Sebi Mathew എഴുതുന്നു 

പട്ടേലിന്റത്രേം പൊക്കമില്ല, എന്നാലും വളരുന്നുണ്ട്…!

Sebi Mathew
Sebi Mathew

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മാലിന്യമല താജ്മഹലിനെക്കാള്‍ ഉയരം വെച്ചുകൊണ്ടിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടന എന്തു കൊണ്ടാണ് ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട തലസ്ഥാന നഗരമായി ഡല്‍ഹിയെ അടയാളപ്പെടുത്തുന്നു എന്നതിന്റെ ഉദാഹരണമാണിത്. ഡല്‍ഹിയിലെ ഗാസിപ്പൂരിലാണ് 213 അടി ഉയരമുള്ള ഈ മാലിന്യമല. 40 ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വിസ്തൃതിയുള്ള ഈ വന്‍ മാലിന്യക്കൂമ്പാരത്തിന്റെ ഉയരം പ്രതിവര്‍ഷം 33 അടിയായി ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വളര്‍ച്ചാ നിരക്ക് ഇതേ തോതില്‍ മുന്നോട്ടു പോയാല്‍ 2020 ആകുമ്പോള്‍ ഈ മാലിന്യക്കൂമ്പാരത്തിന്റെ ഉയരം 239 അടി ഉയരമുള്ള ലോകമഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ കടത്തിവെട്ടും. കഴിഞ്ഞ വര്‍ഷമാണ് സുപ്രീംകോടതി ഇതിനു മുകളില്‍ വിമാനങ്ങള്‍ക്ക് അപായ മുന്നറിയിപ്പിനായി ചുവന്ന ബള്‍ബുകള്‍ സ്ഥാപിക്കണമെന്നു നിര്‍ദേശിച്ചത്.
പ്രതിദിനം 2,000 ടണ്‍ മാലിന്യം ഇവിടെ നിക്ഷേപിക്കുന്നുണ്ട്. 2018ല്‍ കനത്ത മഴയെ തുടര്‍ന്ന് ഈ മാലിന്യ മലയിടിഞ്ഞ് രണ്ടുപേരുടെ മരണത്തിനിടയാക്കിയിരുന്നു. 1984ല്‍ ആരംഭിച്ച ഈ ഗാസിപ്പൂരിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിന്റെ കപ്പാസിറ്റി 2002ല്‍ പൂര്‍ണമായും വിനിയോഗിച്ചു കഴിഞ്ഞിരുന്നു. കാലാവധി കഴിഞ്ഞിട്ടും മാലിന്യത്തിന്റെ വരവിനും മലയുടെ വളര്‍ച്ചയ്ക്കും മാത്രം ഒരു കുറവില്ല. ഇടയ്ക്കിടെയുണ്ടാകുന്ന തീപിടിത്തങ്ങളില്‍ മീഥൈന്‍ വാതകത്തിന്റെ വ്യാപനവും പതിവാണ്. ശ്വാസതടസം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളുമായി പ്രതിദിനം പ്രദേശവാസികളായ 70 പേരാണ് ആശുപത്രി കയറിയിറങ്ങുന്നത്. എന്തായാലും ഈ സ്വച്ഛഭാരത പ്രതീകം അങ്ങ് ലണ്ടനില്‍ ഡെയ്‌ലി മെയിലിന്റെ വരെ സുപ്രാധാന വാര്‍ത്താ ചിത്രമായതില്‍ ശരാശരി രാജ്യസ്‌നേഹികള്‍ക്ക് അഭിമാനത്തിന് വകയുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. നിങ്ങൾക്കും എഴുതാം ബൂലോകത്തിൽ.