Share The Article

കഴിഞ്ഞ ദിവസം ഗുരുവായൂരപ്പനെ കാണാൻ സാധിച്ചു. മെലിഞ്ഞൊരു ഗുരുവായൂരപ്പൻ. ആരോഗ്യംന്ന് പറയാൻ ആകെ ഒരു ചിരിയുണ്ട്. മലമ്പുഴ പൂന്തോട്ടത്തിന്റെ മതിലിനോട് ചേർത്തിട്ട ബഞ്ചിലും മേശയിലുമായി നിരത്തിയ ഇത്തിരി ഉപ്പിലിട്ടതും പഴം നുറുക്ക് നിറച്ച പ്ലാസ്റ്റിക്ക് ഗ്ലാസുകളും ഒക്കെയായി ഒരു ഗുരുവായൂരപ്പൻ.

അഛൻ മായുമ്പോൾ ഗുരുവായൂരപ്പൻ നാലാം ക്ലാസിലായിരുന്നു. പിന്നെ അഞ്ചിലേക്ക് പോകാൻ നിന്നില്ല. ജീവിതത്തിലേക്ക് കയറി. അഛൻ താങ്ങിയ ബിസിനസ്സ് സാമ്രാജ്യം എറ്റെടുത്തു. ലോൺ വാങ്ങാനോ ബാങ്കിനെ പറ്റിക്കാനോ ഒന്നും മിനക്കെട്ടില്ല. സത്യവും ധർമ്മവും നീതിയും ബോധവും ഉപ്പിലിട്ട് സ്പൂണിൽ കോരിക്കൊടുത്ത് ഇന്നും ഭൂമിക്കൊപ്പം ഉരുളുന്നു. പതിനെട്ട് ദശാശം അഞ്ച് ബില്ല്യൺ വർഷം കഴിഞ്ഞാൽ ഭൂമി സ്വയം ഉരുളുന്നത് നിൽക്കുംന്ന് ഏതോ ശാസ്ത്രജ്ഞൻ പറഞ്ഞത് എവിടെയോ വായിച്ചിട്ടുണ്ട്. അതാണ് ഗുരുവായൂരപ്പനുള്ള ഏക പ്രതീക്ഷ.

ഗുരുവായൂർ അമ്പല നടയിൽ ആറ് വർഷത്തോളം വളരെ മുൻപ് വഴിക്കച്ചവടം ചെയ്തിട്ടുണ്ട്. പലരും തൊട്ടുമുന്നിൽ വന്നു നിന്ന് നടക്കലേക്ക് നോക്കി തൊഴുതു പിടിച്ച് ഗുരുവായൂരപ്പാ..ന്ന് വിലപിക്കും. അത് കാണുമ്പോൾ സഹായിക്കാൻ തോന്നും. പക്ഷെ സാധിക്കാറില്ല. ആകെ ചെയ്യാൻ കഴിയാറ് വിൽക്കാൻ വെച്ച അല്ലറ ചില്ലറ സാധനങ്ങൾക്ക് അവർ വില പേശുമ്പോൾ രണ്ടും കൽപ്പിച്ച് അതങ്ങ് കൊടുത്ത് അവരെ സന്തോഷിപ്പിക്ക്യാ എന്നത് മാത്രം.
………………………….

സമയം സന്ധ്യയാവാറാവുന്നു. സൂര്യൻ വാടിത്തുടങ്ങി. സന്ദർശകരുടെ വരവ് നിലയ്ക്കുന്നു. മുന്നിൽ പഴക്കഷ്ണങ്ങൾ നിറച്ച ഇനിയും വിൽക്കാതെ ബാക്കിവന്ന കുഞ്ഞു പാത്രങ്ങൾ. തളികയിൽ മുറിച്ചിട്ട മാങ്ങച്ചീളുകൾ.
”വിറ്റുപോയില്ലെങ്കിൽ ഇതെല്ലാം എന്തു ചെയ്യും…?”
”ആർക്കെങ്കിലും കൊടുക്കും. ഒന്നും വെറുതെയാവില്ല.”
”വീട്ടിലേക്ക് കൊണ്ടുപോയ്ക്കൂടെ..”
”ഏയ്.. വിശക്കുന്ന പലരും ഉണ്ടാവും.”
”ഉപ്പിലിട്ട ഭരണികളൊക്കെ..?”
”ബഞ്ചിൽ തന്നെ മൂടിക്കെട്ടി ഭദ്രാക്കി വെക്കും. ആരും എടുത്തോണ്ട് പോവില്ല.”

ഒരമ്മയും കുട്ടിയും വന്നു. പച്ചമാങ്ങ ഒരെണ്ണം ഉപ്പും മുളകും വിതറി ഗുരുവായൂരപ്പൻ മുറിച്ചു കൊടുത്തു.
ദളം ഒന്ന് പറിച്ചെടുത്ത് കടിച്ചപ്പോൾ അമ്മക്കും കുഞ്ഞിനും മുഖം നിറയെ മലമ്പുഴ അണക്കെട്ട് തുറന്ന പ്രസന്ന ഭാവം. അവരുടെ “..ശൂ..” കേട്ട് പുഞ്ചിരിച്ചുപോയ ഗുരുവയൂരപ്പനോട യാതൊരു മടിയുമില്ലാതെ തുറന്നു ചോദിച്ചു.
”ഇതുവരെയുള്ള ജീവിതം ഗുരുവായൂരപ്പന് എങ്ങിനെ..?”
”പവിത്രം. മനോഹരം. നിരാശയേ ഇല്ല. എന്തിന് നിരാശപ്പെടണം.മൂന്ന് പെൺമക്കളുണ്ടേ.”
”എന്തെങ്കിലും ആഗ്രഹം ഉണ്ടോ..?”
ഗുരുവായൂരപ്പൻ സത്യം പറഞ്ഞു.
”ഉണ്ട്. ഒരാഗ്രഹം ഉണ്ട്.”
”എന്താദ്.?!.”
”ഈ പിന്നില് കാണുന്ന മലമ്പുഴ ഉദ്യാനം പണ്ട് ഗംഭീരായിരുന്നു. മനോഹരായിരുന്നു. എത്രയായിരുന്നു പൂച്ചെടികളും പോന്തകളും. കഠിന വേനലിലും തണലുണ്ടായിരുന്നു. ധാരാളം ആളുകൾ വരുമായിരുന്നു. ഈ മലമ്പുഴേടെ അഴകായിരുന്നു. ഇപ്പോ ഒന്നൂല്ല്യ. പേരിനൊരു പൂങ്കാവനം. പൂവും ഇല്ല കാവും ഇല്ല. ഇതൊന്ന് പഴയപോലെ കാണണം.”
” പറഞ്ഞു കേട്ടപ്പോ എനിക്കുംണ്ട് ആ മോഹം. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.”

ഗുരുവായൂരപ്പൻ വീണ്ടും സത്യം പറഞ്ഞു.
”ഏയ്. ഒരപ്പനും സഹായിക്കില്ല. അപ്പന്റെ നെഞ്ചത്ത് കൈയ്യിട്ട് വാരാതെ അധികാരം ചാർത്തിക്കിട്ടിയ മക്കള് തന്നെ സഹായിക്കണം. മക്കളാണ് പൂങ്കാവനം. അപ്പൻ, എന്നോ പഴം കൊത്തി വിത്ത് വിതറിയിട്ട് മക്കളെ ജനിപ്പിച്ച് പറന്നുപോയ വെറും. മായക്കിളി. നാളെ മക്കളും മായക്കിളി.’

 

  • 3
    Shares