പെന്‍ഡ്രോട്രാന്‍സ് ക്യാപ്‌സ്യൂള്‍

അമൃഷ്ടാന്ന’ ഉച്ചഭക്ഷണം കഴിച്ചതിന്റ്റെ ആലസ്യത്തില്‍ ഒരു ഉച്ചമയക്കത്തിനുള്ള പുറപ്പാടിലാണ് ഞാന്‍. ഇനി ഞാന്‍ ഉറങ്ങിയതിനു ശേഷം, നിങ്ങള്‍ക്ക് സംശയം തോന്നി, ഈ ‘ അമൃഷ്ടാന്ന’ മെന്താണെന്നു ചോദിച്ചു എന്റ്റെ ഉറക്കം കളയാതിരിക്കാന്‍ അതങ്ങു ആദ്യം പറഞ്ഞേക്കാം. വിഷ പച്ചക്കറികളില്‍ നിന്ന് മോചനം നേടാന്‍ ആഗ്രഹിച്ചു ഭാര്യ വീടിന്റ്റെ ടെറസ്സില്‍ ഉല്‍പാദിപ്പിക്കുന്ന കുറച്ചു കീടങ്ങളും, പുഴുക്കളും, കൂട്ടത്തില്‍ പച്ചക്കറി എന്നൊക്കെ പറയാവുന്ന , രൂപം കൊണ്ട് എന്താണെന്ന് മനസ്സിലാകാത്ത, എന്തോ സാധനങ്ങളെല്ലാം ചേര്‍ത്തുണ്ടാക്കുന്ന നോണ്‍ വെജിറ്റേറിയന്‍ പച്ചക്കറി ഭക്ഷണത്തെയാണ് ഞാന്‍ ‘ അമൃഷ്ടാന്ന ‘ എന്ന പദം കൊണ്ട് വിവക്ഷിച്ചതു .

നിങ്ങള്‍ എന്നെ ഉച്ചമയക്കത്തിനിടക്ക് ഇനി വിളിക്കുകയില്ല എന്ന് ഉറപ്പുള്ളതുകൊണ്ടു നാന്‍ ധൈര്യമായി അതിലേക്കു പ്രവേശിക്കുകയാണ്.

മയക്കത്തിന്റ്റെ ഒന്നാം ഘട്ടമായ കിടക്കയുടെ സുഖ സൗകര്യങ്ങള്‍ സ്വീകരിക്കുന്നതിന്റ്റെ അഭിനയഭാവങ്ങള്‍ ശരീരം പ്രകടിപ്പിച്ചപ്പോള്‍ ഞാനൊന്നു മാറി നിന്നു. കര്‍ണ്ണകഠോരമായ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നപ്പോഴാണ് മനസ്സിലായത്, അത് ഭാര്യ മാറ്റി സ്ഥാപിച്ച കാളിങ്‌ബെല്‍ ആരോ അടിച്ചതാണെന്ന്. ജൈവ പ്രേമത്താല്‍ വശം വദയായ അവള്‍ ടെറസ്സിനു മുകളിലേക്ക് അതിനായി പോകുമ്പോള്‍ ആരെങ്കിലും വന്നു കോളിങ് ബെല്‍ അടിച്ചാല്‍ ടെറസ്സിനു മുകളില്‍ കീടങ്ങളോടും പുഴുക്കളോടും സല്ലപിച്ചുകൊണ്ടിരിക്കുന്ന അവള്‍ക്കു കേള്‍ക്കാന്‍ വേണ്ടിയാണ് അത്രമാത്രം ശബ്ദമുള്ള ഒരു മണിയടി കുന്ത്രാണ്ടം സ്ഥാപിച്ചത് .

മയക്കഭംഗക്ഷുദ്രന്റ്റെ മുഖദാവ് ദര്‍ശിക്കുന്നതിനായി ഒരല്പസ്വല്‍പം ദേഷ്യ ഭാവത്തോടെ കതകു തുറന്നു.

നോക്കിയപ്പോള്‍ ഒരസ്സല്‍ സായിപ്പു പയ്യന്‍ പുഞ്ചിരിയോടെ നില്‍ക്കുന്നു !

സായിപ്പിനെക്കാണുമ്പോള്‍ കവാത്തു മറക്കണമല്ലോ…അതാണല്ലോ കാരണവന്മാര്‍ നമ്മെ പഠിപ്പിച്ചത്. അതോര്‍ത്തുകൊണ്ടു എന്റ്റെ അല്‍പ്പസ്വല്‍പ ദേഷ്യത്തിനെ ഒരര്‍ദ്ധ അത്ഭുത അവസ്ഥയിലെചിരിയിലേക്കു കൂടുമാറ്റി.

‘ ഇക്കാക്ക് എന്നെ മനസ്സിലായില്ലേ…??’

നല്ല അസ്സല്‍ കൊച്ചി ശൈലിയിലുള്ള മലയാളം സായിപ്പിന്റ്റെ വായില്‍ നിന്നും !

തലച്ചോറിനകത്തെ രോമകൂപങ്ങള്‍ ക്കിടയില്‍നിന്നും ഒരു നിമിഷം കൊണ്ട് വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞെങ്കിലും സ്‌ക്രീനില്‍ ഒന്നും തെളിഞ്ഞില്ല .

‘എവിടെയൊക്കെയോ കണ്ടു നല്ല പരിചയമുണ്ട്. പക്ഷേ ആളെ അങ്ങോട്ടു വ്യക്തമാവുന്നില്ല.. ‘

ഞാന്‍ ഒന്ന് നിര്‍ത്തിക്കൊണ്ട് പറഞ്ഞു . ‘വരൂ.., അകത്തേക്ക് കയറൂ.. നമുക്കു അവിടെ ഇരിക്കാം ‘

ചിരിമായാത്ത മുഖ ഭാവത്തോടെ സായിപ്പ് വീടിനകത്തേക്ക് കയറി

സെറ്റിയിലിരുന്നു . സായിപ്പിന്റ്റെ മുഖത്തുനിന്ന് വിയര്‍പ്പുകള്‍ തുള്ളികളാവാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ ഫാനിന്റ്റെ കാര്യം ഓര്‍ത്തതു..സ്വിച്ചിട്ടപ്പോഴാണ് മൊബൈല്‍ഫോണ്‍ മെസ്സേജിലൂടെയുള്ള അപ്രഖ്യാപിത പവര്‍ കട്ടാണെന്നുള്ള ഓര്‍മ്മ വന്നത്.

‘സോറി കറണ്ടില്ല. ഇവിടെ ഇത്തവണ മഴ ചതിച്ചെന്നും പറഞ്ഞു ഞങ്ങള്‍ക്ക് കറണ്ടൊന്നും തരുന്നില്ല’.

എന്റെ ശബ്ദം വിനയാന്വിതമായി .

‘അത് സാരമില്ല’ സായിപ്പ് വീണ്ടും നന്നായി ചിരിച്ചു.

ആ ചിരിയില്‍ നിന്നും ധൈര്യം സംഭരിച്ചു ഞാന്‍ വീണ്ടും വെച്ച് കാച്ചി .

”ഇവിടെ എല്ലാവരുടെയും ഒറ്റ പറച്ചിലേയുള്ളു.. മഴ ചതിച്ചൂന്ന്..!! ഞാന്‍ അവരോടൊക്കെ ചോദിക്കാറുണ്ട് മഴ നിങ്ങളോടു വല്ല വാക്കും പറഞ്ഞിട്ടുണ്ടോ എന്ന്. അല്ലെങ്കില്‍ വല്ല കരാര്‍ ഒപ്പിട്ടു തന്നിട്ടുണ്ടോ എന്ന്. കൃത്യസമയത്തു വന്നോളാമെന്നും പൊയ്‌ക്കോളാമെന്നും ?? …ഇതൊന്നുമില്ലാതെ മഴ ചതിച്ചൂന്നു ഇനി മേലില്‍ പറയരുതെന്നാണ് ഞാന്‍ പറയാറ്….അത് വരുന്ന സമയത്തു അതിനെ തടഞ്ഞു നിര്‍ത്തി അത്യാവശ്യം ഈ ചൂടത്തെല്ലാം ചിലവഴിക്കാമെന്നു വെച്ചാല്‍ ഈ പരിസ്ഥിതന്‍മാരും കുറച്ചു ഈര്‍ക്കിലികളും ഒന്നും ഒട്ടും അതിനു സമ്മതിക്കുന്നുമില്ല . എന്തായാലും ഞങ്ങള്‍ ദൈവത്തിന്റെ സ്വന്തം ആള്‍ക്കാര്‍ ആയതിനാല്‍ ഇതൊന്നും ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ലാത്ത അവസ്ഥയിലാണിപ്പോള്‍” ഞാന്‍ പറഞ്ഞു നിര്‍ത്തി .

”ഇക്ക ഇതൊക്കെ എന്നോട് പറഞ്ഞത് ഞാന്‍ ആരാണെന്നു മനസ്സിലാക്കിയിട്ടാണോ ?”

”ഇല്ല…എനിക്ക് നല്ല മുഖ പരിചയം തോന്നിയതുകൊണ്ട് പറഞ്ഞതാ…ആട്ടെ, എന്താ കുടിക്കാന്‍ വേണ്ടത് ? ”

”അയ്യോ… എനിക്കിപ്പോള്‍ ഒന്നും വേണ്ട .ഞാന്‍ നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടിലെ ഹോട്ടലില്‍ നിന്നും വയറു നിറയെ കേരള ഭക്ഷണം ഇപ്പോഴങ്ങു കഴിച്ചതേയുള്ളൂ .അതുകാരണമാണട്ടോ…. മറ്റൊന്നും വിചാരിക്കല്ലേ… ”. സായിപ്പ് ഒന്നു നിര്‍ത്തിയിട്ടു തുടര്‍ന്നു.

”ഇക്കാക്ക് എന്നെ മനസ്സിലായി കാണുമെന്നൊക്കെയാണ് ഞാന്‍ വിചാരിച്ചത്. ഞാന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക് എന്ന പരിപാടി തുടങ്ങിവച്ച ആള്. ഇക്ക കഴിഞ്ഞ ദിവസം അതില്‍ വരിക്കാരനായി ‘മുഖ പുസ്തകം ‘ എന്ന് പറഞ്ഞു എന്തോ ഒരു കഥ പോലത്തെ സാധനം ഏഴുതിയില്ലേ ?”.

എന്റ്‌റെ അത്ഭുതാവസ്ഥ റോക്കറ്റിലേറി ശൂന്യാകാശത്തേക്ക് ഉയര്‍ന്നു!!!!!

”അള്ളോ !!! ഇത് ബര്‍ഗര്‍ മോനാണോ പടച്ചോനെ….!!!!! ആളെ അങ്ങോട്ട് മനസ്സിലായില്ലല്ലോ ! മോനിക്കാനോട് പൊറുക്കണം …..മോനെ മനസ്സിലാകാത്തതിന്.”.

എന്തൊക്കെയാണ് പറയുന്നതെന്ന് എനിക്ക് ഒരു എത്തും പിടിയുമില്ലായിരുന്നു . ലോകപ്രശസ്തനും അതിലുപരി ലോകകോടീശ്വരന്മാരില്‍ ഒരാളും ഒരുപാട് രാജ്യത്തെ ഭരണാധിപന്മാര്‍ കാണാന്‍ കാത്തു കെട്ടികിടക്കുന്നവനുമായ ഫേസ് ബുക്ക് സ്ഥാപകന്‍ സാക്ഷാല്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗാണ് എന്റ്‌റെ മുന്നിലിരിക്കുന്നതു …..!!!!!!!!!!

എന്റെ മുഖത്തെ അത്ഭുതഭാവങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയായിരുന്നു.

”ഇക്കാ… ഞാന്‍ അധികനേരം ഇരിക്കുന്നില്ല . നല്ല തിരക്കുണ്ട് . എനിക്ക് പെട്ടെന്ന് തന്നെ മടങ്ങിപ്പോകണം .ഇക്ക കഴിഞ്ഞ ദിവസം ബ്ലോഗിലും ഫേസ്ബുക്കിലും കൂടി ‘മുഖപുസ്തകം ‘ എന്ന ഒരു സാധനം ഇട്ടില്ലേ ? അതിന്റ്റെ ഒരാശയത്തെ കുറിച്ച് സംസാരിക്കാനാണ് ഇപ്പോള്‍ ഞാന്‍ വന്നത് .

”പടച്ചോനെ …!! ഞാന്‍ എന്താ ഈ കേള്‍ക്കണത് … ലോകപ്രശസ്ത ഫേസ് ബുക്കിലേക്ക് എന്റ്‌റെ ഉപദേശം തേടാനോ …!!! ബര്‍ഗര്‍മോന്‍ തമാശയൊന്നുമല്ലല്ലോ ഇക്കാനോടു പറയുന്നത്.. ”.

അവിശ്വാസം വിശ്വാസത്തിലേക്കുള്ള കാല്‍വെപ്പുപോലെ സായിപ്പുമോന്‍ തുടര്‍ന്നു. ”ഇക്കയുടെ മുഖപുസ്തകം എന്ന കഥയെ കുറിച്ച് എന്റ്റെ ഒരു സ്റ്റാഫ്ഫാണ് ശ്രദ്ധയില്‍പെടുത്തിയത്. മലയാളം ഒന്നും വശമില്ലാത്ത എനിക്ക് വളരെ പെട്ടെന്ന് തന്നെ അതിന്റ്റെ വിവര്‍ത്തനം കിട്ടി . അത് വായിച്ചപ്പോഴാണ് ഞങ്ങളുടെ ഫേസ് ബുക്കിലുള്ള ഒരു പോരായ്മ ശ്രദ്ധയില്‍ പെട്ടത്. ഞങ്ങള്‍ ഫ്രണ്ട് എന്നും സുഹൃത്തുക്കള്‍ എന്നും പറയുന്ന ഒരു ഗണമേ ഞങ്ങളുടെ പ്രസ്ഥാനത്തിലുള്ളൂ. മിക്കവാറും ഏഷ്യന്‍ രാജ്യങ്ങളുടെ സംസ്‌കാരങ്ങളിലൊന്നും ,അച്ഛനും മകനും ഭാര്യയും ഭര്‍ത്താവും സഹോദരീ സഹോദരന്മാരും സുഹൃത്തെന്നപരിധിയില്‍ വരാന്‍താല്പര്യമില്ലാത്തതാണ് . ഇക്കയില്‍ നിന്നാണ് ഞങ്ങള്‍ക്ക് ഫ്രണ്ടല്ലാത്ത മറ്റെന്തെങ്കിലും കൂടിവേണമെന്ന ആശയം ഉദിച്ചത് . ഇതിന്റ്റെ ആശയം ഇക്കയില്‍ നിന്നായതിനാല്‍ ഇതിനെ കുറിച്ച് ആലോചിച്ചു തല ചൂടാകാനൊന്നും നിന്നില്ല . ഇക്കാക്ക് എന്തെങ്കിലും ഒരു ഐഡിയ ഉണ്ടെങ്കില്‍ അതങ്ങോട്ടു സ്വീകരിക്കാം…. മാത്രമല്ല, അതൊരു മര്യാദ കൂടിയാണല്ലോ .ഇപ്പോള്‍ തിരക്കുപിടിച്ചു ഒരു മറുപടി പറയണമെന്നില്ല.. ഇക്ക ആലോചിച്ചു പറഞ്ഞാല്‍ മതി .”

”അല്ല ബര്‍ഗേര്‍മോന്‍…. ഞാനൊരു കാര്യം ചോദിക്കട്ടെ …മലയാളം അറിയാത്ത മോനെങ്ങിനെയാണ് ഈ കൊച്ചി മലയാളം സംസാരിക്കുന്നതു ? ‘

”എനിക്ക് കൊച്ചി മലയാളം മാത്രമല്ല….നല്ല അസ്സല്‍ കോഴിക്കോടനും തിരുവനന്തപുരവും….വേണ്ടിവന്നാല്‍ കണ്ണൂര്‍കാസര്‍ഗോഡ് ഭാഷ വരെയും ഞാന്‍ സംസാരിക്കും…….. . അതൊരു രഹസ്യമാണ് ”.

”മോനേതായാലും ഇക്കാനെ അന്വേഷിച്ചു വന്നതല്ലേ… ആ രഹസ്യം കൂടെ ഇക്കാനോടു ഒന്ന് പറഞ്ഞു താ ..”

”ഇക്ക ഇതാരോടും പറയരുത് ….ഞങ്ങള്‍ ഗവേഷണം നടത്തി പലതരം കാര്യങ്ങള്‍ കണ്ടു പിടിച്ചിട്ടുണ്ട്. അതിലൊന്നാണ് വിവിധ ഭാഷകള്‍സംസാരിക്കാന്‍ കഴിയുന്ന ‘പെന്‍ഡ്രോട്രാന്‍സ് ക്യാപ്‌സ്യൂളുകള്‍ ‘ . ഞാനിപ്പോ നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയപ്പോള്‍ മലയാളത്തിന്റ്റെ ഒന്നെടുത്ത് കഴിച്ചുഇക്ക ഒരു ഇംഗ്ലീഷ് വിരുദ്ധനാണെന്ന് അറിയാവുന്നതു കൊണ്ട്. ഇനി അത് ഡി ആക്ടിവേറ്റ് ചെയ്യുന്ന മറ്റൊരു ക്യാപ്‌സ്യൂള്‍ കഴിക്കുന്നത് വരെ എനിക്ക് നന്നായി മലയാളം പറയാം .”

”ഹോ ..!! എന്തൊക്കെ കണ്ടുപിടിത്തങ്ങളാ …എന്റ്‌റെ റബ്ബേ ഈ ബര്‍ഗര്‍ മോന്‍ കണ്ടു പിടിച്ചിട്ടുള്ളത് …!!”

ഞാന്‍ അദ്ഭുതം കൊണ്ട് അംഗീകാരം കൊടുത്തു.

‘അല്ല മോനെ…. എങ്ങിനെയാണ് ഇക്കയുടെ വീട് കൃത്യമായി കണ്ടുപിടിച്ചത് ?!!!”

”നെടുമ്പാശ്ശേരിയില്‍ നിന്ന് കുറച്ചു മാത്രം ദൂരെയുള്ള ലുലു മാളിന് തൊട്ടടുത്താണെന്നു ഞങ്ങള്‍ക്ക് അറിവ് കിട്ടിയിരുന്നു. പിന്നെ കൂടുതലായി ആരോടെങ്കിലും ചോദിച്ചാല്‍ പത്രക്കാരുടെയും ടീവീക്കാരുടെയും തിരക്കാകുമെന്ന് കരുതി കൂടുതല്‍ അന്വേഷിച്ചില്ല. .തൊട്ടടുത്ത ജങ്ങ്ഷനില്‍ വന്നന്വേഷിച്ച് എഴുതുന്ന ആളാണെന്നു പറഞ്ഞപ്പോള്‍ ആര്‍ക്കും മനസ്സിലായില്ല. പിന്നെ പേര് പറഞ്ഞപ്പോഴാണ് അവര് പറഞ്ഞത് ഇക്ക റിട്ടയേര്‍ഡ് പോലീസുകാരാണെന്നു. പിന്നെ അവര്‍ കൃത്യമായി വഴി പറഞ്ഞു തന്നു .”

”ലുലുമാളിനെക്കുറിച്ച് പറഞ്ഞത് കാരണം ചോദിക്കണതാ…അതിന്റെ ആളെയെല്ലാം അറിയോ മോന്‍ ? ”

”ഒന് ആളൊരു കേമനല്ലേ…. ഓനെ അറിയാത്ത ആരെങ്കിലും ഞങ്ങള്‍ കോടീശ്വരന്മാരുടെ ഇടയിലുണ്ടോ ? ”

”മോന്‍ എന്റ്‌റെ അടുത്ത് ചോദിച്ച കാര്യത്തിന് ഞാന്‍ മറുപടി പറയാം കെട്ടോ… ഇപ്പോള്‍ എന്റെ മനസ്സില്‍ ഒന്നും വരുന്നില്ല ഞാന്‍ ആലോചിച്ചിട്ട് എന്തെങ്കിലും വരികയാണെങ്കില്‍ പറയാം .’

”ഇക്കാ…എനിക്ക് ഒരു തിരക്കുമില്ല. നന്നായി ആലോചിച്ചു പറഞ്ഞാല്‍ മതി. ഞാനിപ്പോള്‍ ഇവിടെ നിന്ന് ഇറങ്ങിയാല്‍ നിങ്ങളുടെ മുഖ്യമന്ത്രിയെ കാണാനാണ് പോകുന്നത് . അദ്ദേഹം കേരളത്തിലേക്ക് മുതല്‍ മുടക്കാന്‍ ആളുകളെ അന്വേഷിച്ചു ഇന്ന് ഗള്‍ഫിലേക്ക് പോകാനിരുന്നതാണ്. ഞാന്‍ ഇങ്ങോട്ടു വരുന്ന കാര്യം അറിയിച്ചപ്പോള്‍ പുള്ളി ഗള്‍ഫ് യാത്ര മതിയാക്കി ഇപ്പോള്‍ കൊച്ചിയിലേക്ക് വരുന്നുണ്ട് ,എന്നെ കാണാന്‍. എന്നെ പോലെ തന്നെ സമയകാര്യത്തില്‍ കൃത്യതയുള്ള ആളായത് കാരണം പറഞ്ഞ സമയമായ അഞ്ചു മണിക്ക് തന്നെ ഞങ്ങള്‍ ആലുവ ഗസ്റ്റ് ഹൗസില്‍ വെച്ച് കാണും .പിന്നെ അവിടെ നിന്ന് നെടുമ്പാശ്ശേരിയിലേക്കു കുറച്ചു ദൂരമല്ലേയുള്ളൂ .”

”ഇപ്പൊ എന്തിനാ മോന്‍ തിരക്കിട്ടു മുഖ്യ മന്ത്രീനെ കാണുന്നത് ? അതിനു വേണ്ടി വന്നത് കൊണ്ടാണോ എന്റ്റെ എടുത്തേക്കും വന്നത് ? ”

എന്റെ ചോദ്യത്തിന് ഞാന്‍ അറിയാതെ തന്നെ നീരസത്തിന്റ്റെഭാവമുണ്ടായിരുന്നു .

അത് മനസ്സിലായെന്ന പോലെ മറുപടി .

”ഞാന്‍ ഇക്കാനെ കാണാന്‍ തന്നെയാണ് വന്നത്. കൂട്ടത്തില്‍ മുഖ്യമന്ത്രീനേം. ഇവിടെ തൊട്ടടുത്തല്ലേ ഇന്‍ഫോപാര്‍ക്കും സ്മാര്‍ട്‌സിറ്റിയും മറ്റും…..ഞങ്ങടെ ഓഫീസ് ഒന്ന് ഇവിടെ തുടങ്ങിയാലെന്താ എന്ന് ഞാന്‍ ആലോചിക്കുകയാണ്. അതിനാണ് ഞാന്‍ മുഖ്യ മന്ത്രിയെ കാണുന്നത്.. പിന്നെ ഞങ്ങളുടെ നാട്ടില്‍ ഒരു പുതിയ പ്രസിഡന്റ് വന്നിട്ടുണ്ട്.. അയാളുകാരണം ഇനി അടുത്തഭാവിയില്‍ തന്നെ ഞങ്ങളുടെ നാട്ടിലേക്കു ആരും വരികയുമില്ല. എന്തെങ്കിലും സാധനങ്ങളൊക്കെയുണ്ടാക്കാന്‍ പറ്റിയ ബുദ്ധിയുള്ള ആളുകളെ ഞങ്ങള്‍ക്ക് കിട്ടുകയുമിക്കില്ല . പിന്നെ എന്തെങ്കിലും രീതിയില്‍ എന്തെങ്കിലും ഉണ്ടാക്കിവച്ചാല്‍ തന്നെ അങ്ങേരുടെ സ്വഭാവം കാരണം ആരും വന്നു മേടിക്കുകയുമില്ല . അതുകൊണ്ടു ഇവിടെ ഒരു കട തുറന്നു സാവധാനം അവിടുത്തെ കട പൂട്ടാമെന്നു ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇക്കാ ഈ സംഭവ വികാസങ്ങളെല്ലാം ഒപ്പിച്ചത് ”.

”അതിനു ഞാന്‍ ഒപ്പിച്ചതല്ല മോനെ…. ഈ കാര്യങ്ങളെല്ലാം എന്റ്റെ മരുമോനും മക്കളുമെല്ലാം കൂടി ഒപ്പിച്ചതാ .ഭാര്യയും കൂടി ഉണ്ട് ട്ടോ. ഇനി അവളുടെ കാര്യം പറഞ്ഞില്ല എന്ന് പറഞ്ഞു പ്രശ്‌നമുണ്ടാക്കണ്ട. മുഖ്യ മന്ത്രീനെ കാണുമ്പോള്‍ ഇക്കാടെ കാര്യം കൂടെ ഒന്ന് പറയണം കേട്ടോ…ആള് വിശ്വസിക്കാന്‍ കൊള്ളാവുന്നതാ.. പറഞ്ഞാല്‍ പറഞ്ഞിടത്തു നില്‍ക്കുന്ന ആളും” .

ചിരിയോടെ തലകുലുക്കി കൊണ്ട് സായിപ്പുമോന്‍ തുടര്‍ന്നു .

”ഞാന്‍ ഇനി ഗൗരവമുള്ള ഒരു കാര്യം പറയാന്‍ പോവുകയാണ്. ഇക്കാനെ ഇവിടെ തുടങ്ങാന്‍ പോകുന്ന എന്റ്റെ കടയുടെ പ്രധാന ആളാക്കാന്‍ പോവുകയാണ് . ഇക്ക ഒരു ജോലിയും സ്വീകരിക്കുകയില്ല എന്നറിയുന്നത് കൊണ്ട്, ഒരു പങ്കുകാരനായി. പിന്നെ ഭാഷയുടെ പ്രശ്‌നമോര്‍ത്ത് വിഷമിക്കേണ്ട .ഞാന്‍ കുറച്ചു ‘പെന്‍ട്രോ ട്രാന്‍സ്’ ക്യാപ്‌സ്യൂളുകള്‍ ഇക്കാക്ക് തരാം .അതോടെ ഭാഷയുടെ പ്രശ്‌നം പരിഹരിക്കപ്പെടും. ഇക്ക ഒന്ന് ആലോചിച്ചിട്ട് വിവരം പറ .”

സായിപ്പുമോന്‍ ബാഗില്‍ നിന്നും ഒരു ചെറിയ പൊതി എടുത്ത് എന്റെ കയ്യില്‍ വച്ചുതന്നു .

”ഞാനെന്തായാലും കുട്ടികളോടും ഭാര്യയോടും ആലോചിച്ചിട്ട് അറിയിക്കാം. എന്തായാലും മോന്‍ ഇവിടെ നിന്ന് ഒരു ഗ്ലാസ് വെള്ളം പോലും കഴിക്കാതെ പോവുന്നതില്‍ ഇക്കാക്ക് നല്ല വിഷമമുണ്ട് ”.

”ഇക്കാ അതിനൊന്നും വിഷമിക്കേണ്ട… ഞാന്‍ ഇനി ഇടയ്ക്കിടയ്ക്ക് വരാമെന്നേ .വെള്ളം മാത്രമല്ല, ഇക്കയുടെ പത്തിരിയും കോഴിക്കറിയും എല്ലാം കഴിക്കാം .ഇപ്പോള്‍ ഞാന്‍ പോകട്ടെ. ബാക്കി കാര്യങ്ങളെല്ലാം പറഞ്ഞത് പോലെ ”.

ബര്‍ഗര്‍മോന്‍ യാത്ര പറഞ്ഞിറങ്ങി .

ഞാനും കൂടെ ഇറങ്ങി ഗേറ്റ് വരെ നടക്കുന്നതിനിടയില്‍ ചോദിച്ചു .

”മോനെ കുറിച്ച് ഞാന്‍ ഒരു കഥ എഴുതിക്കോട്ടെ ?”

”ഇക്ക ധൈര്യമായി കഥ എഴുതിക്കോ .ഇക്കാക്ക് കഥ എഴുതാന്‍ വല്യ പിടിപാടൊന്നുമില്ല എന്നെനിക്കറിയാം .എന്തായാലും കൊളമാക്കരുത് കോട്ടോ” .

”ഓ അങ്ങിനെയൊന്നുമുണ്ടാവില്ല .”

എന്തായാലും കഥ എഴുതാന്‍ അനുവാദം കിട്ടിയല്ലോ .ഇനി അനുവാദം തന്നില്ലെങ്കിലെന്താ. നോട്ടീസയച്ചാല്‍ ഒരഞ്ഞൂറുപയുടെ കാര്യമല്ലേയുള്ളൂ ! അങ്ങിനെയല്ലേ ഇപ്പോ ഇവിടെയുള്ള പതിവ് .

ഇങ്ങനെയെല്ലാം ചിന്തിച്ചു കൊണ്ട് സായിപ്പിനെ യാത്രയാക്കിയ ശേഷം ഗേറ്റ് ചേര്‍ത്തടച്ചപ്പോള്‍ എന്റ്റെകൈവിരല്‍ അതിനിടയില്‍ പെട്ട് നന്നായി ചതഞ്ഞരഞ്ഞു. ഒരു ചെറിയ വേദനപോലും സഹിക്കാന്‍ കഴിയാത്ത എനിക്ക് ഇത് താങ്ങാവുന്നതിലും അധികമായിരുന്നു. വേദന കൊണ്ട് പുളഞ്ഞ ഞാന്‍ അലറിക്കരഞ്ഞു.

ഭാര്യ വന്നു കുലുക്കി വിളിച്ചു. ശബ്ദമുണ്ടാക്കിയകാര്യം തിരക്കിയപ്പോഴാണ് ഞാന്‍ വിരലിലേക്കു നോക്കുന്നത്. വിരലിനു ഒരു കുഴപ്പവുമുണ്ടായിരുന്നില്ല .