Share The Article
രണ്ടുവർഷംമുമ്പ്  ജനം ടീവിയുടെ വാർത്താപുലരി എന്ന പരിപാടിയിൽ ഗസ്റ്റാകാൻ അവസരം ലഭിച്ചു. നിലപാടുകൾ കൊണ്ട് അവരോടു ഇന്ന് യോജിക്കാൻ കഴിയില്ലെങ്കിലും വളരെ പുരോഗമനപരമായ വിഷയങ്ങൾ തുറന്നു സംസാരിക്കാൻ സാധിച്ചു. എഴുത്തുവഴികളിലൂടെയും മലയാളകവിതയിലെ മാറ്റങ്ങളെ കുറിച്ചും വിവിധ സാമൂഹിക വിഷയങ്ങളെ കുറിച്ചും വസ്തുനിഷ്ഠമായി സംസാരിക്കാൻ സാധിച്ചു . അരമണിക്കൂർ അഭിമുഖത്തിലൂടെ….
===
ചോദ്യം : രാജേഷ് ശിവാ… ഓൺലൈൻ മാധ്യമങ്ങളിലൂടെ സജീവമാണ്. കവിതയിലും ബ്ലോഗെഴുത്തിലും ഒക്കെ സജീവമായ സാന്നിധ്യമാണ്. ഒരുപക്ഷെ ഈ ഒരു തലമുറയിൽ ഗദ്യകവിതകൾ പോലെ തന്നെ പദ്യകവിതകളും കൈകാര്യംചെയ്യുന്ന ഒരാൾ കൂടിയാണ്. എന്തുകൊണ്ട് ഈ പുതിയ തലമുറ പദ്യകവിതകൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല, അല്ലെങ്കിൽ…താളനിബദ്ധമായ രചനാസമ്പദ്രായം കവിതകളിൽ നിര്ബന്ധമാണ് എന്നൊരു അഭിപ്രായം ഉണ്ടോ അതോ ഒഴിവാക്കേണ്ടതാണോ ?
ഉത്തരം : അല്ല, വൃത്തകവിതകൾ നമ്മൾ എഴുതി ശീലിച്ചാൽ മാത്രമേ വൃത്തത്തെ ഭേദിക്കാൻ കഴിയു. ഒരു കൂർത്ത കല്ല് ഒരിക്കലും വൃത്തത്തിൽ ഒതുങ്ങില്ല. കാലം നമ്മോടു ആവശ്യപ്പെടുന്നത് കൂർത്തകല്ലുകൾ ആണ്. അനീതിക്ക് നേരെ വലിച്ചെറിയാൻ കൂർത്തകല്ലുകൾ ആവശ്യമെങ്കിൽ അവ ഒരിക്കലും ഒരു വൃത്തത്തിലോ ചതുരത്തിലോ ഒന്നിലും ഒതുങ്ങുന്നതല്ല. അപ്പോൾ ഒരു അനുവാചകന് അതെ അർത്ഥത്തിൽ ആ കവിത ഉൾക്കൊള്ളണം എങ്കിൽ, കാലമാവശ്യപ്പെടുന്ന രീതിയിൽ എഴുതണമെങ്കിൽ പുതിയ കാലഘട്ടത്തിന് അനുസരിച്ചുള്ള രചനകൾ എഴുതാൻ കവികൾ നിർബന്ധിരാകുകയാണ് ചെയുന്നത്. എല്ലാത്തിലും മാറ്റമുണ്ട്, സിനിമ ഒരുകാലത്തുനിന്നു ഇന്നത്തേക്ക് മാറുമ്പോൾ സാഹിത്യം മാത്രം മാറരുത്, കവിത മാത്രം മാറരുത് എന്ന് പറയുന്നതിൽ അടിസ്ഥാനമില്ല. അപ്പോൾ, കവിതയും മാറും. എല്ലാത്തിലും മാറ്റമുണ്ടാകും. അത് സ്വാഭാവികമായ കാര്യം.
===
ചോദ്യം : പ്രക്ഷേപണം ചെയ്യപ്പെടാത്ത തേങ്ങലുകൾ എന്നാണു ആദ്യ കവിതാ സമാഹാരത്തിന്റെ പേര്. എപ്പോഴും രാജേഷിന്റെ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ അതൊരിക്കലും ഉപരിതലസ്പർശി ആകുന്നില്ല. അത് അടിത്തട്ടിലൂടെ പ്രവഹിക്കുന്നൊരു അന്തർധാരയാണ്. പക്ഷെ അതിൽ സാമൂഹികമായ പല വിഷയങ്ങളും ഇടകലർന്നിട്ടുണ്ട്. എങ്ങനെയാണ് ഒരു സാമൂഹിക നിരീക്ഷകൻ എന്ന നിലയ്ക്ക് ഒബ്സർവ് ചെയുമ്പോൾ ഏതുതരം സംഭവങ്ങളെയാണ് കവിതയിലെ അകക്കണ്ണ് കൂടുതൽ സ്വാധീനിക്കാറുള്ളത് ?
ഉത്തരം : ഏതൊരു കവിയുടെയും ലക്‌ഷ്യം ഇരയ്ക്കു വേണ്ടിയുള്ള വാദമാണ്. അതാണ് പ്രാഥമികമായ കർത്തവ്യമെന്നു ഞാൻ കരുതുന്നു. കുറച്ചു വരികൾ എഴുതിവച്ചിട്ട് അതിൽ കുറെ സൗന്ദര്യബോധവും കാല്പനീകതയും, കാല്പനികത വേണ്ടെന്നു ഞാൻ പറയുന്നില്ല. കാല്പനീകതയിലൂടെയാണ് നാമൊക്കെ കടന്നുപോകുന്നത്.ആ ഭാവനാത്മകത, പക്ഷെ കാലം ഇന്നാവശ്യപ്പെടുന്നത് ഇരകളോടൊപ്പം നിൽക്കുക എന്നതാണ്. ‘പ്രക്ഷേപണം ചെയ്യപ്പെടാത്ത തേങ്ങലുകൾ’ പോലും, ലോകത്തു ഒരുപാട് യുദ്ധങ്ങളും കലാപങ്ങളും നടക്കുമ്പോൾ പലതും പ്രക്ഷേപണം ചെയ്യപ്പെട്ടു , പ്രക്ഷേപണം ചെയ്യപ്പെടുന്നതിലൂടെ ഇരകൾ ഒരുപാട് അറിയപ്പെട്ടു, അവർക്കുവേണ്ടി ലോകം ഒരുപാട് കരഞ്ഞു. ഇതെല്ലം ചെയ്തിട്ടും പ്രക്ഷേപണം ചെയ്യപ്പെടാതെ പോകുന്ന തേങ്ങലുകൾ ഒരുപാടുണ്ട്.  അവ ഏതൊക്കെയോ കാടുകൾക്കുള്ളിൽ വറ്റിപ്പോയി. ഏതൊക്കെയോ മരുഭൂമികളിൽ വറ്റിപ്പോയി. അത്തരം ഇരകളോട് ചേർന്നു നിൽക്കാൻ, അവരോടു അനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ് എന്റെ ആദ്യസമാഹാരം ‘പ്രക്ഷേപണം ചെയ്യപ്പെടാത്ത തേങ്ങലുകൾ’ ഇറങ്ങിയത്.

===
ചോദ്യം :  ഈ ഇരകൾക്കൊപ്പം ചേർന്ന് നിൽക്കൽ പുതിയകാലത്തെ എഴുത്തുകാർ എത്രത്തോളം സാർത്ഥകമായ രീതിയിൽ, ക്രിയാത്മകമായ രീതിയിൽ ചെയ്യുന്നുണ്ട് എന്നാണു വിശ്വസിക്കുന്നത് ? പല സംഭവങ്ങളിലും എഴുത്തുകാർ പ്രതികരിക്കുന്നില്ല, സാംസ്കാരിക നായകർ പ്രതികരിക്കുന്നില്ല…എന്നിങ്ങളെയുള്ള വിമർശനങ്ങൾ ശക്തമാണ്. അപ്പോൾ, ആരുടെയൊപ്പമാണ് ഒരെഴുത്തുകാരൻ നിൽക്കേണ്ടതെന്ന ചോദ്യം, അല്ലെങ്കിൽ ഒരു സാഹിത്യസൃഷ്ടിയുടെ ധർമ്മം എന്തായിരിക്കണം എന്ന ചോദ്യം കുറെ വർഷങ്ങളായി നിലനിൽക്കുന്ന തർക്കവും ഉത്തരംകിട്ടാത്ത ഒരു ചോദ്യവുമാണ് ഇന്നും. അപ്പോൾ, അതിന്റെയൊരു പശ്ചാത്തലത്തിൽ തന്നെ ചോദിക്കുകയാണ്. എഴുത്തുകാരൻ ആരുടെയൊപ്പമാണ് നിൽക്കേണ്ടത് ? വേട്ടക്കാരനെ എതിർക്കുകയും ഇരകൾക്കൊപ്പം നിൽക്കേണ്ടിയും വരുമ്പോൾ അതെത്രത്തോളം സാധ്യമാകുന്നുണ്ട് ഈ പുതിയകാലത്തിൽ ?
ഉത്തരം : ഇന്ന് സാഹിത്യം വഴി സമൂഹത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന അഭിപ്രായം എനിക്ക് അത്രത്തോളം ഇല്ല. ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്നു. അനവധി ഗീതങ്ങളിലൂടെ, കവിതകളിലൂടെ സ്വാതന്ത്ര്യസമരത്തെ പരിപോഷിപ്പിച്ച, ഉത്തേജിപ്പിച്ച കവികൾ നമുക്കുണ്ടായിരുന്നു. ഒരുകാലഘട്ടത്തിൽ സമൂഹത്തിന് സാഹിത്യം അങ്ങനെയായിരുന്നു. പക്ഷേ, കാലം മാറിയപ്പോൾ വായന സമൂഹത്തിൽ നിന്നും കുറെയൊക്കെ അന്യംനിന്നപ്പോൾ ഒരെഴുത്തുകാരന് എത്രത്തോളം അത് ചെയ്യാൻ കഴിയുന്നുണ്ട് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാൽ എഴുത്തുകാരൻ ചെയുന്നുണ്ടാകാം പക്ഷെ അത് എത്രത്തോളം സമൂഹത്തിൽ എത്തുന്നു എന്നതിനെ ആശ്രയിച്ചാണ് ഇപ്പോൾ ഈ ചോദ്യത്തിന്റെ പ്രസക്തി. സമൂഹത്തിൽ അത് എത്തപ്പെടുന്നില്ല. ആ ഒരു വിഷയത്തിൽ എഴുത്തുകാരൻ പരാജയപ്പെടുന്നു എന്നതല്ല. കാലഘട്ടം എഴുത്തുകാരനോട് ചെയുന്ന ക്രൂരതയാണ്. എല്ലാരും എഴുതുന്നുണ്ട്, ഇരകളോടൊപ്പം ആണ്. കവിതയിൽ/സാഹിത്യത്തിൽ കള്ളമില്ല വിശ്വസിക്കുന്നവനാണ് ഞാൻ . ചിലപ്പോൾ ഒരു വ്യക്തിയുടെ രാഷ്ട്രീയ ആദർശം എന്തായിരുന്നാലും അവനൊരിക്കലും ഒരു കൊലപാതകത്തെ അനുകൂലിച്ചു കവിത എഴുതാൻ പറ്റില്ല. ചിലപ്പോൾ അവന്റെ പാർട്ടി കൊല്ലുന്നുണ്ടാകാം . പക്ഷെ അവനൊരു കവിയാണെങ്കിൽ അവനു അതിനെ അനുകൂലിച്ചു എഴുതാൻ പറ്റില്ല. അതുകൊണ്ടു എല്ലാ എഴുത്തുകാരും ഇരകളോടൊപ്പം തന്നെയാണ്.
===
ചോദ്യം :  രാജേഷ് ശിവ എന്ന വ്യക്തിക്ക് അതെത്രത്തോളം സാധ്യാമാകുന്നു എന്നാണു സ്വയമേ ചിന്തിക്കുമ്പോൾ തോന്നുന്നത് ?
ഉത്തരം : വ്യക്‌തിപരമായി ഞാനെപ്പോഴും നൂറുശതമാനവും ഇരകളോടൊപ്പം തന്നെയാണ് നിലകൊള്ളുന്നത്. എന്റെ രചനകളോടൊപ്പം കടന്നുപോകുമ്പോഴും ഇരകളോടൊപ്പം തന്നെയാണെന്ന് മനസിലാകും. രാഷ്ട്രീയപക്ഷം ഇല്ലെന്നു പറയുന്നത് ഇക്കാലത്തൊരു അശ്ലീലമാണ്. കുടിക്കുന്ന വെള്ളത്തിൽ പോലും രാഷ്ട്രീയമുണ്ട്. എന്റെ രാഷ്ട്രീയത്തിൽ നിന്നുകൊണ്ട് ഇരകൾക്കു വേണ്ടി വാദിക്കുക. മുഖംനോക്കാതെ വേട്ടക്കാരനെ എതിർത്തു ഇരകളോടൊപ്പം നിലകൊള്ളുക എന്നത് ഞാൻ ചെയുന്നുണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം.
===
ചോദ്യം :  സമകാലിക വിഷയങ്ങളെ കുറിച്ച് കവിത എഴുതുമ്പോൾ ക്രൂശിക്കപ്പെടാറുണ്ടോ .. അത്തരം അനുഭവങ്ങൾ ഉണ്ടാകാറുണ്ടോ ?
ഉത്തരം : ഒരുപാടുണ്ട്. വായനക്കാരൻ ഇപ്പോഴും രാഷ്ട്രീയപക്ഷത്തു ചേർന്ന് നിൽക്കുന്നവനാണ്. അവനെതിരായി ഒരു വിഷയം നമ്മൾ എഴുതുമ്പോൾ, അതിപ്പോൾ കവിത തന്നെ ആകണം എന്നില്ല, ഒരു ഫേസ് ബുക്ക് സ്റ്റാറ്റസിൽ നിന്നുപോലും ക്രൂരമായ അക്രമങ്ങൾ നേരിടേണ്ടിവരും. ഇൻബോക്സിലൊക്കെ വന്നു തെറിവിളി, ഫോൺ നമ്പർ കയ്യിലുണ്ടങ്കിൽ പറയുകയുംവേണ്ട. അത്തരം അവസ്ഥകൾ സ്വാഭാവികമായും എല്ലാർക്കും നേരിടേണ്ടി വന്നിട്ടുള്ള കാര്യമാണ്. കാരണം സഹിഷ്ണുതയില്ലായ്മ ആണല്ലോ നമ്മുടെ സമൂഹത്തിൽ ഏറ്റവും വലിയ പ്രശ്നമായി നിലകൊള്ളുന്നത്. ഒന്നിനെയും അംഗീകരിക്കനുള്ള ക്ഷമ ഇന്ന് ആർക്കും ഇല്ല.  നമുക്കെതിരായി പറഞ്ഞാൽ ശത്രു, അനുകൂലമായി പറഞ്ഞാൽ അപ്പോൾ തന്നെ ബന്ധുവും ആകും. ഇതുതികച്ചും അപേക്ഷികമായൊരു കാര്യമാണ്.
===
ചോദ്യം : ഈ അസഹിഷ്ണുത എഴുത്തിനെ ഏതെങ്കിലും രീതിയിൽ ബാധിച്ചിട്ടുണ്ടോ ?
ഉത്തരം : ഉണ്ട്, സമൂഹത്തിലെ അസഹിഷ്ണുത സ്വാധീനിച്ചിട്ടുണ്ട്. കാരണം അസഹിഷ്ണുതയിൽ നിന്നാണല്ലോ തെറ്റുകുറ്റങ്ങൾ സ്വാഭാവികമായും ഉണ്ടാകുന്നതു. ഒരു കൂട്ടത്തിനു മേൽ മറ്റൊരു കൂട്ടത്തിന്റെ അസഹിഷ്ണുതയാണല്ലോ ഇവിടെ  ഇരയേയും വേട്ടക്കാരനെയും സൃഷ്ടിക്കുന്നത്. ലോകത്തിന്റെ ലിഖിതമായ ചരിത്രം മുതൽ നിലനിൽക്കുന്നത് അങ്ങനെ തന്നെയാണ്. സഹിഷ്ണുതയും അസഹിഷ്ണുതയും തമ്മിലുള്ള പോരാട്ടമാണ് എവിടെയും നടക്കുന്നത്. ഭരണഹാദനയിൽ എന്തൊക്കെ എഴുതിവച്ചാലും അസഹിഷ്ണുത വളരെ വലിയ തോതിൽ വേരോടിയിട്ടുണ്ട്. അതെല്ലാപേരിലും ഉണ്ട്. എത്ര സമത്വവാദികൾ എന്ന് പറയുന്നവരിൽ പോലും ഉണ്ട്.
===
ചോദ്യം : ഇരകൾ എന്ന പ്രയോഗം ശരിയല്ല എന്ന വാദം ഇപ്പോൾ ഉയരുന്നുണ്ട്. എങ്കിൽ പോലും കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ, വളരെയേറെ സാംസ്കാരിക പ്രബുദ്ധതയുള്ള നാടാണ് എന്ന് അവകാശപ്പെടുമ്പോഴും അഹങ്കരിക്കുമ്പോഴും ഇവിടെയാണ് ഏറ്റവുമധികം ലൈംഗിക അതിക്രമങ്ങൾ ഉണ്ടാകുന്നതും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നതും. ഇപ്പോൾ സജീവമായി സദാചാര ഗുണ്ടായിസം എന്ന വാക്ക് ആവർത്തിച്ചു പ്രയോഗിക്കപ്പെടുന്നത്. ബസിൽ യാത്രചെയ്യുമ്പോൾ സ്ത്രീകളുടെ പിറകിൽ തോണ്ടുന്ന സമൂഹമുള്ളതു കേരളത്തിലാണ്. അത് തമിഴ്‌നാട്ടിൽ പോയാലോ ഉത്തരേന്ത്യയിൽ പോയാലോ കാണാൻ കഴിയില്ല. പാതിരാത്രിയിൽ തെരുവിലൂടെ സ്വാതന്ത്ര്യത്തോടെ നടന്നുപോകാൻ ബാംഗ്ലൂരിലും തമിഴ്നാട്ടിലുമൊക്കെ സ്ത്രീകൾക്ക് സാധിക്കുന്നുണ്ട് .പക്ഷെ കേരളത്തിലെ ഐടി നഗരമെന്ന വാഴ്ത്തുന്ന കൊച്ചിയിൽ പോലും അത് സാധിക്കുന്നില്ല, അപ്പോൾ അങ്ങനെ സ്ത്രീകൾ നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന, സ്ത്രീകൾ പ്രതികരിച്ചാൽ അവരെ ഒറ്റപ്പെടുത്തുന്ന ഒരു സമൂഹം കേരളത്തിലുണ്ട്. രാജേഷിന്റെ ഒരു സമാഹാരത്തിന്റെ പേരുതന്നെ ‘സ്ത്രീലിംഗമുള്ള തെരുവ്’ എന്നാണു. എന്താണ് രാജേഷ് കവിതകളിലൂടെ ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷരാഷ്ട്രീയം ?
ഉത്തരം :  ഈ പറഞ്ഞവിഷയവുമായി ബന്ധപ്പെട്ടു നോക്കിയാൽ കേരളത്തിന്റെ ബൗദ്ധികത ഒരു ഊതിവീർപ്പിച്ച ബലൂണാണ്. ഈ പറയുന്നപോലുള്ള ബൗദ്ധികതയോ പുരോഗമനസ്വഭാവമോ ഇവിടത്തെ ജനങ്ങൾക്കില്ല. പുരോഗമനം എന്ന പദം പോലും സമൂഹത്തിൽ നാലുപേരുടെ കൂടെ സംസാരിക്കുമ്പോൾ ഉയർന്നുവരുന്ന ഒന്നാണ്. അതാകട്ടെ കൂടുതൽ പ്രയോഗിക്കുന്നത് കേരളത്തിലും. ഞാൻ സൗത്ത് ഇന്ത്യയിലെ പല നഗരങ്ങളിലും യാത്ര ചെയ്തിട്ടുള്ളപ്പോൾ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ബസിൽ യാത്രചെയ്യുമ്പോൾ സ്ത്രീകൾക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ നമ്മോടൊപ്പം ഇരുന്നു യാത്ര ചെയ്യാൻ സാധിക്കുന്നുണ്ട്. പക്ഷെ കേരളത്തിൽ അത് സാധിക്കുന്നില്ല എന്നത് പുരുഷവർഗ്ഗത്തിന് തന്നെ നാണക്കേടായിട്ടു മാത്രമേ കാണാൻ സാധിക്കൂ . ആനുകാലികമായി ചില സംഭവങ്ങളിലൂടെ നോക്കിയാൽ തന്നെ വളരെ മോശമായ രീതിയിലേക്ക് കേരളസമൂഹം പോയിക്കഴിഞ്ഞു. സ്ത്രീയ്ക്ക് പ്രതികരിക്കാൻ വയ്യ, അവൾ പ്രതികരിച്ചാൽ ഒറ്റപ്പെടുത്തി അവളെ വേശ്യ എന്നും മോശപ്പെട്ട നിലയ്ക്ക് ജീവിക്കുന്നവൾ എന്നും മുദ്രകുത്തുന്ന ഒരവസ്ഥയിലേക്ക് പോകുന്നു, അതിൽ എല്ലാ തരത്തിലും ഉള്ളവർ ഉണ്ട് എന്നതാണ് ഏറ്റവും ദുഖിപ്പിക്കുന്നത്. പുരോഗമനവാദി എന്ന് പറയുന്നവർ പോലും, അവർക്കെതിരായി ആണ് ഈ സ്ത്രീകൾ പ്രതികരിക്കുന്നതെങ്കിൽ അപ്പോൾ തന്നെ അവളെ മോശക്കാരിയാക്കുന്നു. സ്ത്രീലിംഗമുള്ള തെരുവ് എന്ന ടൈറ്റിലിലൂടെ ഞാൻ ഉദ്ദേശിക്കുന്നത് ഈ ഒരു വിഷയത്തിൽ ഉപരി, എന്റെ മൂന്നു പുസ്തകങ്ങളും ഓരോ ഐക്യദാർഢ്യങ്ങൾ ആണ്. സ്ത്രീലിംഗമുള്ള തെരുവിലൂടെ പറയുന്നത് ലോകത്തെവിടെയും മാംസവ്യാപാരത്തിൽ അധിഷ്ഠിതമായ ഒരു സംസ്കാരം ശക്തിയാർജ്ജിച്ചിട്ടുണ്ട്. സെക്സ് ടൂറിസം ഒക്കെ വളരെ മുന്നോട്ടുപോകുന്ന അവസ്ഥ. നമ്മുടെ മുംബയിലെ കാമാത്തിപ്പുരയിലും കൊൽക്കത്തയിലെ സോനാഗച്ചിയിലും ഇത് വളരെ മോശമായ രീതിയിൽ..തികച്ചും ചൂഷണത്തിലൂടെ, മനുഷ്യനെ പുഴുവരിക്കുന്ന അവസ്ഥയിലൊക്കെ പുറന്തള്ളുന്ന രീതിയിലേക്ക് സ്ത്രീകൾ അവരുടെ ശൈശവം മുതൽ വാർദ്ധക്യം വരെ അതെ തെരുവുകളിൽ തന്നെ ജീവിച്ചു മരിക്കേണ്ട അവസ്ഥ. സ്ത്രീലിംഗമുള്ള തെരുവ് ആ ഒരു തെരുവിന്റെ ശൈശവത്തിൽ നിന്നും വാർദ്ധക്യത്തിലേക്ക് ഓരോ വ്യക്തികളുടെയും അവസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത്. ഞാനെപ്പോഴും സ്ത്രീപക്ഷത്തു നിന്നും വാദിക്കുന്ന ഒരു വ്യക്തിയാണ്. സ്ത്രീ അബലയാണെന്ന് ഞാൻ കരുതുന്നില്ല. അവൾക്കു പ്രകൃത്യാലുള്ള ചില സ്വാഭാവിക കുറവുകളുണ്ട്. അപ്പോൾ അവരോടു ചേർന്ന് നിന്ന് അവർക്കു വേണ്ടി വാദിക്കുക എന്നത് പുരുഷന്റെ കടമയാണ്. അപ്പോൾ ആ ഒരു രീതിയിൽ ഞാനെന്റെ കർത്തവ്യം കവിതയിലൂടെ നിർവഹിക്കുന്നു.
===
ചോദ്യം : യഥാർത്ഥത്തിൽ അതുകൂടി പെണ്ണെഴുത്തായി മാറേണ്ടതല്ലേ ? ഒരുകാലത്തു പെണ്ണ് എഴുതുന്നത് മാത്രമാണ് പെണ്ണെഴുത്ത് എന്ന ചിന്ത മലയാളത്തിൽ ഉണ്ടായിരുന്നു. ആ ധാരണയെ അട്ടിമറിച്ചുകൊണ്ടു, ഇപ്പോൾ രാജേഷ് പറഞ്ഞതുതുപോലെ, പെണ്ണിനുവേണ്ടി ഒരാണ് എഴുതുമ്പോൾ, പീഡിപ്പിക്കപ്പെടുന്ന അല്ലെങ്കിൽ പാർശ്വവത്കരിക്കപ്പെടുന്ന സ്ത്രീകൾക്കുവേണ്ടി എഴുതുമ്പോൾ അതും പെണ്ണെഴുത്ത് ആയി വ്യാഖ്യാനിക്കേണ്ടതല്ലേ ? അതല്ലേ ഉയർത്തിപ്പിടിക്കേണ്ട എഴുത്തിലെ മാനവികത ?
ഉത്തരം :  അതെ അങ്ങനെയാകാൻ, പെണ്ണെഴുത്തിന്റെ ഗണത്തിലേക്ക് അതിനെയും നമുക്ക് പെടുത്താവുന്നതാണ്. എന്റെ ചല രചനകൾ വായിച്ചിട്ടു ചില സുഹൃത്തുക്കൾ പറയുകയുണ്ടായി. സ്വാഭാവികമായും പെണ്ണിനുവേണ്ടി എഴുതുന്നതുകൊണ്ടു അങ്ങനെ പറയുന്നതിൽ തെറ്റില്ല. എന്നാൽ ഒരെഴുത്തുകാരൻ എന്ന നിലയ്ക്ക് ആണോ പെണ്ണോ എന്നതല്ല, പൊതുവായി ഇരയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇര ലോകത്തുള്ളതാണ്. വേട്ടക്കാരൻ ഉണ്ടെങ്കിൽ ഇരയുമുണ്ട്. സ്ത്രീപുരുഷഭേദമന്യേ ഇരയോടൊപ്പം ചേർന്നുനിൽക്കുക . നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ ധാരാളം ക്രൂശിക്കപ്പെടുന്നു. അവരെ ഒരുപാട് ഇരകളാക്കപ്പെടുന്നു. ലൈംഗീക ചൂഷണങ്ങൾക്ക് വിധേയമാക്കുന്നു. ആ ഒരു സമൂഹത്തിൽ നിൽക്കുമ്പോൾ പെണ്ണും എന്റെ മുന്നിൽ ഇരയാണ്. അപ്പോള വർക്കുവേണ്ടി എഴുതുമ്പോൾ സ്വാഭാവികമായും പെണ്ണെഴുത്ത് ആകുന്നു.
===
ചോദ്യം :  ഗദ്യകവിതകളെയും പദ്യകവിതകളെയും, യഥാർത്ഥത്തിൽ അങ്ങനെയൊരു തരംതിരിവ് തന്നെ ആവശ്യമില്ല എന്നാണു തോന്നുന്നത്.   സ്‌കൂളുകളിൽ പഠിക്കുമ്പോൾ ഇത് കവിതയാണ് എന്നല്ല പദ്യമാണ് എന്നാ നിലയ്ക്കാണ് പഠിപ്പിക്കുന്നത്. പിന്നീട് ഉയർന്ന ക്ലാസുകളിലേക്ക് പോകുമ്പോഴാണ് ഇതുരണ്ടും ഒന്നുതന്നെ എന്ന് മനസിലാകുന്നത്. ആ ഒരർത്ഥത്തിൽ ആരുടെ കവിതയാണ് ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത് ? ആശാൻ മുതൽക്കിങ്ങോട്ട് തുടങ്ങി ഇടപ്പള്ളി പിന്നീട് വൈലോപ്പിള്ളി അങ്ങനെ വരുമ്പോൾ എഴുത്തുവഴിയിൽ ആരുടെ പ്രേരണയാണ്, സ്വാധീനമാണ് പ്രകടമായി ഉണ്ടായിട്ടുള്ളതെന്ന് സ്വയം തോന്നുന്നത് ?
ഉത്തരം :  ഞാൻ മലയാളം സാഹിത്യമാണ് യൂണിവേഴ്‌സിറ്റി കോളേജിൽ പഠിച്ചത്. ആശാൻ ആശയഗംഭീരൻ എന്ന് പറയുന്നതുപോലെ അദ്ദേഹത്തിന്റെ രചനകൾ ഭാഷാപരമായി ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. എങ്കിലും കൂടുതൽ തിളയ്ക്കുന്ന കവിതകളാണ് താത്പര്യം. ചുള്ളിക്കാടിനോടാണ് അത്തരത്തിൽ കൂടുതൽ ഇഷ്ടം. ഓരോ കാലഘട്ടങ്ങളിലൂടെ കടന്നുവന്ന കവികളെ ഓരോരീതിയിൽ ആണ് വിലയിരുത്തുന്നത്. ആശാൻ, ഉള്ളൂർ, വള്ളത്തോൾ ആ കവിത്രയങ്ങളുടെ രചനാശൈലി ഒന്നുവരെ തന്നെയാണ്. ഭാഷാപരമായി പ്രൗഢ രചനകൾ. ഇപ്പോൾ കാലം മാറിക്കൊണ്ടിരിക്കുമ്പോൾ കവികൾ അത് അടയാളപ്പെടുത്തുന്നു. അതോടൊപ്പം നമ്മുടെ താത്പര്യങ്ങളിലും മാറ്റങ്ങൾ ഉണ്ടാകുന്നു.
===
ചോദ്യം :  ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ തിരഞ്ഞെടുത്ത ‘പതിനെട്ടു കവിതകൾ’ എന്ന കാവ്യ സമാഹാരത്തിനു ശേഷം മലയാളത്തിൽ വ്യത്യസ്തമായ കാവ്യസമാഹാരം ഉണ്ടായിട്ടില്ല. എന്ന നിരീക്ഷണം ചിലർ മുന്നോട്ടു വയ്ക്കുന്നു. അതോടൊപ്പം പുതിയകാലത്തെ ഗദ്യകവിതകൾക്കു എതിരായിട്ടുള്ള വിമർശനം,  ഒരു വാചകം നാലായി തരംതിരിച്ചു എഴുതിക്കഴിഞ്ഞാൽ അത് ഗദ്യകവിതയായിക്കഴിഞ്ഞു . പുതിയ കാലത്തെ കവിതയിൽ എന്തുപ്രതീക്ഷയാണ് ഉള്ളത് ?
ഉത്തരം : നമ്മൾ സാധാരണ വിവർത്തനകവിതകളിൽ ഒക്കെയാണ് ഗദ്യകവിതകൾ ആദ്യകാലങ്ങളിൽ വായിച്ചു തുടങ്ങിയത്.  വിദേശകവിതകൾക്കു അതിന്റേതായ ഒരു താളമുണ്ട്. ഗദ്യത്തിന് അതിന്റേതായ ഒരു താളമുണ്ട്. വൃത്തമഞ്ജരിയിൽ രാജരാജവർമ്മ തന്നെ പറഞ്ഞിട്ടുണ്ട്, പദ്യം വൃത്തലക്ഷണത്തെയും കാവ്യം സാഹിത്യലക്ഷണത്തെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. കാവ്യം പദ്യത്തിൽ തന്നെ എഴുതണമെന്നു ഒരിടത്തും ആരും പറഞ്ഞിട്ടില്ല. അത് ഒരുകാലഘട്ടത്തിൽ പദ്യം ചൊല്ലിപഠിച്ച ഒരു തലമുറയുടെ വാദഗതിയാണ്. പുതിയ കാലഘട്ടത്തിൽ നവഭാവുകത്വം പകർന്നു നൽകാൻ പഴയരീതിയിൽ എഴുതപ്പെടുന്ന കവിതകൾക്ക് സാധിക്കുന്നില്ല. പുതിയ ബിംബങ്ങൾ, പ്രയോഗങ്ങൾ, ആശയങ്ങൾ എല്ലാം പുതിയ രചനാശൈലിയിൽ ഉണ്ട്. അത് വായിക്കുമ്പോൾ മനസിലാകും, ആശയപരമായ മേന്മയും സൗന്ദര്യവും അവയിൽ ദർശിക്കാൻ സാധിക്കും. പിന്നെ ദുർഗ്രഹത കൂടുതലാണ് പുതിയ ശൈലിയിൽ എന്നൊരു വാദമുണ്ട്, അത് ഓരോ കവികളുടെ ശൈലിയുടെ വ്യത്യാസം മാത്രമാണ്. പുതിയ കാലഘട്ടത്തിലെ ശൈലിയെ ഈ കാലഘട്ടത്തിൽ നിന്ന് സ്വീകരിച്ചേ മതിയാകൂ. ഞാൻ നേരത്തെ പറഞ്ഞതുപോലെ, എല്ലാത്തിലും മാറ്റംവന്നതുപോലെ കവിതയിൽ വന്ന മാറ്റത്തെ അംഗീകരിക്കാതിരിക്കുന്നതിൽ അർത്ഥമില്ല.
===
ചോദ്യം :  പക്ഷെ അതൊന്നും ചുള്ളിക്കാട് സൃഷ്ടിച്ചപോലെ കവിതയിലൊരു വിസ്ഫോടനം സൃഷ്ടിക്കുന്നില്ല എന്നാണ് വിമർശകരുടെ വാദം. ഇപ്പോൾ, വീരാൻകുട്ടിയുണ്ട് പി.രാമനുണ്ട് സെബാസ്ത്യനുണ്ട് … എങ്കിൽ പോലും ചുള്ളിക്കാട് സൃഷ്ടിച്ച ഒരു വിസ്ഫോടനം കവിതയിൽ സാധ്യമാകുന്നില്ല എന്നതാണ് ?
ഉത്തരം : എനിക്ക് തോന്നുന്നത്, ചുള്ളിക്കാടിന്റെ ചൊൽക്കവിതകൾ പാടിപ്പാടി ചൊല്ലിച്ചൊല്ലി ആ രീതിയിൽ അക്കാലത്തു പഠിച്ചു. ഗദ്യകവിതകളിലേക്കു വന്നപ്പോൾ ചൊല്ലൽ എന്ന രീതി അവിടെ ഇല്ലാതായി. ഗദ്യം വായനയാണ്.  ഗദ്യത്തിനു താളമുണ്ടെങ്കിലും അത് വായിച്ചാണ് കവിയരങ്ങുകളിൽ കേൾപ്പിക്കുന്നത്. ഗദ്യകവിത ഒരിക്കലും ഒരാൾക്ക് കാണാപാഠം പഠിച്ചുവയ്ക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. താളനിബദ്ധമായ കവിതകൾ നമുക്ക് കാണാപാഠം പഠിക്കാൻ സാധിക്കും. ഗദ്യകവിതകൾ അതുകൊണ്ടുതന്നെ ആ ഒരു വായനയ്ക്ക് ശേഷം അതിന്റെ ആശയപരമായ ആഴം മനസ്സിൽ തങ്ങിനിൽക്കുന്നു എങ്കിലും വരികൾ ഒരുപക്ഷെ നമ്മൾ മറന്നുപോകും. എന്റെ കാഴ്ചപ്പാടിൽ,  അതുകൊണ്ടുതന്നെയാകും പദ്യകവിതകളെ അപേക്ഷിച്ചു ഗദ്യകവിതകൾ അധിക ശ്രദ്ധിക്കാതെ പോകുന്നതിന്റെ കാരണം. ഗദ്യകവിതകൾ വായനയിലൂടെ അനുഭൂതി പകരുന്നവയാണ്. പദ്യകവിത രണ്ടും നമുക്ക് അനുഭവിപ്പിച്ചു തരുന്നു.
===
ചോദ്യം :  എങ്കിലും ഒരുകാലത്തു കവിതയെ ആഴത്തിൽ വായിച്ചൊരു തലമുറ ഉണ്ടായിരുന്നു. അങ്ങനെയാണ് നമ്മൾ ഉള്ളൂരിനെയും വൈലോപ്പിള്ളിയെയും ഇടപ്പള്ളിയേയും നമ്മൾ ഇപ്പോഴും വായിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ അതിനിടയിലും ചില തിരസ്കാരങ്ങളും തെറ്റിദ്ധാരണകളും ഒക്കെ ഉണ്ടായിട്ടുണ്ട്. പി.കുഞ്ഞിരാമൻനായർ നമുക്കിപ്പോഴും ഒരു ഭക്തകവി മാത്രമാണ്. അതിനപ്പുറത്തു പിയെ വായിക്കാൻ മലയാളം തയ്യാറായിട്ടില്ല എന്നുതോന്നുന്നു. പിന്നീട് കെജിഎസ്, ആറ്റൂർ…അവരുടെ കവിതകൾ മുന്നോട്ടുവച്ച രാഷ്ട്രീയം. സച്ചിദാനന്ദന്റെ കവിതകൾ മുന്നോട്ടുവച്ച രാഷ്ട്രീയത്തെ പഠിച്ച അത്രയും ആഴത്തിൽ കെജിഎസിനേയോ ആറ്റൂരിനെയോ പഠിച്ചില്ല എന്നുതോന്നുന്നു. അങ്ങനെ ചില തിരസ്കാരങ്ങൾ മലയാളകവിതസാഹിത്യം വച്ചുപുലർത്തിയിരുന്നു എന്ന് തോന്നിയിട്ടുണ്ടോ ?
ഉത്തരം :  ഉണ്ട് തോന്നിയിട്ടുണ്ട്, ചിലവ്യക്തികൾ കൂടുതൽ പഠിക്കപ്പെടുന്നു, ശ്രദ്ധിക്കപ്പെടുന്നു. സച്ചിയുടെ കവിതകൾ.. ഒരു കാലഘട്ടത്തിന്റെ ഏറ്റവും നല്ല ഒരുപാടു കവിതകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇടതു-നക്സൽ രാഷ്ട്രീയവുമായൊക്കെ ചേർന്നുനിന്നെഴുതുന്ന രചനകൾ ആണ് അദ്ദേഹത്തിന്റെ. വിദേശകവിതകളുടെ തർജ്ജമയായിട്ടൊക്കെയാണ് ഞാൻ കൂടുതലും അദ്ദേഹത്തെ വായിച്ചിട്ടുള്ളത്. അദ്ദേഹത്തെ അപേക്ഷിച്ചു കുറേപേർ ശ്രദ്ധിക്കപെടാതെ പോയെന്നുതന്നെയാണ് എന്റെയും അഭിപ്രായം. ശ്രദ്ധിക്കപ്പെടാതെ പോയവരെ കുറിച്ച് പറയാനാണെങ്കിൽ അവർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം മാത്രമാകില്ല കാരണം, രചനാപരമായ ശൈലിയുടെ വ്യത്യാസവും ആകാം. എനിക്കും സച്ചിയുടെ കവിതകൾ ആണ് ഇഷ്ടം. ഈ പറയുന്നവരെക്കാൾ. അതൊരുപക്ഷേ അദ്ദേഹത്തിന്റെ ശൈലികൊണ്ട് തന്നെയാകും. കൂടുതൽ പ്രചാരം നേടുന്നുണ്ട് അദ്ദേഹത്തിന്റെ കവിതകൾ. സച്ചി ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയം നമുക്കു മുന്നിൽ തുറന്നിട്ട ആളാണ്.
===
ചോദ്യം :  കവിതയ്ക്കു രാഷ്ട്രീയം വേണമെന്നോ വേണ്ടന്നോ,  എന്താണ്  രാജേഷിന്റെ അഭിപ്രായം ?
ഉത്തരം :  കവിതയ്ക്കു രാഷ്ട്രീയം വേണം, കുടിക്കുന്ന വെള്ളത്തിൽപോലും രാഷ്ട്രീയം ഉണ്ട്.
അപ്പോൾ കവിതയിൽ അതുണ്ടായാലെന്ത് ? രാഷ്ട്രീയം എന്നാൽ കക്ഷരാഷ്ട്രീയം എന്ന് ചിന്തിക്കുന്നിടത്താണ് നമുക്ക് തെറ്റ് സംഭവിക്കുന്നത്. എല്ലാം രാഷ്ട്രീയമാണ്. ഭരണകൂടത്തെ വിമർശിക്കുന്നതും രാഷ്ട്രീയമാണ്, പൗരൻ അവകാശം ചോദിച്ചെഴുതുന്നതും രാഷ്ട്രീയമാണ്. അവനൊരു പാർട്ടിയുടെ കൊടിയുടെ തണലിനു കീഴിൽ നിൽക്കണമെന്ന് ഒരു നിർബന്ധവും ഇല്ല. അതുകൊണ്ടു രാഷ്ട്രീയം കവിതയ്ക്കു വേണം. എന്റെ അഭിപ്രയത്തിൽ ഇക്കാലത്തു രാഷ്ട്രീയം ഇല്ലാതെ എഴുതുന്നവ ഒരുതരം അനാവശ്യകവിതകൾ ആയിപോകുന്നു. കാലഘട്ടത്തിന്റെ പ്രത്യേകത കൊണ്ടാണ് ഞാൻ അങ്ങനെ സൂചിപ്പിച്ചത്.
===
ചോദ്യം : അതുതന്നെയല്ലേ ഈ സാമൂഹികമാധ്യമങ്ങളിലും കൂടുതലായി കാണുന്നത് ?
ഉത്തരം : സാമൂഹികമാധ്യമങ്ങളിൽ ഇരിക്കുന്ന വ്യക്തി ഇപ്പോഴും ആക്റ്റിവ് ആയിരിക്കും.  അവനെപ്പോഴും വാർത്തകളിലൂടെ, സംഭവങ്ങളിലൂടെ ഇപ്പോഴും കടന്നുപോകുന്നു.  ഇന്ന് വെബ് പോർട്ടലുകളുടെ ഒരുപാട് വേലിയേറ്റം ഉണ്ടാകുന്ന കാലമാണ്.  ഫേസ് ബുക്കിൽ ഒക്കെ ഇരിക്കുന്ന ഒരാൾ ഓരോ മിനിറ്റും അനവധി ലിങ്കുകൾ കാണുന്നു, ലോകത്തു നടക്കുന്ന വിഷയങ്ങളിലൂടെ അവൻ കയറിയിറങ്ങുന്നു. പ്രതികരിക്കാൻ പെട്ടന്നൊരു വേദിയും ഒരുങ്ങുന്നു. സ്വാഭാവികമായും അവൻ രഷ്ട്രീയവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. അവനിൽ പ്രണയത്തക്കാൾ, കാല്പനീകതയെക്കാൾ അനുനിമിഷം ലോകത്തു നടക്കുന്ന തീക്ഷ്ണമായ സംഭവങ്ങൾ ആകും സ്വാധീനം ചെലുത്തുക.
===
ചോദ്യം : രാജേഷ് ശിവ മുന്നോട്ടുവച്ച നിരീക്ഷണം വളരെ കാലികവും പ്രസക്തവുമായതുമാണ്. മഞ്ജു വാരിയർ തനിക്കു രാഷ്ട്രീയമില്ല സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടപ്പോൾ അതിനെ വിമര്ശിക്കപ്പെട്ടതും അതുകൊണ്ടാണ്, രാഷ്ട്രീയം വേണം. ഒരുപക്ഷെ കലാലയരാഷ്ട്രീയം ഇല്ലാതെ പോയതുകൊണ്ടാകാം ഇത്തരം ജിഷ്ണു പ്രണോയിയെ പോലുള്ള രക്തസാക്ഷികൾ ഉണ്ടാകുന്നതു. അപ്പോൾ രാഷ്ട്രീയം വേണം. ഈയൊരു രാഷ്ട്രീയം എന്തായിരിക്കണം. അത് ഇരയുടെ രാഷ്ട്രീയം ആകണം എന്ന് നേരത്തെ പറഞ്ഞു. സർഗ്ഗാത്മകതയുടെ ഒരു തുറന്നെഴുത്തിന് അതെപ്പോഴെങ്കിലും ബ്ലോക്ക് ഉണ്ടാക്കിയിട്ടുണ്ടോ ?
ഉത്തരം :  രാഷ്ട്രീയം കുറെയൊക്കെ വിലങ്ങുതടികൾ ഓരോ വ്യക്തിയിലും സൃഷ്ടിക്കും. ചില കാര്യങ്ങളിൽ ചിലർ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് ഒരു തെറ്റുപറ്റുമ്പോൾ എല്ലാർക്കും സംഭവിക്കുന്ന ഒരു മിസ്റ്റേക്ക്, അവർ എത്ര മാനവികത പറയുന്നവർ ആയാലും സംഭവിക്കും. അവരുടെ സർഗ്ഗാത്മകത അവിടെ വഴിമുട്ടും. എതിരാളികളുടെ ഭാഗത്തു നിന്ന് ഒരു തെറ്റ് സംഭവിച്ചാൽ സർഗ്ഗാആത്മകത സടകുടഞ്ഞു എഴുന്നേൽക്കും. കഴിയുന്നതും അത്തരമൊരു അവസ്ഥയിൽ നിന്ന് മാറിനടക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. തെറ്റ് ആര് ചെയ്താലും അത് തെറ്റെന്നു പറയാനുള്ള ഒരാർജ്ജവം ഉണ്ടാകണം. ഞാൻ വിശ്വസിക്കുന്ന കക്ഷി തെറ്റുചെയ്താലും അത് തെറ്റെന്നു പറയാനുള്ള ബോധം എനിക്കുണ്ട്. മുഖം നോക്കാതെ എഴുതാറുണ്ട്. എന്റെ മുന്നിലുള്ളത് തെറ്റും ശരിയും മാത്രമാണ്. ഞാനെന്ന വ്യക്തിക്ക് തന്നെ തെറ്റ് സംഭവിക്കാം. പിന്നെ പ്രസ്ഥാനത്തിന് എന്തുകൊണ്ട് സംഭവിച്ചുകൂടാ..ഞാനെന്ന വ്യക്തിയെ തന്നെ സ്വയ വിമർശനത്തിന് വിധേയമാക്കുമ്പോൾ പ്രസ്ഥാനത്തെ വിമർശിച്ചാൽ എനിക്കെന്താ കുഴപ്പം ? എ നിലയ്ക്കാണ് ഞാൻ ചിന്തിക്കുന്നത്.
===
ചോദ്യം : രാജേഷ് ശിവ എന്ന എഴുത്തുകാരനെ സുഹൃത്തുക്കൾ അല്ലെങ്കിൽ ആസ്വാദകർ എല്ലാം വിശേഷിപ്പിക്കുന്നത് ‘ശക്തനായ കവി’ എന്നാണ്. അവരത് പകുതി ഹാസ്യവും പകുതി ഗൗരവവും കലർത്തി, താങ്കളൊരു ബോഡി ബിൽഡർ ആയതുകൂടി കൊണ്ട് പറയുന്നതാണ്.  പക്ഷെ ഈ നിലപാടുകളിലെ കരുത്തുകൊണ്ടാണ് ശക്തനായ കവി എന്ന പേരുകിട്ടിയതെന്ന് ഞാൻ പറഞ്ഞാൽ യോജിക്കുന്നോ വിയോജിക്കുന്നോ ?
ഉത്തരം :  എനിക്ക് നിലപാടുകളിലെ കരുത്തുണ്ടെന്നു അറിയുന്നവർ അങ്ങനെ വിശേഷിപ്പിച്ചേയ്ക്കാം. പക്ഷെ കൂടുതൽ പേരും എന്നെ അങ്ങനെ വിലയിരുത്തുന്നത്, ഈ ബോഡി ബിൽഡിങ്ങിലേക്ക് ഞാൻ കടന്നതിനു ശേഷമുള്ള രൂപത്തെ ഉദ്ദേശിച്ചാണ്. അതിലേക്കു കടന്നതിനുശേഷം ഞാൻ കുറച്ചുകാലം അജ്ഞാതവാസമായിരുന്നു. അതിനുശേഷം വന്നപ്പോൾ ഞാൻ വേറൊരു ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. ആരോഗ്യത്തെ കുറിച്ച് കൂടുതലൊരു അവബോധം വന്നകാലത്തു, ശരീരം മോശമായ അവസ്ഥയിലേക്ക് പോകുന്ന അവസ്ഥയിലാണ് ഈ മാർഗ്ഗം സ്വീകരിച്ചത്. അങ്ങനെ എക്സർസൈസുകൾ, വർക്ക്ഔട്ടുകൾ ഒക്കെ ചെയ്തു ഇങ്ങനെയൊരു ശരീരം വന്നതിനുശേഷം പലർക്കും എന്നെ കാണുമ്പോൾ വിശ്വാസം വരുന്നില്ല. ഇവാൻ മൂന്നുനാലു ബുക്കൊക്കെ എഴുതിയ ആളാണോ..ഇവനെ കണ്ടിട്ട് തോന്നുന്നില്ലല്ലോ…എന്നൊക്കെ.
എന്നാൽ എന്നെ അറിയുന്നവർക്ക് കാര്യമറിയാം. കാരണം ഈ ശരീരം ഉണ്ടായിട്ടു രണ്ടുമൂന്നു വർഷമേ ആയുള്ളൂ. പക്ഷെ എഴുത്തു എത്രയോ വർഷമായിട്ടു ഉള്ളതാണ്. എന്നെ ആദ്യമായി കരുത്തനായ കവി എന്ന് വിശേഷിപ്പിച്ചത് സുഹൃത്തും ഗാനരചയിതാവും കവിയുമായ സച്ചിദാനന്ദൻ പുഴങ്കരയാണ്. സച്ചിയേട്ടൻ എന്നെ എവിടെവച്ചു കണ്ടാലും പറയും ഇവനാണ് കേരളത്തിലെ ഏറ്റവും ശക്‌തനായ കവിയെണ്.
===
ചോദ്യം :  അത്തരം സൗഹൃദങ്ങൾ എഴുത്തിനെ എങ്ങനെ സ്വാധീനിച്ചിട്ടുണ്ട് ?
ഉത്തരം : ബ്ളോഗിന്റെയൊക്കെ ഒരു പുഷ്കല കാലത്താണ് ഞാൻ സോഷ്യൽ മീഡിയയിൽ രംഗപ്രവേശം ചെയുന്നത്. അന്ന് ഓർക്കുട്ട് ആയിരുന്നു പ്രചാരമേറിയ സാമൂഹിക മാധ്യമം. പ്രോത്സാഹിപ്പിക്കാനും വിമർശിക്കാനും അനവധി സൗഹൃദങ്ങൾ അതിലെല്ലാം ഉണ്ടായിരുന്നു.
===
ചോദ്യം :  ഓൺലൈൻ മാധ്യമങ്ങളിലൂടെയുള്ള എഴുത്തിനു കൂടുതൽ ആസ്വാദകരെ കിട്ടുന്നു. എങ്കിലും നമ്മൾ കൂടുതലും വിമർശിക്കാറുള്ളത് ഓൺലൈൻ മാധ്യമങ്ങൾക്കു സ്വീകാര്യത കൂടുതലെങ്കിലും പുസ്തകവായന കുറയുന്നു എന്നാണ്. അങ്ങനെ തോന്നിയിട്ടുണ്ടോ ?
ഉത്തരം : ഉണ്ട്, തീർച്ചയായിട്ടും ഉണ്ട്.  പുസ്‌തകം വായിക്കുന്നവർ വായിക്കുന്നുണ്ട്. പലർക്കും പുസ്‌തകം ഷെൽഫിൽ അലങ്കാരത്തിന് വയ്ക്കാനുള്ളതുമാത്രമാണ്. ഇപ്പോഴും ഓൺലൈൻ ആയിരിക്കുമ്പോൾ കഥകളും കവിതകളും ലേഖനങ്ങളും മുന്നിലൂടെ കടന്നുപോകുമ്പോൾ പുസ്തകവായന അന്യംനിന്നുപോകുന്നണ്ട്.
——-
 
 
 
 
 
RAJESH SHIVA
Writer, Thiruvananthapuram

 

  • 178
    Shares