Share The Article

Vishnu Vijayan എഴുതുന്നു 

ഇക്വഡോറിലെ പുയോ ക്രിമിനൽ കോടതി ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു വിധി പുറപ്പെടുവിച്ചിരുന്നു, ഒരുപക്ഷെ മനുഷ്യ വംശത്തിൽ തന്നെ സ്വാധീനം ചെലുത്താൻ കഴിയുന്ന കോടതി വിധി.

ഭരണഘടന പ്രകാരം അതീവ സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ള നിബിഡ വനവും, ഭരണഘടന പ്രകാരം ട്രൈബൽ ഗ്രൂപ്പായ വൊറാനി/വൂറാനി എന്ന വിഭാഗത്തിന്
മാത്രം അവകാശമുള്ള ഭൂമിയിൽ അവരുടെ അനുമതി ഇല്ലാതെ എണ്ണ കമ്പനികള്‍ക്ക് എണ്ണ ഖനനം ചെയ്യാൻ സർക്കാർ അനുമതി നല്‍കിയതിൽ പ്രതിഷേധിച്ച്, ഇപ്പോൾ കേവലം അയ്യായിരത്തിൽ താഴെ മാത്രം ജനസംഖ്യ വരുന്ന, തലമുറകളോളം ആമസോൺ വനാന്തരങ്ങളിൽ കഴിഞ്ഞു കൂടുന്ന ആ ഭൂമിയെ ഇന്നേവരെ ഇതുപോലെ സംരക്ഷിച്ചു നിലനിർത്തിയ, തദ്ദേശീയ ജനതയായ വറോണി എന്ന ട്രൈബൽ ഗ്രൂപ്പ് കോടതിയിൽ സമീപിക്കുന്നു.

ആഴ്ചകൾ നീണ്ട വാദങ്ങൾക്ക് ശേഷം കോടതി ഇക്വഡോർ സർക്കാർ നൽകിയ ഖനന ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകി,

ഇൻ്റർ – അമേരിക്കൻ മനുഷ്യാവകാശ കോടതിയുടെ മാനദണ്ഡങ്ങൾ പ്രകാരം മാത്രമേ തുടർ അനുമതികൾ നൽകാവു എന്ന ഉത്തരവും പുറപ്പെടുവിച്ചു.

മാസങ്ങൾക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ മഴക്കാട് ആമസോണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണി നേരിടുകയാണ്. ഭൂമിയിൽ ലഭ്യമായ മുഴുവൻ ഓക്സിജൻ്റെ 20 ശതമാനം പുറപ്പെടുവിക്കുന്നു എന്ന് കണക്കാക്കപ്പെടുന്ന, ലക്ഷക്കണക്കിന് ജന്തുജാലങ്ങളുടെയും, പത്ത് ലക്ഷത്തിനും ഇരുപത് ലക്ഷത്തിനും ഇടയിൽ വരുന്ന ഗോത്ര ജനതയുടെയും വാസസ്ഥലം ആണ് ആമസോൺ.

ഇപ്പോൾ ആമസോൺ കാടുകളിൽ പടർന്നു പിടിക്കുന്ന കാട്ടു തീ ബ്രസീലിന്റെ മാത്രം ആഭ്യന്തര പ്രശ്നം ആണെന്നാണ് ബ്രസീൽ ഭരണാധികാരി ബോൾസനാരോ പറയുന്നത്.

ബ്രസീൽ ഭരണകൂട നയത്തിനെതിരെ ആമസോൺ തദ്ദേശിയ വാസികൾ തെരുവിലാണ്….

ആ മനുഷ്യർ തെരുവിൽ നിൽക്കുന്നത് മനുഷ്യ വംശത്തിന് വേണ്ടി കൂടിയാണ്….

Advertisements