Share The Article

01

” എനിക്ക് നാല്‍പ്പതു വയസ്സായി. ഇനി എത്ര നാള്‍ എന്നറിയില്ല…മരണം എന്നെ ഭയപ്പെടുത്തുന്നില്ല, പക്ഷെ മരണത്തിനു മുന്‍പ് ഞാന്‍ ചെയ്തു തീര്‍ക്കുന്ന കാര്യങ്ങള്‍ എത്രയോ ചെറുതാണെന്ന യാഥാര്‍ത്ഥ്യം എന്നെ വിഷമിപ്പിക്കുന്നു. ഇവിടെ സ്വാഗത പ്രാസംഗികന്‍ പറഞ്ഞത് പോലെ പതിനായിരം ദരിദ്ര കുടുംബങ്ങള്‍ക്ക് ജീവിത, പഠന ചിലവുകള്‍ നല്‍കാന്‍ കാരണം എന്റെ മഹത്തായ കാരുണ്യമല്ല, മറിച്ച് ഈശ്വരന്‍ എനിക്കതിനു അവസരം തന്നതാണ്. അതാണ് സത്യം . ക്യാമറകള്‍ ഉണ്ടെങ്കില്‍ ഈ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞതും ഈ സത്യം തിരിച്ചറിഞ്ഞത് കൊണ്ട് മാത്രമാണ്. ഈ നന്മയുടെ ചിത്രങ്ങള്‍ എന്റെ മനസ്സില് എന്നും ഉണ്ടാകും.ഒരു പാട് പുസ്തകങ്ങളോ , മത ഗ്രന്ഥങ്ങളോ ഒന്നും ഞാന്‍ വായിച്ചിട്ടില്ല, പക്ഷെ വിശക്കുന്നവരുടെ വയറ്റിലാണ് ഈശ്വരന്‍ കിടക്കുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ് എന്നെ ഇവിടെ എത്തിച്ചത് . ഓരോ മനുഷ്യനും സമൂഹത്തിലെ സാധുക്കളോട് കടപ്പാടുണ്ട്. വേലക്കാരും യാചകരും, രോഗികളും ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ വാഴ്ത്തപ്പെടുമായിരുന്നില്ല. സ്വയം താഴ്ന്നവനായി കരുതുമ്പോള്‍ മാത്രമേ നമുക്ക് നമ്മെ തിരിച്ചറിയാന്‍ കഴിയൂ. ”

പരിപാടി കഴിഞ്ഞ് കിഷോര്‍ കുമാര്‍ തന്റെ റോള്‍സ് റോയ്‌സ് കാറില്‍ വയനാട് ചുരം ഇറങ്ങി.പകുതി ചുരം കഴിഞ്ഞതും വളവില്‍ റോഡിനു മുന്നില് ഒരു ഇരുപതുകാരന്‍ പയ്യനെ കണ്ടു. അവന്‍ കയ്യില്‍ ചായ ഗ്ലാസ്സുകള്‍ നിറച്ച തട്ടും ഭക്ഷണ പൊതിയുമായി വരികയാണ്. കാറ് മുന്നോട്ടു ചെല്ലവേ അവന്‍ കൂടുതല്‍ ദൃശ്യമായി. ഏതോ ചിന്തയിലാണവന്‍ . അയാളെ ഒന്നു നോക്കി അവന്‍ കടന്നു പോയി. ആ മഞ്ഞില്‍ കിഷോര്‍ മാത്രമേ അവനെ കണ്ടുള്ളൂ

വയനാട് ചുരത്തിലെ വളവുകളില്‍ ഒരിടത്തു കാര്‍ നിന്നു. കിഷോര്‍ കുമാര്‍ കാറില്‍ നിന്നും ഇറങ്ങി. സമയം പതിനൊന്നായിട്ടും നല്ല മഞ്ഞുണ്ട്. അയാള്‍ താഴേയ്ക്ക് നോക്കി. മഞ്ഞു കാരണം വാഹനങ്ങളൊക്കെ ഹെഡ് ലൈറ്റ് ഇട്ടാണ് വരുന്നത്. ഇതിപ്പോ ഒരു ശീലമാണ്, വയനാട് വന്നാല്‍ ഇങ്ങനൊരു നില്‍പ്പ്. മഞ്ഞും, മഴയും, സന്ധ്യയും എന്നും മോഹിപ്പിക്കുന്നു.

ആ പയ്യന്‍ എവിടെയാണ് ?

ആ പയ്യന്‍ ചായ ഗ്ലാസുമായി അതേ ചുരത്തിലെ കയറ്റം കയറുകയാണ്. അവന്‍ ആ ചായ ചുരത്തിലെ റോഡു പണിക്കാര്‍ക്ക് നല്കി.

”എടാ , ഒരാള് കൂടി വന്നിട്ടുണ്ട്. ചായേം കടീം വേണം”

അവന്‍ വീണ്ടും താഴെയുള്ള തന്റെ ചായക്കടയിലെയ്ക്ക് ഇറങ്ങി. കോളേജ് ഇല്ലാത്ത ദിവസങ്ങളില്‍ ആ ചായക്കടയിലെ സഹായി ആണവന്‍. ബാലന്‍ മാഷ് ആയിരുന്നു കടയുടെ ഉടമ. മാഷ് എന്ന് പെരുണ്ടേലും ആള് സ്‌കൂളില്‍ പഠിപ്പിച്ചിട്ടൊന്നും ഇല്ല.

വൈകീട്ട് ആലപ്പുഴ ബീച്ചിലെ അസ്തമയ സൂര്യനെ നോക്കി കിഷോര്‍ നിന്നു.

സന്ധ്യയ്ക്ക് ഒരപൂര്‍വ്വ സൗന്ദര്യമുണ്ട്, എന്തോ ഒരു സങ്കടവുമുണ്ട്. ദൈവം തന്റെ കലാവിരുത് ആകാശത്ത് കാണിക്കുന്നത് ആ നേരത്താണ്. മനസ്സില്‍ ഏകാന്തത കൂടുന്നതും സന്ധ്യയ്ക്കാണ്…

അയാളുടെ മനസ്സില് പെട്ടെന്ന് പയ്യന്റെ മുഖം മെല്ലെ തെളിഞ്ഞു വന്നു. അവന്റെ മുഖത്തെ ഭാവം എന്താണ് ? സങ്കടമോ , നിരാശയോ അതോ നിര്‍വ്വികാരതയോ ?

ആ പയ്യനും സന്ധ്യ സമയത്തെ സൂര്യനെ നോക്കി നില്ക്കുകയായിരുന്നു. ഹോട്ടലിലെ ജോലി കഴിഞ്ഞ് അമ്മ വരാന്‍ സമയമായിരിക്കുന്നു.തന്റെ പഠനത്തിനു വേണ്ടിയാണ് അമ്മ ഇങ്ങനെ കഷ്ടപ്പെടുന്നത്. അമ്മയുണ്ടാക്കുന്ന പ്രത്യേക

രുചിയുള്ള ഇഡ്ഡലി ആ ഹോട്ടലിലേയ്ക്ക് ആളുകളെ ആകര്‍ഷിച്ചിരുന്നു.

രാത്രി അമ്മയുടെ മടിയില്‍ കിടക്കുമ്പോള്‍ അവന്‍ പറഞ്ഞു

” നമ്മള്‍ എത്ര വിഷമിച്ചാണമ്മേ ജീവിക്കുന്നേ.. എന്നിട്ടുമെന്താ ആരും നമ്മളെ സഹായിക്കാന്‍ വരാത്തത് ? എന്താണ് ദൈവം നമ്മളെ കാണാത്തത് ? ”

”ദൈവം എന്ത് തന്നു എന്നല്ല മോനെ , നമ്മള്‍ ദൈവത്തിനു എന്ത് നല്‍കുന്നു എന്ന് വേണം ചിന്തിക്കേണ്ടത്. ”

പിന്നെ അവന്‍ ഒന്നും മിണ്ടിയില്ല. പാത്രം കഴുകി തോല് പൊലിഞ്ഞ ആ ഉള്ളം കൈ മകന്റെ തല തടവിക്കൊണ്ടിരുന്നു.

കിഷോര്‍ കുമാറിന്റെ കാര്‍ പുലര്‍ച്ചെ കൊല്ലത്തെ ഒരു തട്ട് കടയ്ക്കു മുന്നില്‍ നിന്നു.

” ഒരു ചായ”

തട്ടു കടയിലെ ചായയ്ക്ക് എന്തോ ഒരു പ്രത്യേക രുചിയുണ്ട്. ചായപ്പൊടിക്കൊപ്പം ആ മദ്ധ്യ വയസ്‌ക്കന്റെ മോഹങ്ങളും തിളയ്ക്കുന്നുണ്ടാവണം . ചായ തന്നപ്പോള്‍ അയാളുടെ വിരലുകള്‍ ചെറുതായി ചില ഗ്ലാസ്സുകളില്‍ താഴ്ന്നു.

”വിരലിട്ട ചായയാണോ മിസ്റ്റര്‍ തരുന്നത് ?”

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ലുക്ക് ഉള്ള ഒരാള് ചൂടായി,

”മാറ്റിത്തരാം സാര്‍ ”

അയാള്‍ വേറൊരു ഗ്ലാസ് നല്‍കി.

തന്റെ ഗ്ലാസും മാറണമോ എന്ന മട്ടില്‍ ആ കടക്കാരന്‍ നോക്കിയത് കിഷോര്‍ അവഗണിച്ചു , ചായ മെല്ലെ കുടിക്കാന്‍ തുടങ്ങി. മാലിന്യ കൂമ്പാരത്തില്‍ നിന്നും ഭക്ഷണം പരതുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ അയാളുടെ മനസ്സില്‍ തെളിഞ്ഞു വന്നു

ഒരാളുടെ മറ്റൊരാള്‍ക്കിത്ര അലര്‍ജിയാണെങ്കില്‍ ഈ ലോകത്ത് എന്തെങ്കിലും നടക്കുമോ ?

രോഗികളെ ആരു നോക്കും ? കുട്ടികള്‍ എങ്ങനെ ഉണ്ടാകും ? എവിടെയും കാണാത്ത ഒരു അമിത വൃത്തിയാണ് പലര്‍ക്കും. സംഗതി ഒരു ആള് ചമയലാണ്.

ബാലന്‍ മാഷുടെ ചായക്കടയില്‍ പയ്യന്‍ കൊടുത്ത ചായയില്‍ ചെറിയൊരു പൊടി കണ്ട ഒരുത്തന്‍ അലറി

” പ്രാണി വീണ ചായയാണോടാ തരുന്നേ ?”

അടിയേറ്റു പയ്യന്റെ കണ്ണില്‍ നിന്നും പൊന്നീച്ച പാറി. മാഷ് അയാളോട് നല്ലോണം ചൂടായി. അയാള്‍ പോയി.

” നീ കാര്യാക്കേണ്ട മോനെ, പണത്തിന്റെ അഹങ്കാരമാ…പണം വന്നാല്‍ മനുഷ്യന്‍ മൃഗത്തെക്കാളും താഴും. ”

പഞ്ച നക്ഷത്ര ഹോട്ടലിലെ ഡോര്‍ മാന്‍ വാതില്‍ തുറന്നു കൊടുക്കുന്നത് തടഞ്ഞ കിഷോര്‍ കുമാര്‍

വാതില്‍ സ്വയം തുറന്നു.

വേറൊരു ഹോട്ടലിലെ വാതില്‍ തുറക്കുകയായിരുന്നു ആ പയ്യന്‍. അവനിന്ന് ഇന്റെര്‍വ്യൂ ഉണ്ട്.

”കിഷോര്‍ സര്‍, ഞങ്ങള്‍ അമ്പല കമ്മിറ്റി കാരാണ്, ഉത്സവത്തോട് അനുബന്ധിച്ച് അന്ന ദാനം ഉണ്ട് സാറതു സ്‌പോന്‍സര്‍ ചെയ്താല്‍ …”

”ചെയ്യാം”

മകന് ജോലി കിട്ടിയ സന്തോഷത്തില്‍ തെരുവിലെ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ആ പയ്യന്‍ അമ്മയോട് ചോദിച്ചു

”അമ്മേ , നമ്മളെന്താ അമ്പലത്തില്‍ പോകാത്തത് ?”

അമ്മ പുഞ്ചിരിച്ചു

അവന്റെ ഹൃദയ ഭാഗത്ത് തൊട്ടു അവര്‍ പറഞ്ഞു

” ഇതിനകത്താണ് ഈശ്വരന്‍, അതറിഞ്ഞാ വേറെ എവിടേം തേടിപ്പോകേണ്ട, അതറിഞ്ഞില്ലെങ്കില്‍ നമ്മള്‍ എവിടെ പോയിട്ടും കാര്യമില്ല. അന്ന ദാനമാണ് മോനെ ഏറ്റവും വലിയ പ്രാര്‍ത്ഥന ”

ആദ്യമായി വാങ്ങിയ മാരുതി 800 ല്‍ പയ്യന്‍ പോകുമ്പോള്‍ ആണ് കേരളത്തിലെ അറിയപ്പെടുന്ന യുവ പണ്ഡിതന്‍ വിശാല്‍ ആ കാറില്‍ കയറിയത്. പയ്യന്റെ ജ്ഞാനം ഇല്ലായ്മ്മ വിശാലിന് ദഹിച്ചില്ല

” തനിക്കു വേദം അറിയില്ലാ ? ശ്ലോകം അറിയില്ലാ ? സംസ്‌കൃതം അറിയില്ലാ ? ഞാന്‍ വായിച്ചത്ര പുസ്തകങ്ങള്‍ വായിച്ചിട്ടില്ലാ ? കഷ്ടം… പിന്നെ തന്റെ ഈ ജീവിതത്തിനു എന്തര്‍ത്ഥം ? ”

പയ്യന്‍ ഒന്നും മിണ്ടിയില്ല. കാറ് പോകവേ ആണ് റോഡില്‍ അഞ്ഞൂറിന്റെ ഒരു കെട്ട് നോട്ടു കണ്ടത്.

”വണ്ടി നിര്‍ത്തൂ”

വിശാല്‍ അലറി

”അത് ആരുടെയോ പണമല്ലേ വിശാല്‍ ? ”പയ്യന്‍ ചോദിച്ചു

”അതെ, പക്ഷെ നമുക്കെടുത്തു ഉടമയ്ക്ക് നല്കാമല്ലോ !”

”ഉടമ വന്നില്ലെങ്കിലോ വിശാല്‍ ?”

”വരും, വരാതിരിക്കില്ല”

വിശാല്‍ ഇറങ്ങി ആ പണം എടുത്തു. പിന്നെ അവന്‍ ശ്ലോകമോ, വേദമോ പറഞ്ഞില്ല. ആ പണം

എണ്ണിക്കൊണ്ടേ ഇരുന്നു.

കിഷോര്‍ രാത്രി ഫ്‌ലാറ്റിനു മുകളില്‍ താഴേക്ക് നോക്കി നില്ക്കുകയായിരുന്നു. ഏകാന്തതയെ ഇന്ന് ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അയാളുടെ മനസ്സില്‍ ആ ചു രത്തിലെ പയ്യന്റെ മുഖം കയറി വന്നു. അവനിലും ഒരു ഏകാന്തത ഇല്ലേ ?

ആ തോന്നല്‍ ശരിയായിരുന്നു. ആ പയ്യന്റെ അമ്മ മരിച്ചപോള്‍ ഏകാന്തത മാറി കടക്കാന്‍ അവന്‍ ഒരു പാവപ്പെട്ട കുട്ടിയെ വിവാഹം കഴിച്ചു. എന്നാല്‍ അവള്‍ ഒരു ബ്രാന്‍ഡ് ബേബി ആയിരുന്നു. എല്ലാം വില കൂടിയത് വേണം, ബ്രാന്‍ഡഡ് സാധനങ്ങള്‍. രണ്ടു പേരും ഒരിക്കലും യോജിക്കില്ലെന്ന് മനസ്സിലായപ്പോള്‍ അവര്‍ സ്വയം പിരിഞ്ഞു. പിന്നീടും അവന്റെ ജീവിതത്തില്‍ സ്ത്രീകള്‍ വന്നു. വികലാംഗരും, വിധവകളും, അവരെല്ലാം പങ്കു വെച്ചു, പക്ഷെ അതിനു താലി

മാലയുടെ കൊട്ടി ഘോഷം ഇല്ലായിരുന്നു.

”വളരെ ദു:ഖകരമായ അന്തരീക്ഷത്തിലാണ് നമ്മള്‍ നില്ക്കുന്നത്. ഈ കാണുന്ന ജനങ്ങളില്‍ ഭൂരിഭാഗം പേരും പാവപ്പെട്ടവരും, രോഗികളും, വികലാംഗരും ആണ്. അവര്‍ക്കേറ്ററ്വും പ്രിയപ്പെട്ട അവരുടെ കിഷോര്‍ കുമാര്‍ ഇന്ന് പുലര്‍ച്ചെ മരണപ്പെട്ട വാര്‍ത്ത കേട്ടാണ് അവരിവിടെ തടിച്ചു കൂടിയിരിക്കുന്നത് ”

കിഷോറിന്റെ വീടിനു ചുറ്റും അലമുറയിട്ടു കരയുന്ന വികലാംഗരും, പാവങ്ങളും… ഈ ദൃശ്യം കണ്ടു ചാനലിന്റെ അകമുറിയില്‍ ഇരിക്കുകയായിരുന്നു വിശാലും , മറ്റു ചിലരും. അവതാരകന്‍ അതിഥികളോട് ചോദിച്ചു

” ഇത്രയും കാലം ഒരു വാര്‍ത്തയിലും പെടാതെ കോടിക്കണക്കിനു രൂപയുടെ കാരുണ്യ പ്രവര്‍ത്തനം നടത്തിയ ഒരു മനുഷ്യന്‍, ഇപ്പൊ, തന്റെ മുഴുവന്‍ സ്വത്തുക്കളും ആര്‍ക്കാണ് നല്കിയതെന്നു പോലും വെളിപ്പെടുത്തരുതെന്നു ഒസ്യത് എഴുതി വച്ചിരിക്കുന്നു. ഇങ്ങനൊരു ഉയര്‍ന്ന ചിന്ത അദ്ദേഹത്തിന് എവിടെ നിന്നാണ് കിട്ടിയത് ?”

വിശാല്‍ജി പുഞ്ചിരിച്ചു പറഞ്ഞു

” എനിക്ക് തോന്നുന്നത് അദ്ദേഹം എന്റെ പ്രഭാഷണം കേട്ടിട്ടുണ്ടാകും എന്നാണ്. അത് വഴി ആത്മീയ ചൈതന്യം കൂടിയ ഒരാളായി അദ്ദേഹം മാറിയിട്ടുണ്ടാകും, അതില്‍ നിന്നും ഉല്‍ഭൂതമായ …”

ലൈവ് ആയി റിപ്പോര്‍ട്ട് ചെയ്ത ശേഷം ക്യാമറാമാനൊപ്പം ഒപ്പം ആ യുവതിയായ റിപ്പോര്‍ട്ടര്‍ കിഷോറിന്റെ വീടിനകത്തേയ്ക്ക് കടന്നു.

ആ വീട്ടിലെ ഹാളില്‍ ചുമരില്‍ നിരത്തി വെച്ചിരിക്കുന്ന കിഷോറിന്റെ ചുരുക്കം ചില ഫോട്ടോകള്‍.

അദ്ദേഹത്തിന്റെ സ്ഥാപങ്ങള്‍. പിന്നെ അതിന്റെ ഉല്‍ഘാടന ചിത്രം, പിന്നെ കുറച്ചു പുറകിലെ ഫോട്ടോയില്‍ സ്ഥാപനങ്ങളുടെ നിര്‍മ്മാണം തുടങ്ങുന്നതിന്റെ ഫോട്ടോ

ആ യുവതി ഫോട്ടോകള്‍ നോക്കി കിഷോറിന്റെ ഭൂത കാലത്തിലേയ്ക്ക് നടന്നു.

കിഷോര്‍ നാല്‍പ്പതാം വയസ്സിലെടുത്ത ഫോട്ടോകള്‍ …സന്ദര്‍ശിച്ച വിദേശ രാജ്യങ്ങള്‍… പക്ഷെ ഒരു ഫോട്ടോയില്‍ പോലും അദ്ദേഹം നടത്തിയ സേവന, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇല്ലായിരുന്നു. അതാ റിപ്പോര്‍ട്ടര്‍ക്ക് അത്ഭുതമായി. ഒരു പെന്‍സില്‍ കൊടുത്താല്‍ നാലാളെ അറിയിക്കുന്നവരില്‍ നിന്നും ഈ മനുഷ്യന്‍ ഏറെ വ്യത്യസ്ഥനാണ്

കിഷോര്‍ ഇഡ്ഡലി ബിസിനസ് ആദ്യമായി തുടങ്ങിയ ചെറിയ ഹോട്ടലിന്റെ ചിത്രത്തോടെ ഫോട്ടോകള്‍ തീര്‍ന്നു.

കിഷോറിന്റെ ഭൂതകാലം അയാള്‍ ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല, തന്റെ ത്യാഗം ആരും അറിയേണ്ടെന്നു കരുതിക്കാണും , അല്ലെങ്കില്‍ ഭൂത കാലത്തെ ദുരനുഭവങ്ങള്‍ക്കുള്ള സുന്ദരമായ പ്രതികാരമായി എല്ലാ കാരുണ്യവും വ്യാഖ്യാനിക്കപ്പെടുമെന്നു ഭയന്ന് കാണും.

അല്ലായിരുന്നെങ്കില്‍ അപകടത്തില്‍ പെട്ട് തളര്‍ന്ന ശരീരവുമായി ജീവിച്ച ഒരു മുന്‍ഭാര്യയെ പരിചരിച്ച കിഷോറിന്റെ പടം അവിടെ ഉണ്ടാകുമായിരുന്നു…. ഒരു ഗുരുവെ പോലെ ഉപദേശം കൊടുക്കുന്ന ഒരമ്മയെ അവിടെ കാണുമായിരുന്നു,… ചായ ഗ്ലാസ്സുമായി ചുരം കയറി ഇറങ്ങിയ ഒരു പയ്യനും ആ പടങ്ങളില്‍ വരുമായിരുന്നു….

  • 3
    Shares