സ്വർഗ്ഗവും നരകവും അല്ലാത്ത ദൈവം..!

47

സ്വർഗ്ഗവും നരകവും

ഒരിക്കൽ ഒരു ഗുരു തന്‍റെ മൂന്നു ശിഷ്യരിൽ നിന്ന് പിൻഗാമിയെ തിരഞ്ഞെടുക്കാൻ ഒരുങ്ങി.

ഒരു രാത്രിയിൽ മൂവരെയും വിളിച്ചിട്ടു ഗുരു പറഞ്ഞു:
”പുറത്തു പോയി ആകാശം നോക്കി വരിക.. ”

മൂവരും അപ്രകാരം ചെയ്തു..

”എന്താണ് കണ്ടത്..?’ ഗുരു ചോദിച്ചു..

”ആകാശം നല്ല ഇരുട്ടാണ്..” ഒന്നാമൻ പറഞ്ഞു
”കാണാൻ മാത്രം ഒന്നുമില്ല..’ രണ്ടാമൻ പറഞ്ഞു

” ഗുരോ ഒരു കുഞ്ഞു നക്ഷത്രത്തെ ഞാൻ കണ്ടു.. അതിനു എന്ത് ഭംഗിയാണെന്നോ.! ”
മൂന്നാമൻ ആവേശത്തോടെ പറഞ്ഞു.

മൂന്നാമനെ ഗുരു തന്‍റെ പിൻഗാമിയാക്കി..

നമ്മുടെ മനസ്സിലെന്താണൊ അതേ നമ്മൾ കാണുകയുള്ളൂ.. ഈശ്വരനും അങ്ങിനെ തന്നെ..ഈ മഹാ പ്രപഞ്ച വലിപ്പം ഓർത്താൽ അത് സൃഷ്ടിച്ച ശക്തിയോടു ഭയം തോന്നും..

ആ ശക്തി നൽകുന്ന താക്കീത് വ്യക്തമാണ്..

മനുഷ്യർ ചെയ്യുന്ന എല്ലാ കർമ്മങ്ങൾക്കും ഒരു നാൾ കണക്കു പറയേണ്ടി വരും.. ഒറ്റയ്ക്ക് ഒറ്റയ്ക്ക്.. ഏതു കൊമ്പൻ നേതാവും എന്തിനും പോന്ന അണികളും എല്ലാം ഒറ്റയ്ക്ക് ഒറ്റയ്ക്ക്..കണക്കു പറയേണ്ടിവരും. നിഷേധിക്കുന്നവർ സകല ശക്തിയോടെയും സ്വന്തം നേതാക്കളുടെ ജീവൻ ഒന്ന് കാലാകാലം നിലനിർത്തി കാണിക്കട്ടെ.. മരണത്ത തടുക്കാൻ മനുഷ്യന് കഴിയാത്ത കാലത്തോളം ദൈവ മുന്നറിയിപ്പ് തള്ളിക്കളയാൻ ആവില്ല..

” ആര്‍ അണുമണിത്തൂക്കം നന്മ ചെയ്തുവോ അവനത് കണ്ടെത്തുക തന്നെ ചെയ്യും. ആര്‍ അണുമണിത്തൂക്കം തിന്മ ചെയ്‌തോ അവനുമത് കണ്ടെത്തും..”
( ഖുർ ആൻ 99: 7, )

അക്രമികൾ അല്ലാത്തവർക്ക് പ്രതീക്ഷയ്ക്കു വകയുണ്ട്. അവരിൽ കാരുണ്യമുള്ള അവർ ദൈവത്തെ കണ്ടെത്താൻ സാധ്യത വളരെയേറെയാണ്… ” എന്‍റെ കാരുണ്യം എന്‍റെ കോപത്തെ മുൻ കടന്നിരിക്കുന്നു” എന്ന ദൈവ വചനം അവർക്കു മനസ്സിലായാൽ ,  ലോകത്തെ മുഴുവൻ കാരുണ്യവും ദൈവ കാരുണ്യത്തിന്‍റെ ഒരു ശതമാനമെന്ന കാര്യം അറിഞ്ഞാൽ, അതോടെ  നാഥനെ അറിയാൻ തുടങ്ങും..അതാണ് സൂഫികൾ പാടിയത്..

”മാതാവിനേക്കാൾ സ്നേഹമത്രെ നീ..
നാഥാ പിന്നെ എനിക്കെന്തിന് ഭയം ?
എനിക്കറിയാം എന്‍റെ മാതാവിനെ.,
അതിനാൽ നിന്നെയും..”

നൂഹ് നബിയാണെന്നു തോന്നുന്നു..
അക്രമികളായ ജനതയെ ദൈവം നശിപ്പിക്കുന്നത് കണ്ടു കൊണ്ടിരുന്ന നബി ഒരു മരം വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോകുന്നത് കണ്ടു വേദനിച്ചു.. അപ്പോൾ ദൈവം അതിന്‍റെ കാരണം ചോദിച്ചു.. നബി പറഞ്ഞു :

” ഞാൻ ആ മരത്തിന്‍റെ കീഴിലെ ഇരുന്നാണ് എത്രയോ വർഷങ്ങൾ ജനങ്ങളെ ഉപദേശിച്ചത്..അങ്ങനെയുള്ള ആ മരം നശിക്കുന്നത് കണ്ടപ്പോൾ എന്തോ ഒരു വേദന..”

ദൈവം ചോദിച്ചുവത്രെ:
” നീ സൃഷ്ടിക്കാത്ത ഒരു മരം നശിച്ചപ്പോൾ നിനക്കിത്ര വേദന ആണെങ്കിൽ , ഞാൻ സൃഷ്ടിച്ച ഈ മനുഷ്യരെ നശിപ്പിക്കുമ്പോൾ എനിക്കെത്ര വേദന ഉണ്ടാകും..”

ആ വേദന എന്നിലുണ്ട്, നിന്നിലുണ്ട്…
നമ്മുടെ മുന്നിലുള്ള സകലരിലുമുണ്ട്.. ഉണ്ടാവണം..
എങ്കിൽ മാത്രമേ നാം ദൈവം ആത്മാവ് ഊതിയ
മനുഷ്യർ ആവുകയുള്ളൂ..

എങ്കിൽ മാത്രമേ പാതിരാത്രി ഉറക്കമില്ലാതെ എഴുന്നേറ്റിരുന്നു ” നിശ്ചയം മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങൾ ആണെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു” എന്ന് ഹൃദയം തട്ടി പറഞ്ഞ മുഹമ്മദ് നബിയെ നമുക്ക് മനസ്സിലാവുകയുള്ളൂ..

ആ ദൈവീക സ്നേഹമായിരിക്കണം ആരാധനയുടെ അടിസ്ഥാനം,
അല്ലാതെ നരകവും, സ്വർഗ്ഗവും ഓർത്തുള്ള ആരാധന അവ്യക്തമാണ്. അപൂർണ്ണവും..

Write Your Valuable Comments Below