Share The Article


J Devikaഎഴുതുന്നു

രാവിലെ മുതൽ വിഷു ആശംസകൾ എത്തിത്തുടങ്ങി. പക്ഷേ ഇന്ന് ഈ വീട്ടിൽ കണി വച്ചില്ല. ഇന്നലെ കുട്ടികൾ പുറത്തുപോയപ്പോൾ വിഷുക്കണി വയ്ക്കാൻ എന്നു പറഞ്ഞുള്ള കിറ്റ് വാങ്ങിക്കൊണ്ടുവന്നു. ഇന്നലെ വിരുന്നുകാരെല്ലാം പോയിക്കഴിഞ്ഞപ്പോൾ അർദ്ധരാത്രിയായി, വീടെല്ലാം വൃത്തിയാക്കിക്കഴിഞ്ഞപ്പോൾ ഏകദേശം വെളുപ്പാൻകാലം. എന്നാൽ പിന്നെ കണി വയ്ക്കാം എന്നു കരുതി ആ കൂട് തുറന്നു നോക്കിയപ്പോൾ എനിക്ക് എന്നോടു തന്നെ കടുത്ത വെറുപ്പ് തോന്നി. വാടിത്തളർന്ന വെള്ളരിക്കാപ്പിഞ്ചും

J Devika

മാങ്ങയും മൂപ്പെത്താത്തതും ശുഷ്കിച്ചതുമായ പൈനാപ്പിളും അതിലും ദയനീയമായ കണിക്കൊന്നപ്പൂക്കളും. ഈ തീവേനലിൽ കരിഞ്ഞുണങ്ങി ദുർബലങ്ങളായിത്തീർന്ന ഏതോ ചെടികളിൽ നിന്നും വള്ളികളിൽ നിന്നും കൊന്നമരങ്ങളിൽ നിന്നും പറിച്ചെടുത്തുകൊണ്ടു വിൽക്കുന്നവരോടു മാത്രമല്ല, അതു വാങ്ങുന്ന മഹാപാപികളായ നമ്മോടു തന്നെ വല്ലാത്ത രോഷം തോന്നി. അതുകൊണ്ട് കണി വയ്ക്കണ്ട എന്നു തീരുമാനിച്ചു. രാവിലെ എഴുന്നേറ്റ് ഈ വളപ്പിൽ നിൽക്കുന്ന എല്ലാ ചെടികൾക്കും വെള്ളമൊഴിച്ചു. അകലെ നിൽക്കുന്നവയ്ക്ക് വെള്ളം കോരി. വേരു നനച്ചു. ഇലകൾ കഴുകിക്കൊടുത്തു. പാപികളായ മനുഷ്യർക്കു വേണ്ടി മാപ്പു ചോദിച്ചു.

വിഷുവിന് കണി വച്ച പടം ഷെയർ ചെയ്ത എല്ലാ സുഹൃത്തുക്കളോടും സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു — നമ്മോടൊപ്പം ഈ ഭൂമിയിൽ വസിക്കുന്ന ജീവജാലങ്ങളോടുള്ള സ്നേഹം നിങ്ങൾ മറക്കരുതേ. യൂസുഫലിയെപ്പോലുള്ള പരിസ്ഥിതിഘാതകർക്ക് വഴിയൊരുക്കിക്കൊടുക്കുകയും കിളികളെക്കുറിച്ച് വേവലാതിപ്പെടണമെന്ന് നമ്മോടാവശ്യപ്പെടുകയും ചെയ്യുന്ന മുഖ്യമന്ത്രി വാണരുളുന്ന ഈ കാലത്ത് ഇതും പരിഹാസമേ ഉണ്ടാക്കൂ എന്നറിയാഞ്ഞിട്ടല്ല, പറഞ്ഞേതീരൂ എന്നു തോന്നീട്ടാണ്. പരിസ്ഥിതിയെപ്പറ്റി പലതും പറയുന്നവർ പോലും ഇവിടെ കർഷകസമൃദ്ധിയും പ്രകൃതിസമൃദ്ധിയും ഉണ്ടെന്നും ആ ചേലിന് കണി വച്ച് ആഘോഷിക്കുകയും ചെയ്യുന്നത് വെറും കാപട്യമല്ലേ? പാരിസ്ഥിതിക അവബോധമുണ്ടായാൽ മാത്രം പോര. ചുറ്റവട്ടത്തുമുള്ള ജീവജാലങ്ങൾ നിങ്ങളുടെ ആത്മത്തിൻറെ ഭാഗമാകാതെ തലയ്ക്കകത്തെ അവബോധം കൊണ്ട് എന്തു ഗുണം? പാരിസ്ഥിതിക അവബോധമുള്ള എഴുത്തും കലാസൃഷ്ടിയുമൊക്കെ നല്ലതുതന്നെ, പക്ഷേ അവയിലും സ്വാർത്ഥത്തിൻറെ അംശം നല്ലതുപോലുണ്ട്. അതൊന്നും പോര ഈ കാപട്യത്തെ മറികടക്കാൻ.

നിങ്ങൾക്ക് ഇന്ന് വീട്ടിനു ചുറ്റുമുള്ള ചെടികളെ നനയ്ക്കാനാവുമോ അവയുടെ ഇലകൾ കഴുകിക്കൊടുമോ? എന്നാൽ നിങ്ങൾക്ക് നല്ല വർഷവും നല്ല വിഷുവും നേരാം. അല്ലാതെ ഈ നാടിനെ നശിപ്പിക്കുന്ന അന്ധതയിലും കാപട്യത്തിലും പങ്കുചേരാൻ എനിക്കു കഴിയില്ല.

  • 13
    Shares
ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.