ടോക്കണ്‍ നമ്പര്‍ 64

അയാള്‍ ചുമരില്‍ പതിച്ചിരിക്കുന്ന നെയിം ബോര്‍ഡ്‌ ഒരാവര്‍ത്തികൂടി വായിച്ചു.

“ഡോക്ടര്‍. റോയ്തോമസ്. എം .ബി ബി. എസ്. എം.ഡി ( ഉദരരോഗ വിദഗ്ദന്‍)

ആശുപത്രിയുടെ ഇടനാഴിയില്‍ നിരത്തിയിട്ട ഇരുമ്പ്‌ കസേരകളില്‍ ഇരിക്കുന്ന രോഗികളുടെ കൂടെ അയാള്‍ അക്ഷമയോടെ ഇരുന്നു.

“ഇനി എത്ര നേരംകൂടി കാത്തിരിക്കേണ്ടിവരും”

അയാള്‍ വാച്ചിലേക് നോക്കി. സമയം ഏഴുമണി. ഇവിടെ ഇരിക്കാന്‍ തുടങ്ങിയിട്ട് രണ്ടുമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. മെര്‍ക്കുറിലാമ്പിന്റെ വെണ്മ പരന്നു കിടക്കുന്ന ആ ഇടനാഴിയുടെ ചില്ലുജനാലക്കപ്പുറത്ത്. ഇരുട്ട് കട്ടപിടിച്ച് കിടക്കുന്നു.

“പടച്ചോനെ ഇനി ഇവിടുന്ന് പുറത്തിറങ്ങി ചുരം കയറി എപ്പോഴാണോ പൊരേലെത്തുക….”

എല്ലാരോഗികളും  അവരുടെ കൂടെവന്നവരും ഡോക്ടറുടെ മുറിയുടെ വാതിലില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന വെള്ള വസ്ത്രം ധരിച്ച നേഴ്സിന്‍റെ മുഖം തെളിയുന്നതും നോക്കിയിരിക്കുന്നു. അവര്‍ എന്‍റെ ടോക്കണ്‍ നമ്പര്‍ വിളിച്ചെങ്കില്‍. എല്ലാവരിലും ഒരേ പ്രതീക്ഷ. അയാള്‍ക്ക്‌ വയറ്റില്‍ അപ്പോഴും ശക്തമായ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു.

“യാ അല്ലാഹ്”….അയാള്‍ വേദനകൊണ്ട് പല്ല്കടിച്ചമര്‍ത്തി.

കഴിഞ്ഞ മൂന്നുമാസമായി അയാള്‍ ഡോക്ടര്‍മാരുടെ മുറിയുടെ വാതിലുകളില്‍ ഇതുപോലെ നിരന്തരം കയറിയിറങ്ങുന്നു. മൂന്നു മാസത്തിനു മുന്‍പ് തേയിലത്തോട്ടത്തില്‍ പണിയെടുക്കുന്നതിനിടയിലാണ് അയാള്‍ക് ആദ്യമായി വയര്‍വേദന അനുഭവപ്പെടുന്നത്.

വേദന അസഹ്യമായപ്പോള്‍ നിരവധി ഡോക്ടര്‍മാരെ കണ്ടു. മെഡിക്കല്‍ കോളേജിലും നിരവധി തവണ കയറിയിറങ്ങി. ഗ്യാസിന്‍റെ പ്രശ്നമാവും, മൂത്രത്തിലെ പഴുപ്പുകൊണ്ടാകും, ടി ബി യാണ് അങ്ങനെ പല ഡോക്ടര്‍മാര്‍ക്ക് പല അഭിപ്രായങ്ങള്‍. പല മരുന്നും അയാള്‍ കുടിച്ചു. എക്സ്റേ, സ്കാനിംഗ് തുടങ്ങി പല ടെസ്റ്റുകളും നടത്തി. പക്ഷെ വേദനക്കുമാത്രം അയാള്‍ക്കൊരു കുറവും അനുഭവപ്പെട്ടില്ല.

അവസാനം സന്ദര്‍ശിച്ച ഡോക്ടറുടെ നിര്ദേശപ്പ്രകാരമാണ് അയാള്‍ ഇവിടെ എത്തിയത്. കഴിഞ്ഞ ഒരാഴച്ചയായി.ഈ ഡോക്ടറുടെ ചികില്സയിലാണയാള്‍

“ഇനി രോഗം എന്താണെന്ന് തിട്ടപ്പെടുതിയിട്ടു മതി ചികില്‍സ അടുത്ത ആഴ്ച്ച വരുമ്പോള്‍ സി.ടി. സ്കാന്‍ ചെയ്യണം. ഞാന്‍ ഇതിലെഴുതിയിട്ടുണ്ട് അത് വരെ നമുക്ക് പെയിന്‍കില്ലറെടുക്കാം”

കഴിഞ്ഞ തവണത്തെ സന്ദര്‍ശനത്തില്‍ ഡോക്ടര്‍ അയാളോട് പറഞ്ഞത് അങ്ങനെയായിരുന്നു.

“പടച്ചോനെ ഇന്നെങ്കിലും എന്‍റെ അസുഖം എന്താണെന്ന് അവര്‍ക്ക് മനസ്സിലായാല്‍ മതിയായിരുന്നു..”

അയാളുടെ പ്രാര്‍ത്ഥന ഒരു രോദനമായിരുന്നു. സമയത്തിനു ഒച്ചിന്‍റെ വേഗത. വരാന്തയിലെ കസേരകള്‍ പലതും ശൂന്യമായിരിക്കുന്നു.

“ടോക്കണ്‍ നമ്പര്‍ അറുപത്തിനാല് സെയ്താലിക്കുട്ടി”

ഡോക്ടറുടെ മുറിയില്‍ നിന്നും തലപുറത്തേക്കിട്ട് നേഴ്സ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. അയ്യാള്‍ തന്‍റെ കസേരയില്‍ നിന്നും എഴുനേറ്റു.

“അടുത്തതായി കയറേണ്ടത് നിങ്ങളാണ്. സി റ്റി സ്കാനിന്‍റെ റിസള്‍ട്ട് കൊണ്ടുവന്നിട്ടില്ലേ…..?”
“അതെ”
“അതിങ്ങുതരൂ…..അടുത്ത പേഷ്യന്‍റ് ഇറങ്ങിയാല്‍ നിങ്ങള്‍കയറണം”

അയാള്‍ നിരവധി ടെസ്റ്റ് റിസള്‍ട്ടുകളടങ്ങിയ ആ വലിയ കവര്‍ നേഴ്സിന്‍റെ കയ്യില്‍ കൊടുത്തു. തന്‍റെ നമ്പര്‍വിളിക്കപെട്ടതില്‍ അയാള്‍ക് തെല്ല്സന്തോഷം തോന്നി

“ഇരിക്കൂ”

അടുത്തുള്ള കസേര ചൂണ്ടി ഡോക്ടര്‍ അയാളോട് പറഞ്ഞു

“ കൂടെ ആരെങ്കിലും വന്നിട്ടുണ്ടോ..?”
“ഇല്ല”
“ഇല്ലേ….ഡോക്ടര്‍മാരെ കാണാന് വരുമ്പോള്‍ കൂടെ ആരെയെങ്കിലും കൊണ്ടുവരണമെന്നറിയില്ലേ…?..”

ഡോക്ടുടെ മുഖത്തെ അനിഷ്ട്ടം അയാള്‍ തിരിച്ചറിഞ്ഞു

“സാറെ… എന്‍റെ ഭാര്യ പ്രസവിച്ചിട്ട് ഇന്നേക്ക് ഇരുപത്തിയഞ്ചു ദിവസമായിട്ടെയുള്ളൂ. ഉമ്മക്കാണെങ്കില്‍ തീരെ വയ്യ. പിന്നെ കൂട്ടുകാരെ ആരെയെങ്കിലും കൂടെക്കൂട്ടാമെന്നു വെച്ചാല്‍ അവിടെനിന്നിങ്ങോട്ടു വരാന്‍ ഒരു ദിവസത്തെ പണി ഒഴിവാക്കന്നം അതിനു ആരാ തയ്യാറാവുക സാറെ. പിന്നെ ഞാനൊറ്റക്കു തന്നെ ഇങ്ങു പോന്നു…”

“ എവിടെയാ നിങ്ങളുടെ വീട്.?..”
“ മാനന്തവാടി വയനാട് ജില്ലയിലാണ്”
“ങാ….”

ഡോക്ടര്‍ ഒന്ന് മൂളി…തെല്ല് അപ്രീതിയോടെ ഡോക്ടര്‍ അയാളുടെ റിസള്‍ട്ട് തിരിച്ചുംമറിച്ചും നോക്കി. ഏറെ നേരത്തെ നിശബ്ദദ ആ മുറിയില്‍ തളംകെട്ടി നിന്നു. അയാളുടെ ഹൃദയത്തിന്റെ മുഴക്കം അയാളെതന്നെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

“ ഒരു രോഗിയോട് സ്വന്തം രോഗം വെളിപ്പെടുത്തുന്ന ഭുദ്ധിമുട്ട് ഒഴിവാകനാണ് കൂടെ ആരെയെങ്കിലും കൊണ്ടുവരണമെന്ന് ഞങ്ങള്‍ പറയാന്‍ കാരണം”

ഡോക്ടര്‍ മൌനം ഭേദിച്ചു

“നിങ്ങളോട് എങ്ങനെയാണ് ഞാന്‍ ഈ കാര്യം പറയുക എന്ന ആശങ്ക എനിക്കിപ്പോഴും ഉണ്ട്. പക്ഷെ ഒരു കാര്യം മനസ്സിലാക്കുക ഏത് അസുഖത്തിനും ഇന്ന് ചികിത്സയുണ്ട്. അത് കൊണ്ട് തന്നെ ഭയപ്പെടാതെ മനസ്സ് പതറാതെ രോഗത്തെ സമീപിക്കുക. നിങ്ങളുടെ കൂടെ മറ്റാരും ഇല്ലാത്തതുകൊണ്ട് നിങ്ങളോട് തെന്നെ ഞാനിക്കാര്യം പറയാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. പക്ഷെ ഈ ഒരു അവസ്ഥയാണ് ഒരു ഡോക്ടര്‍ അയാളുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വെറുക്കുക”
പിന്നെയും കുറച്ചു നേരത്തെ നിശബ്ദത. ക്ലോക്കിന്‍റെ മിടിപ്പിന് വല്ലാത്ത മുഴക്കം അയാള്‍ക് തോന്നി.

തലച്ചോറിലെവിടെയോ അസ്വസ്ഥതയുടെ മൂളിപ്പാട്ട്.

“എന്താണ് സാറേ എന്റെ അസുഖം. ഗ്യസിന്‍റെതാണോ. അതോ ടി ബി യാണോ”….അയാള്‍ ആകാംശയോടെ ചോദിച്ചു.

വീണ്ടും നിശബ്ദദ..
ഏതാനും മിനിറ്റുകള്‍ കടന്നുപോയി

“അല്ല നിങ്ങളുടെ അസുഖം ക്യാന്‍സര്‍ ആണ്”… ഡോക്ടര്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു
“എന്താണ്  …സാര്‍ ക്യാന്‍സാരോ….? അയാള്‍ക്ക്‌ വിശ്വസിക്കാനായില്ല
“അതെ ക്യാന്‍സര്‍ തന്നെ…കുറച്ചധികം വളര്‍ന്നിട്ടുണ്ട്….”

അയാളുടെ തലക്കുള്ളില്‍ വല്ലാത്ത മുഴക്കം. തലച്ചോറില്‍ എവിടെയോ പ്രാണികള്‍ കരയുന്നു.

“ ഞാനൊരു എഴുത്ത്തരാം നിങ്ങള്‍ നാളെ തന്നെ തിരുവനന്തപുരം ആര്‍ . സി ,സി യില്‍ പോകണം …..ഒട്ടും വൈകരുത് ഈ റിസല്‍ട്ടും അവിടെ കാണിക്കണം”

പിന്നെയും ഡോക്ടര്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ അയാള്‍ ഒന്നും കേള്കുന്നുണ്ടയിരുന്നില്ല. ഇരുപത്തഞ്ചു ദിവസം മാത്രം പ്രായമായ തന്‍റെ പിഞ്ചുകുഞ്ഞിന്‍റെ മുഖം, ഭാര്യുടെയും ഉമ്മയുടെയും മുഖം എല്ലാം ഒരു നിമിഷം അയാളുടെ മനസ്സിലൂടെ കടന്നുപോയി. ഇരുട്ടിലെവിടെയോ ഒരു പട്ടി കുരയ്ക്കുന്നു.
മെര്‍കുറി ലാമ്പിന്‍റെ വെളിച്ചം അവിടെ പരന്നുകിടന്നിട്ടും അയാള്കൊന്നും കാണാന്‍ കഴിഞ്ഞില്ല.

ഇരുട്ട് സര്‍വത്ര. ഇരുട്ട്തന്നെ. ദൂരെദിക്കില്‍ നിന്നെന്ന പോലെ അയാള്‍ കേട്ടു

“ടോക്കണ്‍ നമ്പര്‍ അറുപത്തിയഞ്ച് കാര്‍ത്യായനി ”

നേഴ്സ് അപ്പോഴും വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഒരിക്കലും ഭേദമാവില്ലെന്നു ഉറപ്പുള്ള രോഗമാണ് തനിക്കെന്നു തിരിച്ചറിയുന്ന നിമിഷം ഒരു രോഗിക്കുണ്ടാവുന്ന മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ഒരിക്കലെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ…….?

ഈ കഥ ഒരിക്കലും തിരിച്ചുവരാനാകാതെ എന്നില്‍ നിന്നും യാത്ര പോയ എന്‍റെ പ്രിയപ്പെട്ട അനിയന്‍ മുഹമ്മദ്‌ സാദിഖിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഞാന്‍ സമര്‍പ്പിക്കുന്നു.