ഇന്റര്‍നെറ്റ് നമ്മുടെ ജീവിതങ്ങളെ എത്രമാത്രം സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് ഇനിയും ഒരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നില്ല. ഇന്ന് ഒരു മൗസ് ക്ലിക്ക് കൊണ്ട് നമ്മള് ചെയ്യുന്ന പല കാര്യങ്ങളും ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വപ്നം കാണാന്‍ പോലും ആര്‍ക്കും കഴിയുമായിരുന്നില്ല. തമ്മില്‍ ബന്ധപ്പെടുവാനും ആശയങ്ങള്‍ കൈമാറുവാനും ഭൂപ്രകൃതികളോ ദൂരമോ സമയമോ ഒന്നും ഇന്ന് ഒരു തടസമല്ല.
തീര്‍ച്ചയായും ഈ വിപ്ലവകരമായ മാറ്റങ്ങള്‍ പണം സമ്പാദിക്കുന്ന രീതികളെയും സ്വാധീനിച്ചിട്ടുണ്ട്. കോണ്‍ഫറന്‍സ് കോളും വീഡിയോ കോളും ഒക്കെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയപ്പോള്‍, മുന്‍നിര കമ്പനികള്‍ പലതും ജോലിക്കാരുടെ ശാരീരികസാന്നിധ്യം എന്നും ഓഫീസില്‍ ആവശ്യമില്ല എന്ന് മനസിലാക്കി. പല സ്ഥാപനങ്ങളിലെയും ചെറിയ ജോലികളില്‍ ഭൂരിഭാഗവും വേതനം കുറവുള്ള രാജ്യങ്ങളിലേയ്ക്ക് ഔട്ട്സോഴ്സ് ചെയ്തു തുടങ്ങി. അങ്ങനെ അനേകം തൊഴിലവസരങ്ങള്‍ ഉണ്ടാകുവാന്‍ തുടങ്ങി.
ഈ ശൈലി വേള്‍ഡ് വൈഡ് വെബിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഡേറ്റ എന്‍ട്രി മുതല്‍ പ്രോഗ്രാമിംഗ് വരെ ഏതുജോലിയും ഓണ്‍ലൈന്‍ ചെയ്യാമെന്നായി. ഇത്തരം ജോലികള്‍ക്ക് ആളുകളുടെ ഇടയില്‍ സ്വീകാര്യത വര്‍ദ്ധിച്ചപ്പോള്‍ ഒരുപാട് തെറ്റായ ജോലിവാഗ്ദാനങ്ങളും പണം തട്ടിപ്പും എല്ലാം ഉയര്‍ന്നുവന്നു എന്നത് ശരി തന്നെ. എന്നാല്‍, മറ്റേതൊരു കാര്യത്തിലും എന്നത്പോലെതന്നെ ഇവിടെയും സൂക്ഷിച്ചു സമീപിച്ചാല്‍ കൈ പൊള്ളാതെ നോക്കാന്‍ കഴിയും.
ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ ഓണ്‍ലൈന്‍ ധനസമ്പാദന മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ചിലത് നമ്മുക്ക് ഒന്ന് കാണാം.
- ഫ്രീലാന്‍സിംഗ്
ക്രിയേറ്റീവ് റൈറ്റിംഗ്, പ്രോഗ്രാമിംഗ്, ഡിസൈനിംഗ്, ഡേറ്റ എന്‍ട്രി തുടങ്ങി വളരെയധികം മേഖലകളില്‍ വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ജോലി ചെയ്യുവാന്‍ സാധിക്കും. ഒഡെസ്ക്, ഇലാന്‍സ്, ഫ്രീലാന്‍സര്‍ എന്നിവ ഇതിന് സഹായിക്കുന്ന പ്രധാന സൈറ്റുകള്‍ ആണ്. ഇതില്‍ ഒഡെസ്ക്, ഇലാന്‍സ് എന്നിവ ഒന്നിച്ച് UPWORK എന്ന ഒറ്റ സൈറ്റ് ആയി മാറിയിട്ടുണ്ട്. കൃതി സമയത്ത് ജോലി പൂര്‍ത്തിയാക്കുക, ഏറ്റവും നന്നായി റിസള്‍ട്ട് നല്‍കുക, ജോലി നല്കുന്ന ആളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായി പണം ഉണ്ടാക്കാം എന്ന് മാത്രമല്ല ഭാവിയില്‍ ജോലിക്ക് ഉപകരിക്കുന്ന ബന്ധങ്ങള്‍ ഉണ്ടാക്കുകയും ചെയ്യാം.
- ഡൊമെയിനുകള്‍ വാങ്ങുക/വില്‍ക്കുക
അല്‍പ്പം ക്ഷമയും അതോടൊപ്പം ക്രിയാത്മകതയും ഉള്ളവര്‍ക്ക് യോജിച്ച ഒരു മേഖല ആണിത്. ഡൊമെയിന് വാങ്ങുന്നത് എങ്ങനെ എന്ന് മിക്കവാറും എല്ലാവര്ക്കും അറിയാമായിരിക്കും. ഗോഡാഡി പോലെയുള്ള സൈറ്റുകള്‍ ഇതിനു നിങ്ങളെ സഹായിക്കും. എന്നാല്‍ ഓണ്‍ലൈനില്‍ ഇപ്പോള്‍ ഉള്ള ട്രെന്‍ഡ് മനസിലാക്കി കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്ന ഡൊമെയിന് നെയിം മുന്‍കൂട്ടി വാങ്ങിയിട്ടാല്‍ ഉയര്‍ന്ന തുകയ്ക്ക് വില്ക്കുവാന് സാധിക്കും.
- ഡേട്രേഡിംഗ്
പൂര്‍ണമായും ഇതൊരു ഓണ്‍ലൈന്‍ വിപണി അല്ലായെങ്കിലും അല്‍പ്പം മുതല്‍ മുടക്കിന് തയ്യാറാണെങ്കില്‍ കൂടുതല്‍ ലാഭാമുണ്ടാക്കുവാന്‍ ഇത് ഉപകരിക്കും. ചെറിയ മുതല്‍മുടക്കിന് വാങ്ങുക, വലിയ തുകയ്ക്ക് വില്‍ക്കുക, ഒപ്പം ഇതേ മേഖലയിലെ മറ്റ് സംരംഭങ്ങള്‍ നല്കുന്നതിനേക്കാള് സേവനങ്ങള്‍ നല്കാന് ശ്രദ്ധിക്കുകയും ചെയ്യുക. വിപണി കണ്ടെത്താന്‍ കഴിയുകയാണെങ്കില്‍ പതിയെ ഫ്ലിപ്പ്കാര്‍ട്ട് പോലെ ഒരു ഓണ്‍ലൈന്‍ റീടെയിലര്‍ ആയി നിങ്ങളുടെ സംരംഭത്തെ വളര്‍ത്തിയെടുക്കുകയും ചെയ്യാം.
- ഈ-ട്യൂട്ടറിംഗ്
ഏറെ സാദ്ധ്യതകള്‍ ഉള്ളതും അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നതും ആയ ഒരു മേഖലയാണ് ഇത്. അദ്ധ്യാപനം നിങ്ങള്‍ക്ക് കഴിവും താല്പര്യവും ഉള്ള മേഖലയാണെങ്കില്‍ ഏറെയൊന്നും കഷ്ടപ്പെടാതെ ഈ രംഗത്ത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും. ഓണ്‍ലൈന്‍ ട്യൂഷന് എടുക്കുന്നതിനോടൊപ്പം ഈ രംഗത്ത് നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇ-ട്യൂട്ടര്‍ പോലെയുള്ള സംരഭങ്ങള്‍ക്ക് വേണ്ടിയോ അല്ലെങ്കില്‍ നിങ്ങളുടെ തന്നെ യൂട്യൂബ് ചാനലിന് വേണ്ടിയോ ക്ലാസുകള്‍ വീഡിയോ റിക്കാര്‍ഡ് ചെയ്തു നല്‍കിയും പണം ഉണ്ടാക്കാന്‍ സാധിക്കും.
- ഡിസൈനിംഗ്
ഡിസൈനിംഗ് മുന്‍പ് ഫ്രീലാന്‍സിംഗ് എന്ന തലക്കെട്ടിനു കീഴില്‍ പറഞ്ഞിരുന്നുവെങ്കിലും ഇത് അതില്‍ നിന്നും വ്യത്യസ്തമായ ഒരു മേഖലയാണ്. ഇന്ന് ടിഷര്‍ട്ടുകള്‍, കോഫി കപ്പുകള്‍, ബാഗുകള്‍, തൊപ്പികള്‍, ബുക്കുകള്‍, പോസ്റ്ററുകള്‍, കലണ്ടറുകള്‍, ഗ്രീറ്റിംഗ് കാര്‍ഡുകള്‍ എന്നിവയില്‍ ഓണ്‍ലൈന്‍ രംഗത്ത് വിപണി അതി ശക്തമാണ്. നിങ്ങളുടെ ഡിസൈനുകള്‍ കഫേപ്രസ് പോലെയുള്ള സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുക. ആരെങ്കിലും ആ ഡിസൈനുകള്‍ വാങ്ങുമ്പോള്‍ അതിന്റെ കമ്മീഷന് നിങ്ങള്‍ക്ക് ലഭിക്കും. ലുലു, സാസില്‍ എന്നിവയും ഇതേപോലെയുള്ള സേവനങ്ങള്‍ നല്‍കുന്നുണ്ട്.
- പഴയ സാധനങ്ങളുടെ വില്‍പ്പന
സംശയിക്കേണ്ട. ഇന്ന് ഏറ്റവുമധികം കച്ചവടം നടക്കുന്ന ഒരു മേഖലയാണിത്. ക്വിക്കര്‍, ഒ.എല്‍.എക്സ്., ഇബേ മുതലായ സൈറ്റുകളിലൂടെ നിങ്ങള്‍ക്ക് ഉപയോഗം ഇല്ലാത്ത പഴയ സാധനങ്ങള്‍ എളുപ്പത്തില്‍ വില്ക്കുവാന് ഇന്ന് സാധിക്കും. അതോടൊപ്പം തന്നെ വേറെ ആരെങ്കിലും വില്ക്കുവാന് വച്ചിരിക്കുന്ന എന്തെങ്കിലും ഒരു വസ്തുവില്‍ ഒരു കച്ചവടസാധ്യത നിങ്ങള്‍ കാണുന്നുണ്ടോ? ഉടന്‍ തന്നെ അത് വാങ്ങുക. ഉയര്‍ന്ന തുകയ്ക്ക് മറിച്ചുവില്‍ക്കുക.
- നിങ്ങളുടെ ഫോട്ടോകള്‍ വില്‍ക്കുക
നല്ല ഒരു ക്യാമറയും അതിനെക്കാള്‍ നല്ല ക്രിയാത്മകതയും നിങ്ങള്‍ക്കുണ്ടോ? കിടിലന്‍ ഫോട്ടോകള്‍ എടുത്തുതുടങ്ങിക്കോളൂ. സ്റ്റോക്ക് ഫോട്ടോഗ്രാഫി സൈറ്റുകളായ ഷട്ടര്‍സ്റ്റോക്ക്, ഷട്ടര്പോയിന്റ്, ഐസ്റ്റോക്ക് എന്നിവയില്‍ നിങ്ങളുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യൂ. ഓരോ തവണ ആരെങ്കിലും നിങ്ങളുടെ ഫോട്ടോകള്‍ വാങ്ങുമ്പോള്‍ സൈറ്റിന്റെ പോളിസിക്ക് അനുസരിച്ച് 10 മുതല്‍ 15 ശതമാനം വരെ റോയല്‍റ്റി നിങ്ങള്‍ക്ക് ലഭിക്കും.
- സ്വന്തം ബുക്ക് പബ്ലിഷ് ചെയ്യുക
ആമസോണ്‍ എന്ന ഓണ്‍ലൈന്‍ സ്റ്റോര്‍ പുസ്തകപ്രസാധക മേഖലയില്‍ കൊണ്ടുവന്നിട്ടുള്ള വിപ്ലാവാതമകമായ മാറ്റങ്ങള്‍ ഇന്ന് നിങ്ങളുടെ സ്വന്തം ബുക്ക് എന്ന സ്വപ്നം വളരെ എളുപ്പത്തില്‍ സാക്ഷാത്കരിക്കുവാന്‍ സഹായിക്കുന്നു. ഇനി അച്ചടിക്കുവാന്‍ ഒന്നും കാത്തുനില്‍ക്കേണ്ട. ആമസോണ്‍ കിന്‍ഡില്‍ ഡയറക്റ്റ് ഉപയോഗിച്ച് നേരിട്ട് ഇബുക്ക് ആയി നിങ്ങളുടെ പുസ്തകം പ്രസിദ്ധീകരിക്കുവാനാവും. എല്ലാ രാജ്യങ്ങളിലും ലഭ്യമാകുന്ന പ്ലാനില്‍ 35 ശതമാനം വരെ കമ്മീഷനും ചില തിരഞ്ഞെടുത്ത രാജ്യങ്ങള്‍ മാത്രം ആണെങ്കില്‍ 70 ശതമാനം വരെയും ലഭിക്കും. കൂടാതെ, ഇന്ത്യന്‍ എഴുത്തുകാര്‍ക്ക് വേണ്ടി പ്രത്യേകപ്ലാനുകളും ലഭ്യമാണ്.
മുകളില്‍ പറഞ്ഞവ മാത്രമല്ല ഓണ്‍ലൈന്‍ ആയി ചെയ്യാവുന്ന സംരംഭങ്ങള്‍. എന്നാല്‍, ലഭ്യമായതില്‍ ഏറ്റവും പ്രധാനപ്പെട്ടവ എല്ലാം തന്നെ മുകളില്‍ വിവരിച്ചിട്ടുണ്ട്. ഇനി ചെയ്യാനുള്ളത് നിങ്ങള്‍ക്കാണ്. നിങ്ങളുടെ കഴിവുകള്‍ക്ക് അനുയോജ്യമായ മേഖല തിരഞ്ഞെടുക്കുക. ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ചു തുടങ്ങുക.