ലോകം കണ്ട ഏറ്റവും വലിയ ദുരന്തം-ചെർണോബിൽ ആണവ സ്ഫോടനം.32 വർഷം കൊണ്ട് 50 ലക്ഷം പേരുടെ ജീവനെടുത്ത ,ഇപ്പോഴും ഇഞ്ചിഞ്ചായി ആയിരങ്ങളുടെ ജീവനെടുത്തു കൊണ്ടിരിക്കുന്ന മഹാ ദുരന്തം.ഉക്രെയ്നിലെ ആ കൊലക്കളം സന്ദർശിച്ച അനുഭവം വായിക്കുക..

ബൈജു എൻ നായർ എഴുതുന്നു 

Baiju N Nair

‘ലോകത്തിൽ ഏറ്റവുമധികം ആണവ വികിരണമുള്ള പ്രദേശത്തേക്കാണ് നമ്മൾ പ്രവേശിക്കുന്നത്.ഇനിയുള്ള 30 കി.മി ചുറ്റളവിൽ ഒരു വസ്തുവിലും തൊടരുത്.ഫുൾ സ്ലീവ് ഷർട്ടുകൾ മാത്രം ധരിക്കുക.ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ തോന്നിയാൽ ഉടൻ അറിയിക്കുക.സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ക്യാന്റീനിൽ നിന്നു മാത്രം ഭക്ഷണം കഴിക്കുക’ -ഞങ്ങളുടെ മിനി വാനിലെ 16 അംഗ സംഘത്തോട് ഗൈഡ് കാതറീൻ വിശദീകരിച്ചു.

Image result for chernobyl picturesഉക്രെയ്നിന്റെ തലസ്ഥാനമായ കീവ് നഗരത്തിൽ നിന്നാണ് ഞങ്ങൾ യാത്ര ആരംഭിച്ചത്.130 കി മി അകലെയാണ് കാതറീൻ സൂചിപ്പിച്ച ആ സ്ഥലം-ചെർണോബിൽ .ഒരു കാലത്ത് ലോകത്തിലെ മുഴുവൻ മാധ്യമങ്ങളുടെയും തലക്കെട്ടായി മാറിയ സ്ഥലനാമം.1986 ഏപ്രിൽ 26 ന് ലോകത്തിലെ ഏറ്റവും വലിയ ആണവ സ്ഫോടനത്തിന് വേദിയായ നഗരം .ആണവ വികിരണം മൂലം ഇനിയുള്ള 20,000 വർഷം കൂടി മനുഷ്യവാസം അസാധ്യമാണെന്ന് ശാസ്ത്രജ്ഞർ വിധിയെഴുതിയ പ്രദേശം.
ചെർണോബിലിന് 30 കി മി മുൻപ് സൈനിക ചെക്പോസ്റ്റിൽ വാൻ നിർത്തി.പാസ്പോർട്ടുകളും മറ്റു രേഖകളും പരിശോധിച്ച ശേഷം കടന്നു പോകാൻ അനുവാദം ലഭിച്ചു .ഇനിയുള്ള 30 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്താണ് ദുരന്തം നടന്ന്‌ 32 വർഷം കഴിഞ്ഞിട്ടും ആണവ വികിരണം അതേ തീവ്രതയോടെ നില നിൽക്കുന്നത്.

Image result for chernobyl picturesചെർണോബിലിലേക്ക് എത്തും മുൻപ് ആ ദുരന്തത്തിന്റെ കഥ കേൾക്കുക.

പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു,അന്ന് ഉക്രെയ്ൻ.ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം സ്ഥാപിക്കാൻ റഷ്യൻ സർക്കാർ തെരഞ്ഞെടുത്തത് ഉക്രെയിനിലെ ചെർണോബിൽ എന്ന വനപ്രദേശമാണ്.അയൽരാജ്യമായ ബെലാറസിൽ നിന്ന് വെറും 140 കി മി അകലെയാണ് ചെർണോബിൽ. 1970 ൽ പ്രിപ്യാറ്റ് നദീതീരത്ത് അക്കാലത്തെ ഏറ്റവും ആധുനികമായ ആണവനിലയം ഉയർന്നു.1000 മെഗാ വാട്ട് വീതം ശേഷിയുള്ള നാല് റിയാക്ടറുകളാണ് നിലയത്തിൽ ഉണ്ടായിരുന്നത്.
റഷ്യൻ സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത ലൈറ്റ് വാട്ടർ ഗ്രാഫൈറ്റ് മോഡറേറ്റഡ് റിയാക്ടറുകളുടെ വിഭാഗത്തിൽ പെടുന്നവയായിരുന്നു,റിയാക്ടറുകൾ.
Related image1986 ഏപ്രിൽ 25 ന് രാത്രിയിൽ നാലാം നമ്പർ റിയാക്ടറിൽ ഏതാനും ജൂനിയർ എൻജിനീയർമാർ സുരക്ഷാ പരീക്ഷണങ്ങൾ നടത്തുകയായിരുന്നു .റിയാക്ടറുകളുടെ പ്രവർത്തനം അടിയന്തിരാവശ്യങ്ങൾക്കായി നിർത്തേണ്ടി വരുമ്പോൾ അതിന്റെ ഇന്ധന അറയിലെ ചൂട് കുറയ്ക്കാനായി വെള്ളം പമ്പ് ചെയ്യണം.ഇതിനുള്ള വാട്ടർ പാമ്പുകൾ പ്രവർത്തിച്ചു തുടങ്ങാൻ ഒന്നര മിനിറ്റ് വേണം.ഇത് 30 സെക്കൻഡാക്കി കുറയ്ക്കുകയായിരുന്നു പരീക്ഷണങ്ങളുടെ ലക്‌ഷ്യം.എന്നാൽ പരീക്ഷണത്തിനിടെ സാങ്കേതിക കാരണങ്ങളാൽ റിയാക്ടറിനുള്ളിലെ പവർ കുറഞ്ഞ് 200 മെഗാ വാട്ടായി.അത്രയും പവർ കുറഞ്ഞത് റിയാക്ടറി ന്റെ പ്രവർത്തനം തകരാറിലാക്കി..അതിനിടെ കൂളിംഗ് പമ്പുകളുടെ പ്രവർത്തന ശേഷിയും നഷ്ടമായി. അതോടെ റിയാക്ടർ തണുപ്പിക്കാനായി പമ്പ് ചെയ്യപ്പെടുന്ന വെള്ളത്തിന്റെ തോതും കുറഞ്ഞു. ചൂട് കൂടി റിയാക്ടറിലെ ജലം പൊടുന്നനെ നീരാവിയായിത്തുടങ്ങി.അങ്ങനെ റിയാക്ടറിൽ കൂടുതൽ പവർ ഉൽപ്പാദിപ്പിക്കപ്പെട്ടു.പ്രവർത്തന ശേഷിയുടെ അനേകം ഇരട്ടി കടന്ന് പവർ 33,000 മെഗാ വാട്ടിലെത്തിയ നിമിഷത്തിൽ മർദം താങ്ങാനാവാതെ, 26 ന് വെളുപ്പിനെ 1 .30 ന് നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചു.ഉന്നത ഊഷ്മാവിൽ രൂപപ്പെടുന്ന ഹൈഡ്രജന് തീപിടിച്ച് മൂന്ന് സെക്കന്റിനകം രണ്ടാമത്തെ പൊട്ടിത്തെറിയും നടന്നു.ആണവ നിലയത്തിലെ 34 ജീവനക്കാർ തീഗോളങ്ങളായി എരിഞ്ഞടങ്ങി. റിയാക്ടറിലെ 2000 ടൺ ഭാരമുള്ള ഉരുക്കു കവചം ഭേദിച്ച് എട്ടു ടൺ റേഡിയോ ആക്റ്റീവ് പദാർഥങ്ങൾ ആകാശത്ത് ഒരു കിലോമീറ്റർ ഉയരത്തിലേക്ക് ചീറ്റിത്തെറിച്ചു.
ഹിരോഷിമയിൽ വീണ അണുബോംബിനേക്കാൾ 400 മടങ്ങ് പ്രഹര ശേഷിയുള്ള സ്ഫോടനമാണ് ചെർണോബിലിൽ സംഭവിച്ചതെന്ന് പറഞ്ഞാൽ ദുരന്തത്തിന്റെ വ്യാപ്തി ഊഹിക്കാമല്ലോ.ആഞ്ഞടിച്ച കാറ്റിൽ ആണവ വികിരണത്തിന്റെ വിഷ ധൂളികൾ യൂറോപ്പിലേക്ക് നീങ്ങി.ബെലാറസും പോളണ്ടും കടന്ന് സ്വീഡനിലെത്തിയപ്പോൾ അവിടുത്തെ ആണവനിലയത്തിലെ അപായ മണികൾ മുഴങ്ങി.

Image result for chernobyl picturesഎന്നാൽ ചെർണോബിലിലെ ഉദ്യോഗസ്ഥർ ഇതൊരു ആണവ സ്ഫോടനമായി കണ്ടില്ല എന്നതാണ് മറ്റൊരു ദുരന്തം.ഏതൊരു വ്യവസായ ശാലയിലും സംഭവിക്കാവുന്ന ഒരു സ്ഫോടനം-അവർക്ക് അത്രയേ തോന്നിയുള്ളൂ! അതുകൊണ്ടു തന്നെ യാതൊരു സുരക്ഷാ സന്നാഹങ്ങളുമില്ലാതെ നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങൾ ആണവ നിലയത്തിൽ അവശിഷ്ടങ്ങൾ നീക്കുന്ന ജോലിയിലേർപ്പെട്ടു.തൊട്ടടുത്തുള്ള പ്രിപ്യാറ്റ് നഗരവാസികൾ കാഴ്ചകൾ കാണാനുമെത്തി.
12 മണിക്കൂർ കഴിഞ്ഞില്ല,ആയിരക്കണക്കിനാളുകൾ ആണവ പ്രസരണമേറ്റ് പിടഞ്ഞു തുടങ്ങി.ഛർദിച്ചും തല ചുറ്റിയും പരിസരവാസികൾ മരിച്ചു വീണു.നിരവധി യൂറോപ്യൻ രാജ്യങ്ങളിലെയും മണ്ണിലും വിണ്ണിലും വിഷ വികിരണം പടർന്നു.
ഇത്രയുമൊക്കെയായപ്പോൾ സോവിയറ്റ് യൂണിയന്റെ തലസ്ഥാനമായ മോസ്‌കോ ഉണർന്നു. പ്രിപ്യാറ്റ്,ചെർണോബിൽ നഗരങ്ങളിൽ നിന്നായി 35,000 പേരെ ഒഴിപ്പിക്കാൻ നിർദേശമുണ്ടായി. സ്വന്തം വീട്ടിലെ അണുപ്രസരം ബാധിച്ച സാധന സാമഗ്രികൾ ഒന്നുപോലും തൊടാനാവാതെ ആയിരങ്ങൾ വെറും കൈയ്യോടെ ദൂരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തു.

Related imageചെർണോബിൽ വനത്തിലെ മരങ്ങളുടെ ഇലകൾ ചുവന്നു.മൃഗങ്ങൾ പിടഞ്ഞു വീണു മരിച്ചു.മണ്ണിലേക്ക് ആഴ്ന്നിറങ്ങിയ വികിരണം കുടിവെള്ളം വിഷവെള്ളമാക്കി.
20 മണിക്കൂറിനു ശേഷം കാര്യങ്ങളുടെ ഗുരുതരാവസ്ഥ മനസിലാക്കിയ അധികൃതർ റേഡിയോ ആക്റ്റീവ് വികിരണങ്ങൾ തടയുന്ന 1000 ടണ്ണോളം മണൽ-ലെഡ് സംയുക്തം ഹെലികോപ്റ്ററിൽ നിന്ന് റിയാക്ടറിന്റെ മേലേക്ക് ചൊരിഞ്ഞു.പക്ഷെ,അപ്പോഴേക്കും 500 ലധികം ഗ്രാമങ്ങളിൽ അപരിഹാര്യമായ വിധത്തിൽ റേഡിയേഷന്റെ വിഷ വിത്തുകൾ വീണു കഴിഞ്ഞിരുന്നു.4 കോടി ജനങ്ങൾ റേഡിയേഷൻ വാഹകരായി.പല ദിശകളിലായി 4 ലക്ഷം കിലോ മീറ്റർ അകലെപ്പോലും റേഡിയേഷൻ പടർന്നെത്തി.
ചെർണോബിൽ ദുരന്തം നടന്നിട്ട് 32 വർഷമായി.ഇക്കാലയളവിനുള്ളിൽ റേഡിയേഷന്റെ വിഷ ധൂളികൾ കൊന്നൊടുക്കിയത് 50 ലക്ഷം പേരെയാണത്രെ! ലക്ഷക്കണക്കിനാളുകൾ ഇപ്പോഴും ക്യാൻസർ ബാധിതരായി കഴിയുന്നുമുണ്ട്.മരിച്ചവരിൽ 10 ലക്ഷം പേർ കുട്ടികളോ ഗർഭസ്ഥ ശിശുക്കളോ ആണ്.ഇപ്പോഴും വികൃതമായ ശരീരാവയവങ്ങളുമായി കുട്ടികളും മൃഗങ്ങളും ജനിക്കുന്നത് പതിവാണ്.ഈ മേഖലയിൽ തൈറോയിഡ് ക്യാൻസർ 2400 ശതമാനം വർധിച്ചതായും പഠനങ്ങൾ പറയുന്നു.
അങ്ങനെ,എങ്ങനെ നോക്കിയാലും ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ചെർണോബിൽ ആണവനിലയ സ്ഫോടനം എന്നു പറയാം.
**********************************************
Image result for chernobyl picturesചെർണോബിൽ ആണവ നിലയത്തിൽ നിന്ന് വിളിപ്പാടകലെ റിയാക്ടറുകൾ തണുപ്പിക്കാനായി നിർമിച്ച കനാലിനു സമീപം വാൻ നിർത്തി.അല്പമകലെ ‘റ’ ആകൃതിയിൽ തിളങ്ങുന്ന വലിയ ഇരുമ്പു കവചം ചൂണ്ടിക്കാട്ടി കാതറിൻ പറഞ്ഞു: ‘അതിനുള്ളിലാണ് സ്ഫോടനം നടന്ന റിയാക്ടർ നമ്പർ 4 .റിയാക്ടറിൽ ഇപ്പോഴും അവശേഷിക്കുന്ന 200 ടണ്ണിലധികം വരുന്ന പദാർത്ഥങ്ങളിൽ നിന്നുള്ള വികിരണം അന്തരീക്ഷത്തിൽ പടരാതിരിക്കാൻ 2 .3 കോടി ഡോളർ ചെലവിട്ട്,അന്താരാഷ്‌ട്ര സഹായത്തോടെ നിർമിച്ച ചട്ടക്കൂടാണത്.’
92 .5 മീറ്റർ ഉയരവും 150 മീറ്റർ നീളവുമുള്ള ഈ ചട്ടക്കൂട് സ്ഥാപിച്ചിരിക്കുന്നത് ,നിരക്കി നീക്കാനാവുന്ന തരത്തിൽ,റെയ്‌ലുകളിലാണ് .ന്യൂയോർക്കിലെ സ്വാതന്ത്ര്യ പ്രതിമയെക്കാൾ ഉയരമുള്ള ഈ കവചം റെയ്‌ലിന്മേൽ സ്ഥാപിച്ച,ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിതി കൂടിയാണ് അടുത്ത 100 വർഷത്തേക്ക് റിയാക്ടർ നമ്പർ 4 ലെ റേഡിയേഷൻ പുറത്തുകടക്കാതെ കാക്കാൻ ഈ കവചത്തിന് കഴിയുമത്രേ.
Image result for chernobyl picturesചെർണോബിലിനു ചുറ്റുമുള്ള 30 കി മി പ്രദേശമാണ് ഇപ്പോൾ ഏറ്റവുമധികം അണു പ്രസരണമുള്ള ‘എക്സ്ക്ലൂഷൻ സോൺ’ ആയി പ്രഖ്യാപിച്ചിട്ടുള്ളത്.ചെർണോബിൽ , പ്രിപ്യാറ്റ് എന്നീ നഗരങ്ങളും ആണവ നിലയവും വനപ്രദേശവും ദുഗ എന്ന,ലോകത്തിലെ ഏറ്റവും വലിയ ആന്റിനയും പ്രിപ്യാറ്റ് നദിയുമാണ് ഈ 30 കി മി ചുറ്റളവിൽ പ്രധാനമായും ഉള്ളത്.
റിയാക്ടറുകളുടെ സമീപത്തു നിന്ന് വാൻ വീണ്ടും നീങ്ങി. പ്രിപ്യാറ്റ് നഗരമാണ് അടുത്ത കാഴ്ച .ചെർണോബിൽ ആണവ നിലയത്തിനോടനുബന്ധിച്ച് 1970 ൽ റഷ്യൻ സർക്കാർ നിർമിച്ച വൻ നഗരമാണ് പ്രിപ്യാറ്റ് .50,000 പേർ അധിവസിച്ചിരുന്ന പ്രിപ്യാറ്റ് അക്കാലത്തെ ഒരു കൊച്ചു ദുബായ് ആയിരുന്നെന്നു പറയാം.റഷ്യയിലെത്തുന്ന വിദേശ പ്രതിനിധികളുടെ പരിപാടിയിലെ പ്രധാന ഇനമായിരുന്നു പ്രിപ്യാറ്റ് നഗര സന്ദർശനം.കൃത്യമായ പ്ലാനിങ്ങോടെ നിർമിച്ച പ്രിപ്യാറ്റ് നഗരം സന്ദർശകർക്ക് അഭിമാനത്തോടെ കാട്ടിക്കൊടുക്കാൻ റഷ്യൻ സർക്കാർ ശ്രദ്ധിച്ചിരുന്നു.
13,144 അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്ന 160 കെട്ടിടങ്ങൾ,7,700 പേർക്ക് താമസിക്കാവുന്ന ഡോർമെറ്ററികൾ,75 പ്രൈമറി സ്‌കൂളുകൾ,19 സെക്കണ്ടറി സ്‌കൂളുകൾ,7 കോളേജുകൾ,ഒരു വലിയ ആശുപത്രി,3 ക്ലിനിക്കുകൾ,25 ഇടത്തരം ഷോപ്പുകൾ,ഒരു ഷോപ്പിംഗ് മാൾ,27 ഹോട്ടലുകൾ,ഒരു പഞ്ച നക്ഷത്ര ഹോട്ടൽ,10 വെയർ ഹൗസുകൾ,സിനിമ തീയേറ്റർ ,കൾച്ചറൽ സെന്റർ ,10 ജിം-ഫിറ്റ്നസ് സെന്ററുകൾ,3 ഇൻഡോർ നീന്തൽ കുളങ്ങൾ,2 സ്റ്റേഡിയങ്ങൾ,നിരവധി പാർക്കുകൾ,35 കളിസ്ഥലങ്ങൾ,4 ഫാക്ടറികൾ,റെയിൽവേ സ്റ്റേഷൻ,167 ബസുകൾ സർവീസ് നടത്തിയിരുന്ന ബസ് സ്റ്റാൻഡ്,1.81 ലക്ഷം മരങ്ങൾ തണലേകുന്ന വീഥികൾ-1970 കളിൽ നിർമിച്ച ഈ നഗരത്തിന്റെ പ്രൗഢി ഒന്നോർത്തു നോക്കുക.
Image result for chernobyl picturesചെർണോബിൽ ആണവ നിലയം പൊട്ടിത്തെറിച്ച ശേഷം രണ്ടു ദിവസം കൂടി പ്രിപ്യാറ്റ് നിവാസികൾ തങ്ങളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ആണവ വികിരണത്തെക്കുറിച്ച് ബോധ്യമില്ലാതെ ,ഉല്ലാസ ചിത്തരായി ജീവിതം തുടർന്നു .രണ്ടാം ദിവസം റഷ്യൻ സേന പ്രിപ്യാറ്റി ലെത്തി,എല്ലാവരും രണ്ടു ദിവസത്തേക്ക് നഗരത്തിൽ നിന്ന് മാറി നിൽക്കണമെന്നാവശ്യപ്പെട്ടു.ഉടുതുണിയില്ലാതെ മറ്റൊന്നും എടുക്കരുതെന്നും എല്ലാ സൗകര്യങ്ങളും മറ്റൊരിടത്ത് ഒരുക്കിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.അപ്പോഴേക്കും പ്രിപ്യാറ്റിന്റെ തൂണിലും തുരുമ്പിലും വികിരണത്തിന്റെ വിഷം പടർന്നിരുന്നു.എന്നെന്നേക്കുമായി നഗരത്തോട് വിട പറയുകയാണെന്ന് മനസിലാക്കിയാൽ നഗരവാസികൾ തങ്ങളുടെ പല സാധനങ്ങളും കൂടെ കൊണ്ടുപോകണമെന്ന് വാശി പിടിക്കുമെന്ന് അറിയാവുന്നതിനാലാണ് രണ്ടു ദിവസത്തേക്ക് മാത്രമെന്ന് റഷ്യൻ സേന നുണ പറഞ്ഞത്.
Image result for chernobyl picturesഅന്ന്,നഗരവാസികൾ സൈന്യത്തിന്റെ വാഹനത്തിൽ കയറി പോയപ്പോൾ അവശേഷിപ്പിച്ചതെല്ലാം ആണവ വികിരണത്തിന്റെ പൊടി മൂടി,കാട് പടർന്ന്,അതേ അവസ്ഥയിലുണ്ട് .തുറന്നു വെച്ച പുസ്തകം,അലക്കി വിരിച്ച തുണി,ചായ കുടിച്ച കപ്പ് ,പോർച്ചിൽ കിടക്കുന്ന കാർ-എല്ലാം ഒരു പ്രേത നഗരത്തിന്റെ പ്രതീതി ഉണർത്തി,അതേപടി നില കൊള്ളുന്നു. ലോകം അസൂയയോടെ വീക്ഷിച്ച നഗര വീഥികൾ കരിയില വീണു വൃത്തിഹീനമായി.അപ്പാർട്ട്മെന്റുകളിൽ മരങ്ങൾ പടർന്നു കയറി.പഞ്ച നക്ഷത്ര ഹോട്ടലിന്റെ ചുവരുകൾ നിറം മങ്ങി പൊടിഞ്ഞു തുടങ്ങി.കുട്ടികളുടെ പാർക്കിലെ ജയന്റ് വീൽ ദ്രവിച്ച് മണ്ണോടു ചേരാൻ കാത്തു നിൽക്കുന്നു.എവിടെയും ഉള്ളുലയ്ക്കുന്ന കാഴ്ചകൾ മാത്രം!
എക്സ്ക്ലൂഷൻ സോണിലൂടെ നടക്കുമ്പോൾ പലയിടത്തും റേഡിയേഷൻ വളരെ കൂടുതലാണ് എന്നു സൂചിപ്പിച്ചു കൊണ്ട് കൈയിലുള്ള ഗീഗർ മെഷീന്റെ അലാറം തുടരെ മുഴങ്ങി.ഗീഗറിലെ സ്‌ക്രീനിൽ റേഡിയേഷന്റെ തോത് തെളിഞ്ഞു:58.3 യുണിറ്റ്! വെറും 0.31 യൂണിറ്റാണ് മനുഷ്യ ശരീരത്തിന് താങ്ങാവുന്ന റേഡിയേഷൻ എന്നോർക്കുക.
Image result for chernobyl picturesപ്രിപ്യാറ്റ് നഗരത്തിൽ നിന്ന് തിരിച്ചു വരുമ്പോൾ ഇരുമ്പു മറയ്ക്കുള്ളിൽ വർഷങ്ങളോളം റഷ്യൻ സർക്കാർ കാത്തു സൂക്ഷിച്ച മറ്റൊരു വിസ്മയം കണ്ടു:ദുഗ റഡാർ സ്റ്റേഷൻ.ഉപേക്ഷിക്കപ്പെട്ട കളിസ്ഥലം (abandoned playground ) എന്ന് റോഡരികിൽ ബോർഡും വെച്ച് വന്മരങ്ങൾക്കിടയിൽ റഷ്യ ഒളിപ്പിച്ചു വെച്ച,ലോകത്തിലെ ഏറ്റവും വലിയ റഡാർ ആണ് ദുഗ.1976 ലാണ് ദുഗ നിർമ്മിക്കപ്പെട്ടത്.
ബാലിസ്റ്റിക് മിസൈൽ ആക്രമണം മുൻകൂട്ടി അറിയുക എന്നതായിരുന്നത്രേ ദുഗയുടെ അവതാര ലക്‌ഷ്യം.ഏതാണ്ട് മുക്കാൽ കിലോ മീറ്റർ നീളവും 150 മീറ്റർ വീതിയും 90 മീറ്റർ ഉയരവുമുള്ള, പൂർണമായും ഇരുമ്പിൽ നിർമിച്ച ഒരു മഹാവിസ്മയമാണ് ദുഗ.ആയിരക്കണക്കിന് ഇരുമ്പ് ഏണികൾ തൂക്കിയിട്ടതു പോലെയൊരു നിർമിതി.
Image result for chernobyl pictures1979 മുതൽ 1987 വരെ ലോകത്തിലെ റേഡിയോകളെയും എയർട്രാഫിക് കൺട്രോളിനെയുമെല്ലാം ദുഗയുടെ വീചികൾ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.എന്നാൽ ഈ വീചികൾ എവിടെനിന്നു വരുന്നു എന്നതിനെക്കുറിച്ച് ഒരു സൂചനയും ആർക്കും ലഭിച്ചില്ല.ഒടുവിൽ നാസയുടെ ഉപഗ്രഹമാണ് ഉക്രെയ്നിൽ ഒരു വമ്പൻ ഇരുമ്പ് നിർമിതി കണ്ടെത്തിയത്.നിരവധി രാജ്യങ്ങളിലെ റേഡിയോയിൽ ‘കട കട’ ശബ്ദമുണ്ടാക്കിയിരുന്ന ദുഗ യ്ക്ക് അങ്ങനെ ‘റഷ്യൻ മരംകൊത്തി’ എന്ന പേരു വീണു.
ചെർണോബിൽ ദുരന്തത്തോടെ നിർജീവമായിപ്പോയ ദുഗ യാതൊരു കേടുപാടുകളുമില്ലാതെ കാടിനുള്ളിൽ വിസ്മയ ദൃശ്യമൊരുക്കുന്നു!

Related image