ജന്മനാട്ടിലേക്ക് – ഉമ്മുസിനാന്‍..

to-birth-country

പ്രവാസ ജീവിതത്തിനിടക്ക് കിട്ടുന്ന ആറുമാസത്തെ അവധിക്കാലം അത് ഞാനൊരിക്കലും പാഴാക്കാറില്ല. ഒട്ടുമിക്ക കുടുംബവീടുകളെല്ലാം സന്ദര്‍ശിക്കാറുണ്ട്. ചോലപ്പറമ്പിലേക്കിത് എന്റെ ആദ്യ യാത്രയല്ല, പക്ഷെ ഇവിടേക്കുള്ള ഓരോ യാത്രയും എനിക്ക് പുത്തനുണര്‍വാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഓട്ടോറിക്ഷയിലുള്ള യാത്ര,ഓട്ടോയുടെ ചാട്ടങ്ങള്‍ക്കനുസരിച്ച് എന്റെ മനസ്സ് പുറകോട്ട് പോയിക്കൊണ്ടിരുന്നു. മുമ്പ് എത്രയോ തവണ കാല്‍നടയായും ഓട്ടോയിലുമൊക്കെ ഈ വഴികളിലുടനീളം മണിക്കൂറുകള്‍ ചെലവഴിച്ചിട്ടുണ്ട്, ഇവിടെയെത്തിയാലെപ്പോഴും ഞാനൊരു ചിത്രശലഭമാണെന്നു തോന്നിപ്പോകും. എല്ലാം പാറിപ്പറന്നു കൌതുകത്തോടെ വീക്ഷിക്കുന്ന ഒരു കുഞ്ഞു പൂമ്പാറ്റ.

ചോലപ്പറമ്പ്, എന്റെ ജന്മനാടാണെന്നു പറയാം. ജന്മനാടാണെങ്കിലും വളരെ ചുരുങ്ങിയ കാലമേ ഞാനീ നാട്ടില്‍ താമസിച്ചിട്ടുള്ളൂ . അതും ഒന്നും ഓര്‍മ്മയിലില്ലാത്ത ബാല്യ കാലത്ത്, അഞ്ചാം വയസ്സില്‍ നഗരത്തില്‍ പുതിയ വീടെടുത്ത് മസം മാറി. അതിനു മുമ്പും തറവാടിനേക്കാള്‍ കൂടുതല്‍ ഉമ്മയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. പുതിയ വീടെടുക്കാന്‍ ഉമ്മക്കായിരുന്നു വലിയനിര്‍ബന്ധം. ഉമ്മ ഒരിക്കലും ഈ നാടിനെ ഇഷ്ടപ്പെട്ടിരുന്നില്ല, അതിനു പറയാന്‍ ഉമ്മക്ക് ഒരുപാട് കാരണങ്ങളുമുണ്ട്. വാപ്പയാണെങ്കില്‍ പൊള്ളുന്ന മരുഭൂമിയില്‍ പ്രവാസജീവിതം നയിക്കുമ്പോഴും മനസ്സ് മുഴുവന്‍ ഈ നാടും നാട്ടുകാരുമായിരുന്നു, ഇവിടുത്തെ ഓരോരുത്തരുടെയും പ്രയാസങ്ങളും പ്രശ്‌നങ്ങളും വാപ്പയുടേത് കൂടിയായിരുന്നു. എനിക്കറിയാവുന്ന ഈ ഗ്രാമവും ഗ്രാമീണരുമെല്ലാം ഉമ്മ പറഞ്ഞു കേള്‍പ്പിക്കുന്ന കഥകള്‍ മാത്രമായിരുന്നു . ‘ഞാന്‍ അഞ്ചു നേരം പടച്ചോനോട് പറഞ്ഞിരുന്നു എന്റെ മക്കള് വലുതാവുമ്പോഴേക്കും ഈ നാട്ടില്‍ നിന്നും മാറിതാമസിക്കാനുള്ള ഭാഗ്യം തരണേ’ അത് പടച്ചോന് കേട്ടൂ . ആ കഥകളുടെയെല്ലാം അവസാനത്തില്‍ ഉമ്മ കൂട്ടി ചേര്‍ത്തിരുന്ന വാചകമാണിത് .

നഗരത്തിലെ സ്‌കൂള്‍ അധ്യാപകന്റെ മകളെ കുഗ്രാമത്തിലെ പത്തമ്പത് അംഗങ്ങളുള്ള വലിയൊരു തറവാട്ടിലേക്ക് കെട്ടിക്കൊണ്ടു വരുമ്പോള്‍ സ്വാഭാവികമായി ഉണ്ടാവുന്ന ഈ നാട്ടിലെ ഭാഷയോടും സംസ്‌കാരത്തോടുമുള്ള വെറുപ്പും പിന്നെ ചില്ലറ നാത്തൂന് മൂത്തച്ചി പോരുകള്‍ സഹിച്ചതുമാവാം ഉമ്മയെക്കൊണ്ടങ്ങനെ പറയിപ്പിച്ചത്. പക്ഷെ എനിക്കെന്നും ഈ നാട് പ്രിയപ്പെട്ടതായിരുന്നു ഇവിടുത്തുകാരുടെ ഉള്ളില്‍ എപ്പോഴും എനിക്ക് നല്‍കാന്‍ ഒരുപാട് സ്‌നേഹം ഒളിപ്പിച്ചു വെച്ചിരുന്നു. അങ്ങനെ എന്നെ സ്‌നേഹിക്കുന്ന ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഒരാളെ കാണാനാണീ യാത്ര. നഗരത്തിലെപ്പോലെ ഇവിടുത്തെ വീടുകള്‍ക്ക് കെട്ടുറപ്പുള്ള മതിലുകളില്ല .അവരുടെ മനസ്സുപോലെ തന്നെ വാതിലുകളും ജനലുകളും മുഴുവന്‍ സമയവും തുറന്നിട്ടിരിക്കും. ഇവിടെയും മാറ്റങ്ങള്‍ കണ്ടു തുടങ്ങി . നേരെ മുമ്പില്‍ കാണുന്നതാണ് അമ്മായിയുടെ വീട് പണ്ട് ഓലകള്‍ വെച്ചുകെട്ടി ചെറിയൊരു കൂര നിന്നിരുന്ന സ്ഥലത്ത് ഇന്ന് രണ്ടുനിലയിലൊരു കോണ്‍ക്രീറ്റ് ഭവനം . എങ്കിലും മുമ്പത്തെപ്പോലെ വീടിന്റെ ഉമ്മറത്ത് വെറ്റില മുറുക്കിക്കൊണ്ട് അമ്മായിയുണ്ട്. മുമ്പെപ്പോഴും ഇവിടെയെത്തിയാല്‍ ഒരുപാട് കുടുംബ വീടുകള്‍ഉണ്ടെങ്കിലും ഭക്ഷണം കഴിക്കാന്‍ ഞാനൊരിടത്തും നില്‍ക്കാറില്ല .

അമ്മായിയുടെ ചമ്മന്തിക്ക് വല്ലാത്തൊരു സ്വാദാണ് . എന്തു കൂട്ടാനുണ്ടെങ്കിലും ഇവിടെ ചമ്മന്തിയുണ്ടാവും . ഞാന്‍ മെല്ലെ തീന്മേശക്കരികില്‍ നിന്നും എണീറ്റ് അടുക്കളയാകെ ഒന്നുചുറ്റിനോക്കി , ഇല്ല ആ ചമ്മന്തിയും ഈ വീട്ടില്‍ നിന്ന് പടിയിറങ്ങിയിരിക്കുന്നു അവസാനം കിട്ടിയത് വലിയ ഭരണികളിലാക്കി വെച്ചിരിക്കുന്ന ഉപ്പുമാങ്ങകള്‍ . പണ്ടൊക്കെ ഒറ്റയിരിപ്പിന് 5 ഉം 6 ഉം ഉപ്പുമാങ്ങകള്‍ അകത്താക്കിയിരുന്ന എനിക്ക് ഒന്ന് കടിച്ചപ്പോഴേക്കും പല്ലാകെ പുളിപ്പ് തുടങ്ങി. എന്നാലും വിട്ടുകൊടുത്തില്ല വാശിയോടെ ഒന്ന് മുഴുവന്‍ അകത്താക്കി..