Share The Article

Vishnu Vijayan എഴുതുന്നു 

ലാറ്റിൻ അമേരിക്കയിൽ ബൊളീവിയൻ വനാന്തരങ്ങളിൽ ഏണസ്റ്റോ ചെഗുവേര ഗറില്ലാ പോരാട്ടം നയിക്കുന്നതിന് പതിറ്റാണ്ടുകൾ മുൻപ്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കിഴക്കൻ പ്രവിശ്യയിലെ മുണ്ട ഗോത്രത്തിൽ ഒരു അതിജീവന നക്ഷത്രമുണ്ടായിരുന്നു.

Vishnu Vijayan

ഇന്ന് ഇന്ത്യൻ പാർലമെന്റിൽ സെൻട്രൽ ഹാളിൽ ഒരേയൊരു ഗോത്ര നേതാവിന്റെ ചിത്രമേയുള്ളു സാമ്രാജ്യത്വത്തിനും, ജൻമിത്വത്തിനും എതിരെ പോരാട്ടം നയിച്ച കരുത്തനായ ഗറില്ലാ പോരാളി, ‘ ബിർസാ മുണ്ട ‘യുടെ.

ഇന്നത്തെ ജാർഖണ്ഡിൽ റാഞ്ചിക്ക് സമീപം ഉലിഹത്തിൽ 1875 ലാണ് ആദിവാസി ഗോത്ര സമൂഹമായ ‘മുണ്ട’ വിഭാഗത്തിൽ ‘ബിർസാ മുണ്ട’ ജനിക്കുന്നത്. തൻ്റെ 25 വയസ്സിൽ അവസാനിച്ച ജീവിതത്തിനിടയിൽ ഇന്ത്യയിലെ ആദിവാസി ജനതയുടെ പോരാട്ട വീര്യത്തെയാണ് ചരിത്ര താളുകളിൽ മുണ്ട രചിച്ചു ചേർത്തത്, ഇന്നും നമ്മൾ അധികമൊന്നും തിരിച്ചറിയാത്ത, തിരിച്ചറിയാൻ ശ്രമിക്കാത്ത ധീരതയുടെ പേരാണ് ബിർസാ മുണ്ട എന്നത്.

1882 ൽ ബ്രിട്ടീഷ് ഇന്ത്യാ ഗവൺമെന്റ് വനനിയമം പാസാക്കി, അന്നോളം ആദിവാസി ജനത പിൻതുടർന്നു പോന്നിരുന്ന അവരുടെ തനതായ ജീവിതരീതിയെയും സംസ്കൃതിയേയും എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാൻ പ്രാപ്തമായിരുന്ന നിയമം.

1894 ൽ ആണ് ബിർസയുടെ നേതൃത്വത്തിൽ വനനിയമത്തെ എതിർത്ത് ഗോത്ര ജനത ചെറുത്തുനിൽപ്പ് തുടങ്ങിയത്, ഓർക്കുക അദ്ദേഹത്തിന്റെ 19 ആം വയസ്സിൽ. വൈദേശിക ശക്തിയുടെ തോക്കിനും പീരങ്കിക്കും മുൻപിൽ ഇന്നത്തെ ജാർഖണ്ഡ്, ബീഹാർ, ഒറീസ എന്നീ സംസ്ഥാനങ്ങളിൽ പരന്നു കിടക്കുന്ന വനങ്ങൾ കേന്ദ്രീകരിച്ച് അമ്പും വില്ലും വാളുകളും ഉപയോഗിച്ച് ബിർസ തൻ്റെ ഗറില്ലാ പോരാട്ടം വീര്യം പ്രകടിപ്പിച്ചു. ഇതിനിടയിൽ അദ്ദേഹത്തിന് പലതവണ ജയിലിലും ഒളിവിലുമായി കഴിയേണ്ടി വന്നു.

Image result for birsa mundaതൻ്റെ ചെറു പ്രായത്തിൽ തന്നെ ജൻമിത്വം, സാമ്രാജ്യത്വം, വൈദേശികാധിപത്യം എന്നിവയ്ക്ക് എതിരെ ശക്തമായ പോരാട്ടമാണ് ബിർസാ മുണ്ട നയിച്ചത്‌.

1977 ൽ ബംഗാളി സാഹിത്യകാരി മഹാശ്വേതാദേവി രചിച്ച സാഹിത്യ അക്കാദമി അവാർഡ് നേടിയ ആർഗ്നിയർ അധികാർ എന്ന നോവൽ മുണ്ടാ ജനതവിഭാഗത്തെ സംഘടിപ്പിച്ച് ബിർസ നടത്തിയ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൻ്റെ ചരിത്രാഖ്യായി ആണ്.

നവംബർ 15 ബിർസാ മുണ്ടയുടെ ജൻമദിനം, അദ്ദേഹം വിടപറഞ്ഞിട്ട് നൂറ്റാണ്ടിനിപ്പുറം ആധുനിക ഇന്ത്യയിൽ അതേ കീഴാള രാഷ്ട്രീയത്തെ സിനിമയിലും ജീവിതത്തിലും ഉയർത്തി പിടിക്കുന്ന സംവിധായകൻ പാ.രെഞ്ജിത്ത് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ ബിർസാ മുണ്ടയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചെയ്യുന്നത്.

അതെ ഒതുക്കപ്പെട്ട ചരിത്രം പൂർവ്വാധികം ശക്തിയോടെ അതിന്റെ ഇങ്ങേത്തലയ്ക്കൽ തിരിച്ചു വരവിനൊരുങ്ങുന്നു. 1900 മാർച്ച് മാസം മൂന്നാം തീയതിയാണ് ജാംകോരി വനാന്തരങ്ങളിൽ വെച്ച് ബ്രിട്ടീഷ് സൈന്യം ബിർസയെ പിടികൂടി ജയിലിൽ അടയ്ക്കുന്നത്.

Image result for birsa mundaജൂൺ 9 ന് കോളറ ബാധിച്ച് അദ്ദേഹം മരണപ്പെട്ടു എന്ന് ഔദ്യോഗിക അറിയിപ്പ് പുറത്തു വരുമ്പോൾ അദ്ദേഹത്തിന് പ്രായം 25 വയസ്സ്. ചരിത്രത്തിൽ എക്കാലവും ജ്വലിക്കുന്ന ഓർമ്മയായി തീരേണ്ട മനുഷ്യൻ, വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ ചരിത്ര തിരസ്കരിക്കരണത്തിൽ അകപ്പെട്ട നിസ്സഹായ അവസ്ഥയിൽ നിന്ന് ബിർസാ മുണ്ട എന്ന ധീരൻ്റെ ചരിത്രം എക്കാലവും സ്മരിക്കപ്പെടുന്ന, പൂർണ്ണമായൊരു സവർണ സാമൂഹിക സൃഷ്ടി ലക്ഷ്യം വെച്ച് ഹിന്ദുത്വ ശക്തികൾ തീർക്കുന്ന ആധുനിക സാമ്രാജ്യത്തിൽ അതിനെതിരെ ഉണർവ്വിൻ്റെ പ്രതീകമായി ബിർസാ മുണ്ട ഉൾപ്പെടെ നടത്തിയ പോരാട്ടങ്ങൾ ഉയർന്നു വരേണ്ടിയിരിക്കുന്നു….

#June_9