പതിമൂന്നാമത്തെ പൂവ്

പ്രതീക്ഷിച്ചതു പോലെ പുഷ്പ ഫല പ്രദര്‍ശന നഗരിയില്‍ അവള്‍ ഉണ്ടായിരുന്നു. നീല നിറമുള്ള പൂക്കളോട് കൂടിയ ബൊഗേന്‍ വില്ല ചെടികള്‍ അന്വേഷിച്ച് വന്ന അവള്‍ക്ക് നിരാശപ്പെടേണ്ടീ വന്നു. രാത്രിയില്‍ വിടരുന്ന പൂക്കള്‍ തളിര്‍ത്ത ചെടികള്‍ മാത്രമെ അവിടെ വില്പനക്ക് വച്ചിരുന്നുള്ളൂ.

അവളെ പിന്തുടര്‍ന്ന കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളിലും പൊതുവായ ഒരേ ഒരു കാര്യം മാത്രമേ അയാള്‍ക്ക് കണ്ട് പിടിക്കാനായുള്ളു: ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരിക്കലെങ്കിലും അവള്‍ ഏതെങ്കിലും ഒരു പൂവിനോ പൂച്ചെടിക്കോ വശംവദയാകുന്നുവെന്നത്. പതിമുന്നാമത്തേതും അവസാനത്തേതും ആയ നാളെ അവള്‍ ഇതേ സ്വഭാവം കാട്ടാതിരിക്കില്ല. എങ്കില്‍… നാളെയാണ് നിര്‍ണായകം. ഡോക്ടര്‍ പറഞ്ഞത് സത്യമാണെങ്കില്‍, തുടര്‍ച്ചയായ പതിമൂന്ന് ദിവസങ്ങള്‍ പുഷ്പങ്ങളെ സ്പര്‍ശിക്കുന്ന ഒരു പെണ്ണാണിവളെങ്കില്‍, തന്റെ ജോലി നാളെ അവസാനിക്കുകയാണ്. അയാള്‍ ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ത്തു.

പതിമൂന്നാമത്തെ ദിവസം സ്വാഭാവികമായും അയാള്‍ക്ക് സ്വസ്ഥമായിരുന്നില്ല. രാവിലെ തന്നെ അവളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ മൊബൈലില്‍ വന്നത് പരിശോധിക്കാന്‍ അയാള്‍ക്ക് തോന്നിയില്ല. പ്രഭാതഭക്ഷണം എന്ന പതിവ് ഉണ്ടായിരുന്നില്ലെങ്കിലും അന്ന് അത് വേണമെന്ന് അയാള്‍ക്ക് തോന്നി. പ്രഭാതഭക്ഷണം കഴിക്കുന്ന സ്ഥലത്ത് ധാരാളം പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ഛിരിക്കുന്നത് അയളെ കൂടുതല്‍ അസ്വസ്ഥനാക്കി. പുഷ്പങ്ങളുടെ ഗന്ധം ശ്വാസം മുട്ടിക്കുന്നതായി അയാള്‍ ഭയപ്പെട്ടു. അന്ന് പുഷ്പങ്ങളുടെ ദിനമാണെന്ന് വെയിറ്റര്‍ അയാളോട് പറഞ്ഞു.

ഉച്ചതിരിയുന്നത് വരെയും തെരുവുകളിലൂടെ അലയാം എന്ന് അയാള്‍ വിചാരിച്ചു. പല കടകളിലെയും വില്പനക്കാര്‍ അയാള്‍ക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ പരിശ്രമിച്ചു. പുഷ്പങ്ങളാല്‍ അലംകൃതമാകാത്ത ചുരുക്കം കടകള്‍ മാത്രമെ അയാള്‍ക്ക് കാണാനായുള്ളു. ഒന്ന് ശവപ്പെട്ടിക്കടയും മറ്റൊന്ന് മരുന്ന് വില്‍ക്കുന്ന കടയുമാണ്. അവിടെ വില്പനക്കാര്‍ അയാളെ നോക്കുന്നത് പുഛത്തോടയാണ്. എന്നാല്‍ അയാള്‍ക്ക് ആ കടകളില്‍ നിന്ന് ഇറങ്ങി പോകാന്‍ തോന്നിയില്ല. ശവപ്പെട്ടികളെപ്പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ കടക്കാരന്‍ അയാളോട് സമയം നഷ്ടമാക്കാതെ ഇറങ്ങിപ്പോകാന്‍ പറഞ്ഞു. വേറെ ആരും നിങ്ങളുടെ കടയില്‍ വാങ്ങാന്‍ നില്‍ക്കുന്നില്ല. പിന്നെ എന്തിനാണെന്നെ പുറത്താക്കുന്നത്? ഏതു നിമിഷവും വാങ്ങാനുള്ളവര്‍ വരും, തന്നെപ്പോലെ ഒരു കോമാളിക്ക് അതിനിടയില്‍ കാര്യമില്ല എന്നാണ് ശവപ്പെട്ടിക്കടക്കാരന്‍ അയാളോട് മറുപടി പറഞ്ഞത്. മരുന്നു കടയില്‍ തിരക്കുണ്ടായിരുന്നുവെങ്കിലും വില്പനക്കാര്‍ ആവശ്യത്തിലധികം തിരക്ക് ഭാവിക്കുകയും അയാളെ പൂര്‍ണമായി അവഗണിക്കുകയും ആയിരുന്നു.

മൂന്നു മണിക്ക് അയാള്‍ക്ക് അലെര്‍ട്ട് വന്നു. ആ പെണ്ണ്…

സ്ഥലകാലബോധമില്ലാതെ അയാള്‍ ഓടി. രാവിലെ മുതല്‍ അലഞ്ഞു തിരിഞ്ഞ് സമയം കളഞ്ഞതിനു അയാള്‍ സ്വയം ശപിച്ചു. ജോലി തീര്‍ക്കേണ്ട പ്രധാന ദിനം ഇത്രയും നേരമായിട്ടും ഒന്നും ശ്രദ്ധിക്കാതെ..

ഒരു വിധത്തില്‍ ടാക്സിയില്‍ അവിടെ എത്തുമ്പോഴേക്കും അവള്‍ പോയിരിക്കുമോ എന്ന് അയാള്‍ ഭയപ്പെട്ടു. വേഗം തന്നെ അവളെ കണ്ടെത്താന്‍ അയാള്‍ക്ക് കഴിഞ്ഞു. സൂപ്പര്‍ മാക്കറ്റിലെ കോഫി ഷോപ്പില്‍ അവള്‍ ഉണ്ടായിരുന്നു. അല്പം ദൂരെ മാറിയുള്ള ടേബിളില്‍ അയാള്‍ സ്ഥാനമുറപ്പിച്ചു. അടുത്തെവിടെയും പൂക്കളോ അവ വില്‍ക്കുന്ന ഇടമോ ഉള്ളതായി കാണാത്തതു കൊണ്ട് അയാള്‍ ആശ്വസിച്ചു. അര മണിക്കൂറ് കൂടി…അവള്‍ അര മണിക്കൂറ് കൂടി പൂക്കളെ സമീപിക്കാതിരുന്നാല്‍ മതിയായിരുന്നു. അയാള്‍ നിരുന്മേഷവാനായി ഇരുന്നു. ആ നിര്‍ണായകമായ അര മണിക്കൂര്‍ അവസാനിക്കുവാന്‍ ഏഴ് മിനിറ്റ് ഉള്ളപ്പോള്‍ അയാളെ ഞെട്ടിച്ച് കൊണ്ട് അവള്‍ ഒരു വാനിറ്റി ബാഗ് എടുക്കുകയും ടേബിളിനു മീതെ വയ്ക്കുകയും ചെയ്തു. ഇത്ര നേരവും ആ ബാഗ് അവളുടെ കയ്യില്‍ കണ്ടില്ലല്ലോ എന്നായിരുന്നു അയാളുടെ ചിന്ത.

അവള്‍ മെല്ല ആ ബാഗ് തുറക്കുന്നതും, അതിനുള്ളില്‍ നിന്ന് ഏതാനും വെളുത്ത നിറമുള്ള പൂക്കള്‍ പുറത്തെടുക്കുന്നതും കണ്ട് അയാള്‍ നിരാശയോടെ തല കുനിച്ചു. പിന്നീട് തന്നെ ജോലി ഏല്പിച്ച ആളിനുള്ള മെസേജ് ടൈപ്പ് ചെയ്ത് തുടങ്ങി: ഇത് ആ പെണ്‍കുട്ടി തന്നെ, ഇന്ന് പതിമൂന്നാം ദിവസമാണ് അവളെ പൂക്കള്‍ക്കൊപ്പം കാണുന്നത്..

മെസേജിനുള്ള മറുപടി രണ്ട് മിനിറ്റുള്ളില്‍ വന്നു. ജോലി തീര്‍ത്തതിനുള്ള പ്രതിഫലം അയാളുടെ അക്കൗണ്ടിലേക്കയച്ചു കഴിഞ്ഞു. ഒപ്പം ബാങ്കില്‍ നിന്നുള്ള മെസേജും…അയാള്‍ മെല്ല എണീറ്റ് പുറത്തേക്ക് നടന്ന് പോയി.

അപ്പോള്‍ ആ പെണ്‍കുട്ടി അടുത്ത ടേബിളീല്‍ ഇരുന്ന സ്ത്രീയോട് അവരുടെ കയ്യില്‍ നിന്ന് ബാഗ് വീണുപോയിട്ടുണ്ടോ എന്ന് ചോദിക്കുകയും അവര്‍ അത്ഭുതത്തോടെ നന്ദി പറഞ്ഞു കൊണ്ട് ആ ബാഗ് അവളില്‍ നിന്ന് വാങ്ങുകയും ആയിരുന്നു.

(കഥ)