Share The Article

0
“എന്താണ് താങ്കളുടെ പേര്”

ഓള്‍ഡ്‍ ബെയ്ലിയിലെ ക്രിമിനല്‍ കോടതിയില്‍ , ജസ്റ്റിസ് ആറ്റ്കിന്‍സണ്‍ വിചാരണ കാത്തു നില്ക്കുന്ന കുറ്റവാളിയോട് ചോദിച്ചു.

“റാം മൊഹമ്മദ് സിംഗ് ആസാദ്”

അല്പം പോലും കുലുങ്ങാതെ, നിറന്ന ചങ്കൂറ്റത്തോടെ ആ കുറ്റവാളി ഉത്തരം നല്കി. അപ്പോളും കുറ്റവാളിയുടെ ചുണ്ടില്‍ തങ്ങിനിന്ന പുഞ്ചിരി, കോടതിയെ ആകെ അമ്പരപ്പിച്ചിരിക്കണം. സദസ്സാകെ ചിന്തിക്കുകയായിരുന്നു-

“ഇതെന്തൊരു പേര്, ഇവന്‍ ഹിന്ദുവോ, സിഖോ, മുസല്‍മാനോ… എന്താണീ ആസാദ്, അത് സ്വാതന്ത്ര്യത്തിന്റെ പര്യായമല്ലാതെ മറ്റൊന്നുമാകുന്നില്ലല്ലോ, ഇങ്ങിനെയും ഒരു പേരോ..!”

ഉത്തരമില്ലാത്ത ചോദ്യങ്ങളെങ്കിലും, ഇവിടെ അതൊന്നും പ്രസക്തമാകുന്നില്ലന്ന് അവര്‍ക്കറിയാമായിരുന്നു.

“ഇവിടെ ആരോപിച്ചിരിക്കുന്ന കുറ്റം നിങ്ങള്‍ ചെയ്തതാണോ.”

“അതെ, അയാളോടെനിക്ക് പ്രതികാരമുണ്ടായിരുന്നു. എന്റെ കൂടപ്പിറപ്പുകളെ ഒരു കാരണവുമില്ലാതെ കൊന്നൊടുക്കിയ അയാള്‍ എന്നേക്കാള്‍ വലിയ കുറ്റവാളിയായിരുന്നു.”

വാദപ്രതിവാദങ്ങള്‍ക്കും കുറ്റാരോപണങ്ങള്‍ക്കും ഒടുവില്‍ , ജസ്റ്റിസ് ആറ്റ്കിന്‍സണ്‍ വിധി പ്രസ്താവിച്ചു.

“മൈക്കിള്‍ ഒ’ ഡയറിന്റെ് ഘാതകന് മരണംവരെ തൂക്കുകയര്‍”

ജയിലര്‍മാരോടൊപ്പം ബ്രിക്സ്റ്റണിലെ ജയിലറയിലേക്ക് പോകുമ്പോഴും ഒരു തരത്തിലുമുള്ള നിരാശയോ, മരണഭയമോ ആ കുറ്റവാളിയില്‍ കണ്ടിരുന്നില്ല. അപ്പോഴും മായാത്ത പുഞ്ചിരി ആത്മസംതൃപ്തിയുടേതായിരുന്നിരിക്കണം. ദിവസങ്ങള്‍ക്കകം, ബ്രിക്സ്റ്റണില്‍നിന്ന്, തന്റെ അന്ത്യ താവളമായ പെന്റണ്‍വില്ലേ ജയിലിലേക്ക് മാറ്റപ്പെട്ടപ്പോള്‍ , ആ കുറ്റവാളിക്ക് ഏകാന്തമായി ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനും ഏറെ സമയം കിട്ടി. വേദനിപ്പിക്കുന്ന ഓര്‍മ്മകളിലൂടെ ഒന്നു ചുറ്റിവരുവാന്‍ , ആ കുറ്റവാളിയുടെ മനസ്സ് ഇച്ഛിച്ചുകൊണ്ടിരുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ കത്തിക്കാളുന്ന ദിവസങ്ങളായിരുന്നു അക്കാലങ്ങള്‍ . മഞ്ഞുപൊഴിയുന്ന കാഷ്മീര്‍ താഴ്വരിയില്‍ തനിക്കു ജന്മം നല്കിയ അച്ഛന്‍ സര്‍ദാര്‍ തോഹാര്‍സിംഗിന്റേയും, അതിനുമുമ്പേ തങ്ങളെ വിട്ടു പോയ മാതാവിന്റേയും പവിത്രമായ ആത്മാക്കള്‍ അലഞ്ഞു നടക്കുകയായിരിക്കണം. തന്റെ കൂടപ്പിറപ്പായ മുക്താസിംഗും കാലമേറെക്കഴിയാതെ മാതാപിതാക്കളെ പിന്തുടര്‍ന്നു കഴിഞ്ഞിരുന്നു. വേദനപ്പിക്കുന്ന ഈ സത്യങ്ങള്‍ തന്നെ തെല്ലൊന്നുമായിരുന്നില്ല തകര്‍ത്തെറിഞ്ഞു കളഞ്ഞിരുന്നത്. കേവലം ഏഴുവയസ്സുകാരനായ താന്‍ തീര്‍ത്തും ഒറ്റപ്പെട്ടു. പിതാവിന്റെ സ്നേഹിതനായിരുന്ന ഭായ് കിഷന്‍സിംഗ് തന്നെയും, തന്റെ സഹോദരനെയും സെന്‍ട്രല്‍ ഖല്‍സാ ഓര്‍ഫനേജിലേക്ക് നടത്തിക്കൊണ്ടുപോകുമ്പോള്‍ , തനിക്കെന്താവും പ്രായം, അതോര്‍ത്തെടുക്കുവാനാകുന്നില്ല. പിന്നാലെ, സഹോദരന്‍ ഒറ്റക്ക് വന്നിടത്തേക്ക് മടങ്ങിപ്പോയി. പലര്‍ക്കുമിടയിലെങ്കിലും ഏകനായി താന്‍ വളരുകയായിരുന്നു. ഓര്‍ഫനേജിന്റെ ഔദാര്യത്തില്‍ താന്‍ മെട്രിക്കുലേഷന്‍ ജയിച്ചു. പിന്നീട്, അവിടെ തുടരുവാനുള്ള നിയമാനുകൂല്യമൊന്നുമുണ്ടായിരുന്നില്ല. ആതുരാലയത്തിലെ ജീവിത കാലത്ത് കുറേ കലാവിദ്യകളും വാസ്തുവിദ്യകളും സ്വായത്തമാക്കിയിരുന്നു. അവയുമായി പൊതുജന മദ്ധ്യത്തിലേക്ക്. അപ്പോഴേക്കും സഹോദരനായ മുക്താസിംഗിന്റെ രണ്ടാം ശ്രാദ്ധം കഴിഞ്ഞിരുന്നു.

പിന്നീടും താന്‍ പഴയ ആതുരാലയവുമായി ചിലപ്പോഴെല്ലാം ബന്ധം സ്ഥാപിക്കുന്നതില്‍ താത്പര്യം കാണിച്ചിരുന്നു. അവിടെയെത്തിയ ഒരുദിവസമായിരുന്നു, ഭാരതത്തിന്റെ ചരിത്രത്തില്‍ എന്നെന്നും ദു:ഖ സ്മരണകളുണര്‍ത്തുന്ന കറുത്തദിനമായി രൂപാന്തരം പ്രാപിച്ചത്. തനിക്കും ഉള്‍ക്കിടിലത്തോടെ മാത്രമേ, ആ ദിവസം ഓര്‍ക്കുവാന്‍ കഴിയുന്നുള്ളു.

ഏപ്രില്‍ 13, 1919, പഞ്ചാബിലെ ഹിന്ദുക്കളുടെ വിശേഷദിനം കൂടിയായ രാംനവമി അന്നായിരുന്നു. തന്നോടൊപ്പം കുറേക്കാലം കഴിഞ്ഞിരുന്ന ആതുരാലയത്തിലെ ബന്ധുക്കളെ കാണാനും, ആശിര്‍വാദങ്ങളേറ്റുവാങ്ങാനും എത്തിയ താന്‍ , അവരോടൊപ്പം, അമൃത്‍സറിലെ ജാലിയന്‍വാലാ ബാഗിനടുത്ത് വഴിയാത്രക്കാര്‍ക്ക് കുടിനീര്‍ നല്കിക്കൊണ്ടു നില്ക്കുകയായിരുന്നു. അല്പമകലെ, ഉദ്യാനത്തില്‍ , ഹിന്ദു മുസ്ലിം സിഖ് സമുദായങ്ങളില്‍പെട്ട വളരെ പേര്‍ , സന്നിഹിതരായിരുന്നു. ചില സ്വാതന്ത്ര്യ സമരപ്പോരാളികളും, നേതാക്കളും അവിടെ ബ്രിട്ടീഷ് റൂളിനും, കൊളോണിയല്‍ സംസ്കാരത്തിനും എതിരായി പ്രംഗിച്ചുകൊണ്ടിരുന്നു. അവരുടെ പ്രസംഗം കേള്‍ക്കു കയും, തളര്‍ന്നു വരുന്ന വഴിയാത്രക്കാര്‍ക്ക് കുടിനീര്‍ നല്കുകയും ചെയതുകൊണ്ട് താനും, മനസാ ആ ചടങ്ങില്‍ പങ്കെടുത്തുകൊണ്ടുനിന്നു.

അങ്ങിനെ സമരാഹ്വാനങ്ങളും, പ്രസംഗങ്ങളും ചൂടുപിടിച്ചുവരവെ, നൂറിനടുത്തുവരുന്ന ബ്രിട്ടീഷ് പട്ടാളക്കാര്‍ , ഖുക്രിയും (ചെറിയ വാള്‍ ) മെഷീന്‍ ഗണ്ണുകളും ധരിച്ച് ഉദ്യാനത്തിനു നേരെ പാഞ്ഞടുക്കുന്നത്, താന്‍ ഒരു ഞെട്ടലോടെ കണ്ടു. അവര്‍ക്കു നേതൃത്വം നല്കിക്കൊണ്ട്, കവചിത വാഹനത്തില്‍ മുമ്പിലുണ്ടായിരുന്നത്, അവരുടെ ബ്രിഗേഡിയര്‍ ജനറല്‍ റജീനാള്‍ഡ് എഡ്വേര്‍ഡ് ഹാരി ഡയര്‍ ആണെന്ന്, വാഹനം കണ്ടപ്പോള്‍ത്തന്നെ തനിക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞിരുന്നു . കുറഞ്ഞ ദിവസങ്ങള്‍ക്കു മുമ്പുമാത്രം ബ്രിഗേഡിയര്‍ ആയി ഉയര്‍ത്തപ്പെട്ടവന്‍ . ആരെയും ഒന്നും അറിയിക്കുവാനോ, എന്തെങ്കിലും പറയുവാനോ കഴിയാതെ, താന്‍ ആ രംഗത്തിനു സാക്ഷിയാവുകമാത്രം ചെയ്തു. ഉദ്യാനത്തിലേക്കുള്ള ഇടുങ്ങിയ പ്രവേശനദ്വാരം പട്ടാളക്കാര്‍ അടച്ചു. ഉദ്യാനത്തിന്റെന ബാക്കി മൂന്നു ചുവരുകളും, സമരപ്പോരാളികള്‍ക്കു രക്ഷപ്പെടാനാകാത്തവിധം ഉയരത്തിലായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ അവര്‍ അതില്‍ കുടുങ്ങിപ്പോവുകയാണ് ചെയ്തത്. യാതൊരു പ്രകോനവും കൂടാതെ, അവിടെ വെടിച്ചീളുകള്‍ ഉയരുന്ന ശബ്ദവും, പൊടിപടലങ്ങളുടെ പൊട്ടിപ്പുറപ്പാടുമുണ്ടായി. വെടിയേറ്റു പിടയുന്നവരുടെ ദീനരോദനം, അമൃത്‍സര്‍ ആകമാനം പ്രകമ്പനം കൊണ്ടു. അപ്പോഴും ഇടയ്ക്കു മുഴങ്ങിയ ഭാരതമാതവിനുള്ള വിജയാശംസകള്‍ .‍… ചാരിതാര്‍ത്ഥ്യ ത്തോടയെുള്ള മരണം… പ്രാന്തപ്രദേശങ്ങളിലുള്ളവര്‍ ഭീതിയോടെ നിലവിളിച്ചുകൊണ്ട് കൂരകളിലൊളിച്ചു. തന്റെ കൂട്ടത്തില്‍ ജലവിതരണം ചെയ്തുകൊണ്ടു നിന്ന കൂട്ടുകാര്‍ അടുത്തക്ഷണം ഓടിയൊളിച്ചു. വേഗംതന്നെ, വീഥിയെമ്പാടും ശൂന്യമായി. ഉദ്യാനത്തില്‍ നടന്ന സംഭവങ്ങളറിയുവാന്‍ മണിക്കൂറുകള്‍ തന്നെ വേണ്ടി വന്നു. ആ ഉദ്യാനത്തില്‍ മരിച്ചുവീണവര്‍ ആയിരത്തിലധികമാണെന്ന വാര്‍ത്ത തന്നെ വളരെ ദു:ഖിപ്പിച്ചു. രണ്ടായിരത്തിനടുത്ത് വെടിയുണ്ടകള്‍ , അവിടെ ചിതറി വീണിരുന്നു എന്ന സത്യം ഭയപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയുടെ അന്നത്തെ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ മൈക്കിള്‍ ഒ’ ഡയറിന്റെപ നിര്‍ദ്ദേശാനുസരണമാണ് ആ ക്രൂരഹത്യ നടന്നതെന്ന് താന്‍ അല്പം വൈകിയാണ് മനസ്സിലാക്കിയത്. ഇന്ഡ്യരന്‍ ജനതയെ “വൃത്തികെട്ട ഇന്ത്യന്‍ പട്ടികള്‍ ” എന്നുവരെ വിളിച്ചാക്ഷേപിച്ച മൈക്കിള്‍ ഒ’ ഡയര്‍ . അപ്പോള്‍ നിസ്സാരനായ തന്റെഇ മനസ്സില്‍ , മൈക്കിള്‍ ഒ’ ഡയറിന്റെ രൂപം ഒരു ഭീകരരാക്ഷസന്റേതായി പരിണമിച്ചത് സ്വാഭാവികം മാത്രം. അന്നാണ് താന്‍ സ്വാതന്ത്ര്യ സമരത്തിന്റെ വര്‍ത്തമാനകാലങ്ങളേപ്പറ്റി ചിന്തിച്ചത്. അന്നാണ് തന്റെ മനസ്സില്‍ , ഡയര്‍ ഒരു ഭീകരജീവിയായി തെളിഞ്ഞുവന്നത്. അയാളുടെ മേല്‍ പ്രതികാരത്തിന്റെ‍ ആദ്യ ബീജം വിതയ്ക്കപ്പെട്ടതും അന്നു തന്നെ. പിന്നെ താന്‍ അമൃത്‍സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിന്റെ മുന്നില്‍നിന്ന് മനസ്സില്‍ എടുത്ത പ്രതിജ്ഞ, സാധിതമാകുവാന്‍ എത്ര കാലം വേണ്ടിവന്നു. കാരണം അയാള്‍ അപ്പോഴേക്കും ജോലി രാജിവച്ച് ഇംഗ്ളണ്ടിലേക്ക് മടങ്ങിയിരുന്നു. പിന്നെ തന്റെ ലക്ഷ്യം ഇംഗ്ളണ്ടും, ക്രൂരനായ ലഫ്ററനന്റ് ഗവര്‍ണ്ണര്‍ മൈക്കിള്‍ ഒ’ ഡയറുമായിരുന്നു. അതിനിടയില്‍ എവിടെയെല്ലാം അലഞ്ഞു തിരിഞ്ഞു. കപ്പല്‍ യാത്രകള്‍ ചെയ്തു. ഒരേ ലക്ഷ്യം മനസ്സില്‍ കൊണ്ടു നടന്ന താന്‍ ഏതെല്ലാം പേരുകളിലൊളിച്ചു, ഷേര്‍സിംഗ്…. ഉധംസിംഗ്…. ഉടാന്‍സിംഗ്….. അങ്ങിനെയെന്തെല്ലാം പേരുകള്‍ … എന്തെല്ലാം വേലകള്‍ ചെയ്തു. ബ്രസീലിലും നെയ്റോബിയിലും വരെ എത്തിയെങ്കിലും, ചില കാരണങ്ങളാല്‍ ഇംഗ്ളണ്ടില്‍ എത്തിപ്പെടുവാന്‍ കഴിയാതെ വീണ്ടും പിറന്ന നാട്ടിലേക്ക് മടക്കയാത്ര….. ശ്രീ ഭഗത് സിംഗിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ , തന്നെ അവിടെ ആവശ്യമുണ്ടായിരുന്നു. അതിനുള്ള പ്രത്യേക ക്ഷണം ലഭിച്ചതനുസരിച്ചായിരുന്നു മടക്കയാത്ര. പക്ഷെ, പരാജിതനാകുവാന്‍ തനിക്കിഷ്ടമില്ലായിരുന്നു. പിറന്ന നാട്ടില്‍ , ഒരു സൈക്കിള്‍ ഷോപ്പുകാരനായി വീണ്ടും… സമരത്തിന്റെന ദൂതനായും. സ്വാതന്ത്ര്യ സമരത്തിന്റെ, തീച്ചൂള അപ്പോഴും എരിഞ്ഞുകൊണ്ടിരുന്നു. സമരപ്പോരാളികള്‍ക്കുള്ള ആയുധങ്ങള്‍ സൂക്ഷിക്കുവാനുള്ള ഒരു രഹസ്യ സങ്കേതവുമായിരുന്നു, തന്റെ ഷോപ്പ്. എത്രയൊക്കെ മുന്‍കരുതലിലും, അനധികൃതമായി ആയുധം സൂക്ഷിച്ചു എന്ന കുറ്റത്തിന് താന്‍ അറസ്റ്റിലായി, ജയില്‍വാസത്തിന്റെ നാലു വര്‍ഷങ്ങള്‍ . അതിനിടക്ക് ഭഗത്‍സിംഗും, ചന്ദ്രശേഖര്‍ ആസാദും തൂക്കിലേറ്റപ്പെട്ടു. സ്വാതന്ത്ര്യസമരത്തിന്റെൂ അത്യുജ്വലമായ ചില ദിനങ്ങള്‍ , നാലുവര്ഷം കൊണ്ട് തനിക്കു നഷ്ടപ്പെട്ടു. ജയില്‍മോചിതനായ തന്റെ മനസ്സില്‍ വീണ്ടും മൈക്കിള്‍ ഒ’ ഡയര്‍ പിറവിയെടുത്തു. വീണ്ടും യാത്ര… എണ്ണങ്ങളേറെ രാജ്യങ്ങള്‍ പിന്നിട്ട്, ഒടുവില്‍ താനീ മണ്ണില്‍ .. ബ്രിട്ടന്റെത മണ്ണില്‍ .. ഇംഗ്ളണ്ടിന്റെ നെഞ്ചില്‍ ..

മൈക്കിള്‍ ഒ’ ഡയറിനെത്തേടി താനാരംഭിച്ച യാത്രക്ക് ഏകദേശം ഇരുപത്തിയൊന്നു വയസ്സ്.

1940, മാര്ച്ച് 13.

ഇംഗ്ളണ്ടിലെ പ്രഭാതം മങ്ങിക്കിടന്നിരുന്നു.. വരാന്‍പോകുന്ന ഏതോ ഭയാനക പ്രതിഭാസത്തെയോര്‍ത്താകണം, ഇംഗ്ളണ്ട് വിറങ്ങലിച്ചു നിന്നു. കാക്സ്റ്റണ്‍ ഹാളിന്റെ പരിസരപ്രദേശത്ത്, വിരുന്നുകാര്‍ നിറഞ്ഞു നിന്നിരുന്നു. അവിടെ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയില്‍ , ഈസ്റ്റ് ഇന്ഡ്യാ കമ്പനിയുടെയും, സെന്‍ട്രല്‍ ഏഷ്യന്‍ സൊസൈറ്റിയുടേയെും ക്ഷണിക്കപ്പെട്ട അതിഥികള്‍ എത്തിച്ചേര്‍ന്നിരുന്നു. മൈക്കിള്‍ ഒ’ ഡയര്‍ എന്ന വിശിഷ്ട വ്യക്തിയുടെ സാന്നിദ്ധ്യം അന്നത്തെ പ്രത്യേകതയായിരുന്നു. അദ്ദേഹത്തിന്റെു വാക്കുകള്‍ കേള്‍ക്കാനും തീരുമാനങ്ങളെടുക്കുവാനും, ഒരു വേദി അവിടെ തയ്യറായിരുന്നു. അവരുടെ കൂടിക്കാഴ്ച തീരുന്നതുവരെ, കാക്സ്റ്റണ്‍ ഹാളിനു സമീപം തങ്ങുവാനുള്ള ഒരു സൌകര്യം തനിക്കു ലഭിച്ചത് അനുഗ്രഹമായിപ്പോയി. കൂടിക്കാഴ്ചകള്‍ക്കുശേഷം അതിഥികള്‍ പിരിയുന്ന വേളയില്‍ , മിസ്റ്റര്‍ സെറ്റ്‍ലാന്‍ഡുമായി എന്തോ സംസാരിക്കുവാന്‍ , ഡയര്‍ , പ്ളാറ്റ്ഫോമിലൂടെ നടന്നു. താന്‍ കാത്തിരുന്ന സമയമായിരിക്കാം, തന്റെ സമീപത്തുകൂടെ നീങ്ങിയ അയാള്‍ക്കെതിരെ തിരയൊഴിക്കാന്‍ സൌകര്യമായ ഒരിടത്ത്‍ നില്ക്കുവാന്‍ തനിക്കു കഴിഞ്ഞു. ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ അതീവ ശീഘ്രമായിരിക്കണമെന്ന് തന്റെ മനസ്സു പറഞ്ഞുകൊണ്ടിരുന്നു. അപ്രകാരം പ്രവര്‍ത്തിച്ച താന്‍ , കുറച്ചുദിവസം മുമ്പു സ്വന്തമാക്കിയിരുന്ന തന്റെ റിവോള്‍വര്‍ പെട്ടെന്ന് വലിച്ചെടുത്തു. ആദ്യത്തെ രണ്ടു വെടിയുണ്ടകള്‍ , മൈക്കിള്‍ ഡയറിന്റെ‍ ജീവന്‍ കാര്‍ന്നു മുറിച്ചു കടന്നുപോയി. മൂന്നാമത്തേത് സെറ്റ്‍ലാന്‍ഡിനും, ശേഷിച്ചവ മറ്റാര്‍ക്കൊക്കെയോ….
പിന്നീട് ഓടി മാറുന്നതിനോ, രക്ഷപ്പെടുന്നതിനോ താന്‍ ശ്രമിച്ചില്ല… തനിക്ക്‍ ഇനി അതിന്റെ ആവശ്യമുണ്ടയിരുന്നില്ലെന്നു തോന്നി. അവിടെ വച്ച് അറസ്റ്റിലാവുകയും ചെയ്തു. പിന്നീട് ബ്രിക്സ്റ്റണ്‍ പ്രിസണ്‍ , അവസാനദിനങ്ങള്‍ കാത്ത് ഇവിടെ, പെന്റോണ്‍ വില്ലെ പ്രിസണ്‍ .

1940, ജൂലൈ 31

പെന്റോസണ്വിലല്ലെ ജയിലിന്റെ കവാടങ്ങള്‍ തുറന്നത്, മനംനൊന്ത് മങ്ങിക്കത്തുന്ന ഉച്ചസൂര്യന്റെ പ്രഭയറ്റ വെളിച്ചത്തിലേക്കായിരുന്നു. പതിവിനു വീപരീതമായി, മദ്ധ്യാഹ്നത്തില്‍ , റാം മൊഹമ്മദ് സിംഗ് ആസാദ് എന്ന ഉധം സിംഗിനുവേണ്ടി തൂക്കുമരമൊരുങ്ങി. ഭാരതമണ്ണിനുവേണ്ടി പിടഞ്ഞുവീണ പലരുടേയും സങ്കേതത്തിലേക്ക് ഉധംസിംഗ് യാത്രയായി… ശാന്തനായി… തൃപ്തനായി…. സ്വാതന്ത്ര്യം കാത്തിരിക്കുന്ന ഭാരതഭൂവിന്നു മുകളില്‍ മറ്റൊരിതിഹാസ നക്ഷത്രമാകുവാന്‍ …

-ഹരി നായര്‍

  • 2
    Shares
എല്ലാവരുടെയും ഇടയില്‍ , തികച്ചും ഒരു സാധാരണക്കാരന്‍ . അക്ഷരത്തെ സ്നേഹിക്കുന്നതുകൊണ്ട്, മലയാളത്തെ സ്നേഹിക്കുന്നതുകൊണ്ട്, ആ ഭാഷയില്‍ എന്തൊക്കെയോ കുറിച്ചുവെയ്ക്കുന്നു. അതു നിങ്ങള്ക്കായി വച്ചുനീട്ടുന്നു.നിങ്ങള്ക്ക്, അതു കൊള്ളുകയോ തള്ളുകയോ ചെയ്യാം. രണ്ടും സന്തോഷം.