ഉണ്ണികൃഷ്ണനായ ഉണ്ണിയേശു

krishna-christ

‘എടാ ഈ ശ്രീകൃഷ്ണനും യേശു ക്രിസ്തുവുമൊക്കെ രാത്രി പന്ത്രണ്ടു മണിക്കാണോ ജനിച്ചത് ? ഇവര്‍ക്ക് പകല്‍ സമയത്ത് ജനിച്ചാല്‍ പോരായിരുന്നോ?’

ഉച്ച മയക്കത്തിന്റെ സുഖത്തില്‍ കിടക്കയില്‍ ചുരുണ്ടു കിടന്നിരുന്ന ഞാന്‍ വേണുവിന്റെ പൊട്ടിക്കുന്നത് പോലെയുള്ള ചോദ്യം കേട്ട് ഞെട്ടി. ക്രിസ്തു ജനിച്ചപ്പോള്‍ ഒരു നക്ഷത്രം ഉദിച്ചുവെന്നും അതിനെ പിന്തുടര്‍ന്ന് രാജാക്കാന്‍മാര്‍ യേശുവിന്റെ ജനന സ്ഥലം കണ്ടുപിടിച്ചെന്നും ഒക്കെ കേട്ടിട്ടുണ്ട്. പക്ഷെ ശ്രീകൃഷ്ണന്‍ ജനിച്ചപ്പോള്‍ അങ്ങനെ ഉണ്ടായതായി അറിവില്ല. ഇനി അദ്ദേഹം രാത്രിയില്‍ തന്നെയാണ് ജനിച്ചതെങ്കില്‍ ഇവനെന്താണ് കുഴപ്പം? ഞാന്‍ പുതപ്പിന്റെ ഉള്ളില്‍ നിന്നും തല മാത്രം പുറത്തെടുത്തിട്ട് അടുത്ത ബെഡ്ഡില്‍ ചമ്രം പടഞ്ഞിരുന്നു ഡയറിയില്‍ എന്തോ കുത്തിക്കുറിക്കുന്ന വേണുവിനെ ചോദ്യ ഭാവത്തില്‍ നോക്കി.

‘എന്താടാ പുല്ലേ നീ നോക്കി പേടിപ്പിക്കുന്നത് .ഞാന്‍ ചോദിച്ചത് കേട്ടില്ലേ ?’ വേണുവിന് എന്റെ നോട്ടം കണ്ടിട്ട് ദേഷ്യം വന്നു.

‘ശെടാ നിന്റെ ചോദ്യം കേട്ടാല്‍ അവരൊക്കെ ജനിച്ച നേരത്ത് ഞാനായിരുന്നു അവിടെ ഓണ്‍ ഡ്യൂട്ടി എന്ന് തോന്നുമല്ലോ?. ഞാന്‍ വീണ്ടും പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി.

‘അല്ലേലും നീയൊന്നും ഒരാവശ്യത്തിന് ഉപകരിക്കില്ല. ശ്രീകൃഷ്ണ ജയന്തിക്കു രാത്രി പന്ത്രണ്ടു മണിക്കാ അമ്പലത്തില്‍ സി. ഓ സാബ് വരുന്നത്. ഇവരൊക്കെ പകല് ജനിച്ചിരുന്നെങ്കില്‍ രാത്രിയില്‍ നമുക്ക് കിടന്നുറങ്ങാമായിരുന്നു.’ വേണുവിന് കോപം അടക്കാനാകുന്നില്ല.

അതുശരി. അപ്പോള്‍ അതാണ് കാര്യം. പട്ടാളത്തിന്റെ അമ്പലത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അടുത്ത ദിവസമാണ് നടക്കുന്നത്. വൈകുന്നേരം ഭജന, ആരതി മുതലായ പ്രോഗ്രാമുകള്‍ ഉണ്ടാകും. രാത്രി പന്ത്രണ്ടു മണിക്കാണ് പട്ടാളത്തിലെ ശ്രീകൃഷ്ണന്‍ ജനിക്കുന്നത്. സി. ഓ സാബ് വരാന്‍ വൈകിയാല്‍ ശ്രീകൃഷ്ണനും ജനിക്കാന്‍ വൈകും. സി. ഓ സാബിനു വരാന്‍ പറ്റിയില്ലെങ്കില്‍ ഒരു പക്ഷെ ശ്രീകൃഷ്ണന്‍ ജനിക്കാതിരിക്കാനും മതി. പകരം അടുത്ത ദിവസം രാത്രിയില്‍ അദ്ദേഹം ജനിക്കും. എങ്ങനെയായാലും സി. ഓ സാബ് വന്നിട്ടേ കൃഷ്ണന്‍ ജനിക്കൂ. അത് പട്ടാളവും ശ്രീ കൃഷ്ണനുമായുള്ള ഒരു ഉഭയ കക്ഷി കരാറാണ്. (ഉണ്ണിയേശുവിന്റെ കാര്യത്തിലും ഈ കരാര്‍ ബാധകമാണ്.)

ഉറക്കത്തിന്റെ കാര്യത്തില്‍ കുംഭകര്‍ണന്റെ അമ്മായി അപ്പനാണ് വേണു. എവിടെങ്കിലും ഇരുന്നു പോയാല്‍ അപ്പോള്‍ ഉറങ്ങിക്കളയും. നൈറ്റ് ഡ്യൂട്ടിയില്‍ ഫുള്‍ ഉറക്കമായിരിക്കും. മാസത്തില്‍ ഒരിക്കലുള്ള സി ഓ സാബിന്റെ ദര്‍ബാറില്‍ (മീറ്റിംഗ്) ഇരുന്നുറങ്ങി കൂര്‍ക്കം വലിച്ചു സി ഓ സാബിനെപ്പോലും ഞെട്ടിച്ച ചരിത്രമുണ്ട് വേണുവിന്. അന്ന് സി ഓ സാബ് വേണുവിനെ എല്ലാവരുടെയും മുന്‍പില്‍ എഴുനെല്‍പ്പിച്ചു നിറുത്തുകയും മാസത്തില്‍ ഒരിക്കല്‍ ദര്‍ബാര്‍ നടത്തുന്നതിന്റെ പ്രാധാന്യം വിവരിച്ചു കൊടുക്കുകയുമുണ്ടായി. പക്ഷെ ആ വിവരണം വേണുവിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തമായിരുന്നില്ല എന്ന് മാത്രമല്ല കിടക്കുകയോ ഇരിക്കുകയോ ചെയ്യാതെ നിന്നുകൊണ്ട് എങ്ങനെ ഉറങ്ങാം എന്ന് വേണു സി. ഓ സാബിനെ കാണിച്ചു കൊടുക്കയും ചെയ്തു.

കൃഷ്ണനും ക്രിസ്തുവും രാത്രിയില്‍ ജനിച്ചതില്‍ വേണുവിനുള്ള ‘കുണ്ടിതം’ എന്ത് കൊണ്ടാണെന്ന് വായനക്കാര്‍ക്ക് മനസ്സിലായല്ലോ? ഇനി നമുക്ക് പട്ടാളത്തിന്റെ അമ്പലത്തിലെ ജന്മാഷ്ടമി ആഘോഷങ്ങള്‍ ഒന്ന് നോക്കിക്കാണാം.

പട്ടാള ബാരക്കിന്റെ വലിയൊരു മുറിയാണ് ഞങ്ങളുടെ മന്ദിര്‍.(അമ്പലം) അവിടെ ശ്രീരാമനും സീതയും, ലക്ഷ്മണന്‍, ക്രിസ്തു, മുഹമ്മദ് നബി എന്നിവരോടൊപ്പം യാതൊരു വിധ കുഴപ്പങ്ങളും ഉണ്ടാക്കാതെ ഏകോദര സഹോദരങ്ങളെപ്പോലെ വാണരുളുന്നു. മുറിയുടെ പുറത്തു പ്രത്യേകമായി ഉണ്ടാക്കിയ ചെറിയ അമ്പലത്തില്‍ ഹനുമാന്‍ സ്വാമി തന്റെ ഗദയും പിടിച്ചു കൊണ്ട് ലങ്കയിലെയ്ക് ഇപ്പോള്‍ തന്നെ ചാടിക്കളയും എന്ന ഭാവത്തില്‍ ഇരിക്കുന്നുണ്ട്. അമ്പലത്തില്‍ വരുന്നവര്‍ ആദ്യം ഹനുമാന്‍ സ്വാമിയെ കണ്ടു അനുവാദം ചോദിച്ചതിനു ശേഷമാണ് അമ്പലത്തിനുള്ളില്‍ കടക്കുന്നത്. വിശേഷ ദിവസങ്ങളില്‍ അമ്പലവും പരിസരവും തോരണങ്ങള്‍ കൊണ്ട് അലങ്കരിക്കും. യൂണിറ്റിലെ ഗായകരൊക്കെ അന്ന് മൈക്കിലൂടെ ഭക്തി ഗാനങ്ങള്‍ ആലപിക്കും. മലയാളികളില്‍ ആകെയുള്ള ഒരു ഗാനഗന്ധര്‍വന്‍ തിരുവല്ലാക്കാരന്‍ മനോജ് തോമസ് ആണ്. മൈക്ക് കാണുമ്പോള്‍ തന്നെ അവനിലെ ഗാനഗന്ധര്‍വ്വന്‍ ഉണരും. പിന്നെ ലീവിന് പോകുമ്പോള്‍ പള്ളിയില്‍ പാടാറുള്ള ഗാനങ്ങള്‍ ഒന്നൊന്നായി പുറത്തുവരും. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ കൂടാതെ അയ്യപ്പന്‍, മുരുകന്‍, ഗണപതി മുതലായ ഹിന്ദു ഭക്തിഗാനങ്ങളും മനോജിനു പാടാനറിയാം. പിന്നെ കിഷന്‍ സിംഗ്, ത്രിവേദി, താക്കൂര്‍ മുതലായ ഹിന്ദി ഗന്ധര്‍വ്വന്‍മ്മാര്‍ തങ്ങളുടെ ഗാനങ്ങള്‍ ആലപിക്കും. അമ്പലത്തിലെ ദൈവങ്ങള്‍ പല്ലുതേപ്പ്, കുളി അപ്പിയിടല്‍ മുതലായ ദൈനം ദിനാവശ്യങള്‍ നിര്‍വ്വഹിക്കുന്നതിനു ഈ സമയമാണ് ഉപയോഗിക്കുന്നത് എന്നൊരു ജനസംസാരമുണ്ട് . എന്തെന്നാല്‍, അത്ര മനോഹരവും അപശ്രുതി മധുരവുമാണ് ഈ ഗാന ഗന്ധര്‍വ്വന്‍മാരുടെ ആലാപനങ്ങള്‍ ..

ഇത്തവണത്തെ ജന്മാഷ്ടമിയില്‍ ഒരു പ്രത്യേകതയുണ്ട്. രാത്രിയില്‍ ശ്രീകൃഷ്ണന്‍ ജനിക്കുന്ന സമയം ആരതി അഥവാ പൂജ കഴിയാറാകുമ്പോള്‍ ആകാശത്തു നിന്നും ഒരു ‘പിള്ളത്തൊട്ടില്‍’ ഇറങ്ങി വരും. അതിനുള്ളില്‍ ചുവന്ന പട്ടില്‍ പൊതിഞ്ഞു ഉറങ്ങിക്കിടക്കുന്ന ഉണ്ണിക്കണ്ണന്‍ ഉണ്ടാകും! തൊട്ടില്‍ ആകാശത്തു നിന്നും മന്ദം മന്ദം ഇറങ്ങി വരുമ്പോള്‍ പശ്ചാത്തല സംഗീതം പോലെ ഒരു കുട്ടിയുടെ കരച്ചില്‍ ഉയരും! അമ്പലത്തില്‍ ഭക്തി നിര്‍ഭരരായി കണ്ണടച്ച് കൈ കൂപ്പി നില്ക്കുന്നവര്‍ ഈ കരച്ചില്‍ കേട്ട് കണ്ണ് തുറക്കുമ്പോള്‍ കണ്‍ മുന്നില്‍ അതാ ഉണ്ണിക്കണ്ണന്‍ ! ഭക്ത ജനങ്ങള്‍ക്ക് സായൂജ്യമടയാന്‍ വേറെ എന്ത് വേണം? ചുരുക്കം പറഞ്ഞാല്‍ ഒരു റിയാലിറ്റി ജന്മാഷ്ടമി!! ഈ റിയാലിറ്റി ജന്മാഷ്ടമിയുടെ സൂത്രധാരന്‍ ആരെന്നുകൂടി അറിയേണ്ടേ? ഗാനകോകിലം മനോജ് തിരുവല്ല എന്ന തൊമ്മന്‍. !!!!

ജന്മാഷ്ടമിയില്‍ കണ്ണന്‍ റിയലായി ജനിക്കുന്ന വിവരം ഞങ്ങള്‍ കുറച്ചു പേര്‍ക്ക് മാത്രമേ അറിയാവൂ. അല്ലെങ്കില്‍ സസ്‌പെന്‍സ് പോകില്ലേ? പകലു തന്നെ ഉണ്ണിക്കണ്ണന് ‘ ബൈ എയറായി’ ലാന്‍ഡ് ചെയ്യാനുള്ള സംവിധാങ്ങള്‍ തൊമ്മനും ഞാനും വേണുവും കൂടി ഒരുക്കി. തൊട്ടിലിനു വേണ്ടി ‘റം’ വരുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടി മുറിച്ചു വര്‍ണക്കടലാസ്സുകള്‍ ഒട്ടിച്ചു റെഡിയാക്കി. അമ്പലത്തിന്റെ മുന്‍പില്‍ മുകളിലുള്ള കമ്പിയില്‍ ഒരു ‘കപ്പി’ (കിണറ്റില്‍ നിന്നും ബക്കറ്റില്‍ വെള്ളം കോരുന്ന കപ്പി) ഉറപ്പിച്ചു. അതില്‍ കൂടി തൊട്ടിലിന്റെ കയര്‍ കടത്തി ഹാളിന്റെ ജനലിലൂടെ പുറത്തെടുത്തു. അപ്പോള്‍ പൂജ കഴിയുന്ന സമയം നോക്കി തൊട്ടിലിന്റെ കയറും പിടിച്ചു പുറത്തിരിക്കുന്നയാള്‍ക്ക് പതുക്കെ കയറയച്ചു തൊട്ടില്‍ നിലത്തിറക്കാന്‍ പറ്റും. തൊട്ടിലിന്റെ പൂര്‍ണ നിയന്ത്രണം സൂത്രധാരന്‍ മനോജു തിരുവല്ല തന്നെ ഏറ്റെടുത്തു.

തൊട്ടില്‍ റെഡിയായി. പക്ഷെ ഉണ്ണിക്കണ്ണനെ എവിടുന്നു കിട്ടും എന്നുള്ളതായി അടുത്ത പ്രശ്‌നം. അതിനും മനോജ് വഴി കണ്ടു പിടിച്ചു. അവന്‍ നേരെ അടുത്തുള്ള പള്ളിയില്‍ പോയി അവിടെ ക്രിസ്തുമസ്സിനു പുല്‍കൂട്ടില്‍ കിടത്താറുള്ള ഉണ്ണിയേശുവിന്റെ ചെറിയ പ്രതിമ എടുത്തു കൊണ്ട് വന്നു. ആ പ്രതിമയെ തൊട്ടിലില്‍ കിടത്തി നാലുചുറ്റും പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. ക്രിസ്ത്യനായ ഉണ്ണിയേശു നിമിഷങ്ങള്‍ക്കകം ഹിന്ദുവായ ഉണ്ണിക്കണ്ണനായി മാറി! ആ അസുലഭ കാഴ്ച കണ്ടു ഞാനും വേണുവും അന്തം വിട്ടു നിന്നു. പിന്നെ തൊട്ടില്‍ വലിച്ചു മുകളില്‍ എത്തിച്ചു കയര്‍ ജനല്‍ പടിയില്‍ ബന്ധിച്ച ശേഷം ഞങ്ങള്‍ ബാരക്കിലേയ്ക്കു പോയി.

രാത്രിയില്‍ സി ഓ സാബും കുടുംബവും സമയത്തിനുള്ളില്‍ തന്നെ എത്തിച്ചേര്‍ന്നു. യൂണിറ്റിലെ പട്ടാളക്കാരുടെ ഭാര്യമാരും കുട്ടികളും വന്നിട്ടുണ്ട്. പൂജ തുടങ്ങി. ഞങ്ങള്‍ കണ്ണനെ ലാന്‍ഡ് ചെയ്യിക്കുന്നതിനുള്ള അവസാന തയ്യാറെടുപ്പുകള്‍ നടത്തി. ലാന്‍ഡ് ചെയ്യുന്ന സമയത്ത് കേള്‍പ്പിക്കാനുള്ള കുട്ടിയുടെ കരച്ചില്‍ ടേപ്പില്‍ സെറ്റ് ചെയ്തു വച്ചു. തൊട്ടില്‍ കയറിന്റെ നിയന്ത്രണം മനോജ് ഏറ്റെടുത്തു. ലൈറ്റ് ഓഫ് ചെയ്യുന്നതിനു വേണ്ടി ഞാന്‍ ഹാളിനകത്തുള്ള മെയിന്‍ സ്വിച്ചിനടുത്തു നിലയുറപ്പിച്ചു. വേണുവിനെ സഹായിയായി മനോജിന്റെ അടുത്ത് തന്നെ നിറുത്തി.

ഒരു മണിക്കൂറോളം പൂജയുണ്ട്. അത് കഴിഞ്ഞാണ് കണ്ണന്‍ ജനിക്കുന്നത്. ഭക്തി സാന്ദ്രമായ അന്തരീക്ഷം. അമ്പലത്തിലെ മണികള്‍ മുഴങ്ങി. പൂജാരിയുടെ നാവില്‍ നിന്നും മന്ത്രങ്ങള്‍ ഉരുക്കഴിഞ്ഞു. ഭക്തജനങ്ങള്‍ അതേറ്റു ചൊല്ലി. സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ ഭഗവാന്‍ കൃഷ്ണനില്‍ മനസ്സര്‍പ്പിച്ച ഭക്തര്‍ എല്ലാം മറന്നു നിന്നു. ഞങ്ങളുടെ റിയാലിറ്റി കണ്ണന്‍ ലാന്‍ഡ് ചെയ്യാന്‍ ഇനി അര മണിക്കൂര്‍ മാത്രം ബാക്കി…
പക്ഷെ…….

ഞങ്ങളുടെ കണ്ണന്‍ അപ്രതീക്ഷിതമായി ലാണ്ട് ചെയ്തു.. !!!!!

വെറും ലാണ്ടിംഗ് ആയിരുന്നില്ല.
ക്രാഷ് ലാണ്ടിംഗ്. !!! വിത്ത് ലൈവ് കരച്ചില്‍..

കരഞ്ഞത് ടേപ്പിലെ കുഞ്ഞല്ല ഒറിജിനല്‍ കുഞ്ഞ്..
സി. ഓ സാബ് ഞെട്ടി…പൂജാരി ഞെട്ടി…ഭക്തജനസഞ്ചയം ഞെട്ടി. രാമനും സീതയും ലക്ഷ്മണനും ഞെട്ടി.

ഇതെല്ലാം കണ്ടു കൊണ്ട് നിശബ്ദരായിരുന്ന ക്രിസ്തുവും നബിയും ഒരുമിച്ചു ഞെട്ടി…

ഞെട്ടാത്ത ഒരേ ഒരാള്‍ മാത്രം. വേണു.!!!!!
റിയാലിറ്റി കണ്ണന്‍ ഇറങ്ങി വരുമ്പോള്‍ സി ഓ സാബിന്റേയും മറ്റു ഭക്തജനങ്ങളുടെയും മുഖത്ത് തെളിയുന്ന വിസ്മയം റിയാലായി കാണാന്‍ വേണ്ടി തൊട്ടിലിന്റെ കയര്‍ വേണുവിനെ ഏല്പിച്ചിട്ട് അമ്പലത്തിന്റെ അകത്തേയ്ക് പോയ മനോജ് എന്ന തൊമ്മന്‍ ഞെട്ടിയത് കയറും പിടിച്ചിരുന്നു ഉറങ്ങിപ്പോയ വേണുവിനെ കണ്ടപ്പോഴാണ്.

വെറും ഉറക്കമായിരുന്നില്ല. കൂര്‍ക്കം വലിച്ചുള്ള റിയാലിറ്റി ഉറക്കം.

SHARE