Share The Article

Muhammed Sageer Pandarathil എഴുതുന്നു 

ഇന്ന് റപ്പായേട്ടന്റെ ജന്മദിനം…..

തൃശൂർ സ്വരാജ് റൗണ്ടിൽ ഒരു കാലത്തെ സ്ഥിരം കാഴ്ചയായിരുന്നു കുറ്റിത്താടി/ ചീകാത്ത മുടി/ കൈയ്യിൽ ഒരു സഞ്ചി/ സാധാരണക്കാളും ഒരല്പം വണ്ണമുള്ള ഒരു മനുഷ്യൻ. അയാളെ അറിയാത്തവരായി അന്ന് തൃശ്ശൂരിൽ ആരുമുണ്ടായിരുന്നില്ല.

അയാളായിരുന്നു സാധാരണക്കാര്‍ക്ക് അസാദ്ധ്യമായ തരത്തില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ പ്രശസ്തനായ പൈനാടൻ കുരിയപ്പൻ റപ്പായി എന്ന തീറ്റ റപ്പായി.

 Muhammed Sageer Pandarathil
Muhammed Sageer Pandarathil

കിഴക്കുംപാട്ടുകര പൈനാടന്‍ കുര്യപ്പന്റേയും താണ്ടമ്മയുടേയും മകനായി 1939 ഏപ്രിൽ 20 ആം തിയതി തൃശൂരില്‍ ജനിച്ചു. 140 കിലോഗ്രാം തൂക്കം, അഞ്ചേമുക്കാലടി ഉയരം, 130 സെന്റിമീറ്റര്‍ ചുറ്റളവുള്ള ശരീരം എന്നിങ്ങനെയായിരുന്നു ശരീരപ്രകൃതി.

ഒമ്പതാം ക്ലാസ്സുകൊണ്ട് പഠനം നിര്‍ത്തി. പിന്നീട് ഓട്ടുകമ്പനികളില്‍ ജോലി നോക്കി. അതിനുശേഷം ഹോട്ടലുകളില്‍ ജോലിനോക്കി. അവിടെനിന്നു കിട്ടുന്ന ഭക്ഷണം കൊണ്ടായി ജീവിതം.

യൗവനാരംഭത്തില്‍ തന്നെ തീറ്റമത്സരങ്ങളില്‍ പ്രശസ്തനായി. മസ്തിഷ്‌കത്തിലെ ഹൈപ്പോതലാമസിലെ തകരാറുമൂലമുണ്ടായ അമിതവിശപ്പായിരുന്നു റപ്പായിയുടെ അമിത ഭക്ഷണത്തിന്റെ കാരണം.

കാണുന്നവരോടെല്ലാം കളിപറഞ്ഞു നടക്കുന്ന ആ മനുഷ്യന്റെ ഉള്ളിൽ എപ്പോഴും തീയായിരിക്കും. മനസ്സിനെ പുകക്കുന്ന ചിന്തകളുടെ തീയല്ല, ആമാശയത്തെ എരിയ്ക്കുന്ന വിശപ്പിന്റെ തീ.

ഒരിക്കലുമൊടുങ്ങാത്ത വിശപ്പുമായായിരുന്നു റപ്പായി ജീവിച്ചത്.തൃശ്ശൂരുകാരുടെ സ്വകാര്യ അഭിമാനമായിരുന്നു തീറ്റ റപ്പായി, തൃശ്ശൂർ പൂരം പോലെത്തന്നെ. അതുകൊണ്ടായിരുന്നല്ലോ നാട്ടുകാരിൽ പലരും റപ്പായിയുടെ ഭക്ഷണം സ്പോൺസർ ചെയ്തിരുന്നത്.

പ്രാതലിനു ദിനവും 75 ഇഡലിയും ഉച്ച ഊണിനു കുട്ടക്കണക്കിന് ചോറും അത്താഴത്തിനു 60 ചപ്പാത്തിയും കഴിച്ചു അരപ്പട്ടിണി കിടക്കുന്ന റപ്പായി ചേട്ടന്‍, പ്രാദേശിക തീറ്റ മത്സര ഉത്ഘാടന ത്തിനു 750 ഇഡലിയും 25 കിലോ ഹല്‍വയും 25 ലിറ്റര്‍ പാല്‍പായസവും കുടിച്ചു ഏമ്പക്കവും വിട്ടു ”എനിയ്ക്ക് വിശക്കുന്നു” എന്ന് പറഞ്ഞു കാണികളുടെ കണ്ണു തള്ളിച്ചിട്ടുണ്ട്.

Image may contain: 1 person, standingകുട്ടികള്‍ക്ക് ഈ ആധുനിക ഭീമനെ പേടിസ്വപ്നമായിരുന്നു! എപ്പോളും നിഷ്കളങ്കമായ പുഞ്ചിരിയുമായി നടക്കുന്ന റപ്പായി ചേട്ടന്‍ ഒരു പേടിസ്വപ്നമോ?

അന്നൊക്കെ അമ്മമാർ കുട്ടികള്‍ ഭക്ഷണം കഴിക്കാനായി മറു മരുന്നായി പറഞ്ഞിരുന്നത് ”വേഗം കഴിച്ചോ അല്ലെങ്കില്‍ തീറ്റ റപ്പായി വന്നു പിടിച്ചു തിന്നും” എന്നായിരുന്നു. പിന്നെ എങ്ങിനെ കുഞ്ഞുങ്ങള്‍ക്ക്‌ റപ്പായി ചേട്ടന്‍ ഒരു ഭീകര ജീവിയാകാതെ പോകും .

രാവിലെ ഏതാണ്ട് എഴുപത്തഞ്ച് ഇഢലിയാണ് പ്രാതൽ. പിന്നെ ഒരു പതിനൊന്ന് പതിനൊന്നരയാകുമ്പോഴേക്കും വിശക്കാൻ തുടങ്ങും. അപ്പോൾ വളരെ ലൈറ്റ് ആയി ഒരു പതിനഞ്ച് മസാലദോശ കഴിക്കും.

ടൗണിലെ ഒരു ഹോട്ടലുകാരായിരുന്നു ഇത് കുറേക്കാലം സ്പോൺസർ ചെയ്തിരുന്നത്. പിന്നെ ഉച്ചയൂണിനൊപ്പം ഒരു ബക്കറ്റ് മീൻ കറി, അഞ്ചെട്ടുകിലോ ഇറച്ചി എന്നിവ. വൈകീട്ട് ചെറുതായി വിശക്കുമ്പോൾ വളരെ ചെറിയ രീതിയിൽ ഒരു മുപ്പത് വട കഴിക്കും. പിന്നെ അത്താഴം.

എൺപതുകളിലാണ് റപ്പായി കേരളത്തിൽ പ്രസിദ്ധനാകുന്നത്. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ ചില വിദ്യാർത്ഥികൾ ഒരു ഹോട്ടലിലെ മാനേജരുമായി ഒന്നു ഉടക്കി. കേരളത്തിൽ വിവിധ സ്ഥലങ്ങളിലായി ഹോട്ടൽ നടത്തുന്ന ഒരു പ്രമുഖ ഗ്രൂപ്പിന്റെ ഹോട്ടലായിരുന്നത്.

അയാൾക്കിട്ട് ഒരു പണികൊടുക്കണം, എന്താ വഴി? ഭാവി എഞ്ചിനീയർമാർ തലപുകഞ്ഞാലോചിച്ചു. കൊടുക്കുന്നെങ്കിൽ അത് ഒരു എട്ടിന്റെ പണി തന്നെയായിരിക്കണം. അക്കാര്യത്തിൽ അവർക്ക് വേറൊരു അഭിപ്രായമുണ്ടായില്ല.

അതിലൊരാളാണ് തന്റെ അയൽവാസിയായ റപ്പായിയുടെ കാര്യം പറഞ്ഞത്. പിറ്റേന്ന് ഉച്ചയൂണിന്‍റെ നേരത്ത് റപ്പായി ഹോട്ടലിലെത്തി. ഒരു ഫുൾ മീൽസിന്റെ കൂപ്പണുമെടുത്തു കൊടുത്ത് പിള്ളേർ അയാളെ ഹോട്ടലിലേക്ക് നയിച്ചു. സാധാരണയിലും ഒരല്പം വലിയ വയറു കണ്ടതു കൊണ്ടായിരിക്കും വിളമ്പുകാരൻ ഒരല്പം ചോറ് കൂടുതൽ വിളമ്പിയത്.

ആദ്യ ഊണു കഴിഞ്ഞ് റപ്പായി വീണ്ടും ചോദിച്ചപ്പോൾ സപ്ലയർക്ക് അതിൽ അസാധാരണമായി ഒന്നും തോന്നിയില്ല. പക്ഷെ അത് മൂന്നും നാലും തവണ ആവർത്തിച്ചപ്പോൾ പ്രശ്നമായി. മാനേജരെത്തി റപ്പായിയോട് പുറത്തുപോകാൻ പറഞ്ഞു.

വിദ്യാർത്ഥികൾ കേസ്സ് ഏറ്റുപിടിച്ചു. ഫുൾ മീൽസിനുള്ള കൂപ്പണെടുത്തവന് വയറുനിറച്ച് ആഹാരം കൊടുക്കണമെന്ന് അവർ വാശിപിടിച്ചു. വഴക്കും ബഹളവും കേട്ടെത്തിയ ജനക്കൂട്ടവും റപ്പായിക്കൊപ്പമായപ്പോൾ പോലീസും ഹോട്ടലുകാരെ കയ്യൊഴിഞ്ഞു.

അപ്പോൾ ഹോട്ടൽ മാനേജർക്ക് വാശിയായി. അന്നുണ്ടാക്കിയ ചോറുമുഴുവനും കഴിക്കണമെന്നു അയാൾ റപ്പായിയോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അവിടെനിന്നും പോകാനാകില്ലെന്നും അയാൾ പറഞ്ഞു.

ഹോട്ടൽ ജീവനക്കാർ റപ്പായിയെ വളഞ്ഞു. റപ്പായി അതിദയനീയമായി മാനേജരുടെ മുഖത്തുനോക്കി. പിന്നെ ഇരു കരങ്ങളും കൂപ്പി താഴ്മയായി അപേക്ഷിച്ചു. “കസേരയിൽ ഇരുന്നു ശീലമില്ല. നിലത്തിരുന്നോളാം.അതുപോലെ പ്ലെയിറ്റും പതിവില്ല ഇല മതി.”

രണ്ട് അപേക്ഷകളും സ്വീകരിക്കപ്പെട്ടു. ചോറുവച്ച പാത്രം മെല്ലെ മെല്ലെ ഒഴിയുവാൻ തുടങ്ങി. വാശിക്കു നാശം എന്ന പഴഞ്ചൊല്ലിൽ പതിരില്ലെന്ന് മാനേജർ മനസ്സിലാക്കിയപ്പോഴേക്കും ആവേശ ഭരിതരായ ജനക്കൂട്ടം റപ്പായിയെ തോളിലേറ്റി മുദ്രാവാക്യം വിളികളോടെ ഘോഷയാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു.

റപ്പായി അങ്ങിനെ കേരളം മുഴുവനും അറിയപ്പെടുവാൻ തുടങ്ങി. തീറ്റമത്സരങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായി. എവിടെയും വിജയം റപ്പായിക്കൊപ്പമായിരുന്നു. അക്കാലത്ത് ആലുവയിലെ ഒരു ഹോട്ടൽ റപ്പായി ഉദ്ഘാടനം ചെയ്തത് 200 ഇഢലി കഴിച്ചു കൊണ്ടായിരുന്നു.

മൂന്നു ബക്കറ്റ് ചോറും ഒരു ബക്കറ്റ് മീങ്കറിയും 10 കിലോ ഇറച്ചിയും ഒറ്റ ഇരുപ്പില്‍ കഴിക്കുന്ന തീറ്റ റപ്പായി ചേട്ടന്‍ 750 ഇഡലി വരെ ഒറ്റ ഇരുപ്പില്‍ തിന്നിട്ടുണ്ടെന്നത് ചരിത്രം.

പല മത്സരങ്ങളിലും റപ്പായിച്ചേട്ടന്‍ തന്റെ മികവു തെളിയിച്ചിട്ടുണ്ട്. മാംസ മത്സ്യാദികളേക്കാള്‍ പച്ചക്കറിയാദികളോടാണ് റപ്പായിച്ചേട്ടന് താത്പര്യം കൂടുതല്‍.

750 ഇഢലി, 25 കിലോ അപ്പം, നാലുകുല വാഴപ്പഴം, അഞ്ച് ബക്കറ്റ് പായസം എന്നിങ്ങനെ തീറ്റമത്സരങ്ങളിൽ ഇദ്ദേഹം റിക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. ഈ റിക്കോർഡുകളുടെ പേരിൽ ലിംക ബുക്ക് ഓഫ് റിക്കോർഡ്സിലും പേര് വന്നിട്ടുണ്ട്.

ഒരിക്കലും നിറയാത്ത വയറുമായി, ഒടുങ്ങാത്ത വിശപ്പുമായി വടക്കും നാഥനെ പ്രദക്ഷിണം വച്ചു നടന്ന തീറ്ററപ്പായി 2006 ഡിസംബർ 9 ആം തിയതി അദ്ദേഹം വിടവാങ്ങി.

2018 ൽ റപ്പായിയുടെ കഥ ‘തീറ്ററപ്പായി’ എന്ന പേരിൽത്തന്നെ സിനിമയായി. കലാഭവൻ മണിയുടെ സഹോദരനായ RLV രാമകൃഷ്ണനായിരുന്നു സിനിമയിൽ റപ്പായിയെ അവതരിപ്പിച്ചത്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. നിങ്ങൾക്കും എഴുതാം ബൂലോകത്തിൽ.