Share The Article

Vishnu Vijayan എഴുതുന്നു 

ഡോ.എ.പി.ജെ അബ്ദുൾ കലാമിനെ ദേശീയ മുസ്‌ലിം എന്ന് മുൻപൊരിക്കൽ വിശേഷിപ്പിച്ചത് ബിജെപി നേതാവ് കെ.സുരേന്ദ്രൻ ആണ്.

Vishnu Vijayan

തീവ്ര വലതുപക്ഷ രാഷ്ട്രീയം പിൻതുർന്ന പലരും അദ്ദേഹത്തിന്റെ പേര് ചർച്ച ചെയ്യുമ്പോൾ പലപ്പോഴും നൽകുന്ന വിശേഷണം. (അബ്ദുൽ കലാം തൻ്റെ ജീവിതത്തിൽ ഒരിക്കൽ പോലും ആഗ്രഹിക്കാത്ത ഒന്ന്).

ഒരു മുസ്ലിം/ന്യൂനപക്ഷ ഐഡന്റിറ്റിയെ ദേശ ഭക്തനായി അടയാളപ്പെടുത്താൻ ഈ തീവ്ര ദേശീയവാദികൾക്ക് ചില കാരണങ്ങൾ വേണം.

മഹാഭാരതവും, രാമായണവും സകല പുരാണേതിഹാസങ്ങളും വേദങ്ങളും ഉൾപ്പെടെ, യോഗ, മെഡിറ്റേഷൻ, സൂര്യ നമസ്‌കാരം എന്ന് തുടങ്ങി, എന്തിനേറെ ധ്യാന ഗുരുക്കന്മാർ, യോഗി വര്യൻമാർ ആൾദൈവങ്ങൾ എന്നിങ്ങനെ ഹിന്ദൂയിസം മുൻപോട്ടു വെക്കുന്ന സകല ഉടായിപ്പുകളും അക്ഷരംപ്രതി അംഗീകരിച്ച്,

ഹിന്ദുത്വത്തിൻ്റെ പ്രൊപ്പഗണ്ട ഓരോന്നായി അളന്നു തൂക്കി ഗ്ലോറിഫൈ ചെയ്ത് മറ്റുള്ള ചരിത്രത്തെ മുഴുവൻ റദ്ദു ചെയ്തുകൊണ്ട്,

ഇതാണ് ഇത് മാത്രമാണ് ദേശത്തിൻ്റെ ഒരേയൊരു പാരമ്പര്യം എന്ന് വാഴ്ത്തി അതിനോട് ഐക്യപ്പെട്ട് അടിമപ്പെട്ട് നിൽക്കുമ്പോൾ ന്യൂനപക്ഷത്തിന്
തീവ്ര ദേശീയവാദികൾ ചാർത്തി കൊടുക്കുന്ന ലേബൽ.

സമകാലിക രാഷ്ട്രീയത്തിൽ ഇതിന്റെ മറ്റൊരു വശമുണ്ട്.

ആയുധങ്ങളുമായി ചുറ്റും കൂടി നിൽക്കുന്ന ജനത്തിനിടയിൽ മരണത്തെ മുഖാമുഖം കാണുമ്പോൾ ബോലോ ജയ് ശ്രീറാം എന്ന് ആവർത്തിച്ചു കേൾക്കുമ്പോൾ, ജീവനിലുള്ള കൊതികൊണ്ട് ഏറ്റു വിളിക്കേണ്ടി വരുന്ന നിസ്സഹായ മനുഷ്യർ അനുദിനം വർദ്ധിച്ചു വരുന്ന നാട്ടിൽ.

രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി തന്നെ ഇനി ദേശീയ മുസ്‌ലീമായി വിശേഷിപ്പിക്കൂ എന്ന് ബി.ജെ.പി അംഗത്വമെടുത്ത് പറയുന്ന അബ്ദുള്ളക്കുട്ടിമാർ.

ഹിന്ദുത്വത്തിന് വഴങ്ങിയാൽ മാത്രമേ ദേശ പൗരനായി അംഗീകാരിക്കപ്പെടു എന്ന് പ്രചരിപ്പിക്കുന്ന ഇവരെപോലുള്ളവർ,

നാളെകളിൽ സവർക്കറിൽ തുടങ്ങി ഗാന്ധി ഘാതകനായ ഗോഡ്സെയെ ഉൾപ്പെടെ യാതൊരു ഉളുപ്പില്ലാതെ ന്യായീകരിക്കുന്നത് കാണാം.

വിധേയപ്പെട്ട് ഐക്യപ്പെടുന്നവരെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുക തന്നെ ചെയ്യും,

എന്നാൽ നമുക്ക് വേണ്ടത് ആ ചരിത്രമല്ല,

എല്ലാ വിഭാഗം വരുന്ന ജനങ്ങളുടേയും രക്തകണങ്ങൾ ഈ മണ്ണിലുണ്ട്, ആരുടേയും പിതാക്കന്മാരുടെ സ്വകാര്യ സ്വത്തല്ല ഈ ഹിന്ദുസ്ഥാൻ എന്ന് മഹുവ മൊയ്ത്രയെ പോലെ വിയോജിപ്പ് ശക്തമായി തുറന്നു പറയാൻ കഴിയുന്ന ദിനങ്ങളാണ്…