Share The Article

സുജിത് കുമാർ എഴുതുന്നു  

 

സുജിത് കുമാർ
സുജിത് കുമാർ

കൃത്രിമ പുൽത്തകിടി ഉണ്ടാക്കുന്ന ഒരു പ്രമുഖ അമേരിക്കൻ കമ്പനി ആണ്‌ ആസ്ട്രോ ടർഫ്. ഈ ബ്രാൻഡ് നേമിനെ അടിസ്ഥാനമാക്കി യു എസ് സെനറ്റർ ആയിരുന്ന ലോയ്ഡ് ബെന്റ്സണ്‌ 1985 നടത്തിയ ഒരു പ്രയോഗമാണ്‌ “ആസ്ട്രോ ടർഫിംഗ്”.

യഥാർത്ഥത്തിൽ വലിയ മൂല്ല്യമോ പ്രത്യേകതകളോ ഒന്നും ഇല്ലാത്ത ഒരു ഉൽപ്പന്നത്തെയോ സേവനത്തെയോ വ്യക്തിയേയോ സംഘടനയേയോ വിഷയത്തേയോ തികച്ചും സ്വാഭാവികമെന്ന് തോന്നുന്ന രീതിയിൽ കൃത്രിമമായി മൂല്ല്യ വർദ്ധനവു വരുത്തുന്നതും വാർത്തകളിൽ നിറച്ച് നിർത്തുന്നതുമായ ഇടപെടലുകളെ ആണ്‌ ആസ്ട്രോ ടർഫിംഗ് എന്ന് വിളിക്കുന്നത്. വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും രാഷ്ട്രീയ കക്ഷികളും എന്നു വേണ്ട സർക്കാരുകൾ വരെ പല തരത്തിൽ ആസ്ട്രോ ടർഫിംഗ് സാദ്ധ്യതകൾ ഉപയോഗപ്പെടുത്താറുണ്ട്. ഇന്റർനെറ്റും സ്മാർട്ട്ഫോണുകളും സോഷ്യൽ മീഡിയയുമൊക്കെ ശക്തിയാർജിച്ചപ്പോൾ ആസ്ട്രോ ടർഫിംഗിനു പുതിയ മാനങ്ങൾ കൈവന്നു.

ഒരു സംഘടനയ്ക്കോ സ്ഥാപനത്തിനോ അല്പം നന്നായി ഹോംവർക്ക് ചെയ്താൽ ദിവസങ്ങൾക്കകം ഒരു കാമ്പൈൻ വൈറൽ ആക്കാൻ കഴിയുന്ന സാഹചര്യമാണുള്ളത്. പല പി ആർ ഏജൻസികൾക്കും സ്വന്തമായി “ഇൻഫ്ലുവൻസേഴ്സ് ” ഉള്ള ആസ്ട്രോടർഫിംഗ് ആർമി തന്നെ ഉണ്ട്. ഇതിൽ മജ്ജയും മാംസവുമുള്ള സാധാരണ മനുഷ്യർ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – മെഷീൻ ലേണിംഗ് സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ സോഷ്യൽ മീഡിയാ ബൊട്ടുകൾ വരെ ഉൾക്കൊള്ളുന്നു. പെട്ടന്ന് മനസ്സിലാകുന്ന ഒരു ഉദാഹരണം പറയാം. നമ്മുടെ നാട്ടിൽ ഏത് പുതിയ മൊബൈൽ ഫോൺ ലോഞ്ച് ചെയ്താലും സാധാരണ പത്ര ലേഖകർക്ക് അപ്പുറമായി ബ്ലോഗർമ്മാരെയും വ്ലോഗർമ്മാരെയുമൊക്കെ കമ്പനികളുടെ പരസ്യ ഏജൻസികൾ യാത്രാ ചെലവും താമസവുമൊക്കെ ഉൾപ്പെടെ ലോഞ്ച് ഈവന്റുകളിലേക്ക് ക്ഷണിക്കാറുണ്ട്. സാധാരണ പത്ര പരസ്യങ്ങൾക്കും പത്രങ്ങളിൽ വരുന്ന റിവ്യൂകൾക്കും അപ്പുറമായി ഒരു ‘പേഴ്സണൽ ടച്ച്’ ഉള്ള പോസിറ്റീവ് ആയ പ്രതികരണങ്ങൾ ഇവരിൽ നിന്നും ലഭിക്കും എന്ന് ഉറപ്പുള്ളതുകൊണ്ടും അവ ഉപഭോക്താക്കളിൽ ഉണ്ടാക്കുന്ന സ്വാധീനവും പി ആർ ഏജൻസികൾക്ക് നന്നായി അറിയാം. യാത്രാ ചെലവിന്റെയും ഭക്ഷണത്തിന്റെയും താമസത്തിന്റെയും പിന്നെ ലഭിക്കുന്ന സമ്മാനങ്ങളുടെയും പ്രതിഫലമായി എത്ര മോശം ഉൽപ്പന്നമായാലും അതിന്റെ നല്ല വശങ്ങൾ മാത്രമേ ഇവിടെ ഉപഭോക്താക്കളിലേക്ക് എത്തൂ. ഇവിടെ വെറും ഒരു ഉൽപ്പന്നത്തെ പരിചയപ്പെടുത്തുന്നു എന്ന നിഷ്കളങ്കമായ ചടങ്ങ് അല്ല യഥാർത്ഥത്തിൽ നടക്കുന്നത് മറിച്ച് ആ ഉൽപ്പന്നത്തെ ഒരു വ്യക്തി എൻഡോഴ്സ് ചെയ്യുകയാണ്‌ ചെയ്യുന്നത്. ഇതൊക്കെക്കൊണ്ട് തന്നെ നിർഭാഗ്യവശാൽ ഇന്റർനെറ്റിൽ ലഭ്യമായ റിവ്യൂസിൽ മൂന്നിൽ ഒന്നെങ്കിലും ആസ്ട്രോ ടർഫിംഗ് ഗണത്തിൽ പെടുന്നവയാണ്‌. യൂറോപ്യൻ യൂണിയനൊക്കെ ഇത്തരത്തിലുള്ല പ്രവണതകളെ തടയാൻ ശക്തമായ നിയമ നിർമ്മാണങ്ങൾ കൊണ്ടു വന്നിട്ടുണ്ട് അതുകൊണ്ട് തന്നെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം “falsely representing oneself as a consumer” എന്നത് വളരെ ഗുരുതരമായ ഒരു കുറ്റകൃത്യത്തിന്റെ വകുപ്പിൽ പെടുന്നതാണ്‌. താൽക്കാലികമായ ലാഭങ്ങൾ ഉണ്ടാകുമെങ്കിലും ശാശ്വതമായ ഒരു മുന്നേറ്റമോ വിജയമോ ഇത്തരം ആസ്ട്രോ ടർഫിംഗ് കാമ്പൈനുകൾക്ക് ഉണ്ടാകാറില്ല.

മറ്റൊരു തരത്തിലുള്ള ഉദാഹരണമാണ്‌ ഈ അടുത്ത കാലത്ത് ഫേസ് ബുക്കിൽ നിറഞ്ഞ് നിന്നതും ദേ വന്നു ദാ പോയി എന്നതുപോലെ അപ്രത്യക്ഷമായതുമായ കരിമണൽ ഖനനത്തിനു എതിരെ ഉണ്ടായ ആലപ്പാട് കാമ്പൈൻ. എവിടെനിന്നൊക്കെയോ പൊട്ടിമുളച്ചുണ്ടാകുന്ന സോഷ്യൽ മീഡിയാ പ്രൊഫൈലുകൾ , ചില പ്രത്യേക മൂലകളിൽ നിന്നും ആകസ്മികമായി ഉണ്ടാകുന്ന പിൻതുണകൾ ഇവയൊക്കെ വളരെ സ്വാഭാവികമായി തോന്നാമെങ്കിലും ഇത്തരം കാമ്പൈനുകളിലെ ചില ഘട്ടങ്ങളിൽ മുഴച്ച് നിൽക്കുന്ന പ്രൊഫഷണലിസം തന്നെ ആണ്‌ അവയിലെ കൃത്രിമത്വത്തെ പുറത്ത് കാണിക്കുന്നത്. ആസ്ട്രോ ടർഫ് ഗ്രാസ് കൊണ്ടുണ്ടാക്കിയ പുൽത്തകിടി ദൂരെ നിന്ന് നോക്കുമ്പോൾ വളരെ നാച്വറൽ ആയി തോന്നുമെങ്കിലും ഒന്നു കൂടി സൂക്ഷ്മമായി പരിശോധിച്ചാൽ അതിലെ കൃത്രിമത്വം വളരെ എളുപ്പത്തിൽ തന്നെ വെളിവാകുന്നതാണ്‌. അതിനാൽ മാനായും മറുതയായും മാരീചനായുമൊക്കെ വരുന്ന ആസ്ട്രോ ടർഫേഴ്സിനെ സൂക്ഷിക്കുക. അവർ ചെയ്യുന്നതെന്തെന്ന് അവർക്കറിയാമെങ്കിലും നിങ്ങൾക്ക് അറിയണമെന്നില്ല.

ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.