Share The Article

1

ചികിത്സ അസാദ്ധ്യമായ അണുബാധകളുടെ പേടിപ്പെടുത്തുന്ന ഒരവസ്ഥയിലേയ്ക്ക് ലോകം അതിവേഗം നീങ്ങിക്കൊണ്ടിരിയ്ക്കുകയാണെന്ന് വിദഗ്ദ്ധര്‍ താക്കീതു നല്‍കുന്നു. കാരണങ്ങള്‍ രണ്ടാണ്: ആന്‍റിബയോട്ടിക്കുകളെ ചെറുക്കുന്ന അണുക്കളുടെ വളര്‍ച്ചയും ആ അണുക്കളെ കീഴ്പ്പെടുത്താന്‍ പറ്റിയ പുതിയ ഔഷധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ കാണുന്ന താത്പര്യക്കുറവും.

ചികിത്സിച്ചു ഭേദമാക്കാന്‍ മിയ്ക്കവാറും അസാദ്ധ്യമായ അണുബാധയുള്ള രോഗികളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ യൂറോപ്പിലാകമാനം വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുന്നു. ചില രാജ്യങ്ങളില്‍ ‘കെ.ന്യൂമോണിയെ’ എന്ന (മൂത്രസംബന്ധവും ശ്വാസോച്ഛ്വാസസംബന്ധവുമായ അസുഖങ്ങള്‍ കാരണമാക്കുന്ന) അണു മൂലമുണ്ടായ രക്തവിഷബാധാക്കേസുകളില്‍ പകുതിയിലേറെയും ഏറ്റവും ശക്തമായ ആന്‍റിബയോട്ടിക്കിനങ്ങളായ കാര്‍ബാപെനെമുകളെപ്പോലും ചെറുത്തവയായിരുന്നെന്ന് യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ്‌ കണ്ട്രോള്‍ & പ്രിവന്‍ഷന്‍ (ഇസിഡിസി) പറഞ്ഞു.

യൂറോപ്പിലെമ്പാടും കാര്‍ബാപെനെമുകളെ ചെറുത്ത കെ.ന്യൂമോണിയെയുടെ ശതമാനം ഇരട്ടിയായി, അതായത്‌ 7-ല്‍ നിന്ന് 15 ആയി, വര്‍ദ്ധിച്ചു കഴിഞ്ഞിട്ടുണ്ട്. ഒന്നിലേറെ ഔഷധങ്ങളെ പ്രതിരോധിയ്ക്കുന്ന അണുബാധകളെ ചികിത്സിയ്ക്കാന്‍ അവസാനക്കൈ ആയി ഉപയോഗിയ്ക്കാറുള്ളതാണ് കാര്‍ബാപെനെമുകള്‍ എന്നത് പ്രത്യകിച്ചും ആശങ്കയുളവാക്കുന്നുവെന്ന് ഇസിഡിസി പറഞ്ഞു. “അവസ്ഥ ഗുരുതരമാണ്. ഈ ബാക്ടീരിയയ്ക്കെതിരേ നാം യുദ്ധം പ്രഖ്യാപിയ്ക്കേണ്ടിയിരിയ്ക്കുന്നു,” മാര്‍ക്ക്‌ സ്പ്റെംഗര്‍‍ , ഡയറക്ടര്‍ , പറഞ്ഞു.

2009-ല്‍ കാര്‍ബാപെനെമുകളെ ചെറുക്കുന്ന കെ.ന്യൂമോണിയെ ഗ്രീസില്‍ മാത്രമേ കണ്ടിരുന്നുള്ളു. 2010-ഓടെ അത് ഇറ്റലി, ഓസ്ട്രിയ, സൈപ്രസ്, ഹംഗറി, എന്നിവിടങ്ങളിലേയ്ക്കും പരന്നു കഴിഞ്ഞിരുന്നു. കുടലുകളിലാണ് ആ ബാക്റ്റീരിയയുണ്ടാകുന്നത്. സ്പര്‍ശനത്തിലൂടെ അതു പകരുന്നു.

മരുന്നുകളെ ചെറുക്കുന്ന ഇ.കോളിയുടെ ഇനങ്ങളും 2010-ല്‍ വര്‍ദ്ധിച്ചു. ഇറ്റലിയിലും സ്പെയിനിലിലുമുണ്ടായ ഇ.കോളി-അണുബാധകളില്‍ 25 മുതല്‍ 50 ശതമാനം വരെയും ബാക്ടീരിയയുടെ ചികിത്സയില്‍ ഏറ്റവും പ്രധാനപ്പെട്ട ആന്‍റിബയോട്ടിക്കുകളില്‍ ഒന്നായ ഫ്ലൂറോക്വിനോലോണുകളെ ചെറുക്കുന്നവയായിരുന്നു.

കാര്‍ബാപെനെമുകളെ നശിപ്പിയ്ക്കുന്ന എന്‍സൈമായ എന്‍ഡിഎം-1 അടങ്ങുന്ന ബാക്ടീരിയയെ ബ്രിട്ടനിലെ 70 രോഗികളില്‍ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ നിന്നു യൂറോപ്പിലേയ്ക്കു മടങ്ങിവന്ന 80 ശതമാനം യാത്രക്കാരും കുടലില്‍ എന്‍ഡിഎം ജീന്‍ വഹിച്ചിരുന്നതായി വെവ്വേറെ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്‍ഡിഎം-1 ജീനിന്‍റെ ഉത്പാദനം കൂടുതല്‍ വ്യാപകമായി പടരുന്നെങ്കിലുണ്ടായേക്കാവുന്നത് ഒരു പേടിസ്വപ്നത്തിനു തുല്യമായ അവസ്ഥയായിരിയ്ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ലൈംഗികബന്ധത്തിലൂടെ പകരുന്നൊരു രോഗചികിത്സയ്ക്കുപയോഗിച്ചു പോരുന്ന ഒരു മരുന്നിന്‍റെ ഉപയോഗമുപേക്ഷിയ്ക്കാന്‍ യു കെ ഹെല്‍ത്ത്‌ പ്രൊട്ടക്ഷന്‍ ഏജന്‍സി കഴിഞ്ഞ മാസം ഡോക്ടര്‍മാര്‍ക്ക് താക്കീതു നല്‍കി. 2009-ല്‍ 17000 പേരെ ബാധിച്ച ഗൊണോറിയ എന്ന രോഗത്തിന്‍റെ ചികിത്സയ്ക്ക് ഒന്നിനു പകരം രണ്ടു മരുന്നുകള്‍ ഉപയോഗിയ്ക്കണമെന്ന്‍ ഏജന്‍സി പറഞ്ഞു. മാത്രമല്ല, ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്ത പുതിയൊരു ഗൊണോറിയയുടെ വളരെ യഥാര്‍ത്ഥമായൊരു ഭീഷണിയെപ്പറ്റിയുള്ള താക്കീതും നല്‍കിയിട്ടുണ്ട് ആ ഏജന്‍സി.

മരുന്നുകളെ ചെറുക്കുന്ന അതിശക്തമായ അണുക്കളുടെ ചികിത്സയ്ക്കുള്ള പുതിയ ഔഷധങ്ങള്‍ കണ്ടുപിടിയ്ക്കുന്നത് കൂടുതല്‍ ആയാസകരവും ചിലവേറിയതുമാണെന്നു തെളിഞ്ഞിട്ടുണ്ട്. അവ വളരെച്ചുരുങ്ങിയ കാലയളവിലേയ്ക്കു മാത്രമേ കഴിയ്ക്കേണ്ടിവരുന്നുള്ളു, വ്യാവസായികമായി അവയില്‍ നിന്നുള്ള ലാഭം കുറവുമാണ്. പുതിയ ഔഷധങ്ങള്‍ക്കുള്ള അതിവേഗഅംഗീകാരവും,
ഔഷധനിര്‍മ്മാണവ്യവസായവുമായുള്ളൊരു പൊതു-സ്വകാര്യ സംരംഭമായ ഇന്നൊവേറ്റിവ് മെഡിസിന്‍സ് ഇനീഷ്യേറ്റിവിലൂടെ വികസനത്തിനുള്ള ഉയര്‍ന്ന ധനസഹായവും വാഗ്ദാനം ചെയ്തുകൊണ്ട്, പുതിയ ആന്‍റിബയോട്ടിക്കുകള്‍ക്കായുള്ള ഗവേഷണം പ്രോത്സാഹിപ്പിയ്ക്കാന്‍ വേണ്ടിയൊരു പദ്ധതി യൂറോപ്യന്‍ കമ്മീഷന്‍ ഇന്നലെ തുടങ്ങി.

ആന്‍റിബയോട്ടിക്കുകളെ ചെറുക്കുന്ന ബാക്ടീരിയബാധകള്‍ മൂലം 25000-ത്തോളം പേര്‍ യൂറോപ്യന്‍ യൂണിയനില്‍ പ്രതിവര്‍ഷം മരണമടയുന്നുണ്ടെന്നാണ് അനുമാനം. ഇത്തരം അണുബാധ
ഏറ്റവുമധികമുണ്ടായിരിയ്ക്കുന്ന രാജ്യങ്ങളില്‍ (ഉദാഹരണത്തിന്, ഗ്രീസ്, സൈപ്രസ്, ഇറ്റലി, ഹംഗറി, ബള്‍ഗേറിയ) തന്നെയാണ് ആന്‍റിബയോട്ടിക്കുകളുടെ ഏറ്റവുമധികമുപയോഗമുണ്ടായതായി കാണുന്നതും.

ആന്‍റിബയോട്ടിക്കുകളുടെ അമിതോപയോഗം അവയ്ക്കു മുമ്പുണ്ടായിരുന്ന, അണുബാധകള്‍ ഔഷധങ്ങളോടു പ്രതികരിയ്ക്കാഞ്ഞ കാലഘട്ടത്തിലേയ്ക്കു ലോകത്തെ തിരികെക്കൊണ്ടുപോകുമെന്ന് ലോകആരോഗ്യസംഘടനയിലെ ശാസ്ത്രജ്ഞര്‍ രണ്ടു കൊല്ലം മുമ്പ് താക്കീതു നല്‍കിയിരുന്നു. ആ താക്കീത്‌ അവഗണിയ്ക്കപ്പെടുകയാണുണ്ടായത്.

ഈ ഗുരുതരാവസ്ഥ തിരിച്ചറിയാന്‍ രാഷ്ട്രീയനേതാക്കളും പൊതുജനവും അമാന്തം കാണിച്ചതായി ബ്രിട്ടീഷ്‌ സൊസൈറ്റി ഓഫ് ആന്‍റിമൈക്രോബിയല്‍ കീമൊതെറപ്പിയുടെ പ്രസിഡന്‍റ് പ്രൊഫസ്സര്‍ ലോറ പിഡക് പറഞ്ഞു. ദി ലാന്‍സറ്റില്‍ അവരെഴുതി, “ആന്‍റിബയോട്ടിക്കുകള്‍ ജീവന്‍ രക്ഷിയ്ക്കുന്നുണ്ടെങ്കിലും അവ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായി കണക്കാക്കപ്പെടുന്നില്ല.” പുതിയ ആന്‍റിബയോട്ടിക്കുകളുടെ വികസനത്തിന് ആഗോളാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമായിത്തീര്‍ന്നിരിയ്ക്കുന്നു, അവര്‍ പറഞ്ഞു.

ആന്‍റിബയോട്ടിക്കുകളുടെ ദീര്‍ഘമായ പ്രയോഗം ഒഴിവാക്കാനും വിവിധ ആന്‍റിബയോട്ടിക്കുകളുടെ ഒരുമിച്ചുള്ള പ്രയോഗത്തിനു പകരം, അണുബാധ കൃത്യമായി തിരിച്ചറിഞ്ഞ് അതിനു വേണ്ടതു മാത്രം പ്രയോഗിയ്ക്കാനുമുള്ള നിര്‍ദ്ദേശം, ആന്‍റിബയോട്ടിക്കുകളുടെ അമിതോപയോഗം തടയാന്‍ ലക്ഷ്യമാക്കിക്കൊണ്ട് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹെല്‍ത്ത്‌ പ്രസിദ്ധപ്പെടുത്തി. “കുറെ ആന്‍റിബയോട്ടിക്കുകള്‍ പ്രയോഗിയ്ക്കപ്പെടുന്നത്…….അനാവശ്യമായാണ്,” ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ സാലി ഡേവീസ് പറഞ്ഞു.

നിയന്ത്രണാധീനമാക്കാന്‍ രണ്ടു മാസത്തോളമെടുത്ത ഒഴിവുകാലപ്പനിയെപ്പറ്റിയുള്ള ഒരു സംഭവപഠനം:

2010 ആഗസ്റ്റില്‍, പോണ്‍സാ ദ്വീപില്‍ ഒഴിവുകാലമാസ്വദിയ്ക്കുകയായിരുന്ന, റോമിലെ ഒരു യൂണിവേഴ്സിറ്റി പ്രൊഫസ്സര്‍ , പാവ്‌ലോ, 55 വയസ്സ്, പനി പിടിച്ചു വിറച്ചു. അദ്ദേഹത്തിന് മൂത്രസംബന്ധമായ ഒരണുബാധയുണ്ടായിരുന്നു. ഡോക്ടര്‍ കൂടിയായ ഭാര്യാസഹോദരന്‍ സിപ്രോഫ്ളൊക്സാസിന്‍ എന്നൊരു പതിവു ആന്‍റിബയോട്ടിക്ക് നിര്‍ദ്ദേശിച്ചു. മൂന്നു ദിവസം കഴിഞ്ഞിട്ടും പനിയ്ക്കു കുറവുണ്ടായില്ല, മരുന്നുകള്‍ ഒരാഴ്ച്ച തുടര്‍ന്നു.

സിപ്രോഫ്ളൊക്സാസിന്‍ ഉള്‍പ്പെടെയുള്ള ആന്‍റിബയോട്ടിക്കുകളെ ചെറുക്കുന്ന ഒരു തരം ഇ.കോളി അദ്ദേഹത്തെ ബാധിച്ചിട്ടുള്ളതായി, റോമില്‍ മടങ്ങിച്ചെന്നശേഷം നടത്തിയ മൂത്രപരിശോധന തെളിയിച്ചു. തുടര്‍ന്ന്‍ വേറൊരു ആന്‍റിബയോട്ടിക്ക് നിര്‍ദ്ദേശിയ്ക്കപ്പെട്ടു. അതദ്ദേഹം നാലാഴ്ച്ചയോളം കഴിച്ചു. അതോടെ സ്ഥിതി മെച്ചപ്പെട്ടു. പക്ഷെ, ചികിത്സ നിറുത്തി നാലു ദിവസം കഴിഞ്ഞപ്പോള്‍ അതേ ലക്ഷണങ്ങളോടു കൂടി പനി വീണ്ടും വന്നു.

പകര്‍ച്ചവ്യാധികളില്‍ വിദഗ്ദ്ധനായ ഒരു ഡോക്ടര്‍ അദ്ദേഹത്തിന്‍റെ സുഹൃത്തായുണ്ടായിരുന്നു. വിവരമറിഞ്ഞ്, ആ ഡോക്ടര്‍ മൂന്നാമതൊരു ആന്‍റിബയോട്ടിക്ക് നിര്‍ദ്ദേശിച്ചു. പാവ്‌ലോ അത് 21 ദിവസം തുടര്‍ച്ചയായി കഴിച്ചപ്പോള്‍ രോഗം പൂര്‍ണ്ണമായും ഭേദമായി.

വെറുമൊരു ഒഴിവുകാലപ്പനി പൂര്‍ണ്ണമായും ഭേദമാകാന്‍ നീണ്ട രണ്ടു മാസങ്ങളോളം വേണ്ടി വന്നു!

(യുകെയിലെ ദി ഇന്‍ഡിപ്പെന്‍ഡന്‍റ് എന്ന പത്രത്തിന്‍റെ വെബ്സൈറ്റില്‍ കുറച്ചുനാള്‍ മുന്‍പു (നവ.18ന്) കണ്ട ഒരു വാര്‍ത്തയുടെ സ്വതന്ത്ര തര്‍ജ്ജമ)