നിങ്ങ സിനിമാക്കാര്‍ പറയുന്നത് ഞങ്ങ കേള്‍ക്കാം; ഞങ്ങ പറയുന്നത് നിങ്ങ കേള്‍ക്കുമോ ?

request to malayalam cinema crews

എഴുതിയത്: വി.കെ ആദര്‍ശ് – പ്രമുഖ സയന്‍സ്/ടെക് എഴുത്തുകാരനും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമാണ് ലേഖകന്‍

സിനിമ കാണുന്നവര്‍ നിയമം എല്ലാം അക്ഷരം പ്രതി അനുസരിക്കണം. സമ്മതിച്ചു. പൈറേറ്റ് ചെയ്ത സിനിമ കാണുകയേ അരുത്. ഒകെ അതും ഞങ്ങള്‍ സമ്മതിച്ചു.

ഇനി നിങ്ങള്‍ സമ്മതിക്കേണ്ട ചില കാര്യങ്ങള്‍

1. സിനിമാ നിര്‍മാണത്തിന് പിന്നില്‍ ഉപയോഗിച്ച എല്ലാ സോഫ്ട്‌വെയറും ആപ്ലിക്കേഷനുകളും ലൈസന്‍സ്ഡ് തന്നെ ആയിരിക്കുമല്ലേ.

2. ഇതില്‍ പ്രവര്‍ത്തിച്ച എല്ലാരുടേയും കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പിലും ഒറിജിനല്‍ ലൈസന്‍സ്ഡ് കോപ്പി തന്നെ ആകും

3. ഇന്റര്‍നെറ്റ് വരുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്നെ കാതങ്ങള്‍ക്ക്, മാമാലകള്‍ക്ക് അപ്പുറപുള്ള നാട്ടിലെ ഭാഷകളില്‍ ഇറങ്ങുന്ന സിനിമകള്‍ ഒരു ഉളുപ്പുമില്ലാതെ കോപ്പി അടിച്ച് മലയാളത്തില്‍ ഇറക്കി ‘സംവിധാനം’ ചെയ്തവര്‍ ഉണ്ടോ നിങ്ങള്‍ക്കിടയില്‍?

4. നടീനടന്മാര്‍ക്ക് കൊടുക്കുന്ന പ്രതിഫലം ഒറിജിനല്‍ തന്നെ ആകും എന്നും വിചാരിച്ചോട്ടെ. അതായത് നല്ല വൈറ്റ് മണി, ചെക്കായോ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടിലേക്കോ നല്‍കുന്ന നിയമപരമായ ബാധ്യത നിറവേറ്റിയിട്ടുണ്ട്. ബ്ലാക്ക് മണി ആണെങ്കില്‍ അത് സമ്പദ് വ്യവസ്ഥയെ കാര്‍ന്നു തിന്നുന്ന പൈറസി ആണ് എന്ന് വിശദീകരിച്ച് പറയേണ്ടതില്ലല്ലോ

ആത്യന്തികമായി സിനിമ ഒരു സാംസ്‌കാരിക ഉത്പന്നമാണ്, അത് കാണാന്‍ ഉള്ള ഒരു പുതിയ ചാനല്‍ ആണ് സൈബര്‍ ഇടങ്ങള്‍. ഇതില്‍ നിന്ന് എങ്ങനെ റവന്യൂ ഉണ്ടാക്കാം എന്നായിരിക്കണം ആലോചിക്കേണ്ടത്. നിങ്ങള്‍ ഔദ്യോഗികമായി സിനിമ ഇന്റര്‍നെറ്റില്‍ എത്തിക്കൂ, അതല്ലേ കരണീയമായ മാര്‍ഗം