Share The Article

terrorism-has-no-religion

ഒരിക്കല്‍ മുഹമ്മദ് നബിയുടെ ചില ശിഷ്യര്‍ ചേര്‍ന്ന് ഒരു തീരുമാനമെടുത്തു..ജീവിതം ഇനി ആത്മീയ പാതയില്‍ സമര്‍പ്പിക്കണം. അതിനാല്‍ നല്ല വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു പരുത്ത കമ്പിളി മാത്രം ധരിക്കാം, വിവാഹ ലൈംഗിക ജീവിതം വേണ്ടെന്നു വെക്കാം, എല്ലാ ദിവസവും നോമ്പെടുക്കാം, ഉറക്കം വെടിഞ്ഞും ദൈവത്തെ ആരാധിക്കാം ”

ഇങ്ങനെയുള്ള കഠിന തീരുമാനങ്ങള്‍ അവര്‍ കൈക്കൊണ്ടു. വിവരം മുഹമ്മദ് നബി അറിഞ്ഞു. അവിടുന്ന് അവരെ സമീപിച്ചു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു

”നബിയെ, ഞങ്ങള്‍ ദൈവവുമായി കൂടുതല്‍ അടുക്കാന്‍ ഇഷ്ടപ്പെടുന്നു.. ഞങ്ങള്‍ അവനെ ഭയക്കുന്നു..”

നബി അരുളി: ” നിശ്ചയം നിങ്ങളില്‍ ദൈവത്തെ ഏറ്റവും അധികം ഭയപ്പെടുന്നവര്‍ ഞാനാണ്.. പക്ഷെ ഞാന്‍ നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നു, വിവാഹ ലൈംഗിക ജീവിതം നയിക്കുന്നു.. നോമ്പെടുക്കുന്നു, എടുക്കാതിരിക്കുന്നു… ഉറക്കമൊഴിയുന്നു, ഉറങ്ങുന്നു..”

അവിടുന്ന് അല്പം ശക്തിയൂന്നി പറഞ്ഞു:

”എന്റെ മാര്‍ഗ്ഗം പിന്തുടരാത്തവന്‍ എന്റെ അനുയായിയല്ല..”

വേറൊരിക്കല്‍ നബിയും ശിഷ്യരും ഒരു യാത്രയില്‍ തണലത്ത് വിശ്രമിക്കവേ ഒരാള്‍ വെയിലത്തു നില്‍ക്കുന്നത് കണ്ടു. അയാള്‍ വെയിലേറ്റു കൊണ്ട് നോമ്പ് എടുക്കാമെന്ന് ദൈവത്തോട് നേര്‍ച്ച നേര്‍ന്നതാണ് എന്നറിഞ്ഞ പ്രവാചകന്‍ പറഞ്ഞു:

” അയാളോട് തണലത്തു ഇരിക്കാന്‍ പറയൂ.. ശരീരത്തെ പീഡിപ്പിക്കാന്‍ ദൈവം പറഞ്ഞിട്ടില്ല..നോമ്പ് പൂര്‍ത്തിയാക്കിക്കൊള്ളട്ടെ..”

സ്വ ശരീരത്തെ ഭക്തിക്ക് വേണ്ടി പീഡിപ്പിക്കുക അറബികളുടെ പതിവായിരുന്നു.. പ്രവാചകന്‍ അത് നിരോധിച്ചു..

വേറൊരിക്കല്‍ നബി പറഞ്ഞു :

”നിശ്ചയം മതം ലളിതമാണ്.. അത് തീവ്രതയാക്കുന്നവന്‍ വിജയിക്കുകയില്ല ”

എന്നാല്‍ ഇന്ന് മതമെന്നാല്‍ തീവ്രതയാണ്.. മതം സംരക്ഷിക്കാന്‍ തങ്ങളെയാണ് ദൈവം ഏല്‍പ്പിച്ചതെന്ന ഭാവമാണ് പലര്‍ക്കും. ഇതില്‍ മത ഭേദമില്ല.
നബിയുടെ കാലത്തു വന്ന സ്വയം പ്രഖ്യാപിത നബിയായിരുന്നു മുസൈലിമ..അതെ നേരത്ത് തന്നെ ഒരു സ്ത്രീയും താന്‍ നബിയാണെന്നും പറഞ്ഞു വന്നു.. ഇരുവര്‍ക്കും ഉണ്ടായിരുന്ന അണികള്‍ രണ്ടു ലക്ഷത്തില്‍ പരം ആയിരുന്നു.. ഇരുവരും തമ്മില്‍ വിവാഹം കഴിക്കുക കൂടി ചെയ്തതോടെ അണികളുടെ എണ്ണം വര്‍ധിച്ചു..അപ്പോള്‍ ഇത്തരക്കാര്‍ക്ക് അണികള്‍ ഉണ്ടാകുന്നതില്‍ പുതുമ ഒന്നുമില്ല..

മൂന്നാം ഖലീഫയും , മുഹമ്മദ് നബിയുടെ മരുമകനുമായ ഉസ്മാന്‍ കൊല ചെയ്യപ്പെട്ടത് ഖവാരിജുകള്‍ എന്ന തീവ്രവാദികളാല്‍ ആയിരുന്നു.. ഖുര്‍ ആന്‍ ഓതിക്കൊണ്ടിരുന്ന ഉസ്മാന്റെ ചോര ഖുര്‍ ആനില്‍ ഒഴുക്കിയതില്‍ പോലും ആ തീവ്ര വാദികള്‍ക്ക് കുറ്റബോധം തോന്നിയില്ല..
” മത ദ്രോഹിയായ ഉസ്മാനെ ഞങ്ങള്‍ കൊന്നു ”എന്നാണ് അവര്‍ അലറിയത്.

നാലാം ഖലീഫയായ അലിക്കെതിരെ പട നയിച്ചവര്‍ക്കും അലി മത ദ്രോഹി ആയിരുന്നു.. മുഹമ്മദ് നബിയുടെ പേരമക്കളെ കൊന്ന തീവ്രവാദികളും പറഞ്ഞത് ദൈവം തങ്ങളുടെ ഭാഗത്താണെന്നാണ്..ഒരു ഉറുമ്പിനെ പോലും നോവിക്കാതെ ഹിന്ദു സനാതന ധര്‍മ്മ വിശ്വാസിയായ ഗാന്ധിജിയെ കൊന്നവനും പറഞ്ഞത് ”മത ശത്രുവിനെ” താന്‍ കൊന്നെന്നാണ്..

അത്തരം തീവ്രവാദ ജനുസ്സില്‍ പെട്ട പുതിയ അവതാരമാണ് ഐസിസ് സ്ഥാപകന്‍ ബാഗ്ദാദി.

അന്ത്യനാളില്‍ മഹാ മന്ത്രികനും, ലോകം കണ്ടതില്‍ വെച്ച ഏറ്റവും വലിയ ക്രൂരനുമായ ദജ്ജാലിനെ എതിരിടാന്‍ വരുമെന്ന് മുഹമ്മദ് നബി പ്രവചിച്ച മഹ്ദി ഇമാമിന്റെ നാമ രൂപ സാദൃശ്യം കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഈ അക്രമി സ്വയം ഖലീഫയായും അങ്ങ് പ്രഖ്യാപിച്ചു. കേട്ട പാതി കേള്‍ക്കാത്ത പാതി മണ്ണുണ്ണികള്‍ അണികളുമായി..

ഇവരെ കുറിച്ച് തന്നെയാണെന്നു കരുതാവുന്ന ഒരു പ്രവചനം നബി നടത്തിയിട്ടുണ്ട്. നസഈ റിപ്പോര്‍ട് ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു..

”അവസാന കാലത്തു ഒരു ജനത വരും.. അവര്‍ യുവാക്കളും വിവേകം ഇല്ലാത്തവരും ആയിരിക്കും.. അവര്‍ എന്റെ വചനങ്ങള്‍ പറയും, ഖുര്‍ ആന്‍ പാരായണം ചെയ്യും.. പക്ഷെ അതൊന്നും അവര്‍ സ്വയം അനുസരിക്കുകയില്ല.. മതത്തില്‍ നിന്നും അവര്‍ പുറത്തു പോകും.. അമ്പ് വില്ലില്‍ നിന്നും പുറത്തു പോകുന്നത് പോലെ..”

അതിനാല്‍ ഐസിസ് പോലുള്ള തീവ്ര അഡ സംഘടനകളില്‍ ചേരല്‍ ഹറാം ആണ്.. അത്തരക്കാര്‍ ഇസ്‌ലാമില്‍ നിന്നും ഉറപ്പായും പുറത്താണ് എന്നും അറിയുക…

സാധുക്കളുടെ കണ്ണീരു കൊണ്ട് ഒരു മതവും ഇവിടെ വളര്‍ന്നിട്ടില്ല.. അക്രമവും, തീവ്രവാദവും ,
മന്ത്ര വാദവും കൊണ്ട് ഒരുത്തനും ഏറെ നാള്‍ എവിടെയും വാണിട്ടുമില്ല..

ഒരു ദിനം വരാനുണ്ട്, അന്ന് നീ മരിക്കും.. അത് തടയാന്‍ ഇവിടെ ഒരു നേതാവിനും കഴിയില്ല.. ഒരു തീവ്ര വാദികള്‍ക്കും അത് തടുക്കാനുള്ള കെല്പില്ല..അതാണ് അവധി.. അത് വരെ മന്ത്രവും, തന്ത്രവും, കുതന്ത്രവുമായി ഹേ.. അക്രമികളെ നിങ്ങള്‍ നടക്കുക.. ആ ദിനം വരെ മാത്രം..!

” അപ്രകാരം നേതാക്കളും അണികളുമെല്ലാം ചെയ്തു കൂട്ടിയതെല്ലാം അവര്‍ക്ക് ഖേദത്തിന് കാരണമായി ഭവിച്ചത് ദൈവം അവര്‍ക്ക് കാണിച്ചുകൊടുക്കും. നരകാഗ്‌നിയില്‍ നിന്ന് അവര്‍ക്ക് പുറത്ത് കടക്കാനാകുകയുമില്ല..” ( ഖുര്‍ ആന്‍ 2/ 166167 )

” അന്ന് നാം അവരുടെ വായകള്‍ക്കു മുദ്രവെക്കുന്നതും, അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുന്നതും , അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുന്നതുമാണ്..” ( ഖുര്‍ ആന്‍ 36/65 )

ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും
സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.
(മനുഷ്യരെ ) തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു.
ഇതു തമാശയല്ല…!! ( ഖുര്‍ ആന്‍ 86 /1114 )

  • 4
    Shares