മൊബൈല്‍ കാഴ്ച്ചകള്‍

people-shooting-while-woman-was-dyingചിലര്‍ ആവേശത്തോടെ ,ചിലര്‍ ജിജ്ഞാസയോടെ മറ്റു ചിലര്‍ മൊബൈല്‍ ക്യാമറയിലൂടെ താഴെ പുഴയിലേക്ക് നോക്കി കൊണ്ടിരിക്കുന്നു …..

അവള്‍ ജീവന്റെ അവസാന ശ്വാസം പുഴയുടെ ആഴങ്ങളില്‍ മറയാതിരിക്കാന്‍ കൈകളുയര്‍ത്തി ,മുങ്ങിയും പൊങ്ങിയും മരണത്തിനും ജീവിതത്തിനുമിടയില്‍ തത്തി കളിച്ചു കൊണ്ടിരിക്കുന്നു .

പാലത്തിലൂടെ കടന്നു പോകേണ്ട വാഹനങ്ങള്‍ വരെ നിര്‍ത്തി ആളുകള്‍ വന്നു എത്തി നോക്കുന്നു .ജീവിക്കാനുള്ള ത്വരയില്‍ അവളുയര്‍ത്തുന്ന കൈകളില്‍ കൈ കോര്‍ക്കാന്‍ ആര്‍ക്കും തോന്നിയതേയില്ല, ആ ചെറുപ്പക്കാരന്‍ പയ്യന്‍ വരുന്നത് വരെ. ഒട്ടും താമസിക്കാതെ അവന്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് എടുത്തു ചാടി ആ പാവം പെണ്‍കുട്ടിയെ രേക്ഷപെടുത്തുമ്പോഴും അവളുടെ നനഞ്ഞൊട്ടിയ ശരീരത്തിന്റെ അളവുകള്‍ മൊബൈലില്‍ പകര്‍ത്താന്‍ തിടുക്കം കൂട്ടുന്നവര്‍ .

ഇത് ഒരു സിനിമയുടെ ക്ലൈമാക്സ്‌ രംഗമല്ല മറിച്ച് ദൈവത്തിന്റെ സ്വന്തം കേരളത്തില്‍ ഇന്നലെ സംഭവിച്ചതാണിത്. സത്യത്തില്‍ ഇതില്‍ എനിക്കൊരു അത്ഭുതവും തോന്നിയില്ല കാരണം സ്വന്തം അമ്മ കുളിക്കുന്നതിന്റെ വിവിധ ആംഗിളുകള്‍ വീഡിയോ ആക്കി ഇന്റര്‍നെറ്റില്‍ അപലോഡ് ചെയ്തു പണം മേടിച്ച മകന്റെ നാടാണിത് .അച്ഛന്റെ കാമം മകളില്‍ തീര്‍ക്കുന്ന കേരളത്തില്‍ ഇതല്ലാതെ വേറെ എന്താണ് സംഭവിക്കുക .

ഭാര്‍ഗ്ഗവരാമന്‍ എറിഞ്ഞെടുത്തു കൊടുത്ത ഭൂമിയില്‍ തുഞ്ചന്‍ വളര്‍ത്തിയ മലയാളം പറഞ്ഞാല്‍ തല മൊട്ടയടിക്കുന്ന കാലത്ത് നാം ഇനിയും എത്രയോ കാഴ്ചകള്‍ ഇനിയും കാണാന്‍ ഇരിക്കുന്നു .അതിനായി കയ്യില്‍ മൊബൈല്‍ ക്യാമറകളുമായി ഒളിഞ്ഞു നോട്ടത്തിന്റെ ഡിജിറ്റല്‍ കണ്ണും തുറന്നിരിക്കുന്നു തനിക്കു കാരണമായ ബീജമേതന്നറിയാത്ത ചില ജന്മങ്ങള്‍ …

Write Your Valuable Comments Below