Share The Article

നസീർ ഹുസ്സൈൻ കിഴക്കേടത്തിന്റെ (Nazeer Hussain Kizhakkedathu)പോസ്റ്റ്

മുപ്പത്തി ഏഴാം വയസിൽ ഓവേറിയൻ കാൻസർ വന്നു മരിച്ച ഒരു സ്ത്രീയ്ക്കുറിച്ചാണീ കുറിപ്പ്.

ശാസ്ത്രമേഖലയിൽ ജോലി ചെയ്യുന്നവർ പോലും എക്സ്റേ ക്രിസ്റ്റലോഗ്രഫിയിൽ പ്രശസ്തയായ റോസലിൻഡ ഫ്രാങ്കിളിനെ കുറിച്ച് കേട്ടിരിക്കാൻ സാധ്യതയില്ല. ഒരു പക്ഷെ തന്റെ ജോലിയുടെ ഭാഗമായി ആയിരക്കണക്കിന് എക്സ്റേകൾ എടുക്കുമ്പോൾ പലപ്പോഴും സുരക്ഷയ്ക്കായി ധരിക്കേണ്ട ലെഡ് ഓവർ കോട്ട് ധരിക്കാതെ വന്നത് കൊണ്ടാവാം അവർക്ക് ഇത്ര ചെറുപ്പത്തിലേ കാൻസർ വന്നത്.

റോസലിൻഡ ഫ്രാങ്ക്‌ളിനെ കുറിച്ച് കേൾക്കാത്തവർ പക്ഷെ, ഡി എൻ എ യുടെ ഘടന കണ്ടുപിടിച്ചതിന് 1962 ൽ നോബൽ സമ്മാനം ലഭിച്ച ഫ്രാൻസിസ് ക്രിക്, ജെയിംസ് വാട്സൺ, മോറിസ് വിൽകിൻസ് എന്നിവരെക്കുറിച്ച് കേട്ടിരിക്കും. വളരെ നാൾ ശാസ്ത്രജ്ഞരെ കുഴക്കിയ ഒന്നായിരുന്നു ഡി എൻ എയുടെ വളരെ സങ്കീർണമായ ഘടന കണ്ടുപിടിക്കാൻ ഉള്ള ബുദ്ധിമുട്ട്. ഈ ഘടന കണ്ടുപ്പിടിക്കുന്നത് ഡി എൻ എ എന്തൊക്കെ കാര്യങ്ങൾ എങ്ങിനെ ഒക്കെ ചെയ്യുന്നു എന്നറിയുന്നതിന് അത്യാവശ്യം ആയ കാര്യമായിരുന്നു.

പല പടികൾ ഉള്ള ഒരു ഇരട്ട ചുറ്റുഗോവണിയുടെ ആകൃതിയാണ് ഡി എൻ എയ്ക്ക് ഉള്ളതെന്ന്, ഒരു ഗോവണിയുടെയോ, രണ്ടു പാമ്പുകൾ ചുറ്റിപ്പിണഞ്ഞു കിടക്കുന്നതിന്റെയോ മറ്റോ ഒരു സ്വപ്നം കണ്ടതിൽ നിന്നാണ് തനിക്ക് ആ ആശയം ലഭിച്ചത് എന്ന് പിന്നീട് വാട്സൺ പറഞ്ഞു എന്നാണ് പലയിടത്തും പ്രചരിക്കുന്ന കഥകൾ. പക്ഷെ ഡി എൻ എയുടെ ഘടന കണ്ടുപിടിച്ചതിനു ശാസ്ത്രം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് റോസലിൻഡ ഫ്രാങ്കിളിനോടാണ്. നോബൽ പ്രൈസ് പ്രഖ്യാപിക്കുന്നതിന് നാലു വർഷം മുൻപ് അവർ മരിച്ചുപോയത് കൊണ്ടാണ് അവർക്ക് നോബൽ ലഭിക്കാതിരുന്നത്.

അക്കാലത്ത് ഡി എൻ എയുടെ ഘടന കണ്ടുപിടിക്കാൻ ശ്രമിച്ചിരുന്നത് രണ്ടു ടീമുകളായിരുന്നു. കേംബ്രിഡ്ജിലെ കാവേന്റിഷ് ലബോറട്ടറിയിൽ വാട്സനും ക്രിക്കും , ലണ്ടനിലെ കിങ്‌സ് കോളേജിൽ എക്സ്റേ ക്രിസ്റ്റലോഗ്രഫി വഴി ഡി എൻ എ ഘടന കണ്ടുപിടിക്കാൻ ശ്രമിച്ച റോസലിൻഡ് ഫ്രാങ്കിളിനും. റോസലിൻഡ് ഫ്രാങ്ക്ലിന്റെ ബോസ് ആയിരുന്ന മോറിസ് വിൽക്കിൻസും.

ഡി എൻ എയുടെ ഏറ്റവും വ്യക്തമായ, പിരിയൻ ഗോവണിയുടെ ആകൃതിയിൽ ഉള്ള ഫോട്ടോ ആദ്യം എടുത്തത് റോസലിൻഡ ഫ്രാങ്ക്‌ളിൻ ആണ്. എക്സ്റേ ക്രിസ്റ്റലോഗ്രഫിയുടെ പുതിയ ചില സങ്കേതങ്ങൾ വികസിപ്പിച്ചെടുത്തു കൊണ്ടായിരുന്നു അത്. അതേസമയം, അക്കാലത്തെ ശാസ്ത്ര രംഗത്ത് സ്ത്രീകൾ ജോലി ചെയ്യുന്നത് തുലോം കുറവായിരുന്നു. മേരി ക്യൂറിയെ പോലെ വളരെ കുറച്ച് വനിതകൾ മാത്രമേ ഗവേഷണങ്ങളിൽ ഏർപ്പെടുന്നുണ്ടായിരുന്നുളൂ, അതിൽ തന്നെ സ്ത്രീകളോട് അക്കാലത്തെ പുരുഷ ഗവേഷകർ വളരെ നിന്ദയോടെ ആണ് പെരുമാറിയിരുന്നത്. ഊണ് കഴിക്കാൻ പോലും സ്ത്രീകൾക്ക് വേറെ ചെറിയ ഇടം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.

വാട്സൻ യഥാർത്ഥത്തിൽ ഒരു ബയോ കെമിസ്റ് ആയിരുന്നില്ല, അദ്ദേഹത്തിന് ഡോക്ടറേറ്റും ഉണ്ടായിരുന്നില്ല. ബിയോളജിയിലെ ചില ഘടനാ കണ്ടുപിടുത്തങ്ങൾക്ക് കെമിസ്ട്രിയിൽ ആഴമേറിയ അറിവ് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ റോസലിൻഡ് ഫ്രാങ്ക്‌ളിൻ എടുത്ത ഫോട്ടോകൾ കണ്ടാൽ കൊള്ളാമെന്ന് വാട്സണും, ക്രിക്കിനും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ സ്ത്രീകളോട് പരുഷമായി പെരുമാറുന്ന വാട്സനെ റോസലിൻഡയ്ക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല, വേണമെങ്കിൽ തനിയെ ചെയ്തു കൊള്ളാൻ പറഞ്ഞു കൊണ്ട്, കൂടുതൽ ഗവേഷണങ്ങൾക്കായി ഈ ചിത്രങ്ങൾ റോസലിൻഡാ ഒളിപ്പിച്ചു വച്ചു.

തനിക്ക് പകരം തന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീ ഡി എൻ എയുടെ ഫോട്ടോ ആദ്യമായി എടുത്തത് ഒരു പക്ഷെ വിൽക്കിൻസണ് ഇഷ്ടപെടാതിരുന്നിട്ടാണോ എന്തോ, അദ്ദേഹം റോസലിൻഡയുടെ സമ്മതം ഇല്ലാതെ ഈ ഫോട്ടോ വാട്സണെയും ക്രിക്കിനെയും കാണിച്ചു കൊടുത്തു. അതിനു ശേഷമാണു വാട്സൺ തന്റെ പ്രസിദ്ധമായ സ്വപ്നത്തിന്റെ കഥ പറയുന്നതും ഡി എൻ എ യുടെ ഡബിൾ ഹെലിക്‌സ് (പിരിയൻ ഗോവണി) ഘടനയെ കുറിച്ച് ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കുന്നതും. പക്ഷെ ആ പ്രബന്ധത്തിൽ ഒരു വാക്ക് പോലും റോസലിൻഡ എന്ന ഗവേഷകയെകുറിച്ചോ അവർ എടുത്ത ഫോട്ടോയെ കുറിച്ചോ ഉണ്ടായിരുന്നില്ല. വാട്സന്റെ ആത്മകഥയിൽ പോലും കൂടെ ജോലി ചെയ്യാൻ പ്രയാസം ഉള്ള ഒരു സ്ത്രീ എന്ന നിലയിൽ ആണ് റോസലിൻഡയെ അവതരിപ്പിച്ചത്. ഡി എൻ എ ഘടന കണ്ടുപിടിച്ച മൊത്തം അംഗീകാരം വാട്സണും കിർക്കും കൊണ്ടുപോവുകയും ചെയ്തു.

പക്ഷെ സത്യം എക്കാലവും മൂടി വയ്ക്കാൻ കഴിയില്ലല്ലോ. സീക്രെട് ഓഫ് ഫോട്ടോ 51 എന്ന പേരിൽ PBS ഡോക്യൂമെന്ററി വരെ പിൽക്കാലത്തു ഇറങ്ങുകയും സത്യം വെളിയിൽ വരുകയും ചെയ്തപ്പോൾ വാട്സൺ തന്റെ ആത്മകഥ തന്നെ തിരുത്തി. മുൻപ് റോസലിൻഡയെ കുറിച്ച് തെറ്റായിപറഞ്ഞത് പിൻവലിച്ചു. ഡി എൻ എ യുടെ ഘടന കണ്ടുപിടിക്കുന്നതിന് റോസലിൻഡയുടെ പങ്ക് ലോകവ്യാപകമായി അംഗീകരിക്കപ്പെടുകയും ചെയ്തു.

ദൈവം ഉണ്ടെങ്കിൽ അതൊരു സ്ത്രീയല്ല എന്ന് നിങ്ങൾക്ക് എങ്ങിനെ അറിയാം എന്ന് ചോദിച്ച റോസലിൻഡയെ പോലുള്ള സ്ത്രീകളെ ഓർക്കേണ്ട ഒന്നാണീ വനിതാദിനം.

നാസയിൽ ആദ്യകാല ഗണിത / കമ്പ്യൂട്ടർ പ്രോഗ്രാമർമാർ ആയി ജോലി ചെയ്തിരുന്ന മേരി ജാക്‌സനെ പോലുള്ള ആഫ്രിക്കൻ അമേരിക്കൻ സ്ത്രീകളെകുറിച്ചും , റോസലിൻഡയെ പോലെ സ്വന്തം കണ്ടുപിടുത്തത്തിന്റെ ക്രെഡിറ്റ് മറ്റുള്ളവർ അടിച്ചുമാറ്റിയ സ്ത്രീകളെ കുറിച്ചും ഉള്ള വാർത്തകൾ ഈയടുത്ത് കൂടുതൽ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

എന്റെ അറിവിൽ ഇന്ത്യയിൽ വെറും 14 ശതമാനം മാത്രമാണ് ശാസ്ത്ര ഗവേഷക രംഗത്ത് സ്ത്രീ പങ്കാളിത്തം ഉള്ളത്. കൂടുതൽ പെൺകുട്ടികൾ ഈ രംഗത്തേക്ക് വരാൻ ഇത്തരം പുതിയ അറിവുകൾ ഇടയാക്കട്ടെ ..

  • 5
    Shares
ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.