Share The Article

ഇന്ന് ഡോ.അംബേദ്‌കർ ജയന്തി

വിനീത വിജയൻ (Vineetha Vijayan)എഴുതുന്നു

രാജ്യത്തു ബലപ്പെടുന്ന അസഹിഷ്ണുതയുടെയും അതിനെ ഇല്ലായ്മ ചെയ്യേണ്ടത് എന്തുകൊണ്ട് എന്നതിനെ സംബന്ധിച്ച് രാജ്യത്താകമാനം നടന്ന, പാർലമെന്റുസമ്മേളനത്തിലേതുമുൾപ്പെടെയുള്ള ചർച്ചകളിലും ബ്രാഹ്മണാധിപത്യത്തിനെതിരായ സമരമുഖങ്ങളിലും ഏറ്റവും ഉയർന്നു കേട്ട രണ്ടു വാക്കുകളാണ് ഇന്ത്യൻ ഭരണഘടനയും ഡോ.ബാബാസാഹേബ് അംബേദ്കറും. ജനാധിപത്യവും സമത്വവും സാഹോദര്യവും തുല്യനീതിയും സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മൂല്യമേറിയ സംഭാവന എന്ന നിലക്ക് ഭരണഘടനയും അതു നമുക്ക് സമ്മാനിച്ച അതുല്യപ്രതിഭ ഡോ.അംബേദ്കറും രാജ്യം നേരിടുന്ന ഏതു വെല്ലുവിളിക്കുമുള്ള പ്രതിവിധിയായി മാറുന്നത് സമീപകാല സംഭവങ്ങളിലൂടെ നാം അറിഞ്ഞും അനുഭവിച്ചുകൊണ്ടും ഇരിക്കുന്നു.

ഭരണഘടനയും ഹിന്ദു കോഡ് ബില്ലും ബാബാസാഹേബിന്റെ ഏറ്റവും മൂല്യവത്തായ പരിശ്രമങ്ങളാണ്. എന്നാൽ ഭരണഘടനക്ക് നേടാനായ സ്വീകാര്യത ഹിന്ദു കോഡ് ബില്ലിന് നേടാനായില്ല എന്നതാണ് ഇന്ന് ഇത്രയേറെ അസഹിഷ്ണുത നിറഞ്ഞ സാമൂഹ്യ
രാഷ്ട്രീയാന്തരീക്ഷത്തിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചത്.നിയമ നിർമ്മാണ സഭയിലും സഭക്കു പുറത്തു തെരുവുകളിലും പല്ലും നഖവും ഉപയോഗിച്ച് ഉള്ള എതിർപ്പുകൾ ഹിന്ദു കോഡ് ബില്ലിന് നേരിടേണ്ടി വന്നു . നിയമനിർമ്മാണ സഭാ അംഗത്വം ബാബാസാഹേബ് രാജിവെച്ചു, രാജ്യത്തെ ഏറ്റവും വലിയ സാമൂഹിക പരിവർത്തന പദ്ധതിയുടെ അന്ത്യമായിരുന്നു അത്. പൂർവ്വാപരമാതൃകകളില്ലാത്തതിനാൽ താരതമ്യരഹിതമായ ഒന്നാണത്
അദ്ദേഹം പറയുന്നു,
“മേൽത്തട്ട് കീഴ്ത്തട്ട് ബന്ധങ്ങളെയും വർഗ്ഗ വംശ വൈരുദ്ധ്യങ്ങളെയും ലിംഗ ലൈംഗിക ഭിന്നതകളും അസമത്വങ്ങളും സവർണ്ണഹൈന്ദവആശയ നിർമ്മിതിയാണ്. ഇവയാണ് സാമ്പത്തിക പ്രശ്നങ്ങളും നിയമനിർമ്മാണത്തിലെ വെല്ലുവിളികളുമായി പിൽക്കാലത്ത് രൂപാന്തരം പ്രാപിച്ച് ഭരണഘടനയുടെ ഫലദായകമായ സംവാദ ശക്തിക്കു മുന്നിൽ പ്രഹേളികയായി മാറുകയും ചെയ്യും.അവയ്ക്കു പരിഹാരമെന്ന നിലയിൽ അത്രയേറെ പ്രധാന്യമുള്ള ഒന്നെന്ന നിലയിൽ ഹിന്ദു കോഡ് ബില്ലിനെ ഞാൻ ഉയർത്തിക്കാട്ടുന്നത്..”(മന്ത്രിസഭയിൽ ഡോ. അംബേദ്കർ നടത്തിയ പ്രസംഗത്തിൽനിന്ന് ഉദ്ധരിച്ചത്).

ആർഎസ്എസ് തലവൻ ഗോൾവാൾക്കറിൽ നിന്നാണ് ഭരണഘടനയ്ക്കും ഹിന്ദു കോഡ് ബില്ലിനും ഏറ്റവും കടുത്ത എതിർപ്പ് നേരിടേണ്ടി വന്നത്. ഭരണഘടന അംഗീകരിക്കപ്പെട്ടതിനു ശേഷവും ഗോൾവാൾക്കർ തന്റെ അനുയായികളോട് പറഞ്ഞതും മനുവാണ് ഹിന്ദു ഭരണഘടനാ ശില്പിയെന്നും മനുസ്മൃതിയാണ് ഹിന്ദുക്കൾ അനുശാസിക്കേണ്ടതായ നിയമസംഹിത എന്നുമാണ്. ഹിന്ദു കോഡ് ബില്ലിനെ നഖശിഖാന്തമെതിർക്കാനുള്ള കാരണമായി ഗോൾവാൾക്കർ ചൂണ്ടിക്കാണിച്ചത് അത് ഹിന്ദു സമുദായത്തെ ദുർബലമാക്കും എന്നായിരുന്നു.. സംഘപരിവാറിന്റെ കാഴ്ചപ്പാടുകൾ ഒരിക്കലും തള്ളിക്കളയാനാവുന്നതല്ല.ഇന്ത്യയിൽ സവർണ്ണഹൈന്ദവതയെയും ബ്രാഹ്മണ പ്രത്യയശാസ്ത്രത്തെയും ദുർബ്ബലമാക്കാൻ ശേഷിയുള്ള എന്തെങ്കിലും ഇന്നവശേഷിക്കുന്നുണ്ട് എങ്കിൽ അത് ,ഇന്ത്യൻ ഭരണഘടന മാത്രമാണ്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ഭരണഘടന നിലവിൽ വന്നപ്പോൾ ഇന്ത്യൻ റിപ്പബ്ലിക്കിനെ വിവരിക്കുന്നതിന് ‘മതനിരപേക്ഷ”മെന്ന വാക്ക് ഉൾപ്പെടുത്തിയതിനെ അദ്ദേഹം നിശിതമായി വിമർശിച്ചു. ആ വിമർശനത്തിന് അദ്ദേഹം നൽകിയ കാരണങ്ങളെല്ലാം ഇന്ത്യയിലെ ഓരോ പൗരന്മാരും ഗൗരവമായി കാണേണ്ടതാണ്. രാജ്നാഥ് സിംഗ് പറഞ്ഞത് ഇപ്രകാരമാണ്”രാജ്യത്ത് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട വാക്കാണ് സെക്കുലർ. ഇന്ത്യ സെക്കുലറല്ല. ഇന്ത്യക്ക് മതമുണ്ട്. അവ അനുശാസിക്കുന്ന നിയമങ്ങളാണ് ധർമ്മ നിർദേശങ്ങൾ. ഇന്ത്യക്ക് മതം ഉണ്ടായിട്ടും ഭരണഘടന, ഇന്ത്യ ഒരു മത നിരപേക്ഷ രാഷ്ട്രമെന്ന് അനുശാസിക്കുന്നത് എങ്ങനെയാണ്? ഇന്ത്യയ്ക്ക് ഒരു മതം ഉണ്ടെങ്കിൽ അതിന്റെ ഭരണഘടനയല്ലേ നിലനിൽക്കേണ്ടത്?” എന്നാണ്.
1992 ഡിസംബർ 6-ന് ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് ഹിന്ദു ക്ഷേത്രം സ്ഥാപിക്കണമെന്നു പറഞ്ഞു കൊണ്ട് മതേതര രാഷ്ട്രഭരണത്തിനോടല്ല ഹിന്ദുരാഷ്ട്രത്തിനോടാണ് തന്റെ പ്രതിബദ്ധത എന്ന് വെളിപ്പെടുത്തുക കൂടി ചെയ്തു അദ്ദേഹം. മഹത്തായ ഇന്ത്യൻ ഭരണഘടന ദുർബലപ്പെടുവാൻ ഇടയായാൽ നാം നേരിടാൻ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് ഇതിലും കൃത്യമായ ഒരു മുന്നറിയിപ്പ് നൽകേണ്ടതില്ലല്ലോ..

രൂപീകരണത്തിനു ശേഷം കാലമേറെക്കഴിഞ്ഞിട്ടും ഭരണഘടനയുടെ ഭാവിയെപ്പറ്റി വലിയ ആശങ്കയും ഭയവും ഡോ.അംബേദ്കർക്കുണ്ടായിരുന്നു.അസമത്വത്തിന്റെ വിളനിലത്ത് വിതച്ച ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും വിത്തുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്ക അടിസ്ഥാനരഹിതവുമായിരുന്നില്ല.അന്ന് അദ്ദേഹത്തെയും ഭരണഘടനയെയുംഎതിർത്തിരുന്ന സംഘപരിവാർ ശക്തികളും ദലിത് പക്ഷത്താണ് എന്ന് ആവർത്തിച്ചു പറയുന്ന രാഷ്ട്രീയ കക്ഷികളും ഒരേ സ്വരത്തിൽ സംവരണമുൾപ്പെടെയുള്ള ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന സമകാലീന രാഷ്ട്രീയ സാഹചര്യത്തിൽ ബാബാസാഹേബ് അംബേദ്കറുടെ പ്രസക്തി എന്തെന്ന് ആഴത്തിൽ ഓർമ്മിപ്പിക്കുന്ന ഒന്നാവട്ടേ ഈ ഈ പിറവി ദിനം
ജയ് ഭീം…

വിനീത വിജയൻ
(എഴുത്തുകാരി, ഗവേഷക, ദളിത് ആക്ടിവിസ്റ്റ് )

  • 187
    Shares