ശാന്തമ്മയും ഞാനും ആന്‍ ഐഡിയായും – രഘുനാഥന്‍ കഥകള്‍

womanഒരു മാസത്തിനുള്ളില്‍ രണ്ടു തവണയെങ്കിലും വീട്ടില്‍ പോവുക എന്നത് നാട്ടില്‍, പ്രത്യേകിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന പട്ടാളക്കാരുടെ രീതിയാണ്. അങ്ങനെ പോകാന്‍ അനുവാദമൊന്നുമില്ല. സെക്ഷനില്‍ ഉള്ള ഒരു ധാരണയുടെ പുറത്താണ് ഈ പോക്ക്. മിക്കവാറും ശനിയാഴ്ച വൈകിട്ടാണ് ഈ പരിപാടി നടക്കുക. ‘കട്ട് പാസ്’ എന്നാണു ഇതിന് ഞങ്ങള്‍ പേരിട്ടിരിക്കുന്നത്. ഒരു ദിവസത്തിന് ശേഷം, അതായത് തിങ്കളാഴ്ച രാവിലെ പി.റ്റി പരേടിനു മുന്‍പ് തിരികെ എത്തിക്കൊള്ളാം എന്നുള്ള ഉറപ്പിന്മേലാണ് ‘കട്ട് പാസ്’ പോകുന്നത്. പോകുന്ന ആള്‍ ഈ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ തിരിച്ചു വന്നിരിക്കണം. വന്നില്ലെങ്കില്‍ ഇപ്പോള്‍ നിലവിലുള്ള സകല ആര്‍മി ആക്ടും ടിയാന്റെ തലയില്‍ കെട്ടിവയ്ക്കപ്പെടും. അതോടെ അയാളുടെ പട്ടാള ജീവിതം കട്ടപ്പുക!

എന്തൊക്കെയാണെങ്കിലും ശനിയാഴ്ച ഉച്ച തിരിയുമ്പോള്‍ തന്നെ ഞങ്ങള്‍ക്കെല്ലാം കുടിയന്മാര്‍ക്ക് ബാര്‍ കാണുമ്പോള്‍ നൂറു മില്ലി അടിച്ചാലോ എന്ന് തോന്നുന്നതുപോലെ, ഒരു ‘കട്ടുപാസ്’ പോയാലോ എന്ന തോന്നല്‍ ഉണ്ടാകും. സൗകര്യം കിട്ടിയാല്‍ മുങ്ങുകയും ചെയ്യും. അങ്ങനെ ഒരു ശനിയാഴ്ച വൈകുന്നേരം തിരുവനന്ത പുറത്തു നിന്ന് ഞാനും മുങ്ങി. പൊങ്ങിയത് എന്റെ വീടിനടുത്തുള്ള ബസ് സ്‌റ്റോപ്പില്‍!. !ഓട്ടോ റിക്ഷകള്‍ ഒന്നും സ്റ്റാന്റില്‍ കാണുന്നില്ല. ഞാന്‍ അടുത്തുള്ള മുറുക്കാന്‍ കടയില്‍ നിന്നും ഒരു സിഗരട്ട് വാങ്ങി കത്തിച്ചു. പിന്നെ പുകയും വിട്ടുകൊണ്ട് വീട്ടിലേക്ക് നടന്നു.

അരണ്ട വെളിച്ചത്തില്‍, സിഗരറ്റിന്റെ പുക ഗുമു ഗുമാന്നു വിട്ടുകൊണ്ട് ഞാന്‍ നടക്കുകയാണ്. കുറച്ചു നടന്നപ്പോള്‍ അല്പം മുന്‍പിലായി ആരോ ഒരാള്‍ ഒരു സൈക്കിളും തള്ളിക്കൊണ്ട് നടന്നു പോകുന്നത് കണ്ടു. ഏതോ ഹതഭാഗ്യന്‍ തന്റെ പഞ്ചറായ സൈക്കിളും തള്ളി പോവുകയാണ്. പക്ഷെ ആ നടപ്പില്‍ ഒരു പ്രത്യേകതയുണ്ട് എന്നെനിക്കു തോന്നി. കാരണം പരിചമുട്ട് കളിക്കാര്‍ ചുവടു വയ്കുന്നതുപോലെ രണ്ടടി മുന്നോട്ടു നടന്നിട്ട് അടുത്ത രണ്ടടി പുറകോട്ടും പിന്നെ ഇടക്കൊക്കെ ഓരോ അടികള്‍ വശങ്ങളിലേയ്ക്കും വച്ചാണ് അദ്ദേഹം നടക്കുന്നത്. അതിനൊപ്പം തന്നെ കൂടെയുള്ള സൈക്കിളും ചുവടു വയ്ക്കുന്നുണ്ട്. അത് കൂടാതെ ‘എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം എത്ര പയങ്കരമേ” എന്ന ശ്രുതി മധുരമായ ഒരു ഗാനം കൂടി ആ മാന്യ ദേഹം നടപ്പിനൊപ്പം ആലപിക്കുന്നുണ്ട്.

ആ ശബ്ദം കേട്ടിട്ട് വളരെ പരിചയമുള്ളതാണ് എന്നെനിക്കു തോന്നി. യേശുദാസിന്റെയോ ജയചന്ദ്രന്റെയോ ശബ്ദമല്ല. പിന്നെ ആരാണാ ഗാനഗന്ധര്‍വ്വന്‍? ഞാന്‍ തല പുകഞ്ഞാലോചിച്ചു. പെട്ടെന്ന് തന്നെ ആളെ പിടികിട്ടി. അതാണ് നമ്മുടെ പാക്കരന്‍ ചേട്ടന്‍!!! ഞങ്ങളുടെയെല്ലാം ആരാധ്യപുരുഷനായ, കുമാരപുരം ഷാപ്പിലെ അംഗീകൃത ചെത്തുകാരനും ആസ്ഥാന കുടിയനുമായ പാക്കരന്‍ ചേട്ടനാണ് പാട്ടു പാടി, താളമിട്ടു മുന്‍പോട്ടു പോകുന്നത് !

പാക്കരന്‍ ചേട്ടനെപ്പറ്റി പറയാന്‍ ഒത്തിരിയുണ്ട്. ഞങ്ങളുടെ ഗ്രാമത്തിന്റെ അംഗീകൃത ചെത്തുകാരനും ആസ്ഥാന കുടിയനും മാത്രമല്ല എന്റെ ‘ ഗുരുവും’ കൂടിയാണ് പാക്കരന്‍ ചേട്ടന്‍! ഗുരു എന്നുപറഞ്ഞാല്‍ അക്ഷരം പഠിപ്പിച്ച ഗൃരുവല്ല. കുടി പഠിപ്പിച്ച ആള്‍. അതായത് കള്ളു ഗുരു. എന്റെ വീട്ടിലെ തെങ്ങില്‍ നിന്നും പാക്കരന്‍ ചേട്ടന്‍ ചെത്തിയെടുത്ത മധുരക്കള്ളാണ് ഞാന്‍ ആദ്യമായി കുടിച്ച മദ്യം. അത് എനിക്കും പാക്കരന്‍ ചേട്ടനും മാത്രമെ അറിയൂ. തന്നെയുമല്ല പാക്കരന്‍ ചേട്ടനെക്കുറിച്ചു വേറെ ഒരു വിശേഷണം കൂടിയുണ്ട്.

ഏതെങ്കിലും നല്ല കാര്യത്തിന് പുറപ്പെടുമ്പോള്‍ പാക്കരന്‍ ചേട്ടനെ ശകുനം കണ്ടാല്‍ ആ കാര്യം നടന്നിരിക്കും എന്നാണു ഗ്രാമത്തിലെ പലരും പറയാറുള്ളത്. അത് ശരിയാണ് എന്ന് ഞാനും പറയും. കാരണം പട്ടാളത്തില്‍ ചേരാനായി രണ്ടു വര്‍ഷത്തോളം നടന്നിട്ടും ചെരുപ്പ് തേഞ്ഞതല്ലാതെ മറ്റൊരു പ്രയോജനവും ഇല്ലാതിരുന്ന എനിക്ക് അവസാനം ഈ പണി പറ്റില്ല എന്ന് നാട്ടുകാരും വീട്ടുകാരും പറയാന്‍ തുടങ്ങി. അപ്പോഴാണ് അപ്രതീക്ഷിതമായി ഒരു കാള്‍ലെറ്റര്‍ വന്നത്. അതിന്‍ പ്രകാരം ‘ഒത്താല്‍ ഒത്തു അല്ലെങ്കില്‍ ചത്തു’ എന്ന രീതിയില്‍ ഒരിക്കല്‍ കൂടി പോയിനോക്കാം എന്നുകരുതി ഇറങ്ങിയപ്പോള്‍ ഞാന്‍ ശകുനം കണ്ടത് പാക്കരന്‍ ചേട്ടനെയാണ്. അന്ന് തന്റെ കള്ള് കുടുക്കയില്‍ നിന്നും അല്പം കള്ളെടുത്ത് എന്റെ നെറുകയില്‍ കുടഞ്ഞിട്ടു ‘മോനേ നീ പോയി ഫിറ്റായി വാ’ എന്ന് പറഞ്ഞു അനുഗ്രഹിച്ചയച്ച ആളാണ് ഈ പാക്കരന്‍ ചേട്ടന്‍. എന്തായാലും പാക്കരന്‍ ചേട്ടന്റെ കള്ളിന്റെ ഗുണമാണോ എന്നറിയില്ല ആ പോക്കില്‍ ഞാന്‍ ഫിറ്റായി. അവിടുന്നിങ്ങോട്ടു ഫിറ്റ് തന്നെ ഫിറ്റ്. (ഇപ്പോഴും ചെറിയ രീതിയില്‍ ഫിറ്റാണ്).

ഒരു രഹസ്യം കൂടിയുണ്ട് പാക്കരന്‍ ചേട്ടനെപ്പറ്റി. അദ്ദേഹത്തിന് ഒരു മകളുണ്ട്. പേരു ശാന്തമ്മ. പേരു പോലെ തന്നെ ശാന്തയാണ് ശാന്തമ്മ. ഞങ്ങളുടെ ഗ്രാമത്തിന്റെ ശാലീന സൌന്ദര്യം എന്ന് വേണമെങ്കില്‍ പറയാം. അവളെ കെട്ടാന്‍ ആശയില്ലാത്ത യുവാക്കളില്ല ഞങ്ങളുടെ നാട്ടില്‍. ഹരിപ്പാട്ടുള്ള ഏതോ സ്വകാര്യ സ്‌കൂളില്‍ പഠിപ്പിക്കുകയാണ് ശാന്തമ്മ. ലീവിന് വരുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ അവളെ ബസ് സ്‌റ്റോപ്പില്‍ വച്ച് കാണാറുണ്ട്. . അപ്പോഴൊക്കെ ഒരു ചെറിയ പുഞ്ചിരി എനിക്ക് സമ്മാനിക്കാറുണ്ട് അവള്‍

അങ്ങനെയുള്ള പാക്കരന്‍ ചേട്ടനാണ് മുമ്പെ പോകുന്നത്. ഈ അവസ്ഥയില്‍ പാക്കരന്‍ ചേട്ടന് പിടി കൊടുത്താല്‍ അത് കുഴപ്പമാകും. കാരണം സൈക്കിള്‍ മാത്രമല്ല പാക്കരന്‍ ചേട്ടനും വീലൂരിയ നിലയിലാണ്. അപ്പോള്‍ മിണ്ടാതെ പോകുന്നതാണ് ഉത്തമം. ഞാന്‍ മെല്ലെ റോഡിന്റെ അരികു ചേര്‍ന്ന് പാക്കരന്‍ ചേട്ടനെ മറികടന്ന് അല്പം മുമ്പോട്ടു പോയി. അപ്പോഴാണ് പുറകില്‍ നിന്നും ആ അലര്‍ച്ച കേട്ടത്.

‘ഭ ..പറ്റിക്കാന്‍ നോക്കുന്നോ?.. നില്ലെടാ അവിടെ’

ഞാന്‍ അറിയാതെ നിന്നുപോയി. ഇനി രക്ഷയില്ല. എന്റെ ബാഗിലിരിക്കുന്ന രണ്ടു കുപ്പികളില്‍ ഒരെണ്ണത്തിന്റെ ഭാവി അപകടത്തിലായി എന്ന കാര്യം ഉറപ്പായി. ഇനിയിപ്പോള്‍ അനുഭവിക്കുകതന്നെ. ഞാന്‍ തിരിഞ്ഞു നോക്കി.

പാക്കരന്‍ ചേട്ടന്റെ കൃശഗാത്രത്തോട് പിണങ്ങി ഉരിഞ്ഞുപോയ മുണ്ടിനെ യഥാസ്ഥാനത്ത് ഉറപ്പിക്കാനായി, കയ്യിലിരുന്ന സൈക്കിളിനെ സ്റ്റാന്റില്‍ വയ്കാന്‍ പാടുപെടുകയാണ് പാക്കരന്‍ ചേട്ടന്‍. അനുസരിക്കാന്‍ മടിക്കുന്ന സൈക്കിളിനോടായിരുന്നു ആ അലര്‍ച്ച. ആ പ്രയത്‌നത്തിനൊടുവില്‍ പാക്കരന്‍ ചേട്ടനും സൈക്കിളും കൂടി താഴെ വീണു. ‘ഇത്രയും നാള്‍ ഞാന്‍ ഇയ്യാളെ ചുമന്നില്ലേ ഇനി എന്നെ ഇയ്യാള് ചുമക്കു’ എന്ന രീതിയില്‍ പാക്കരന്‍ ചേട്ടന്റെ പുറത്താണ് സൈക്കിളിന്റെ കിടപ്പ്!

എത്രയും പെട്ടെന്ന് സ്ഥലം വിട്ടേക്കാം എന്ന് കരുതി നടക്കാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്നാണ് എനിക്കാ ബുദ്ധി തോന്നിയത്. അടിച്ച് കോണ്‍ തെറ്റി വഴിയില്‍ കിടക്കുന്ന പാക്കരന്‍ ചേട്ടനെ എടുത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിച്ചാലോ? അതൊരു നല്ല കാര്യമല്ലേ ? തന്നെയുമല്ല ഒരു കേന്ദ്ര ഗവര്‍മെന്റ് ജോലിക്കാരനും അഞ്ചക്ക ശമ്പളമുള്ളവനും ആയിട്ടുള്ള യുവകോമളന്‍ (ഞാന്‍ എന്നെ അങ്ങനെയാണ് വിളിക്കുന്നത്) തന്റെ പിതാവിനെ വീട്ടിലെത്താന്‍ സഹായിക്കുന്നത് കാണുന്ന ശാലീനസുന്ദരി ശാന്തമ്മ എനിക്ക് നൂറില്‍ നൂറു മാര്‍ക്കും തരില്ലേ? ‘ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ്’ എന്നല്ലേ ആപ്ത വാക്യം.?

പിന്നെ ഒട്ടും താമസിച്ചില്ല. സൈക്കിളുമായി ഗുസ്തി നടത്തിക്കൊണ്ടിരിക്കുന്ന പാക്കരന്‍ ചേട്ടനെ എടുത്തുയര്‍ത്തി തോളത്തിട്ടു. വലതു കയ്യില്‍ സൈക്കിള്‍ പിടിച്ചു. എന്നിട്ട് വേതാളത്തെ ചുമക്കുന്ന വിക്രമാദിത്യനെപ്പോലെ ഞാന്‍ പാക്കരന്‍ ചേട്ടന്റെ വീട് ലാക്കാക്കി നടന്നു.
പത്തു മിനിട്ട് കൊണ്ടു ഞാന്‍ പാക്കരന്‍ ചേട്ടന്റെ വീടിനടുത്തെത്തി. വീടിനു മുന്‍പിലൂടെ ഒരു ചെറിയ കൈത്തോട് ഒഴുകുന്നുണ്ട്. ഒരു തെങ്ങില്‍ തടിയാണ് പാലമായി ഇട്ടിരിക്കുന്നത്. ഞാന്‍ പാക്കരന്‍ ചേട്ടനെ താഴെ വച്ചു. എന്നിട്ട് സൈക്കിള്‍ എടുത്ത് പാലത്തിന്റെ അപ്പുറത്തെത്തിച്ചു. വീണ്ടും ഇക്കരെ വന്നു. വലതു തോളില്‍ ബാഗ് തൂക്കിക്കൊണ്ട് പാക്കരന്‍ ചേട്ടനെ എടുത്തുയര്‍ത്തി പാലത്തിലേക്ക് കയറി.

പാലത്തിന്റെ പകുതി എത്തിയപ്പോള്‍ എന്റെ തോളില്‍ കിടന്ന ബാഗ് ഒന്നു വഴുതി. അത് പിടിക്കാനായി ആഞ്ഞ എന്റെ ബാലന്‍സ് പോയി. അതോടെ ഞാനും പാക്കരന്‍ ചേട്ടനും കോറസ്സായി അയ്യോ എന്നൊരു വിളി വിളിച്ചു. പിന്നെ എല്ലാം ശുഭം!

ഇരുട്ടില്‍, തോട്ടില്‍ നിന്നും ചക്ക വെട്ടിയിടുന്ന പോലെ ഒരു ശബ്ദം കേട്ട പരിസരവാസികള്‍ ടോര്‍ച്ചും മറ്റുമായി ഓടിവന്നു. വീണ ഉടനെ തന്നെ ഞാനും പാക്കരന്‍ ചേട്ടനും ആവശ്യത്തിനുള്ള വെള്ളം കുടിച്ചു ക്വോട്ട ഫുള്‍ ആക്കിയിരുന്നു. ഓടിവന്നവര്‍ ഒന്നുരണ്ടു പേര്‍ ചേര്‍ന്ന് ഞങ്ങളെ കരക്ക് കയറ്റി. ഇതിനിടയില്‍ പാക്കരന്‍ ചേട്ടന്റെ ഭാര്യ തങ്കമണിചേച്ചിയും മകള്‍ ശാന്തമ്മയും സ്ഥലത്തെത്തി.

വെള്ളം കുടിച്ചു വയര്‍ കുട്ടമാക്രിയുയുടെ വയറു പോലെ വീര്‍ത്ത പാക്കരന്‍ ചേട്ടനേയും കൂടെ പട്ടാളക്കാരനായ എന്നെയും കണ്ടതോടെ ഈ അവസ്ഥക്ക് കാരണക്കാരന്‍ ഞാനാണ് എന്ന രീതിയില്‍ അവര്‍ ‘അയ്യോ ഈ കാലമാടന്‍ ഒള്ള കള്ളെല്ലാം കുടിപ്പിച്ചു എന്റെ കേട്യോനെ കൊന്നെ’ എന്ന് പറഞ്ഞു ഉറക്കെ അലമുറയിട്ടു. അത് കേട്ട നാട്ടുകാര്‍ പറഞ്ഞത് ശരിയാണെന്ന മട്ടില്‍ എന്നെ തുറിച്ചു നോക്കി. ഞാന്‍ ദയനീയമായി അവരെ മാറി മാറി നോക്കി.

ഇതെല്ലാം കണ്ടു നിന്ന ശാന്തമ്മ എന്നെ ദഹിപ്പിക്കുന്ന പോലെ ഒരു നോട്ടം നോക്കി. തന്റെ അച്ഛനെ കള്ളുകുടിപ്പിച്ചു കൊല്ലാന്‍ നോക്കിയതിന്റെ മുഴുവന്‍ വൈരാഗ്യവും ആ നോട്ടത്തില്‍ ഉണ്ടായിരുന്നു. എല്ലാവരും കൂടി പാക്കരന്‍ ചേട്ടനെ എടുത്ത് വീട്ടിലേക്ക് കൊണ്ടുപോയി. ആ ഗ്യാപ്പില്‍ ഞാന്‍ വെള്ളത്തില്‍ വീണ പൂച്ചയെപ്പോലെ കൂനിപ്പിടിച്ച് വീട്ടിലേക്ക് നടന്നു.ഒരു പരോപകാരം ചെയ്യാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ മനസ്സാ ശപിച്ചു.

ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്ന് പറയുന്നതു വെറുതെയാണോ?