Sandeep Das എഴുതുന്നു

പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്ന ക്രിമിനലുകളെ ന്യായീകരിക്കാൻ സാധിക്കുമോ? ജീവനുള്ള ഒരു മനുഷ്യശരീരത്തിൽ പെട്രോളൊഴിച്ച് തീകൊടുക്കുന്ന നരാധമൻമാരെ പിന്തുണച്ച് സംസാരിക്കാൻ സാധിക്കുമോ? ഇല്ല എന്നായിരുന്നു എൻ്റെ ധാരണ.പക്ഷേ ആ ധാരണ തെറ്റായിരുന്നുവെന്ന് ഈയിടെ ബോദ്ധ്യപ്പെട്ടിരുന്നു.

Sandeep Das
Sandeep Das

പ്രണയം നിഷേധിച്ചതിൻ്റെ പേരിൽ തൃശ്ശൂരുകാരിയായ ഒരു പെൺകുട്ടി അതിദാരുണമായി കൊലചെയ്യപ്പെട്ടപ്പോൾ,ഒരുപാട് ആളുകൾ കൊലപാതകിയെ പരോക്ഷമായി ന്യായീകരിച്ച് സംസാരിച്ചിരുന്നു ! ”തേപ്പുകാരിയ്ക്ക് കിട്ടേണ്ടത് കിട്ടി” എന്ന മട്ടിലുള്ള പ്രതികരണങ്ങൾ ധാരാളം കണ്ടിരുന്നു !

ഇതുപോലുള്ള മനുഷ്യരെക്കൊണ്ടുനിറഞ്ഞ ഒരു സമൂഹത്തിലാണ് ആസിഡ് ആക്രമണത്തിൻ്റെ ഇരകൾ ജീവിക്കേണ്ടതും വിജയിക്കേണ്ടതും ! ‘ഉയരെ’ എന്ന സിനിമ പറയുന്നത് അതുപോലൊരു അതിജീവനത്തിൻ്റെ കഥയാണ് !

ആസിഡും പെട്രോളും മറ്റും ഉപയോഗിച്ച് സ്ത്രീകളെ ആക്രമിക്കുന്നത് ഇന്ത്യയിൽ പതിവാണ്.അതുപോലുള്ള സംഭവങ്ങളുണ്ടാവുമ്പോൾ സമൂഹം ആദ്യം അന്വേഷിക്കുന്നത് ആക്രമിക്കപ്പെട്ടവളും ആക്രമിച്ചവനും തമ്മിൽ ഏതെങ്കിലും വിധത്തിലുള്ള മുൻകാലപരിചയം ഉണ്ടായിരുന്നോ എന്ന കാര്യമാണ്.ഇരുവരും പ്രണയത്തിലായിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും കിട്ടിയാൽപ്പിന്നെ ആഘോഷമാണ് ! ”പെണ്ണിൻ്റെ ഭാഗത്തും തെറ്റുണ്ട് ” എന്ന് പറഞ്ഞ് ബാലൻസ് ചെയ്യാനുള്ള ഒാട്ടമാണ് പിന്നീട് കാണുക ! തികഞ്ഞ അശ്ശീലമാണത്.

യോജിച്ചുപോകാനാവില്ലെന്ന് തോന്നിയാൽ ഏതു ബന്ധവും അവസാനിപ്പിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യർക്കുണ്ട്.വർഷങ്ങളോളം ഒന്നിച്ചുജീവിച്ച ഭാര്യാഭർത്താക്കൻമാർ വരെ ബന്ധം വേർപെടുത്തുന്നുണ്ട്.അതിലെ ശരിതെറ്റുകളുടെ നിർവചനങ്ങൾ വ്യക്തികൾക്കനുസരിച്ച് മാറും.യോജിച്ചില്ലെങ്കിലും, മറ്റൊരാളുടെ തിരഞ്ഞെടുപ്പിനെ മാനിക്കുക എന്നതാണ് പ്രധാനം.

ശക്തമായ എന്തെങ്കിലുമൊരു കാരണമില്ലാതെ ഭൂരിഭാഗം പേരും പ്രണയം ഉപേക്ഷിക്കാറില്ല.അതിൻ്റെ പേരിൽ പെട്രോളും ആസിഡും എടുത്തിറങ്ങാൻ ഒരാൾക്കും അവകാശമില്ല.സിനിമയിൽ പാർവ്വതി അവതരിപ്പിക്കുന്ന പല്ലവി രവീന്ദ്രൻ എന്ന കഥാപാത്രത്തിൻ്റെ ജീവിതം മാറ്റിമറിക്കുന്നത് കാമുകനോട് പറയുന്ന ഒരു ‘നോ’ ആണ്…

മെയിൽ ഷോവനിസം ഒരലങ്കാരമായി കൊണ്ടുനടക്കുന്ന കാമുകൻമാർക്ക് നമ്മുടെ നാട്ടിൽ ഒരു കുറവുമില്ല.പ്രണയിനി എന്തു വസ്ത്രം ധരിക്കണം,ഏതെല്ലാം സ്ഥലങ്ങളിൽ പോകണം മുതലായ കാര്യങ്ങളൊക്കെ അക്കൂട്ടർ തീരുമാനിക്കും.കല്യാണം കഴിഞ്ഞാൽ ഇഷ്ടം പോലെ ഫ്രീഡം തരുമെന്ന് വീരവാദം മുഴക്കും.പ്രണയിനിയുടെ ആൺസൗഹൃദങ്ങളെ അസഹിഷ്ണുതയോടെയും സംശയത്തോടെയും മാത്രം നോക്കിക്കാണും.ആസിഫ് അലിയുടെ ഗോവിന്ദ് അത്തരം കാമുകൻമാരുടെ പ്രതിനിധിയാണ്….

കാമുകൻ ചിന്തിക്കുന്നത് ലിംഗംകൊണ്ടാണെന്ന് ബോദ്ധ്യപ്പെട്ടാൽ ഒരു പെൺകുട്ടി സ്വാഭാവികമായും അയാളെ ഒഴിവാക്കും.അപ്പോഴും ‘തേപ്പുകാരി’ എന്ന വിളിമാത്രമാവും ബാക്കി ! ആസിഡ് ഒഴിച്ച കാമുകനോട് സമൂഹവും നിയമസംവിധാനവും അനാവശ്യമായ മൃദുസമീപനം പുലർത്തുകയും ചെയ്യും.അതിനെല്ലാം ഇടയിൽ എരിഞ്ഞുതീരുന്നത് ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന ഒരു പെൺകുട്ടിയാവും.’ഉയരെ’ വെളിച്ചംവീശുന്നത് ഇത്തരം വസ്തുതകളിലേക്കാണ്.

മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ത്രീകഥാപാത്രങ്ങളിൽ ഒന്നാണ് പല്ലവി.മിന്നുകെട്ടിയ പുരുഷൻ്റെ കാൽച്ചുവട്ടിലാണ് പെണ്ണുങ്ങളുടെ സ്വർഗ്ഗം എന്ന് അവൾ വിശ്വസിക്കുന്നില്ല.അടുക്കളയിൽ നിന്ന് ഊണുമേശ വരെയുള്ള നിസ്സാര ദൂരത്തെ സ്വന്തം ലോകമായി പരിമിതപ്പെടുത്തുന്നില്ല അവൾ.പറക്കാൻ ഇഷ്ടപ്പെടുന്നവളാണ് പല്ലവി.ഒരു പെണ്ണിൻ്റെ സ്വപ്നങ്ങളുടെ പരിധി നിശ്ചയിക്കാൻ ആർക്കാണ് അവകാശമുള്ളതെന്ന് ബോബി-സഞ്ജയ് ടീം ‘ഹൗ ഒാൾഡ് ആർ യൂ’വിലൂടെ ചോദിച്ചിരുന്നു.നിരുപമ അവസാനിപ്പിച്ചിടത്തുനിന്നാണ് പല്ലവിയുടെ ആരംഭം !

കണ്ടുമടുത്ത ചില ക്ലീഷേകളുണ്ട്.നായിക ബോൾഡ് ആണെങ്കിൽ അവളുടെ ചുണ്ടിലൊരു സിഗററ്റ് ഉണ്ടാവും.ഇരട്ടച്ചങ്കുള്ളവളായാലും നായകൻ്റെ ഒരു ആലിംഗനംകൊണ്ട് വാടിത്തളർന്നുപോകും.­റേപ്പ് ചെയ്തവൻ പശ്ചാത്താപവാക്കുകൾ ഉച്ചരിച്ചാൽ അയാളോട് നിസ്സാരമായങ്ങ് ക്ഷമിച്ചുകളയും.ജീവിതത്തോട് ഒറ്റയ്ക്ക് പൊരുതുന്ന നായികയാണെങ്കിൽ അവസാനം നായകൻ രക്ഷകനായി അവതരിക്കും !

പല്ലവി ഇങ്ങനെയൊന്നുമല്ല .”തന്തകളി എന്നോട് വേണ്ട” എന്ന് ആ കഥാപാത്രം നിരന്തരം പ്രഖ്യാപിക്കുന്നുണ്ട്.സംരക്ഷിക്കാനല്ല,സഹ­യാത്രികയായി കാണാനാണ് അവൾ ആവശ്യപ്പെടുന്നത്.തലച്ചോറിൽ വെളിച്ചമുള്ള പുരുഷൻമാർ അതുപോലുള്ള ഒരു പെൺകുട്ടിയെ ജീവിതപങ്കാളിയായി ലഭിക്കാനാണ് ആഗ്രഹിക്കുക.

പല കാരണങ്ങൾ കൊണ്ടും ആഗ്രഹിച്ച മേഖലയിൽ എത്തിപ്പെടാൻ സാധിക്കാത്ത മനുഷ്യരുണ്ട്.സാഹചര്യങ്ങളുടെ സമ്മർദ്ദംമൂലം സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചവർ….ആ വിഭാഗത്തെക്കുറിച്ചും സിനിമ സംസാരിക്കുന്നുണ്ട്.അവരുടെ ഉള്ളിലെ തീപ്പൊരിയെ പരിപൂർണ്ണമായും അണയ്ക്കാനാവില്ലെന്നും എന്നെങ്കിലുമൊരിക്കൽ അത് മറനീക്കി പുറത്തുവരുമെന്നും പ്രത്യാശിക്കുന്നുണ്ട് രചയിതാക്കൾ…

ഈ സിനിമയുടെ കരുത്ത് അതിൻ്റെ കാസ്റ്റിങ്ങ് ആണ്.ആസിഫ് അലി,ടൊവിനോ തോമസ്,സിദ്ദിഖ് തുടങ്ങിയവരെല്ലാം തകർത്തഭിനയിച്ചിട്ടുണ്ട്.ബാലതാരങ്ങളുടെ തിരഞ്ഞെടുപ്പിൽ പോലും അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ട്.പൊതുവെ മലയാളസിനിമ വളരെ അലസമായി കൈകാര്യം ചെയ്തുവരുന്ന ഒരു കാര്യമാണത്.

പക്ഷേ എല്ലാ അർത്ഥത്തിലും പാർവ്വതിയാണ് താരം ! ഒരു മെയിൽ-ഡോമിനേറ്റഡ് ഇൻഡസ്ട്രിയിലാണ് അവരുടെ നില്പ്.അഭിപ്രായങ്ങൾ തുറന്നുപറഞ്ഞതിൻ്റെ പേരിൽ സമാനതകളില്ലാത്ത സൈബർ ആക്രമണം നേരിടേണ്ടിവന്നിട്ടുമുണ്ട്.എന്നിട്ടും ഈ സിനിമ പാർവ്വതിയുടെ പേരിലാണ് മാർക്കറ്റ് ചെയ്യപ്പെടുന്നത്.സിനിമയിലെ സ്ത്രീകളുടെ സൗന്ദര്യത്തിൽ മാത്രം ശ്രദ്ധചെലുത്താറുള്ള പ്രേക്ഷകർ വരെ പാർവ്വതിയുടെ അഭിനയം കാണാൻ തിയേറ്ററുകളിലെത്തുന്നു !

‘ലേഡി സൂപ്പർസ്റ്റാർ’ എന്ന വിശേഷണംപോലും അവരോടുള്ള അനീതിയാണ്.പാർവ്വതി സൂപ്പർസ്റ്റാർ തന്നെയാണ് !

ആസിഡ് ആക്രമണത്തെയും പെട്രോൾ ആക്രമണത്തെയും ന്യായീകരിക്കുന്ന ആളുകളിൽ കുറേപ്പേരെങ്കിലും ‘ഉയരെ’ കാണുന്നതോടെ മാറിച്ചിന്തിക്കും എന്ന കാര്യത്തിൽ തർക്കമില്ല.അതുകൊണ്ട് ഈ സിനിമ തിയേറ്ററിൽ തന്നെ കാണണം.വിജയിപ്പിക്കണം.ഒരു സിനിമയുടെ മികവ് കളക്ഷൻ്റെ അടിസ്ഥാനത്തിൽ മാത്രം അളക്കാനാവില്ല എന്നത് സത്യമാണ്.പക്ഷേ മുടക്കിയ പണം നിർമ്മാതാവിന് തിരിച്ചുകിട്ടിയില്ലെങ്കിൽ ഇതുപോലുള്ള സൃഷ്ടികൾ ഇനി ഉണ്ടായെന്നുവരില്ല.അതിന് അനുവദിക്കരുത് !

മുഖത്ത് ആസിഡ് വീഴുമ്പോഴുണ്ടാകുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ‘ഉയരെ’ കാണുന്ന പ്രേക്ഷകന് അത് അനുഭവിച്ചറിയാനാകും.പച്ചമാംസം വെന്തുരുകുമ്പോഴുള്ള ശബ്ദം നമുക്ക് ശ്രവിക്കാനാകും.ആ പൊള്ളൽ ശരീരത്തിനും മനസ്സിനും ഏൽപ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് തിരിച്ചറിവുണ്ടാകും…

ഇതിനെല്ലാം വേണ്ടി ‘ഉയരെ’ കാണണം.പല്ലവിയെ ഹൃദയത്തോട് ചേർത്തുവെയ്ക്കണം….

Written by-Sandeep Das