Share The Article

വെള്ളാശേരി ജോസഫ്

മലയാളിയുടെ സാക്ഷരതാ നിരക്ക് ഉയർത്താൻ തിരുവിതാംകൂർ, കൊച്ചി – എന്നീ നാട്ടുരാജ്യങ്ങളിൽ പ്രൊട്ടസ്റ്റൻറ്റ് മിഷനറിമാർ പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ ശ്രമം തുടങ്ങിയിരുന്നു. റഷ്യൻ മിഷനറിമാർ, ‘മിഷനറീസ് ഓഫ് ലണ്ടൻ സൊസൈറ്റി’, CMS മിഷൻ, ബേസൽ മിഷൻ, ജെസ്യൂട്ടുകൾ, ഫ്രാൻസിസ്കൻ മിഷനറിമാർ – ഇവരുടെ പ്രവർത്തനങ്ങളാണ് കേരളത്തിലെ സാക്ഷരതാ നിരക്ക് കൂടാൻ പ്രധാന കാരണം. അതുപോലെ തന്നെ ആരോഗ്യ രംഗത്തും മിഷനറിമാർ ഗണ്യമായ സംഭാവനകൾ നൽകി.

വെള്ളശേരി ജോസഫ്

പാശ്ചാത്യ മിഷനറിമാരുടെ പ്രവർത്തനങ്ങളെ സംഘ പരിവാർ സംഘടനകൾ എതിർത്തത് പ്രാഥമിക ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം – എന്നീ മേഖലകളിൽ ഇന്ത്യ പിന്നോക്കം പോകുവാൻ വലിയ കാരണമായി എന്നുള്ളത് തർക്കമറ്റ കാര്യമാണ്. ഒന്നാം ലോക മഹായുദ്ധത്തിൻറ്റേയും, രണ്ടാം ലോകമഹാ യുദ്ധത്തിൻറ്റേയും കെടുതികൾ അനുഭവിച്ച യൂറോപ്യൻ ജനത പിന്നീട് മാനവികതയുടെ വലിയ സന്ദേശം ഉൾക്കൊള്ളുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. സമൃദ്ധമായ പല കുടുംബങ്ങളും യുദ്ധാനന്തരം അനുഭവിക്കേണ്ടിവന്ന ദാരിദ്ര്യത്തിൻറ്റേയും, അരക്ഷിതാവസ്ഥയുടേയും അന്തരീക്ഷത്തിൽ ഫ്‌ളോറൻസ് നയിറ്റിങേലിനെ പോലുള്ള പെൺകുട്ടികളാണ് യൂറോപ്പിൽ മനുഷ്യ സേവനത്തിൻറ്റെ മഹത്തായ സന്ദേശങ്ങൾ പ്രധാനമായും ഉൾക്കൊണ്ടത്. ഇന്ത്യയിലെ അനാഥാലയങ്ങളിലും, ആരോഗ്യ മേഖലകളിലും, സ്‌കൂളുകളിലും ഒക്കെ പ്രവർത്തിച്ച മിഷൻ സംഘനകളിൽ പ്രവർത്തിച്ച പെൺകുട്ടികളിൽ പലരും യൂറോപ്യൻ പ്രഭു കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു. മഹത്തായ മാനവികതയുടെ ആ സന്ദേശം ഉൾക്കൊള്ളേണ്ടതിന് പകരം പല പാശ്ചാത്യ മിഷനറിമാർക്കും സംഘ പരിവാർ സംഘടനകളുടെ സമ്മർദത്തെ തുടർന്ന് സ്വതന്ത്ര ഇന്ത്യ വിസ നിഷേധിച്ചു. അതേസമയം പത്തൊമ്പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിലും ഇന്ത്യയിൽ നിലനിന്നിരുന്ന കർശനമായ ജാതി വ്യവസ്ഥയുടെ സംബ്രദായങ്ങളോടും, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോടുള്ള എതിർപ്പിനും ഇന്ത്യയിൽ തന്നെ പരിഹാര മാർഗങ്ങളും ഉണ്ടായില്ല. അതാണ് ഇപ്പോഴും പ്രാഥമിക ആരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം – എന്നീ മേഖലകളിൽ ഇന്ത്യ പിന്നോക്കം നിൽക്കുന്നത്. ആ ചരിത്രപരമായ കാരണങ്ങളൊക്കെ ഇന്നിപ്പോൾ നിഷേധിച്ചിട്ട് കാര്യമില്ല. താഴ്ന്ന ജാതിക്കാരെ അടുപ്പിക്കാതിരുന്ന ഒരു സാമൂഹ്യ സാഹചര്യത്തിൽ അത്തരം ജാതി ചിന്തയ്ക്ക് അടിമപ്പെടാതിരുന്ന മിഷനറിമാരാണ് ആദ്യമായി താഴ്ന്ന ജാതിയിൽ പെട്ടവർക്ക് അക്ഷരാഭ്യാസം പകർന്നു നൽകിയത്. സംഘ പരിവാറുകാർ ഇപ്പോൾ എത്രയൊക്കെ നുണ പ്രചാരണം നടത്തിയാലും ഒരു മിനിമം ചരിത്രബോധം ഉള്ളവർക്ക് അന്നത്തെ സാമൂഹ്യാന്തരീക്ഷം നന്നായി മനസിലാക്കുവാൻ സാധിക്കും.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി മിഷനറിമാരുടെ അന്നത്തെ താഴ്ന്ന ജാതിക്കാർക്കിടയിലുള്ള പ്രവർത്തനങ്ങളാണ് കേരളത്തിലെ സാക്ഷരതാ നിരക്ക് കൂടാൻ പ്രധാന കാരണം. പള്ളിയോട് ചേർന്നുള്ള പള്ളിക്കൂടം എന്ന പദ്ധതിയാണ് തിരുവിതാംകൂറിൽ ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിൽ തന്നെ സാക്ഷരതാ നിരക്ക് ഗണ്യമായി ഉയരാൻ കാരണം. തിരുവിതാംകൂർ, കൊച്ചി – എന്നീ നാട്ടുരാജ്യങ്ങളിൽ അന്നത്തെ രാജാക്കൻമാരുടെ അനുമതിയോടെയാണ് മിഷനറിമാർ സാക്ഷരതാ നിരക്ക് ഉയർത്താൻ യത്നിച്ചത്. ബ്രട്ടീഷ് അധ്യാപകർ പഠിപ്പിച്ച രാജ കുടുംബങ്ങളിലെ പലരും പുരോഗമന ആശയങ്ങൾ പൊതു സമൂഹത്തിൽ നിന്നും വിഭിന്നമായി ഉൾക്കൊണ്ടിരുന്നു. അതുകൊണ്ട് അവർ മിഷനറിമാരുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു. പുലയർക്കും പറയർക്കുമൊക്കെ ആദ്യമായി സ്‌കൂളുകളിൽ പ്രവേശനം കൊടുത്തതും മിഷനറിമാർ ആയിരുന്നു. സർക്കാർ സ്‌കൂളുകളിലും പ്രവേശനം കൊടുത്തിരുന്നെങ്കിലും ഉന്നത ജാതിക്കാർ പഠിപ്പിച്ചിരുന്ന സ്‌കൂളുകളിൽ ജാതി വിവേചനം നിലനിന്നിരുന്നു. ഇതൊക്കെ പലരും സചിത്രമായ വിവരണങ്ങളോട് കൂടി എഴുതിയിട്ടുള്ള കാര്യങ്ങളാണ്.

മിഷനറിമാർ പോയ ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലും സാക്ഷരതാ നിരക്ക് ഉയർന്നിട്ടുണ്ട്. പക്ഷെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വലിയ പ്രശ്നങ്ങൾ തന്നെ ആയിരുന്നു താഴ്ന്ന ജാതിക്കാർക്കും, പെൺകുട്ടികൾക്കും വിദ്യ അഭ്യസിക്കൽ. ഇതെഴുതുന്നയാൾ താമസിക്കുന്ന ഡൽഹി-ഹരിയാന അതിർത്തിയോട് ചേർന്നുള്ള ഒരു ഗ്രാമത്തിൽ പണ്ട് ഇറ്റാലിയൻ മിഷനറിമാർ സ്‌കൂൾ തുടങ്ങി. പക്ഷെ അവിടുത്തെ ജാട്ടുകാർ താഴ്ന്ന ജാതിക്കാർ വിദ്യാഭ്യാസം അഭ്യസിക്കുന്നതിനെ ശക്തമായി എതിർത്തു. അതുപോലെ തന്നെ നമ്മുടെ പാരമ്പര്യ സമൂഹം എതിർത്ത ഒന്നായിരുന്നു പെൺകുട്ടികളുടെ വിദ്യാഭ്യാസം. ‘മിർച്ച് മസാല’ എന്ന ഹിന്ദി ചിത്രത്തിൽ ഗ്രാമമുഖ്യൻ തൻറ്റെ മകളെ ഭാര്യ സ്‌കൂളിൽ ചേർത്ത കാര്യം അറിഞ്ഞു കോപാകുലനായി പെൺകുഞ്ഞിനെ സ്‌കൂളിൽ നിന്ന് ബലമായി വലിച്ചിഴച്ചു കൊണ്ടുവരുന്ന രംഗം കാണിക്കുന്നുണ്ട്. രാജസ്ഥാനിൽ ഇരുപതാം നൂറ്റാണ്ടിൻറ്റെ ഉത്തരാർദ്ധത്തിൽ നടന്ന കാര്യങ്ങളുടെ സിനിമാവിഷ്കാരമാണ് അതൊക്കെ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോടുള്ള പ്രതിലോമകരമായ മനോഭാവമാണ് അത്തരം പെരുമാറ്റ രീതികളിലൂടെ ‘മിർച്ച് മസാല’ പോലുള്ള സിനിമകളിൽ കാണിക്കുന്നത്. കേരളത്തിൽ നിലനിന്നിരുന്ന ‘മാതൃദായക്രമം’ ആയിരിക്കാം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോട് സമൂഹവും, കുടുംബങ്ങളും ഒരുപക്ഷെ രൂക്ഷമായി പത്തൊമ്പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിലും പ്രതികരിക്കാതിരുന്നതിന് ഒരു പ്രധാന കാരണം. നമ്മുടെ മിത്തുകളിലും ചരിത്രത്തിലും ഉള്ള ഉണ്ണിയാർച്ചമാരും, തുമ്പോലാർച്ചമാരും ഒക്കെ ആയിരിക്കാം സാധാരണക്കാരായ സ്ത്രീകൾക്ക് വിദ്യ അഭ്യസിക്കാൻ ഒരുപക്ഷെ അവസരം നൽകിയത്.

കേരളത്തിൽ നിലനിന്നിരുന്ന മാതൃദായ ക്രമത്തെ കുറിച്ച് വളരെയേറെ വാഴ്ത്തുമൊഴികൾ തലമുറകളായി പകർന്നു കൊടുത്തിട്ടുണ്ട്. പക്ഷെ അത്തരം സ്ത്രീകൾക്ക് പ്രാധാന്യം ഉണ്ടായിരുന്ന സാമൂഹ്യ ഘടന ഉണ്ടായിരുന്നിട്ടും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിൽ പോലും ‘ഡിസിഷൻ മേയ്ക്കിങ്’ സ്ഥാനങ്ങളിൽ അധികം സ്ത്രീകളെ കാണാൻ കിട്ടുന്നില്ല. എന്താവാം അതിനു കാരണം??? മാതൃദായ ക്രമത്തേയും, ആറ്റിങ്ങലിലെ ഉമയമ്മ റാണിയെ കുറിച്ചുള്ള ചരിത്രവും ഒക്കെ കുറെ കാൽപനികമാണ് എന്നാണ് ഇതെഴുതുന്ന ആളുടെ അഭിപ്രായം. തോപ്പിൽ ഭാസി തൻറ്റെ അമ്മയെ ഉദ്ധരിച്ച് സ്ത്രീകളുടെ അവസ്ഥ വിവരിച്ചിട്ടുണ്ട്: “ഒരു ദിവസം കാരണവർ വിളിക്കുന്നു; അതിനു ശേഷം അടുത്തു നിന്ന ആളോട് പുടവ കൊടുക്കാൻ പറയുന്നു; എങ്ങനെയോ നാല് മക്കളുണ്ടായി” – ഇതാണ് തോപ്പിൽ ഭാസി തൻറ്റെ അമ്മയെ ഉദ്ധരിച്ച് സ്ത്രീകളുടെ അവസ്ഥ വിവരിക്കുന്നത്.

നൂറ്റാണ്ടുകളായി മലയാളികളുടെ മനസ്സിൽ സ്ത്രീ വിരുദ്ധ മനോഭാവമാണ് നിലനിൽക്കുന്നത്. അതാണ് ‘ഡിസിഷൻ മേയ്ക്കിങ്’ സ്ഥാനങ്ങളിൽ ഇന്നും അധികം സ്ത്രീകളെ കാണാത്തത്. മലയാളിയുടെ വീര ശൂര പരാക്രമി ആയിരുന്ന തച്ചോളി ഒതേനൻ പറയുന്നതായ വടക്കൻ പാട്ട് ഒന്ന് ശ്രദ്ധിക്കുക:
“ആണിന്നടങ്ങാത്ത പെണ്ണുണ്ടിന്ന്
അങ്ങനെയൊരു പെണ്ണുണ്ടെങ്കിൽ
ഓളെ ഞാൻ നന്നാക്കിക്കൊണ്ട്വരല്ലോ…
ഒന്നിങ്ങു കേൾക്കണം പെറ്റോരമ്മേ
ഞാനിന്നടക്കാത്ത പെണ്ണുമില്ല
ഞാനിന്നു കേറാത്ത വീടുമില്ല” – ഇതാണ് തച്ചോളി ഒതേനൻറ്റെ വീര വാദം. മാടമ്പിത്തരത്തിൻറ്റയും ആണഹന്തയുടെയും അങ്ങേയറ്റമാണ് ഈ വാക്കുകളിൽ മുഴങ്ങുന്നത്. തച്ചോളി അമ്പാടി വഴി മാറാത്തത്തിൻറ്റെ പേരിലാണ് അങ്കം കുറിക്കുന്നത്. ഇത്തരം ഫ്യൂഡൽ സങ്കൽപ്പങ്ങളിൽ നിന്ന് കേരളത്തെ മോചിപ്പിച്ചത് ക്രിസ്ത്യൻ മിഷനറിമാരും, കമ്മ്യൂണിസ്റ്റുകാരും, സാമൂഹ്യ നവോന്ധാന പ്രസ്ഥാനങ്ങളും ആണ്.

1924- ലെ വൈക്കം സത്യാഗ്രഹത്തെ കുറിച്ച് പറയുമ്പോൾ തന്നെ വൈക്കം സത്യാഗ്രഹ സമയത്ത് ചുണ്ണാമ്പു കലക്കിയൊഴിച്ച് ദളിതൻറ്റെ കണ്ണ് കളഞ്ഞ കഥ കൂടി പറയണം; അത് കൂടി കാണണം. അയിത്തം ഉണ്ടാകാതിരിക്കാനായി ചുണ്ണാമ്പു തെറിപ്പിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

അതുപോലെ ചരിത്രത്തിലേക്ക് നോക്കിയാൽ അണഹന്തയുടേയും, ജാതി ബോധത്തിൻറ്റെയും ഒത്തിരി കഥകൾ ഉണ്ട്. ചക്കയുടെയും, മാങ്ങയുടെയും, തേങ്ങയുടെയും, അരിയുടെയും പേരിലായിരുന്നു കേരളത്തിൽ പല അങ്കം വെട്ടും, തല കൊയ്യലുമൊക്കെ. ഇതൊക്കെ വിവരിക്കുന്ന വടക്കൻ പാട്ട് എഴുതി വെച്ചവർ മിഷനറിമാരോ, മുസ്ലീം ആക്രമണകാരികളോ ഒന്നും അല്ല. ഇവിടുള്ളവർ തന്നെയാണ്.

ആരോമൽ ചേകവരും, അരിങ്ങോടരും തമ്മിലുള്ള അങ്കം വെട്ടിൻറ്റെ കാരണമായ മൂപ്പിളമ തർക്കം വിവരിക്കുന്ന വടക്കൻ പാട്ട് ഒന്ന് പഠിച്ചാൽ മതി ഇതു മനസ്സിലാക്കാൻ.
“കൊള്ളി തലക്കൽ ബലി ഒപ്പം ചെയ്തു

ശേഷിച്ച നെല്ലും, അരിയും ചൊല്ലി

എടമുണ്ടൻ തെങ്ങിൻറ്റെ തേങ്ങ ചൊല്ലി

വേടൻ പിലാവിൻറ്റെ ചക്ക ചൊല്ലി

വടുക പുളിയൻറ്റെ മാങ്ങ ചൊല്ലി” – ഇങ്ങനെയാണ് ആ പാട്ട് പോകുന്നത്. കവിയുടെ വാക്കുകളിൽ പോലുമുണ്ട് പരിഹാസം. ഈ വരികൾ തന്നെ ചക്കയുടെയും, മാങ്ങയുടെയും, തേങ്ങയുടെയും, അരിയുടെയും പേരിലായിരുന്നു കേരളത്തിൽ പല അങ്കം വെട്ടും, തല കൊയ്യലുമൊക്കെ എന്ന് വെളിവാക്കുന്നു.

ഒതേനനും, മതിലൂർ ഗുരുക്കളും തമ്മിലുള്ള അങ്കത്തിനു നിദാനം ഒതേനൻറ്റെ ജാതി ബോധമായിരുന്നു.
“കുൻജാരനല്ലേ കുലമവൻറ്റെ

എൻ തല മണ്ണിൽ കത്തുവോളം

കുൻജാരനാചാരം ചെയ്യുകേലാ” – എന്നാണ് ആചാര കൈ നീട്ടാൻ പറഞ്ഞ കോമ കുറുപ്പിനോട് ഒതേനൻ പറഞ്ഞത്.

തച്ചോളി ഒതേനൻ തന്നെ മതിലൂർ ഗുരുക്കളോട് അങ്കം കുറിച്ചത് എങ്ങനെയാണ്? മതിലൂർ ഗുരുക്കൾ വന്നപ്പോൾ ഇരട്ട കുഴൽ തോക്ക് പ്ലാവിൽ ഒന്ന് ചാരി. രാജാവ് അല്ലെങ്കിൽ പോന്നു തമ്പുരാൻ വരുമ്പോൾ പൊൻ കുന്തം ചാരനുള്ളതാണ് ആ പ്ലാവ് എന്ന ആചാര മുറ തെറ്റിച്ചതിനാണ് തച്ചോളി ഒതേനൻൻറ്റെ രോഷ പ്രകടനം. “പൊൻ കുന്തം ചാരും പിലാവോടിപ്പോൾ” എന്ന് പറഞ്ഞാണ് തച്ചോളി ഒതേനൻ ചാടി വീണു മതിലൂർ ഗുരുക്കളോട് അങ്കം കുറിക്കുന്നത്.
ഇത്തരം ഫ്യൂഡൽ സങ്കൽപ്പങ്ങളിൽ നിന്ന് കേരളത്തെ മോചിപ്പിച്ചത് ക്രിസ്ത്യൻ മിഷനറിമാരും, കമ്മ്യൂണിസ്റ്റുകാരും, സാമൂഹ്യ നവോന്ധാന പ്രസ്ഥാനങ്ങളും ആണ്. വിദ്യാഭ്യാസം, ആരോഗ്യം, അത് വഴി ഉണ്ടായ ഭക്ഷ്യ സുരക്ഷ, ഇൻഫ്രാസ്ട്രക്ച്ചർ വികസനം – ഇതിനൊക്കെ നമ്മൾ കടപെട്ടിരിക്കേണ്ടത് മിഷനറിമാരോടും, കമ്മ്യൂണിസ്റ്റുകാരോടും, സാമൂഹ്യ നവോന്ധാന പ്രസ്ഥാനങ്ങളോടും ആണ്. അതാണ് ചരിത്രം.

'വെള്ളാശേരി ജോസഫ്' എന്നത് തൂലികാ നാമ മാണ്. അഴിമുഖത്തിലും, സത്യം ഓൺലെയിൻ പത്രത്തിലും, 24KKERALA എന്ന ഓൺലെയിൻ പത്രത്തിലും വെള്ളാശേരി ജോസഫ് എന്ന തൂലികാ നാമത്തിൽ എഴുതിയിട്ടുണ്ട്. 26 വർഷമായി ഡൽഹിയിൽ താമസം. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലും, ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും (JNU) ആയി പഠിച്ചു. 'വെള്ളാശേരി ജോസഫ്' എന്ന തൂലികാ നാമത്തിൽ എഴുതുന്ന വ്യക്തി ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. 20 വർഷമായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.