Manoj Vellanad എഴുതുന്നു 

നിപ്പയുടെ അപ്പനോട്..

ആയിരങ്ങൾ മരിച്ചു പോകേണ്ടിയിരുന്ന ഒരു മഹാവിപത്തിനെ ശാസ്ത്രം കൊണ്ടും സമയോചിതമായ രാഷ്ട്രീയ നീക്കങ്ങൾ കൊണ്ടും മരണവും ജീവിതവും ഒന്നു തന്നെയാണെന്ന് ചിന്തിച്ച കുറേ മനുഷ്യരും ചേർന്ന് നേരിട്ടതിന്റെ കഥയാണ് ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’. മെഡിക്കൽ സിനിമകൾ മുമ്പും കണ്ടിട്ടുണ്ട്. യാഥാർത്ഥ്യങ്ങളെ പൊടിപ്പും തൊങ്ങലും കൊണ്ടലങ്കരിച്ച്, കാഴ്ചക്കാരന് വേണ്ട വികാരവിക്ഷോഭങ്ങൾ കൃത്രിമമായി സൃഷ്ടിച്ചു നൽകുന്നവ. അവിടെയൊക്കെയാണ് വൈറസ് വേറെ ലെവലിലേക്ക് പോകുന്നത്.


Manoj Vellanad

തിരക്കേറിയ ഒരു മെഡിക്കൽ കോളേജ് കാഷ്വാലിറ്റി എത്ര ഭംഗിയായാണ്, സ്വാഭാവികമായാണ്, ആദ്യ സീനുകളിൽ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഒരു ഡോക്ടറെന്ന നിലയിൽ കാഷ്വാലിറ്റികളിലെ യഥാർത്ഥ്യം ഇതിലും ഭീതിജനകമാണെന്നാണ് എന്റെ കാഴ്ചകൾ. ഇതൊരു സാമ്പിൾ, നിപ്പയുണ്ടോന്നറിയാൻ ത്രോട്ട് സ്വാബ് എടുക്കുംപോലെ കാഷ്വാലിറ്റിയുടെ ഒരു സ്വാബ്. ശ്രീനാഥ് ഭാസി അവതരിപ്പിച്ച ഡോ.ആബിദ് ഗ്ലൗസിടാതെ രക്തം പുരണ്ട ശരീരഭാഗങ്ങളിൽ തൊടുന്നത് (3 സീനുകളിൽ) ഇത്തിരി കല്ലുകടിയാണെന്നത് മറക്കുന്നില്ല.

2018 ലെ നിപ്പ അതിജീവനത്തിൽ ആരോഗ്യമന്ത്രി മുതൽ ഡെയ്ലി വേജസുകാരായ താൽക്കാലിക തൊഴിലാളികൾ വരെയുള്ളവരുടെ സേവനങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് വൈറസ്.
ചുറ്റുമുള്ള മനുഷ്യര്‍ക്കായി മരണം ഭയമാകാതെ പൊരുതിയ അവർ ഓരോരുത്തർക്കുമുള്ള സ്നേഹം കൂടിയാണ് ഈ സിനിമ. ആദ്യ വരവിലെ നിപ്പാ അതിജീവനം അതിശയോക്തി കലരാതെ അടയാളപ്പെടുത്തുമ്പോഴും, കലാമൂല്യം ചോരാത്തൊരു സിനിമ സമ്മാനിക്കാൻ AA & ടീം 100% വിജയിച്ചിരിക്കുന്നു.

നമ്മളൊരിക്കലും അറിയാതെ പോകുമായിരുന്ന പലരെയും അർഹിക്കുന്ന ഉയരങ്ങളിലേക്ക് സിനിമ പ്രതിഷ്ഠിക്കുന്നുണ്ട്. ഒപ്പം, നിപ്പയുടെ ശാസ്ത്രം പറയുന്നതിനൊപ്പമുള്ള കഥ പറച്ചിലിലെ ആ ക്രാഫ്റ്റ്, ബോറടിപ്പിക്കാത്ത പല അടരുകളുടെ അടുക്കും ചിട്ടയും, അനുയോജ്യമായ പശ്ചാത്തല സംഗീതവും ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളും. റിയൽ ലൈഫ് സിനിമയിൽ ആരെയെങ്കിലും സ്തുതിച്ച് ആരുടെയും മുകളിൽ പ്രതിഷ്ഠിക്കാൻ ശ്രമിച്ചില്ലാ എന്നതും മറ്റൊരു പ്ലസ് പോയിൻറാണ്. വ്യാജപ്രചാരകർക്ക് അനാവശ്യമായ പ്രാധാന്യം നൽകാത്തതും. സിനിമയുടെ രണ്ടാം പകുതി ഒരു ഇൻവസ്റ്റിഗേഷന്റെ കഥയാണ്. നിപ്പയുടെ ഉറവിടം തേടിയുള്ള ഉദ്വേഗജനകമായ നരേഷൻ. സിനിമ അവിടെ ത്രില്ലറായും മാറുന്നു.

Image result for virus malayalam movieരണ്ടാം നിപ്പയുടെ നടുക്കു നിന്നുകൊണ്ടാണ് ഈ ഒന്നാം നിപ്പ അതിജീവനകഥ നമ്മൾ കാണുന്നതെന്നത് അൽപ്പം പ്രയാസമുള്ളതാണ്. എന്നാലിപ്പോൾ നമുക്കറിയാം നിപ്പയെ. എങ്ങനെ ചെറുക്കണമെന്ന്. ആ ചെറുത്തു നിൽപ്പിൽ ഒരൊറ്റ ഹീറോയോ ഹീറോയിനോ അല്ല ഉള്ളതെന്ന്. എല്ലാവരും ഒറ്റയ്ക്കൊറ്റയ്ക്ക് ഹീറോകളാണെന്ന്. സിനിമയിലും എല്ലാവരും നായകന്മാരും നായികമാരുമാണ്.

ഞാനിങ്ങനെ എഴുതിയതൊക്കെ വായിച്ചിട്ട് നിങ്ങൾ ഈ സിനിമ കണ്ടേ പറ്റുള്ളൂ എന്നൊന്നുമില്ല. കണ്ടില്ലെങ്കിലും പ്രശ്നമില്ല. അറിയാവുന്ന കാര്യങ്ങളേ അതിലുള്ളൂ. അതൊന്നും നിങ്ങളുടെ വ്യക്തിജീവിതത്തെ മാറ്റാൻ പോകുന്നില്ല. ഇന്ത്യ ബ്രിട്ടീഷുകാർ ഭരിച്ചിട്ടില്ലാന്നും വസൂരി എന്നൊരു രോഗമേ ഉണ്ടായിരുന്നില്ലെന്നും ധരിച്ച് ജീവിച്ചാലും ഇന്നത്തെ ഇതേ ജീവിതം നിങ്ങൾക്ക് നയിക്കാനാവും, അതുപോലെ. അതുകൊണ്ട് ഇത് സിനിമയുടെ പരസ്യമല്ല. എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രം.

Image result for virus malayalam movieനിപ്പയെ അതിജീവിച്ചതിൽ സോഷ്യൽമീഡിയയുടെ പങ്കിനെ പറ്റിയും സിനിമ പറയണമായിരുന്നു എന്ന് തോന്നി. അതിവേഗം പടരുന്ന ഒരു രോഗത്തെ നമ്മളെങ്ങനെ 21 പേരിൽ ഒതുക്കി എന്നത് കുറച്ചുകൂടി, സാധാരണക്കാർക്ക് മനസിലാവും വിധം കാണിക്കണമായിരുന്നു എന്നും.

സിനിമയ്ക്കപ്പുറം രണ്ടുപ്രാവശ്യത്തെ നിപ്പയുടെ വരവ് നൽകുന്ന പാഠങ്ങൾ

1. ശാസ്ത്രം അഥവാ ശരിയായ അറിവാണ് നമുക്കുള്ള ഏക ആയുധവും വഴികാട്ടിയും. അതിനെ തള്ളിപ്പറയരുത്.

2. ഈ പറയുന്ന എനിക്കും നിങ്ങൾക്കും ആഷിഖ് അബൂനും ആരോഗ്യമന്ത്രിക്കും വൈറസില്ലാ എന്ന് വിശ്വസിക്കുന്നവർക്കും ആർക്കും നാളെ നിപ്പ വരാം. അല്ലെങ്കിൽ മറ്റൊന്ന്. അത്രയും നിസാരന്മാരാണ് നമ്മൾ.

3. അതിജീവനം = സഹജീവനം
എന്നുവച്ചാൽ ഈ രണ്ടുവട്ടവും നമ്മൾ അതിജീവിച്ചത് നമ്മൾ ഒറ്റക്കെട്ടായി നിന്നത് കൊണ്ടാണ്. അതുകൊണ്ടുമാത്രമാണ്. ഡോക്ടർമാർക്കോ ആരോഗ്യപ്രവർത്തകർക്കോ മന്ത്രിയ്ക്കോ മാത്രമായി ഒന്നും ചെയ്യാനൊക്കില്ല അവിടെ. അതിനെയാണ് സഹജീവനം എന്ന് പറയുന്നത്. ഇനിയൊരിക്കൽ, ഒരായിരം വൈറസുകൾ ഒരുമിച്ച് വന്നാലും നമ്മുടെയീ സഹജീവനമുണ്ടെങ്കിൽ നമ്മൾ അതിജീവിക്കും.

പറയാതെ വയ്യ: മിസ്റ്റർ സൗബിൻ, നിങ്ങളെന്തൊരു നടനാണ്!!!

മനോജ് വെള്ളനാട്