Share The Article

പ്രേക്ഷകർ വ്യത്യസ്തതകൾ തേടുമ്പോൾ പഴയവീഞ്ഞു പുതിയ കുപ്പിയിലാക്കി നൽകുമ്പോൾ അതൃപ്തി ഉണ്ടായേക്കാം. മാന്ത്രികഗുണ്ടാ കൂട്ടം ആയ ഓടിയന്മാർ എന്റെ സ്വദേശമായ തിരുവനന്തപുരത്തു അധികം അറിയപ്പെട്ടിട്ടില്ല. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ ആയിരുന്നു ഏതാണ്ട് അരനൂറ്റാണ്ടുമുമ്പ് ഈ ഒടിയന്മാരുടെ വിഹാരം കൂടുതലായിരുന്നത്. അപ്പൂപ്പൻ പറയുമായിരുന്ന കഥ മാടന്റെയും മറുതയുടെയും ഒക്കെയായിരുന്നു. ആരെങ്കിലും എവിടെയെങ്കിലും മരിച്ചുകിടന്നാൽ ‘മാടനടിച്ചു’ എന്നായിരുന്നത്രെ ഒരുകാലത്തു അറിയപ്പെട്ടിരുന്നത്. കാലപരിണാമത്തിൽ വൈദ്യുതിയുടെ വരവോടെ വെളിച്ചം അധിനിവേശം നടത്തിയപ്പോൾ ഈ മാടന്മാരും യക്ഷികളും യവനികതാഴ്ത്തി എവിടെയോ മറഞ്ഞു. ഒടിയനെപ്പോലെ ഇത്തരത്തിലെ പല അവതാരങ്ങളും വിഹരിച്ചിരുന്നത് ഇരുളിന്റെ മറവിൽ പല കുത്സിത പ്രവർത്തനങ്ങൾ നടത്താനും അവയ്ക്കു സംരക്ഷണം നൽകാനുമായിരുന്നു.

തേങ്കുറിശ്ശിയിലെ ഒടിയനായ മാണിക്യനായി പകർന്നാടിയ മോഹൻലാൽ സാമാന്യം നന്നായി വെറുപ്പിക്കുന്നു. ഇതുവരെ കണ്ട പലവേഷങ്ങളുടെയും അനുകരണം എന്നതിലുപരി ഒരു പുതിയ കഥാപാത്രത്തെ മുന്നിൽ വയ്ക്കാൻ സാധിക്കുന്നില്ല. മദ്യപാന രംഗങ്ങളിലെ അഭിനയം, ഒറ്റപ്പെടുമ്പോൾ ഉള്ള നിസ്സഹായാവസ്ഥ, വീര്യം കയറുമ്പോളുള്ള ഭാവങ്ങൾ.. എത്രയെത്ര സിനിമയിൽ ഇതുപോലെ കണ്ടിരിക്കുന്നു. മാനറിസങ്ങളിൽ സ്ഥിരത പുലർത്തുമ്പോൾ വ്യത്യസ്ത വേഷങ്ങളിൽ പകർന്നാടാൻ ഒരു നടന് സാധിക്കില്ല. നരനിലെ മുള്ളങ്കൊല്ലി വേലായുധനെ വളരെ ഇഷ്ടപ്പെട്ട ഒരു പ്രേക്ഷകനാണ് ഞാൻ. അനവധി സാമൂഹികഘടകങ്ങൾ ആ സിനിമയ്ക്കുണ്ട്. ഒരുപക്ഷെ ഒടിയന്റെ തിരക്കഥ തയ്യാറാക്കുമ്പോൾ തിരക്കഥാകൃത്തിന്റെ ഉപബോധത്തിൽ അത്തരം ചില പൂർവ്വകാല സിനിമകളുടെ രംഗങ്ങൾ ശക്തിപ്രാപിച്ചു പ്രചോദിപ്പിച്ചെങ്കിൽ പുതുതായൊന്നു സൃഷ്ടിക്കാനുള്ള കഴിവില്ലായ്മയായേ അതിനെ കാണാൻ ആകൂ. ഉദാ: പ്രഭയോട് ഒരു കല്യാണക്കാര്യം ഇന്നസെന്റിന്റെ കഥാപാത്രത്തെ വിട്ടു ഉണർത്തിച്ചിട്ടു ഗേറ്റിൽ കാത്തുനിൽക്കുന്ന മാണിക്യനെ നമുക്ക് നരനിൽ ഇന്നസെന്റിന്റെ വീടിന്റെ പടിക്കൽ അതുപോലെ കാണാൻ സാധിക്കും. ഇത്തരം അതിഭീകരമായ സാമ്യങ്ങൾ മുള്ളങ്കൊല്ലിയെയും തേങ്കുറിശ്ശിയെയും ഒരൊറ്റ സ്ഥലമെന്നു തോന്നിപ്പിക്കുന്നതിൽ അത്ഭുതമില്ല.

ഓരോ സിനിമയും ഒരു പുതിയ അനുഭവമായിരിക്കണം എന്നുകരുതിയാണ് ഈ സിനിമയെ സമീപിക്കുന്നതെങ്കിൽ വമ്പൻ പരാജയം തന്നെ. മോഹൻലാൽ എന്തുകാണിച്ചാലും രസിപ്പിക്കുന്നെങ്കിൽ ധൈര്യമായി ടിക്കറ്റെടുത്തുകയറാം. ഒടിവേല എന്നൊരു മാന്ത്രികപ്രവർത്തി മാത്രമാണ് ഇവിടെ പുതുമയായി പറയുന്നതെങ്കിൽ അത്രത്ര ആസ്വാദ്യകരമായി ആവിഷ്കരിച്ചിട്ടുമില്ല.

കംപ്ലീറ്റ് ആക്റ്ററെ കംപ്ലീറ്റ് ആയി കുത്തിപ്പഴുപ്പിച്ചു ഉപയോഗപ്പെടുത്താൻ സംവിധായകന് ആയില്ല എന്ന പഴി കുറെയായി കേൾക്കുന്നു. സത്യത്തിൽ ചിരിയാണ് വരുന്നത്. ഇനിയും പഴുപ്പിച്ചാൽ പൊട്ടി നാശമാകും.മാത്രമല്ല ഒരു പരസ്യസംവിധായകൻ എന്ന നിലയിൽ ശ്രീകുമാർ മേനോന് ഒരു കഥാപാത്രത്തിനെ അതാക്കി വാർത്തെടുക്കാനുള്ള കഴിവുണ്ടെന്ന് തോന്നുന്നുമില്ല. മോഹൻലാൽ ഒടിയനുവേണ്ടി പെടാപ്പാടുപെട്ടു തന്റെ വിശ്വവിഖ്യാതമായ തടിയൊക്കെ കുറച്ചു എന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ ആ തടി അതുപോലെ നിലനിർത്തി ഒടിയനെ ഒരു തടിയൻ കൂടി ആക്കുകയാണ് ചെയ്തതെന്ന് തോന്നിയത് എനിക്കുമാത്രമാണോ എന്തോ….

ഒരു നടനെന്ന നിലയിലും നിലപാടുകളുടെ കാര്യത്തിലും എനിക്കേറെ ഇഷ്ടമുള്ള നടനായ പ്രകാശ് രാജിനു രാവുണ്ണി എന്നെ കഥാപാത്രത്തോട് നീതിപുലർത്താനായി എന്നുതന്നെ പറയേണ്ടിവരും. എന്നാൽ ആ കഥാപാത്രത്തിന് നേരെയുള്ള വർണ്ണപരമായ അവഹേളനം ഒന്നുരണ്ടിടത്തു മുഴച്ചുനിൽക്കുന്നുണ്ട് . കറുപ്പിനെ മോശമായ ഒരു നിറമായി കാണുക എന്നത് സിനിമയിൽ ഒരു നാട്ടുനടപ്പാണ്. നമ്മുടെ സൂപ്പർതാരങ്ങളും സൂപ്പർനടികളും കോസ്മെറ്റിക്‌സുകളുടെ അകമ്പടിയോടെ തികഞ്ഞ വെളുമ്പൻമാരും വെളിമ്പികളും ആണ്.(ഇത് പണ്ടൊരു വിദേശി പരിഹാസപൂർവ്വം പറഞ്ഞതായി ഓർക്കുന്നു) സമൂഹത്തിന്റെ വർണ്ണവിവേചനമായ കാഴ്ചപ്പാടുകൾ സിനിമയിൽ കൂടുതൽ ശക്തിപ്രാപിക്കുന്നതിൽ അത്ഭുതമില്ല. ഏതൊരു നിറവും പോലെയാണ് കറുപ്പെന്ന് മനസിലാക്കുന്ന ഒരു തലമുറ അടുത്തകാലത്തൊന്നും ഉണ്ടാകാൻ സാധ്യതയില്ല.

പ്രഭയന്നെ നായികാകഥാപാത്രം അവതരിപ്പിച്ച മഞ്ജുവാര്യരെ കുറിച്ച് കുറവായോ കൂടുതലായോ പറയാനില്ല. പീറ്റർ ഹെയിൻ എന്ന വിഖ്യാത സ്റ്റണ്ട് മാസ്റ്ററെയൊക്കെ ഇറക്കി ചെയ്യിപ്പിച്ചിട്ടും സംഘടനരംഗങ്ങൾ വെറും ബോറായി തോന്നി. ഒരു ശരാശരി തമിഴ് സിനിമയിൽപോലും ഇതിലും സൂപ്പർ സംഘടനരംഗങ്ങൾ കാണാൻ സാധിക്കും.

വടക്കുംനാഥനിലൂടെ നരൻ കണ്ട ഫീലിംഗ് ആണ് ഒടിയൻ. ഇത്തരം സിനിമകൾ കൊച്ചുകുട്ടികൾക്കോ അല്ലെങ്കിൽ ഇത്രയൊക്കെ മതി സിനിമ എന്ന് തോന്നുന്നവർക്കോ ഇഷ്ടപ്പെടും. സിനിമയെ ഗൗരവമായി സമീപിക്കുന്നവർക്കു ഇഷ്ടമാകാൻ വഴിയില്ല. മാസ്സ് സിനിമയെന്നു കൊട്ടിഘോഷിച്ചിട്ടു ശരാശരിയിലും താഴ്ന്ന സിനിമ നൽകുമ്പോൾ സ്വാഭാവികമായും പ്രേക്ഷകർക്കു നിരാശയുണ്ടാകാം. ഇതു മാസുമല്ല ക്ലാസുമല്ല. ലോർഡ് ഓഫ് ദി റിംഗ്‌സും ട്രോയിയും ത്രീഹൺഡ്രടും കണ്ട ഒരുവന് ബാഹുബലി ശരാശരിക്കും താഴെ എന്നുതോന്നുന്നതുപോലെ..എന്റെ ആസ്വാദനത്തിന്റെ അഹങ്കാരവുമാകാം.

  • 4
    Shares