മതങ്ങളുടെ ശാസ്ത്രം അഥവാ ശാസ്ത്രത്തിന്‍റെ മതം

science-and-religionമതങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറ ഉണ്ടോ? മതവും ശാസ്ത്രവും തമ്മിലുള്ള ബന്ധം എന്ത്? അവ തമ്മില്‍ ഉള്ള വ്യത്യാസം എന്ത്? തുടങ്ങി ഒരുപാടു ചോദ്യങ്ങളും ചര്‍ച്ചകളും സമൂഹത്തില്‍ നടക്കുന്നതായി നമുക്ക് കാണാം. അതിനൊക്കെ ഓരോ വ്യക്തികള്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഉണ്ടാകും. ഇവിടെ എന്‍റെ കാഴ്ചപ്പാടുകള്‍ ഞാന്‍ പങ്കുവെക്കുകയാണ്.

യഥാര്‍ത്തത്തില്‍ മതങ്ങളും ശാസ്ത്രവും തേടുന്നത് ഒന്ന് തന്നെയാണ്, പ്രപഞ്ച സത്യത്തെ. മതങ്ങളില്‍ പറയുന്ന പല കാര്യങ്ങള്‍ക്കും ശാസ്ത്രീയ അടിത്തറ ഉണ്ട് എന്നുള്ളത് ഒരു സത്യമാണ്. ശാസ്ത്രം മതപരമായ പല കാഴ്ചപ്പാടുകളെയും നിര്‍വചിച്ചിട്ടുണ്ട്. അത് പോലെ തന്നെ പല കാര്യങ്ങളുടെയും ആധികാരികതയെ ചോദ്യം ചെയ്തിട്ടുമുണ്ട്. ചിലതൊക്കെ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

മതവും ശാസ്ത്രവും തമ്മില്‍ ഞാന്‍ കാണുന്ന വലിയൊരു വ്യത്യാസം, ശാസ്ത്രം സ്വയം കണ്ടെത്തി, തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുന്നു. എന്നാല്‍ മതങ്ങള്‍ പലപ്പോഴും അതിനു മടിക്കുന്നു. പണ്ട് പ്രവാചകര്‍ പ്രവചിച്ചതിന്‍റെയും മത ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടതിന്‍റെയും അപ്പുറത്തേക്ക് മതങ്ങള്‍ പോയിട്ടില്ല എന്നുള്ളത് ഒരു സത്യമാണ്. Einstein എന്ന ശാസ്ത്രജ്ഞന്‍റെ Theory of Relativity ശാസ്ത്ര ലോകം പരക്കെ അംഗീകരിച്ച വലിയൊരു സത്യമാണ്. എങ്കിലും പല പരീക്ഷണങ്ങളുടെയും ഭാഗമായ് അതില്‍ വല്ല പിശകും ഉണ്ടോ എന്നും, കാലാനുസൃതമായി മാറ്റങ്ങള്‍ ആവശ്യമുണ്ടോ എന്നും ശാസ്ത്രം നിരന്തരം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. അതിന്‍റെ ഭാഗമായ് തന്നെ Theory of Relativity യുടെ ആധികാരികത വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നാല്‍ പ്രവാചകന്‍റെ കാഴ്ചപ്പാടുകളുടെയും വേദ ഗ്രന്ഥങ്ങളിലെ വസ്തുതകളുടെയും ആധികാരികതെയെ ചോദ്യം ചെയ്യാനോ, അല്ലെങ്കില്‍ അതിനെ വീണ്ടും ശരിയാണെന്ന് തെളിയിക്കാനോ മതങ്ങള്‍ തയ്യാറായിട്ടില്ല. എല്ലാം പണ്ടാരോ പറഞ്ഞത് പോലെ തന്നെ.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് ആത്യന്തികമായ് മതങ്ങള്‍ “എല്ലാം ദൈവത്തിന്‍റെ കളി” എന്ന് പറഞ്ഞു മാറി നില്‍ക്കുമ്പോള്‍ ശാസ്ത്രം നിരന്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു.

എല്ലാറ്റിനും ഉപരി ശാസ്ത്രത്തിന്‍റെ വിവിധ ശാഖകള്‍ ഒന്നിച്ചു ഒറ്റക്കെട്ടായി പ്രപഞ്ച സത്യത്തെ അന്വേഷിക്കുമ്പോള്‍, മതങ്ങള്‍ പല വഴിക്ക്, ഞങ്ങള്‍ മാത്രമാണ് ശരി എന്ന് വിശ്വസിച്ചു സത്യത്തില്‍ നിന്നും അകന്നു പോകുന്നു. അതുകൊണ്ട് തന്നെയായിരിക്കാം നമ്മള്‍ മതങ്ങള്‍ എന്ന് പറയുന്നത് പോലെ ശാസ്ത്രങ്ങള്‍ എന്ന് പറയാതെ ശാസ്ത്രം എന്ന് മാത്രം പറയുന്നത്.

മതത്തിന്‍റെ തെറ്റും ശരിയും പൂര്‍ണമായും നിര്‍വചിക്കാന്‍ ശാസ്ത്രത്തിനു കഴിഞ്ഞേക്കും, കാരണം മതങ്ങള്‍ തുടങ്ങിയ സ്ഥലത്ത് തന്നെ നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ അതിന്‍റെ വലുപ്പം കൂടുന്നില്ല. പുതുതായൊന്നും കണ്ടെത്തുന്നില്ല. എന്നെങ്കിലും ഒരിക്കല്‍ ശാസ്ത്രം മുഴുവനായും മതത്തെ നിര്‍വചിക്കും, അതിന്‍റെ തെറ്റും ശരിയും ശാസ്ത്രം പറഞ്ഞു തരും. പക്ഷെ ശാസ്ത്രത്തെ അളക്കാന്‍ മതത്തിന്‍റെ അളവ് കോലുകള്‍ക്ക്‌ ആവില്ല. കാരണം ശാസ്ത്രം നിരന്തരം വളര്‍ന്നു കൊണ്ടിരിക്കുകയാണ്, തെറ്റുകള്‍ തിരുത്തി മുന്നേറുകയാണ്. ഇത് മതത്തിന്‍റെ കുഴപ്പം അല്ല, മതത്തെ കൈകാര്യം ചെയ്യുന്നവരുടെ കുഴപ്പമാണ്.

അവസാനമായ് ഒരു കാര്യം ഉറപ്പിച്ചു പറയാം സാധിക്കും. പ്രപഞ്ച സത്യത്തെ, മതങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ദൈവത്തെ, ആദ്യം കണ്ടെത്തുക ശാസ്ത്രം തന്നെയാകും. ദൈവത്തെ എന്നെ കണ്ടെത്തിയിരിക്കുന്നു എന്ന വാദം മതങ്ങള്‍ ഉന്നയിച്ചേക്കാം. പക്ഷെ അവര്‍ക്കതിനു ഒരു തെളിവും നിരത്താന്‍ സാധിക്കില്ല. തെളിവിനെ കുറിച്ചു ചോദിച്ചാല്‍ അവര്‍ വീണ്ടും പഴയ പല്ലവി പാടും, “എല്ലാം ദൈവത്തിന്‍റെ കളി“.