Share The Article

മരണപ്പെട്ടവൻറെ ഒസ്യത്ത് (കവിത)
ജ്യോതി സന്തോഷ് നായർ

മരണപ്പെട്ടവൻറെ ഒസ്യത്തിൽ
വിലയിരുത്തൽ നടത്തിയിട്ടുണ്ടോ??

ആയുസ്സെവിടെവരെയെന്നറിയാതെ
ഒസ്യത്തിൽ ഒപ്പുവെച്ചവരെ മണ്ടന്മാരുടെ
കൂട്ടത്തിൽ കൂട്ടാറുണ്ടോ??

ഒരുവന്റെ സ്വപ്നങ്ങളാണവൻറെ ഒസ്യത്തെന്നിരിക്കെ അതാരിലേക്കുപകരും
എന്നു തീരുമാനിക്കാനാവാതെ പകച്ചുനിൽക്കുന്നവൻറെ കണ്ണുകളിൽ
പ്രതീക്ഷയുടെ നാളങ്ങളുണ്ടാകും!!

തന്റെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുവാനുള്ള
നെട്ടോട്ടത്തിൽ തന്റെ വലതുഭാഗം
പകുത്തുനൽകി അവൻ ഒസ്യത്തിന്
ആരംഭം കുറിക്കും.

തന്റെ ചുമലുകൾകളിൽ തഴമ്പുകളും
മുതുകിൽ ഭാരവും വഹിക്കുമ്പോൾ
ഒസ്യത്തിന്നവകാശികൾ കൂടും..

കടമയുടെ, കടപ്പാടിന്റെ തൈലഗന്ധത്തിൽ
സന്തോഷത്തിന്റെ , അഭിമാനത്തിന്റെ ഒസ്യത്തിന് ചിത്രമാകും.

വീണ്ടും,
കഥകളിലൂടെ, നാമജപങ്ങളിലൂടെ
സന്തോഷിച്ച്
കലപിലകൂട്ടി ഓടിനടക്കുന്ന കുഞ്ഞിപ്പാദങ്ങൾക്ക് നരയുടെ
ചുളിവിൽ ചിത്രങ്ങൾ വരയ്ക്കാൻ
കൂട്ടിരിക്കുമ്പോൾ ഒസ്യത്തിൻറെ
മുക്കാൽഭാഗം പൂർണ്ണമാകും.

ഇനിയുള്ള കാൽഭാഗം
തനിക്കായ് മാറ്റിവെക്കാൻ മെനക്കെടാതെ
ചുറ്റിലും നിൽക്കുന്നവർക്കായ് വീതിച്ചു നൽകി,
ഒടുക്കം യാത്രയാകും.

അവനെഴുതിയ ഒസ്യത്തിന് കടലാസിൽ
വിലയിടുന്നതറിയാതെ!!!!

Jyothi Santhosh Nair