Share The Article

നമ്മുടെ ഗസല്‍ ഗായകനില്ലേ,ഷഹബാസ് അമന്‍. സംഭവം മൂപ്പരുടെ ഗസല്‍ കിടുവാണ്.പക്ഷെ ഒരു പ്രശ്നമുണ്ട്, അദ്ദേഹം ഗസലിനിടയിലും ഇന്‍റര്‍വ്യൂവിനിടയിലുമൊക്കെ വലിയ സൂഫി ചിന്തകള്‍ എന്നൊക്കെ തോന്നുന്ന വിധത്തില്‍ കുറേ ഡയലോഗ് പറയും. നമ്മള്‍ ഗസല്‍ കേള്‍ക്കുന്ന മൂഡായതിനാൽ അയാള്‍ എന്തോ സൂഫി സംഭവം ആണെന്നൊക്കെ തോന്നി പോവുന്ന രീതിയിലാവും ബാക്ഗ്രൗണ്ട് മ്യൂസിക്കോടെയുള്ള അദ്ദേഹത്തിൻറെ സംസാരം. കുറച്ച് കഴിഞ്ഞ് അങ്ങേരെന്താണ് പറഞ്ഞതെന്ന് ഒന്നുകൂടി റീവെെന്‍റ് ചെയ്ത് നോക്കിയാല്‍ സുഫിസവും ഇല്ല ഒരു തേങ്ങയുമില്ല ചുമ്മാ എന്തൊക്കെയോ വള വള ആണെന്ന് മനസ്സിലാവും.
നമ്മുടെ രാഹുല്‍ ഗാന്ധിയുടെ സ്റ്റേജ് ഷോകളിലെ സംസാരവും ഏതാണ്ട് ഇത് പോലെ തന്നെയാണ്,ഉള്ളി പൊളിച്ച പോലെ ഓരോ തൊലിയും പൊളിച്ച് പൊളിച്ച് ഉള്ളിലെത്തിയാലും ഒന്നുമില്ലാത്ത അവസ്ഥ.

രാഹുല്‍ ഗാന്ധി പറഞ്ഞതായി ഫാന്‍സുകാര്‍ കൊട്ടിഘോഷിക്കുന്ന കുറച്ച് ക്ലാസ് ഡയലോഗുകള്‍ നോക്കാം.

“ഞാൻ ഉറപ്പ് തരുന്നു എന്റെ മരണം വരെ എന്റെ വാതിലുകൾ എന്റെ കാതുകൾ,എന്റെ ഹൃദയം നിങ്ങൾക്ക് വേണ്ടി തുറന്ന് വെച്ചിരിക്കും ”

“രാജ്യത്തിന്റെ നഷ്ടപ്പെട്ട മൂല്യങ്ങളെ നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ട് അതിനായി മരണംവരെ ഞാൻ നിങ്ങളോടൊപ്പമുണ്ടാകും”

Mansoor Paramal

‘‘ബഹുസ്വരതയുടെ ചരടിൽ ഒന്നിച്ചു നിന്നവരാണു നാം. ഇപ്പോൾ പക്ഷേ നാട് വിഭജിക്കപ്പെട്ടിരിക്കുന്നു ജാതിയുടെ, മതത്തിന്റെ, ആശയത്തിന്റെ പേരിൽ. സഹിഷ്ണുതയില്ലാത്ത സമൂഹമായി നാം മാറുന്നു. ചിലർ പറയുന്നു കോൺഗ്രസ് മുക്ത ഭാരതമാണ് വേണ്ടതെന്ന്. എന്നാൽ, എന്റെ സ്വപ്നത്തിലെ ഇന്ത്യ ബിജെപി മുക്തമല്ല. ഒന്നിനെയും ഇല്ലാതാക്കുന്നതല്ല എന്റെ സ്വപ്നം.’’

“ഞാൻ വലിയ ആളല്ല, നിങ്ങളിൽ ഒരാൾ. എന്റെ ‘മൻ കി ബാത്’ കേൾപ്പിക്കാനല്ല, നിങ്ങളെ കേൾക്കാനാണു ഞാൻ വന്നത് ”

ഇതൊക്കെ നിങ്ങള്‍ ഒന്ന് ഉള്ളിയുടെ തൊലി പൊളിക്കുന്നത് പോലെ പൊളിച്ച് നോക്കൂ ,എന്തെങ്കിലും കാണുന്നുണ്ടോ..?

സത്ത്യത്തില്‍ ഇന്ത്യ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ പറ്റി അയാളെന്തെങ്കിലും പറഞ്ഞ് കേള്‍ക്കാറുണ്ടോ..?? ഇന്ന് മോഡി സർക്കാർ രാജ്യത്തെ പൗരന്‍റെ തലക്ക് മേടാന്‍ ഉപയോഗിക്കുന്ന ഹാമറുകളെല്ലാം അയാളുടെ പാര്‍ട്ടി തുടങ്ങി വെച്ച കാര്യങ്ങളാണ്.
രണ്ട് മൂന്നു അടിസ്ഥാന പ്രശ്നങ്ങള്‍ മാത്രം നോക്കാം

1) സ്വകാര്യ വല്‍ക്കരണം.
രാജ്യത്തെ ഏതാണ്ട് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും മോഡി സര്‍ക്കാര്‍ വിറ്റഴിച്ച് തീര്‍ത്തിരിക്കുന്നു. ഇന്ത്യന്‍ റയില്‍വേയുടെ കക്കൂസ് മുതല്‍ മരുന്ന് കമ്പനികളും ആയുധ നിര്‍മാണ കമ്പനികള്‍ വരെ വിറ്റ് തീര്‍ത്തു. സ്വകാര്യ വല്‍ക്കരണം അതിന്‍റെ പീക്കിലാണുള്ളത്. കേള്‍ക്കുമ്പോള്‍ കരുതും ഇത് മോഡി വന്നപ്പോള്‍ തുടങ്ങിയതാണെന്ന്. രാജീവ് ഗാന്ധിയാണ് ഇന്ത്യയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വകാര്യ വര്‍ക്കരണം എന്ന ആശയം കൊണ്ടുവരുന്നത്. അതിന് ശേഷം വരുന്ന നരസിംഹ റാവു ഗവർമെന്റ് ഇന്ത്യന്‍ അലൂമിനിയം കോര്‍പ്പറേഷന്‍റെ ഷെയര്‍ വിറ്റുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് 2001 ആവുമ്പോഴേക്കും ആ സ്ഥാപനത്തില്‍ ഗവണ്‍മെന്‍റിന് വെറും 26% മാത്രം ഷെയറുള്ള വിധത്തിലേക്ക് എത്തി കാര്യങ്ങള്‍. ഇന്നീ കാണുന്ന റിലന്‍സിന്‍റെ കെെകളിലേക്ക് ഇന്ത്യയിലെ ഡാറ്റ ട്രാൻസാക്ഷന്റെ കുത്തക എത്തുന്ന വിധത്തിലേക്ക് BSNL ആദ്യമായി വിറ്റ് തുടങ്ങിയതും കോണ്‍ഗ്രസ്സ് തന്നെ. തുടര്‍ന്നിങ്ങോട്ട് കോണ്‍ഗ്രസ്സുകാര്‍ വില്‍ക്കാത്ത ഇന്ത്യന്‍ ഗവണ്‍മെന്‍റ് സ്ഥാപനങ്ങള്‍ കുറവാണ്.കട്ടിലയും ഓടും ഇളക്കി വിറ്റതിന്‍റെ ബാക്കി ചുമരും അസ്ഥിവാരവും മാന്തി മോഡിയും കൂട്ടരും വില്‍ക്കുന്നുവെന്ന് മാത്രം.
രാഹുല്‍ ഗാന്ധി ഈ സ്വകാര്യ വല്‍ക്കരണ നയങ്ങള്‍ക്കെതിരെ എന്നെങ്കിലും മിണ്ടുന്നത് കണ്ടിട്ടുണ്ടോ..? കോണ്‍ഗ്രസ്സ് അധികാരത്തിലേറിയാല്‍ സ്വകാര്യ വല്‍ക്കരണം കുറക്കുമെന്നെങ്കിലും പറഞ്ഞ് കണ്ടോ..?

2)സാമ്പത്തിക പരിഷ്ക്കാരങ്ങള്‍:
ഇന്ത്യന്‍ സാമ്പത്തിക ഘടനയുടെ നട്ടെല്ലിളക്കിയ ആളായാണ് മോഡിയെ പറ്റി പറയുന്നത്. സത്യത്തില്‍ ഡീമോണിറ്റെസേഷനല്ലാത്ത ഏത് സാമ്പത്തിക പരിഷ്ക്കാരങ്ങളാണ് മോഡി ഒറ്റക്ക് തുടങ്ങിയിട്ടുള്ളത്..?
ഇന്ത്യന്‍ ചെറുകിട വ്യവസായത്തിന്‍റെ നട്ടെല്ലൊടിച്ച GST തുടങ്ങിയത് ആരാണ്..? യു.പി.എയുടെ 2007 ബജറ്റിലായിരുന്നു ആദ്യ തുടക്കം. തുടര്‍ന്ന് 2009ല്‍ ധനകാര്യ മന്ത്രിയായ പ്രണബ് മുഖര്‍ജിയാണ് GST യുടെ സ്ട്രക്ച്ചറുകള്‍ തട്ടി കൂട്ടിയത്. ഒടുവില്‍ അതിന്‍റെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസ്സിന് അധികാരം നഷ്ട്മാവുകയും NDA സര്‍ക്കാര്‍ വന്ന ശേഷം GST നടപ്പിലാക്കുകയും ചെയ്തു. കോണ്‍ഗ്രസ്സ് വന്നാല്‍ ഇതിന് വല്ല മാറ്റവും ഉണ്ടാവുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞ് കേട്ടുവോ..?
കോര്‍പ്പറേറ്റുകള്‍ക്ക് കോടികളുടെ ലോണ്‍ കൊടുക്കുകയും എഴുതി തള്ളുകയും ചെയ്യുന്നതാണല്ലോ മോഡിക്കെതിരെ ആരോപിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്ന്, രണ്ടാം UPA ലോണ്‍ കൊടുക്കുകയും എഴുതി തള്ളുകയും ചെയ്യാത്ത ഏതെങ്കിലും കോര്‍പ്പറേറ്റുകള്‍ ഉണ്ടോ..?
ചോദ്യമിതാണ്. കോര്‍പ്പറേറ്റ് കടങ്ങളെയും കിട്ടാ കടങ്ങളെയും പറ്റി മുന്‍പുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാറുകളില്‍ നിന്ന് വ്യത്യസ്ഥമായി എന്തെങ്കിലും രാഹുല്‍ പറഞ്ഞ് കേട്ടുവോ.?രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് അതെന്ന് ഓര്‍ക്കണം

3) വര്‍ഗീയത:
ഗാന്ധി വധത്തിന് ശേഷം ഏതാണ്ട് ചത്തതിനൊക്കുമോ ജീവിക്കുവാന്‍ എന്ന നിലയില്‍ ഒതുങ്ങി പോയിരുന്ന പരിവാരത്തെ ഇന്ത്യ മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്ന ഭീകര തീവ്രവാദി സംഘമാക്കി വളര്‍ത്താന്‍ സഹായം ചെയ്ത കാരണക്കാരില്‍ ഒരാള്‍ രാജീവ് ഗാന്ധിയാണ്.രാജീവിന്‍റെ കാലത്ത് ശബാന കേസും ബാബരി കേസും കത്തിച്ചാണ് സംഘം വീണ്ടും വളര്‍ന്നത്. തുടര്‍ന്ന് 2002 ല്‍ ഗുജറാത്തില്‍ ഭരണകൂടത്തിന്‍റെ സഹായത്തോടെ നടന്ന കലാപം തുടര്‍ച്ചയായി പത്ത് വര്‍ഷം അധികാരത്തിലിരുന്നിട്ടും മര്യാദക്ക് അന്വേഷണം നടത്താതെ കലാപത്തിന് പിന്നില്‍ കളിച്ച ഏതാണ്ട് മുഴുവന്‍ പ്രതികളെയും നിയമത്തിന്‍റെ കുരുക്കുകളില്‍ പെടുത്താതെ രക്ഷിച്ചെടുത്തതും ഇതേ കോണ്‍ഗ്രസ്സുകാര്‍ തന്നെ.
നരേന്ദ്ര മോഡിയുടെ വളര്‍ച്ചയുടെ ടേണിങ് പോയിന്‍റായ കലാപം കൃത്യമായ അന്യേഷണം നടത്തിയിരുന്നുവെങ്കില്‍ ഇന്ന് മോഡി ജയിലില്‍ കിടക്കുന്നുണ്ടായേനെ. നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് പോലും നടപ്പിലാക്കാതെ മോഡിയെയും അമിത് ഷായെയും ഇത്രയധികം വളര്‍ത്തി വലുതാക്കിയതും ഇതേ കോണ്‍ഗ്രസ്സ് തന്നെയാണ്. ഇന്ത്യയില്‍ അധികാരത്തിലിരുന്നിടങ്ങളിലെല്ലാം ഗോവധം നിരോധിക്കുകയും കഴിഞ്ഞ ഇലക്ഷനുകളിലെല്ലാം സംഘിനേക്കാള്‍ വലിയ ഹെെന്ദവ പാര്‍ട്ടിയാണെന്ന് തെളിയിക്കാൻ പാട് പെടുകയും ചെയ്ത കോണ്‍ഗ്രസ്സിന് ഹെെന്ദവ വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ കഴിയില്ലെന്ന് ചരിത്രം സാക്ഷിയാണ്. താന്‍ ബ്രാഹ്മണനാണെന്ന് ഒളിഞ്ഞും തെളിഞ്ഞും തെളിയിച്ചു കൊടുത്തുകൊണ്ടിരിക്കുന്ന രാഹുല്‍ പശു രാഷ്ട്രീയത്തെ തടഞ്ഞു നിര്‍ത്തുമെന്ന പ്രതീക്ഷ എനിക്കേതായാലും ഇല്ല.

സംഘപരിവാരത്തിന് രാജ്യം മുഴുവന്‍ പടര്‍ന്ന് പന്തലിക്കാന്‍ വേണ്ടി അടിത്തറ കെട്ടിയത് കോര്‍പ്പറേറ്റ് മൂലധനത്തില്‍ നിന്നും കുമിഞ്ഞ് കൂടിയ സമ്പത്ത് ഉപയോഗിച്ചാണ്. നിയോ ലിബറല്‍ നയങ്ങള്‍ മൂലം ചീര്‍ത്ത് തടിച്ച കോര്‍പ്പറേറ്റ് മൂലധനമാണ് സംഘിന്‍റെ ശക്തി. ആ നയങ്ങളുടെ സ്ഥാപകരും നടത്തിപ്പുകാരുമാവട്ടെ കോണ്‍ഗ്രസ്സും. ഇന്ന് രാജ്യം നേരിടുന്ന ഒരുവിധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും പ്രധാന കാരണമായ നിയോ ലിബറല്‍ നയങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി എന്നെങ്കിലും വാ തുറക്കുന്നത് നിങ്ങളാരെങ്കിലും കണ്ടുവോ..??

ചുരുക്കി പറഞ്ഞാല്‍ രാഹുലിനെ നിരീക്ഷിക്കുന്നവര്‍ക്കറിയാം ദളിത് വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് ഫോട്ടോ എടുക്കലും സെെക്കിള്‍ ചവിട്ടലും പോലുള്ള ടിപ്പിക്കല്‍ മിഡില്‍ ക്ലാസിനെ അട്രാക്റ്റ് ചെയ്യുന്ന കലാ പരിപാടികള്‍ നടത്തിയിരുന്ന രാഹുല്‍ അവസാന അമേരിക്കന്‍ സന്ദർശന സമയത്താണ് ആദ്യമായി ഒരു സീരിയസ് പ്രസംഗം തന്നെ നടത്തുന്നത്. മാറ്റത്തിന് കാരണം മറ്റൊന്നുമല്ല,.അറിവ് ശരിയാണെങ്കില്‍ 2014 ഇലക്ഷന് മുമ്പ് ഒരു കൊല്ലം കൊണ്ട് ഒരു ചാണക സംഘി മുഖ്യമന്ത്രിയായിരുന്ന മോഡിയെ രാജ്യത്തെ ഏറ്റവും പവര്‍ഫുള്‍ ലീഡറെന്ന പേര് കിട്ടുമാറ് വേഷം കെട്ടിയാടിച്ച മാര്‍ക്കറ്റിങ് ടീമിനെ കോണ്‍ഗ്രസ്സ് വിലക്കെടുത്തിട്ടുണ്ട്. മോഡിയും കഴിഞ്ഞ ഇലക്ഷന്‍റെ മുമ്പുള്ള കാലത്ത് ഇപ്പോള്‍ രാഹുല്‍ പറയുന്ന പോലുള്ള കുറേ ഡയലോഗുകള്‍ പറയുമായിരുന്നു. അതിര്‍ത്തിയിലെ പട്ടാളക്കാരെ ഓര്‍ത്ത് എത്രയോ തവണ ആ സമയത്ത് മോഡി കരഞ്ഞിട്ടുണ്ട്. അന്ന് മോഡി പറഞ്ഞതിന്റെ വകഭേതങ്ങളായ പഞ്ച് ഡയലോഗുകള്‍ ഇത്തവണ രാഹുലും ഇറക്കുന്നുവെന്ന് മാത്രം.
ഏതായാലും ഒന്നുറപ്പാണ്. കോര്‍പ്പറേറ്റ് പണം ഇനി ഒഴുകുക രാഹുലിന് വേണ്ടിയാണ്.അത് ഉപയോഗിച്ച് ഇലക്ഷന് മുമ്പുള്ള ഈ കുറഞ്ഞ മാസങ്ങള്‍ കൊണ്ട് “രാഹുല്‍ ജി” എന്ന പവര്‍ഫുള്‍ ലീഡറുടെ മേക്കിങ് നടത്തുകയും ചെയ്യും.

Facebook post by Mansoor Paramal
  • 38
    Shares
ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.