Share The Article

ചരമക്കോളത്തിലെ ഒരു പെട്ടിക്കോളം വാര്‍ത്തയായി പി.ആര്‍.ഡി മുന്‍ ഡയറക്ടര്‍ ഫിറോസ് മറഞ്ഞുപോയി. കണിയാപുരം ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനിലെ മണ്‍കൂടിനകത്ത് ആരോടും പരിഭവമില്ലാതെ അദ്ദേഹം കിടക്കുന്നുണ്ടാകും.

ഫിറോസിനെ ഓര്‍മയില്ലേ. സോളാര്‍ കേസിലെ വീരനായിക സരിത എസ് നായരുടെ കൂട്ടുപ്രതിയെന്ന് കേരളം ആഘോഷിച്ച ഒരു മനുഷ്യന്‍. ഭീകരാവാദിയെന്ന് ആരോപിച്ച് കല്ലേറ് കൊണ്ട ഫിറോസ്. ഓരോ ആരോപണവും ഏറെ ആഘോഷിക്കപ്പട്ടു. അദ്ദേഹത്തിനെതിരായ കേസുകളെല്ലാം തള്ളിക്കളഞ്ഞത് രണ്ടു മാസം മുമ്പാണ്. അത് ആരെങ്കിലുമറിഞ്ഞോ എന്നറിയില്ല.

ഫിറോസിന്റെ മരണം കേട്ടത് മുതല്‍ ഒരു അസ്വസ്ഥതയായിരുന്നു. ഗൂഗിളില്‍ പരതി നോക്കിയപ്പോള്‍ കുറെ പഴയ വാര്‍ത്തകള്‍ കണ്ടു. കേരളം കണ്ട ഏറ്റവും വലിയ കുറ്റവാളിയായി ഒരു മനുഷ്യനെ അവതരിപ്പിച്ചതിന്റെ കുറേയേറെ കഥകള്‍. ചാനലുകള്‍ക്ക് റേറ്റിംഗ് ഉയര്‍ത്താന്‍, പത്രങ്ങള്‍ക്ക് അപസര്‍പ്പക കഥകള്‍ മെനയാന്‍ കുറേയേറെ മനുഷ്യരെ ബലിയാടുകളാക്കുന്നു. നമ്പി നാരായണന്‍ മുതല്‍ എത്രയോ പേര്‍. അതിലൊരിയായി ഫിറോസും. 56ാമത്തെ വയസിലാണ് ഫിറോസ് മരിച്ചത്. ഹൃദയം പൊട്ടിയായിരുന്നു മരണം. പൊട്ടിച്ചവര്‍ക്ക് ഇനിയുമുറക്കെ ചിരിക്കാനുള്ള (കൊലച്ചിരി) ആയുരാരോഗ്യം നേരുന്നു… (ഈ വരികള്‍ക്ക് കടപ്പാട് മലയാളം ന്യൂസ്‌ എഡിറ്റര്‍ ശ്രീ. വഹീദ് സമാനോട്.)

ഫിറോസിന്റെ മരണവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ ഷഹീര്‍ ജി അഹമ്മദ് എഴുതിയ വരികള്‍ ചുവടെ

മാധ്യമവേട്ടകളും മാധ്യമവിചാരണകളും പക പോക്കലുകളും ഇല്ലാത്ത ഒരു ലോകത്തെ ലക്ഷ്യമാക്കി ഫിറോസ് അളിയന്‍ കണിയാപുരം മുസ്ലിം ജമാഅത്തിന്റെ ആറടി മണ്ണിലേക്ക് അടക്കം ചെയ്തു.

40 വയസ്സില്‍ തന്നെ കേരള സര്‍ക്കാരിന്റെ ഉന്നത പദവികള്‍ ഈ ചെറുപ്പക്കാരനായ ഉദ്യോഗസ്ഥനെ തേടിയെത്തിയത് ഇദ്ദേഹത്തിന്റെ തൊഴില്‍ മേഖലയിലെ കഴിവും അര്‍പ്പണബോധവും സാമൂഹ്യക വീക്ഷണവുമായിരുന്നു. കേരള സര്‍ക്കാരിന്റെ പി.ആര്‍ ഡി യിലെ ഒരു ഉദ്യോഗസ്ഥനായി ഡല്‍ഹിയിലെ മലയാളി ഹൗസിന്റെ ചുമതല വഹിക്കുമ്പോള്‍ ആണ് 50മത്തെ വയസ്സില്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അദ്ദേഹത്തെ പി.ആര്‍.ഡി ഡയറക്ടര്‍ ആക്കുന്നത്.

പി.ആര്‍ ഡി യുടെ ചരിത്രത്തില്‍ ഒരു സാമൂഹ്യക നീതിയുടെ ഇടപെടലായി സമൂഹം അതിനെ കാണുമെന്ന ധാരണയായിരുന്നു പൊതു സമൂഹത്തിന്. കാരണം കീഴാള ജനതക്ക് അപ്രാപിയമായിരുന്ന ഒരു വകുപ്പിന്റെ തലവന്‍ ആകാന്‍ അദേഹത്തിന് കിട്ടിയ അവസരം ഒരു സമൂഹത്തിന്റെ സാമൂഹ്യക പുരോഗതിയുടെ അടയാളമായിരുന്നു.

എന്നാല്‍ തുടക്കം മുതല്‍ ഫിറോസ് നേരിടേണ്ടി വന്നത് ചരിത്രത്തില്‍ തുല്യതയില്ലാത്ത പീഢനങ്ങള്‍. പി.ആര്‍ ഡി ഡയറക്ടര്‍ ആകാന്‍ ഇദ്ദേഹത്തിന് എന്ത് അവകാശം? അച്ചുകള്‍ നിരന്നു. മാതൃഭൂമിയും മനോരമയും മല്‍സരിച്ചു. കാരണം മാതൃഭൂമി തങ്ങളുടെ ‘അണ്ണനു’ വേണ്ടിയും മനോരമ തങ്ങളുടെ ‘കുഞ്ഞാടിന് ‘വേണ്ടിയും കാംക്ഷിച്ച സീറ്റ് ആയിരുന്നു’ ഫിറോസ് അലി ഖാന് കിട്ടിയത്.
അവസാനം കേസ്സിലും പ്രതിയായി. പത്രങ്ങള്‍ നീണ്ട ലേഖനം എഴുതി. പോലിസ് റെയ്ഡുകള്‍ അദ്ദേഹത്തെ വീട്ടില്‍ നടന്നുവത്രെ. മനോരമയും മാതൃഭൂമിയും എഴുതി പി.ആര്‍.ഡി ഡയറക്ടര്‍ ഫിറോസിന്റെ വീട്ടില്‍ നിന്നും പാകിസ്ഥാന്‍ പണം പിടിച്ചു. തീവ്രവാദികളുമായി ബന്ധം. ലാപ്‌ടോപ്പില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ !

ഈ പാകിസ്ഥാന്‍ ചാരന്റെ കഥകള്‍ കേട്ട് പലരും മുഖത്ത് വിരല്‍ വച്ചു. പോലിസി നോട് ജനം ചോദിച്ചു. ഫിറോസിന്റെ വീട്ടില്‍ നിന്നും പിടിച്ച പാകിസ്ഥാന്‍ പണം എവിടെ? ലാപ്പ്‌ടോപ്പ് എവിടെ? പോലീസ് പറഞ്ഞു അങ്ങനെ ഒന്നും നടന്നിട്ടില്ല. കിട്ടിയിട്ടില്ല.. മനോരമയും മാതൃഭൂമിക്കും ഈ വാര്‍ത്ത എവിടെ നിന്നും കിട്ടി.. നോ ഐഡിയ…

പോലിസും കോടതിയും ഫിറോസ് നിരപരാധിയെന്ന് പറഞ്ഞപ്പോഴും ഫിറോസിന്റെ ജീവിതത്തിലെ മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. അതിനിടയില്‍ ജയില്‍വാസം, മാനസിക പീഢനം, ഏകാന്തത ഇവ കടുത്ത രോഗമാണ് ഈ സമര്‍ത്ഥനായ ഉദ്യോഗസ്ഥന് സമ്മാനമായി കൊടുത്തത്. പല രാഷ്ട്രീയ തമ്പുരാക്കന്മാരുടെയും ഭീഷണികളെ അതിജീവിച്ച് കഴിഞ്ഞ സര്‍ക്കാര്‍ ശുചിത്വമിഷന്‍ ഡയറക്ടറായി നിയമിച്ചുവെങ്കിലും കഴകുട്ടം സൈനിക സ്‌കൂളില്‍ നിന്നും ഇന്ത്യയിലെ ഏറ്റവും മിടുക്കനായി പുറത്തിറങ്ങിയ ഫിറോസ് മാനസികമായും ശാരീരികമായും തളര്‍ന്നിരുന്നു.

56 മത്തെ വയസ്സില്‍ ഫിറോസ് യാത്രയാവുമ്പോള്‍ ആ മരണ ഹേതുവില്‍ മാധ്യമവേട്ടയെ കുറിച്ച് പറയാതിരിക്കാന്‍ സാധ്യമല്ല.

2005ല്‍ പുറത്തിറങ്ങിയ ജോര്‍ജ് ക്ലൂണി ചിത്രമായ ഗുഡ് നൈറ്റ് ആന്‍ഡ് ഗുഡ് ലക്ക് എന്ന ചിത്രം 1950കളില്‍ ശീതയുദ്ധകാലത്ത് അമേരിക്കയില്‍ നടക്കുന്ന കഥയാണ് പറയുന്നത്. പ്രമുഖ ടിവി ജേണലിസ്റ്റായിരുന്ന എഡ്വേഡ് ആര്‍ മുറെയും കമ്മ്യൂണിസ്റ്റ് വേട്ടയുടെ പേരില്‍ കുപ്രസിദ്ധനായ സെനറ്റര്‍ ജോസഫ് മക്കാര്‍ത്തിയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥയാണ്. സോവിയറ്റ് ചാരന്മാരെന്ന പേരില്‍ അമേരിക്കയിലെ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുന്ന മക്കാര്‍ത്തി ഓപ്പറേഷനെതിരെ ധീരവും ശക്തവുമായ നിലപാടെടുത്ത മാധ്യമ പ്രവര്‍ത്തകനാണ് എഡ്വേഡ് മുറെ. സിനിമയില്‍ മുറെയുടെ കഥാപാത്രം പറയുന്നുണ്ട്. അന്വേഷണവും വിചാരണയും തമ്മിലുള്ള അകലം വളരെ നേര്‍ത്തതാണ്. ആരോപണം തെളിവല്ല, കുറ്റവാളിയെന്ന് കണ്ടെത്തല്‍ അന്വേഷണത്തിന്റെയും തെളിവിന്റേയും അടിസ്ഥാനത്തിലാണ്.

ഇന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഇത് വളരെയധികം ബാധകമാണ്.  മാധ്യമങ്ങള്‍ നടത്തുന്നവിചാരണ മൂലം ഒരാളുടെ ജീവിതമാണ് നഷ്ടപ്പെട്ടത്. മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള വിചാരണ അവസാനിപ്പിക്കാന്‍ തയ്യാറാവണം. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചാല്‍ പോലും എന്ന് അത് ഒന്നും തന്നെ സ്ഥാപിക്കുകയോ തെളിയിക്കുകയോ ചെയ്യുന്നില്ല. അത് തെളിയേണ്ടത് കോടതിയിലാണ്. പത്രക്കാരുടെ പേന തുമ്പുകളോ സ്റ്റുഡിയോ റൂമുകളോ അല്ല.

ടിആര്‍പി റേറ്റിംഗില്‍ മുന്‍പന്തിയിലെത്താനുള്ള മത്സരത്തില്‍ നിരപരാധികളുടെ ജീവിതം വച്ചാണ് പലരും കളിക്കുന്നത്. ആളുകള്‍ക്ക് നിരപരാധിത്വത്തെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ കോടതികള്‍ അത് തിരിച്ചറിയുമെന്ന പ്രതീക്ഷയുമുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ നടത്തുന്ന വിചാരണയാണ് ജനങ്ങളെ ഭയപ്പെടുത്തുന്നതും ആശങ്കയുണ്ടാക്കുന്നതും. കോടതികള്‍ തെറ്റ് പറ്റാത്ത, വളരെ ശരിയായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്ന സ്ഥാപനങ്ങളാണെന്ന അഭിപ്രായം എനിക്കില്ല. എന്നാല്‍ അവയ്ക്ക് ഏതെങ്കിലും തരത്തില്‍ വിശ്വാസ്യതയുണ്ട്. എന്നാല്‍ ആക്രമിക്കുന്ന ആള്‍ക്കൂട്ടത്തെ എന്ത് ചെയ്യാനാണ്? മാധ്യമങ്ങള്‍ ഇപ്പോള്‍ അക്രമാസക്തരായ ഈ ആള്‍ക്കൂട്ടം ചെയ്യുന്ന കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

  • 60
    Shares