പോണ്ടിച്ചേരി ഓര്‍മ്മകള്‍

ശ്യാമസുന്ദര കേരകേദാര ഭൂമി ……കണ്ണെത്താദൂരം നീണ്ടുകിടക്കുന്ന ടാറിട്ട റോഡും ഇരുവശങ്ങളിലെ കരിമ്പിന്‍ പാടങ്ങളോ അല്ലെങ്കില്‍ അതു പോലത്തെ ഏതെങ്കിലും കൃഷി പാടങ്ങള്‍ …. കൊച്ചിയില്‍ നിന്നും പോണ്ടിച്ചേരി യിലേക്കുള്ള യാത്രയില്‍, ആ പ്രകൃതിദത്തമായ സൗന്ദര്യം കണ്ടപ്പോള്‍ ….ആ വരികള്‍ക്ക് കൂടുതല്‍ ഉചിതമായതവിടെയാണന്ന് തോന്നിയ നിമിഷങ്ങള്‍!

2006 യോടെ പുതുച്ചേരി എന്നറിയപ്പെടുന്ന പോണ്ടിച്ചേരി ഏറെക്കാലം ഫ്രഞ്ച് അധീനതയിലായിരുന്നു.അവരുടേതായ സംസ്‌കാരവും പാരമ്പര്യവും ഇന്നും നിലനിറുത്തുന്ന നഗരങ്ങളില്‍ ഒന്നാണ് പോണ്ടിച്ചേരി.നിര്‍മ്മാണശൈലിയില്‍ ഫ്രഞ്ച്‌സ്വാധീനമുള്ള കെട്ടിടങ്ങളുമൊക്കെ ഇന്നും അവിടെ കാണാവുന്നതാണ്.
ബോട്ടാനിക്കല്‍ ഗാര്‍ഡന്‍, പഴയപള്ളികള്‍,ക്ഷേത്രം, ബീച്ചുകള്‍, 4അടി വലിപ്പമുള്ള ഗാന്ധിയുടെ പ്രതിമ …… വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന പലതും ഉണ്ടെങ്കിലും ‘അരബിന്ദോ ആശ്രമം ആണ്, എന്നെ കൂടുതല്‍ സ്വാധീനച്ചത്.ദേശികളെക്കാളും കൂടുതല്‍ വിദേശികളെയാണ്, മഹര്‍ഷിയുടെ പൂക്കള്‍ കൊണ്ട് അലങ്കരിച്ച കല്ലറയ്ക്കല്‍ ചുറ്റും ധ്യാനത്തിലിരിക്കുന്നത് കണ്ടത്.അവിടെ തന്നെയുള്ള ലൈബ്രറിയില്‍ അദ്ദേഹത്തിന്റെ കൃതികള്‍. ഇംഗ്ലീഷില്‍ മാത്രമല്ല ലോകത്തുള്ള എല്ലാ ഭാഷകളിലും വിവര്‍ത്തനം ചെയ്തിരിക്കുന്നു. അതൊക്കെ ഒരു കൗതുകമായി തന്നെ തോന്നി.ഞാന്‍, അദ്ദേഹത്തെക്കുറിച്ച് അറിയുന്നത് അപ്പോഴാണെങ്കിലും ഇത്രയധികം ആളുകളെ സ്വാധീനിച്ച വ്യക്തി എന്ന നിലയില്‍, ആ ആശ്രമം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായിട്ട് തന്നെ കരുതുന്നു.

പിന്നീട് പുതുമ തോന്നിയ മറ്റൊരു കാര്യം സൈക്കിള്‍ / ബൈക്കോ വാടകക്കെടുത്ത് ഓടിക്കുന്നതാണ്.ബൈക്ക് ഓടിക്കാനായിരുന്നു കൂട്ടത്തിലെ എല്ലാവര്ക്കും താല്പര്യം. ഏതാനും മണിക്കൂറിനായോ/ ദിവസങ്ങള്‍ക്കായോ വാടയ്ക്ക് കിട്ടുന്നതാണ്.ഹെല്‍മെറ്റ് നെ പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞത്, ഏതൊരു റോഡിലും 500 മി. അകത്ത് ക്രോസ്സ് റോഡ് വരുന്നുണ്ട് അതുകൊണ്ട് ആര്‍ക്കും സ്പീഡില്‍ ഓടിക്കാന്‍ പറ്റില്ല.ഹെല്‍മെറ്റിന്റെ ആവശ്യം ഇല്ല. കേട്ടപ്പോള്‍ തമാശ ആയിട്ട് തോന്നിയെങ്കിലും അതൊരു വീരസാഹസികപ്രവൃത്തി ആയിരുന്നു എന്ന് പിന്നീട് യാത്ര ചെയ്തപ്പോള്‍ മനസ്സിലായി.ട്രാഫിക്ക് സിഗ്‌നലിന്റെ അവിടെ മാത്രമേ റോഡ് നിയമങ്ങള്‍ പാലിച്ചിരുന്നുള്ളൂ.ബാക്കിയുള്ളയുടെത്തെല്ലാം സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. അമ്മേ, ഈശ്വരാ …..എന്നൊക്കെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വിളിച്ചത്, ബൈക്കിന്റെ പുറകിലത്തെ സീറ്റില്‍ ഇരുന്നുള്ള ആ യാത്രയില്‍ ആയിരുന്നു.

ആനന്ദഭവന്‍, ശരവണ ഭവന്‍ …….നമ്മുടെയൊക്കെ ഓര്‍മ്മവെച്ച നാള്‍ മുതല്‍ പേര് കേട്ട വെജ്ജ് ഭക്ഷണശാലകള്‍ എങ്ങും എവിടേയും കാണാം.ഉച്ചഭക്ഷണത്തിനായി ‘താലി അല്ലെങ്കില്‍ സ്‌പെഷ്യല്‍ താലി ‘ ഏതാണെന്ന് അറിയിച്ചാല്‍, ഒരു വലിയ പ്‌ളേറ്റില്‍ ചോറും അതിനകത്ത് തന്നെ കൊച്ചു പാത്രങ്ങളിലായി പലതരം കറികളുമായിട്ടുള്ള ആ പാത്രം കിട്ടിക്കഴിഞ്ഞാല്‍ ഒരുപക്ഷെ നമ്മള്‍ തന്നെ അറിയാതെ ഒരു മത്സരബുദ്ധിയോടെയായിരിക്കും അതിനെ നേരിടുന്നത്.ആവി പറക്കുന്ന ചോറും കറികളും തീരുന്നത് അനുസരിച്ച് വീണ്ടും നിറയ്ക്കാനായി കാത്ത് നില്‍ക്കുന്ന ഹോട്ടല്‍ ഭടന്മാരും.ഇതൊക്കെ കാണുമ്പോള്‍ ഇന്ത്യയില്‍ എവിടെയാണ് ദാരിദ്ര്യം എന്ന് സ്വയം ചോദിച്ച് പോകും.ഭക്ഷണം നിറയ്ക്കാനായിട്ട് ഹോട്ടലില്‍ ഉള്ളവര്‍ നമ്മളെ നോക്കി നില്‍ക്കുന്നത് പോലെ തന്നെ മറ്റൊരു കൂട്ടരും നമ്മുടെ കഴിക്കുന്ന രീതിയും കഴിച്ച അളവും പ്‌ളേറ്റിലെ ബാക്കി ഭക്ഷണവും നോക്കി നില്‍പ്പുണ്ടാവും. അവര്‍ അപകടകാരികള്‍ അല്ല. ഇരുന്ന് കഴിക്കാനൊരു സ്ഥലം അത് സംഘടിപ്പിക്കാനുള്ള തന്ത്രപ്പാടിലാണ്.നമ്മള്‍ പോകുന്നതോടെ, കസേരക്കളിക്ക് വിസില്‍ അടിച്ചത് പോലെയാണ്, പലരും പല ഭാഗത്ത് നിന്ന് ഓടിവരുന്നത് കാണാം.ചിലരാണെങ്കില്‍ നമ്മുടെ അടുത്ത് വന്ന് നമ്മളെ തന്നെ തുറിച്ച് നോക്കി കൊണ്ടിരിക്കും അതോടെ നമ്മള്‍ സ്വമേധയാ സ്ഥലം വിട്ടു പോകും എന്നുള്ളത് മറ്റൊരു കാര്യം, അവിടെ വിജയി ആരെന്ന് സുനിശ്ചിതം!

പഴയ ഫ്രഞ്ച് മാതൃകയില്‍ ഉള്ള കെട്ടിടങ്ങള്‍ പലതും ഇന്ന് ഫ്രഞ്ച് ഭക്ഷണശാലകളാക്കിയിരിക്കുകയാണ്.ഫ്രീ ‘wifi’അതാണ് അവരുടെ പ്രത്യേകത. പാസ്സ്‌വേര്‍ഡ്, പരസ്യമായി എഴുതി വെച്ചിട്ടുണ്ട്.ആ അന്തരീക്ഷവും ഭക്ഷണവും ‘ആസ്വദിക്കൂ’ എന്ന നിലപാടിലാണ് ഉടമസ്ഥരും ഉപഭോക്താവും. വന്നവരില്‍ പലരും വിദേശികളാണ്. മിക്കവരും അവരുടെ കമ്പ്യൂട്ടറിലോ അല്ലെങ്കില്‍ അതു പോലത്തെ ഉപകരണങ്ങളുമായി തിരക്കിലാണ്.ഇന്നത്തെ കാലത്ത് ഭക്ഷണത്തേക്കാളും പ്രധാന്യം :ഫ്രീ ‘wifi’ആയതുകൊണ്ട്, ഏതാനും അങ്ങനത്തെ ഭക്ഷണശാലകള്‍ സന്ദര്‍ശിക്കാനുള്ള അവസരം എനിക്കും കിട്ടി.ചോറിനേക്കാളും പ്രധാന്യം ഉറുള ന്‍ക്കിഴങ്ങ്ആണ്. അത് പുഴുങ്ങിയോ വറുത്തോ(French fries) തരുന്നുണ്ട്.വെജ്ജോ നോണ്‍ വെജ്ജോ കൂടെ സോസ്, ചീസ് …..അങ്ങനെ കഴിക്കേണ്ട എല്ലാവിധ സാധനങ്ങളും 2 റൊട്ടിയുടെയോ / ബണണുകളുടെയോ ഉള്ളിലാക്കി ഒരു ഗുളിക രൂപത്തിലെന്ന പോലെ സാന്‍ഡ്വിച്ച്/ ബര്‍ഗര്‍ ആക്കി കഴിക്കുന്നതും അവരുടെ ശൈലി.ഗ്രില്ലിംഗും ബേക്കിംഗും ചെയ്ത മീനും ഇറച്ചിയും സ്വാദുള്ളവ തന്നെയാണ്.റെസ്റ്റോറന്റിലെ ഭക്ഷണവിവരപ്പട്ടികയില്‍ അധികവും ഫ്രഞ്ച് പേരുകള്‍ ആയതിനാല്‍ അതൊന്നും വായിച്ച് ഞാന്‍ സമയം കളഞ്ഞില്ല.കൂട്ടത്തില്‍ ഉള്ളവര്‍ ഓര്‍ഡര്‍ ചെയ്തത് ഞാനും കഴിച്ചു എന്ന് പറയാം. 2 ഭോജനശാലകളിലും പൊതുവായി കണ്ടത് മെനു കാര്‍ഡിനൊപ്പം 500 / 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കുന്നത് അല്ല എന്ന് പറഞ്ഞുകൊണ്ടുള്ള നോട്ടീസിന്റെ വിതരണമാണ്.അല്ലെങ്കില്‍ വൈറ്റ് സിറ്റി (ഫ്രഞ്ച് ജനത താമസിക്കുന്ന ദേശം) ബ്‌ളാക്ക് സിറ്റി (ഇന്ത്യന്‍ ജനത താമസിക്കുന്ന ദേശം ) അറിയപ്പെടുന്നതു പോലെയുള്ള വ്യത്യാസം രണ്ട് സ്ഥലത്തും ഉണ്ട്.

ഞാറാഴ്ചക്ക് മുന്‍പേ തിരിച്ച് പോകേണ്ടതു കൊണ്ട്, പേര് കേട്ട ഞായറാഴ്ച മാര്‍ക്കറ്റു സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല.യാത്രകള്‍ എനിക്കിഷ്ടമാണ്. പുതിയ കുറെ കാഴ്ചകളും അനുഭവങ്ങളുമായി ആ നഗരത്തോട് യാത്ര പറഞ്ഞ് വീണ്ടും പഴയ ദിനചര്യയിലേക്ക് !!!!