കിട്ട് ടീച്ചറെ തോല്‍പിക്കാമല്ലൊ

മാര്‍ക്ക് വാങ്ങാന്‍ പണ്ടേ മണ്ടനായിരുന്നു. അതുകൊണ്ടാണ് മടത്തറ കാണി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ അഞ്ചില്‍ തോറ്റുപോയത്. അന്നേ മനസില്‍ അള്ളിപ്പിടിച്ചുകിടന്ന വ്യവസ്ഥിതിയോടുള്ള വിയോജിപ്പ് പക്ഷെ, തോല്‍വി സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. ഹേയ് ഞാന്‍ തോക്കുകയോ, ഒരിക്കലുമില്ല. മനസില്‍ സമരവീര്യം തിളച്ചു.

തോറ്റിട്ടും ജയിച്ചതായി ഭാവിച്ച് ആറാം ക്ലാസില്‍ പോയി ഇരുന്നു. അഞ്ചാം ക്ലാസില്‍ പേരില്‍ തുല്യം ചാര്‍ത്താനായി അപരനൊരാളുണ്ടായിരുന്നത് തുണയായെന്ന് പറഞ്ഞാല്‍ മതിയല്ലൊ. ഒരേ പേരുകാരായ രണ്ടുപേരില്‍ ഒരാള്‍ ജയിക്കുകയും അപരന്‍ തോറ്റ് തോപ്പിയിടുകയും ചെയ്തതായി സ്കൂള്‍ തുറക്കും മുമ്പ് തന്നെ ഹെഡ്മാഷിന്റെ അപ്പീസ് ഭിത്തിയില്‍ ‘വാള്‍സ്ട്രീറ്റ് ജേര്‍ണലാ’യി വിളംബരം ചെയ്തിടത്തുനിന്നാണ് തര്‍ക്കം തുടങ്ങിയത്…പോ മോനെ ദിനേശാ, തോറ്റത് നീയാണെന്ന് അവന്‍. സവാരി ഗിരിഗിരി, അതങ്ങ് മാമ്പള്ളിയില്‍ പറഞ്ഞാല്‍ മതിയെന്ന് ഞാനും.പേരിനൊപ്പം ചേര്‍ത്ത ഇനിഷ്യല്‍ വലിച്ചുനീട്ടിയാല്‍ കിട്ടുന്ന പിതാക്കളുടെ പേരും ഒന്നായപ്പോള്‍ അവകാശവാദങ്ങളെ ഹൈക്കോടതി ലെവലില്‍ പോലും തള്ളിക്കളയാനാവാത്ത വിധം സംഗതി വഷളായി. ക്ലാസ് ടീച്ചര്‍ ഹെഡ് മാഷിന് മുമ്പില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു, രണ്ടിലൊരുവന്‍ തോറ്റവനാണ്, അവനാരെന്ന് കണ്ടെത്തി ആറില്‍നിന്നൊന്നിറക്കിക്കിട്ടിയാല്‍ മംഗളം ശുഭമെന്ന്.അഞ്ചാം ക്ലാസില്‍ ക്ലാസ് ടീച്ചര്‍ അറ്റന്‍ഡസ് പുസ്തകം നിവര്‍ത്തി ഹാജര്‍ വിളിക്കുമ്പോള്‍ രണ്ട് വിളിക്ക് രണ്ടുത്തരം എന്നതായിരുന്നു പതിവ്. ആറിലെത്തിയപ്പോള്‍, ഒരു വിളിക്ക് രണ്ട് ഹാജര്‍ എന്നായി. തര്‍ക്കം മറ്റൊരു അയോധ്യയായി മാസം രണ്ട് പിന്നിട്ടു. ഇതിനിടയില്‍ പുറത്താക്കല്‍ കര്‍സേവയിലൂടെ തന്റെ തലവേദനയുടെ മകുടം ടീച്ചര്‍ തച്ചുടച്ചു.

തോറ്റവനും ജയിച്ചവനും പുറത്തായപ്പോള്‍ മരുമോളുടെ കണ്ണീര് കണ്ട് ആനന്ദാശ്രു പൊഴിച്ച അമ്മായിയമ്മയെ പോലെ സന്തോഷത്തോടെ ഞാന്‍ വീട്ടിലേക്ക് പോയി. വ്യവസ്ഥിതിയുടെ കൊള്ളരുതായ്മക്കെതിരെ പടപൊരുതിയവന്‍ ഒടുവില്‍ നാടുകടത്തപ്പെട്ടു എന്ന ഖ്യാതിയാവും നാട്ടിലെന്ന അഹംബോധത്തോടെ ഒരു പത്തുവയസുകാരന്റെ എല്ലാ അഹങ്കാരത്തോടെയും ഞാന്‍ വീട്ടില്‍ ഉല്ലാസപൂര്‍വം നാളുകള്‍ അടിച്ചുതിമിര്‍ത്തു.

സ്കൂളെന്ന പൊല്ലാപ്പ് പ്രഭാതങ്ങളില്‍ ചിലപ്പോഴെങ്കിലും എനിക്കുണ്ടാക്കിയിരുന്ന ഇല്ലാ (വയര്‍, കാല്‍, തല) വേദനകളില്‍നിന്നും വിടുതല്‍ കിട്ടി. മോനെ ഇതല്ലെ യഥാര്‍ഥ സ്വാതന്ത്യ്രമെന്ന് ഞാന്‍ കണ്ണാടിയില്‍ എന്റെ അപരനോട് കൊഞ്ഞനംകുത്തി.

എന്നാല്‍ ഈ സമയമെല്ലാം എന്റെ പോളിറ്റു ബ്യൂറോയും അപരന്റെ ഹൈക്കമാന്റും ഹെഡ്മാഷിന്റെ കോടതിയില്‍ നിയമയുദ്ധം തുടരുകയായിരുന്നു. ഒടുവില്‍ അയോധ്യ വിധിപോലെ അതുണ്ടായി, ഒന്നാം ക്ലാസ് മുതലുള്ള സ്കൂള്‍ രജിസ്റ്റര്‍ പരിശോധിച്ചുണ്ടാക്കിയ പുരാവസ്തു വസ്തുതാന്വേഷണ റിപ്പോര്‍ട്ടും എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെന്ന് തോന്നുമോ എന്ന പ്രതികളില്‍ ഒരാളില്‍ പ്രകടമായ പരുങ്ങല്‍ ഭാവവും തോറ്റവനെ കുറിച്ചുള്ള കൃത്യമായ സൂചനകള്‍ നല്‍കുന്നുണ്ടെന്ന് ഹെഡ്മാഷ് മേശപ്പുറത്ത് റൂള്‍ തടി ഉരുട്ടി വിധി പ്രഖ്യാപിച്ചു. ചുരുക്കത്തില്‍ വിധി എനിക്കെതിരായെന്ന് പറഞ്ഞാല്‍ മതിയല്ലൊ.

‘പണ്ടേ അമ്പതില്‍ അമ്പതും വാങ്ങിയിരുന്ന യെന്റെ കുട്ടിയെ ആ ഹെഡ്മാഷ് മനഃപ്പൂര്‍വം തോല്‍പിച്ചതാണെന്ന’ മാതൃപക്ഷത്തിന്റെ പ്രതിഷേധസ്വരത്തെ ‘അങ്ങോരുടെ കുഴപ്പമല്ല, ഇവന്റെ തലയിലൊന്നുമില്ലാത്തതാണെന്ന’ ലാത്തി വീശല്‍ കൊണ്ട് പിതാജി നേരിട്ടു. അപമാനത്തിന്റെ ദണ്ഡനം വീട്ടിനുള്ളില്‍നിന്ന് കൂടി തലക്ക് വീണപ്പോള്‍ ആത്മാഭിമാനത്തിന് മുറിവേറ്റ എന്നിലെ പുരുഷന്‍ ‘എങ്കിലിനി ഞാന്‍ പഠിക്കുന്നില്ലെന്ന്’ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട വി.എസിനെ പോലെ കെറുവിച്ചു.

പഠനദോഷം തീര്‍ക്കാന്‍ സ്ഥാനം മാറ്റിയിരുത്തിനോക്കൂ എന്ന് ഏത് നാടന്‍ കണിയാരാണോ പറഞ്ഞതെന്ന് അറിയില്ല, ടി.സിയുടെ ചുരുളന്‍ കടലാസിനൊപ്പം എന്നെ പിതാജി തൊട്ടടുത്ത അരിപ്പല്‍ യു.പി. സ്കൂളിലേക്ക് വലിച്ചുകൊണ്ടുപോയി. ആദ്യ ടേം കഴിയാറായല്ലൊ എന്ന് മുഖം ചുളിച്ച ഹെഡ്ഡന്‍ ജോണി സാറിനോട് പിതാജി കെഞ്ചി, ആകെയുള്ളൊരു ആണ്‍തരിയാണ്, രക്ഷിക്കണം.അഞ്ചില്‍ തോറ്റൊരുത്തന്‍ കാലംതെറ്റി ടി.സിയും വാങ്ങി വന്നിട്ടുണ്ടെന്ന് നാരദനും മുമ്പുണ്ടായ ആരോ വാര്‍ത്തയടിച്ച് വിറ്റിട്ടുണ്ടാകണം. അത്രക്ക് ഗംഭീരമായിരുന്നു അഞ്ചാം ക്ലാസില്‍ എനിക്ക് കിട്ടിയ വരവേല്‍പ്. അഞ്ച് ഒരു നയവഞ്ചകനാണെന്ന് തോന്നിത്തുടങ്ങിയത് അന്നുമുതലാണ്.