Share The Article

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് പത്മഭൂഷൺ നൽകിയതിൽ സമൂഹം അസഹിഷ്ണുതപ്രകടിപ്പിക്കുമ്പോൾ നമ്മൾ ഒന്നറിയണം അദ്ദേഹം നാടിനു ചെയ്ത സംഭാവനകൾ. സ്വയംപ്രഖ്യാപിത പരിപൂർണ്ണനടൻ എന്തുകൊണ്ടും അതിനർഹൻ തന്നെ എന്നരീതിയിൽ ചിന്തിക്കാൻ നമുക്ക് ഹൃദയവിശാലത ഉണ്ടാകേണ്ടിയിരിക്കുന്നു. കേവലം ആനക്കൊമ്പും നികുതിവെട്ടിപ്പും മദ്യപരസ്യവും പറഞ്ഞു നിങ്ങൾക്കെത്രകാലം അദ്ദേഹത്തെ വിമർശിക്കാനാകും. അദ്ദേഹം നാടിനു ചെയ്തസംഭാവനകൾ നൂറിലേറെയുണ്ട്. അതിൽ ചിലതു അക്കമിട്ടു നിരത്തുന്നു.

1. മുംബൈയിലെ ധാരാവി ചേരി  ഒറ്റരാത്രി കൊണ്ട് ഒഴിപ്പിച്ചു 

സർക്കാരുകൾക്ക് എന്നും തീരാതലവേദനയാണ് ചേരികൾ. അത് വികസനമില്ലായ്മയെ ലോകരാജ്യങ്ങൾക്ക് മുന്നിലെത്തിക്കാൻ കാരണമാകുന്ന ഒന്നായി വളർന്നുകൊണ്ടിരിക്കുന്നു. മോഹൻലാൽ അന്ന് മുംബയിൽ അല്ലറചില്ലറ ഗുണ്ടായിസമൊക്കെ കാണിച്ചു നടക്കുന്ന കാലം. മഹാരാഷ്ട്ര സർക്കാർ ആയിരക്കണക്കിന് പൊലീസുകാരെ കൊണ്ടുപോയിട്ടും ഒഴിപ്പിക്കാൻ പറ്റാത്ത ചേരി ആയിരുന്നു ധാരാവിയിലേത്. മഹാരാഷ്ട്രമുഖ്യമന്ത്രി ആളയച്ചു മോഹൻലാലിനെ വരുത്തുകയും ചേരി ഒഴിപ്പിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ഒറ്റരാത്രി കൊണ്ട് മോഹൻലാൽ കരിമ്പിൻ തോട്ടത്തിൽ കയറിയ ആനയെ പോലെ ചിന്നംവിളിച്ചുകൊണ്ടു ധാരാവിയിലേക്കു കയറുകയും ചേരിയെ നീരാവിയാക്കി അപ്രത്യക്ഷമാകുകയും ചെയ്തു. മഹാരാഷ്ട്ര സർക്കാരിന്റെ അക്കൊല്ലത്തെ വിവിധ ബഹുമതികളും ഏറ്റുവാങ്ങിക്കൊണ്ടാണ് കണിമംഗലത്തു ഉത്സവം നടത്താൻ മോഹൻലാൽ കേരളത്തിലേക്ക് പുറപ്പെടുന്നത്.

2.നാഗവല്ലിയിൽ നിന്നും നകുലന്റെ ജീവൻ രക്ഷിച്ചു  

മാടമ്പള്ളിയിലെ മനോരോഗി ആരെന്നു കണ്ടെത്തുകയും അവളെ അവളറിയാതെ

പിന്തുടരുകയും ചെയ്ത ഡോ.സണ്ണികുട്ടൻ എന്ന മോഹൻലാൽ അതിവിദഗ്ധമായി ചില തന്ത്രങ്ങളിലൂടെ രാമനാഥനെന്ന കവിയെ പാട്ടിലാക്കുകയും തോം തോം തോം എന്ന് നൃത്തം ചവിട്ടിക്കുകയും ഗംഗയെ മന്ത്രക്കളത്തിൽ എത്തിച്ചു ചില ലൊട്ടുലൊടുക്ക് വേലകൾ കാണിച്ചു ആത്മ്മസ്നേഹിതനായ നകുലനെ രക്ഷിക്കുകയും ചെയ്തു. അതിനദ്ദേഹം സൈക്കോസോസിന്റെ ആരുംകാണാതെ മേഖലയിലൂടെ ‘എടീ അല്ല എടാ..’ എന്നൊക്കെ പിറുപിറുത്തുകൊണ്ട് സഞ്ചരിക്കുകയുണ്ടായി. അതിനിടയിൽ കിണ്ടി മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ പിടികൂടുകയും മോഷണത്തിനെതിരെ താൻ പോരാടുമെന്നു അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുകയുണ്ടായി. മനഃശാസ്ത്രത്തെ കുറിച്ചുള്ള അഞ്ചാറ് ബുക്കുകൾ എഴുത്തിയ അദ്ദേഹം മാടമ്പള്ളിയിൽ ഒരു സംബന്ധത്തിനുള്ള കോപ്പുകൾ കൂട്ടിയിട്ടു സ്‌കൂട്ടാകുകയുണ്ടായി. “ഞാനിപ്പോ എന്താ പറഞ്ഞത് നകുലേട്ടാ..ഞാനിപ്പോ എന്താ ചെയ്തത് നകുലേട്ടാ…” എന്ന് ചോദിക്കുന്ന തരത്തിൽ രോഗിയിൽ നിന്നും രോഗത്തെ പറിച്ചെറിയാൻ കഴിഞ്ഞ അദ്ദേഹം അവാർഡിന് അർഹൻതന്നെ .

3. പോൾബാർബറെ അകത്താക്കി നാടിൻറെ അഭിമാനമായ രത്നകിരീടം തിരിച്ചുപിടിച്ചു  

അമേരിക്കയിൽ പോയി ഒട്ടനവധി സാഹസികമായ പോരാട്ടങ്ങളിലൂടെ രാജ്യത്തിൻറെ അഭിമാനമായ കിരീടം തിരികെ പിടിക്കുകയുണ്ടായി. തികഞ്ഞൊരു ബികോം സിഐഡി കൂടിയായിരുന്ന മോഹൻലാൽ ആദ്യംചെയ്തത് സർക്കാരിന്റെ പണംകൊണ്ട് അമേരിക്കയിൽ പുട്ടടിച്ചു നടക്കുന്നതായി അഭിനയിക്കുകയായിരുന്നു. കൂടെയുള്ള പ്രീഡിഗി സിഐഡിക്കാരൻ മുരിങ്ങക്കാ ആവിയൽ ഉണ്ടാക്കിത്തരാമെന്നു പറഞ്ഞു കൂടിയതും ഒരു തന്ത്രമായിരുന്നു. ഒടുവിൽ ഐതിഹാസികമായ ഒരു സംഘടനത്തിലൂടെ പോൾബാർബറെയും സംഘത്തെയും കാഴടക്കി കിരീടം വീണ്ടെടുത്തു. കിരീടം കൊള്ളയടിച്ച പോൾബാർബർ ഒരു ബാർബർ അല്ല എന്ന് കണ്ടെത്തിയതിനു അദ്ദേഹം അമേരിക്കൻ സർക്കാരിന്റെ ഉന്നത ബഹുമതിയും നേടിയിരുന്നു. മുറ്റത്തെ മുല്ലയ്‌ക്ക് മാനമില്ലല്ലോ..അല്ലെ… അദ്ദേഹം പത്മഭൂഷൺ ബഹുമതിക്ക് അർഹൻ തന്നെ

4. അധോലോകത്തെ ഞെട്ടിച്ചുകൊണ്ട് പാവനായിയെ ശവമായി ആക്കി 

ഇന്ത്യയിലുടനീളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പ്രതിയോഗികളെ വകവരുത്തി രസിച്ച പവനായി എന്ന പ്രൊഫണൽ കില്ലറെ മോഹൻലാൽ നിസ്സാരമായി വകവരുത്തി. വലിയൊരു ടവറിന്റെ മുകളിൽ നിന്നും അദ്ദേഹം തൂക്കിയെറിയുകയായിരുന്നു. അമ്പുംവില്ലും, മലപ്പുറംകത്തി, അൾട്രാവയറ്റ് ഗൺ, മോസ്റ്റ് മോഡേൺ സോഫിസ്റ്റിക്കേറ്റഡ് വെപ്പൺസ്, എന്നിവകൊണ്ട് പവനായി ഇരുന്നുകിടന്നും പോരാടിയിട്ടും മോഹൻലാലിനോട് ജയിക്കാനായില്ല. മോഹൻലാൽ പത്മഭൂഷൺ ബഹുമതിക്ക് അർഹൻ തന്നെ. പാവനായിയുടെ ട്രാൻസിസ്റ്റർ റേഡിയോ ആക്രമണം മോഹൻലാലിൻറെ അസിസ്റ്റന്റ് ആയ പ്രീഡിഗ്രി സിഐഡിക്കാരൻ നേരത്തെ പരാജയപ്പെടുത്തിയിരുന്നു.

5. കാർഗിൽ യുദ്ധത്തിൽ പോരാടി ഭാരതത്തെ വിജയിപ്പിച്ചു  

കാർഗിൽ മലമടക്കുകൾ പിടിച്ചെടുത്ത, ഭീകരരുടെ വേഷമിട്ട പാകിസ്ഥാൻ സൈന്യത്തെ അതിരൂക്ഷമായ പോരാട്ടത്തിലൂടെ മോഹൻലാൽ പരാജയപ്പെടുത്തി. കൈയിൽ തോക്കുണ്ടായിട്ടും പ്രതിയോഗിയോട്‌ ദ്വന്ദ്വയുദ്ധം നടത്തി വിജയിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ കഴിവ്. ഇന്ത്യൻ സൈന്യത്തിൽ മുഴുവൻ മലയാളികളെ കുത്തിനിറച്ച അദ്ദേഹം കാർഗിലിൽ ചായക്കട നടത്താനും മലയാളികളെ ഇറക്കുമതി ചെയ്തു. അതിലൂടെ അവിടെ ഒരു തിന്ജ ഇന്ത്യയാക്കി മാറ്റാനാണ് അദ്ദേഹം ശ്രമിച്ചത്. ഇക്കാരണങ്ങൾ മുൻനിർത്തി മോഹൻലാൽ പത്മഭൂഷൺ ബഹുമതിക്ക് അർഹൻ തന്നെ.

6. ചെറുപ്പക്കാരെ വഴിപിഴപ്പിക്കാതിരിക്കാൻ കുന്നുമ്മൽ ശാന്തയുടെ വീട്ടിൽ കാവൽ കിടന്നു 

ഒരു സമൂഹത്തിന്റെ മൊത്തം സദാചാരം കാത്തുസൂക്ഷിച്ച മഹാനായിരുന്നു മോഹൻലാൽ. മുള്ളന്കൊല്ലിയിൽ ചെറുപ്പക്കാരെ വഴിപിഴപ്പിച്ച ലൈംഗികത്തൊഴിലാളിയായ ശാന്തയുടെ വീട്ടിൽ കാവൽ കിടന്നിട്ടാണ് അദ്ദേഹം ആ നാടിനെ സംരക്ഷിച്ചത് . ജീവിതത്തിലും തികഞ്ഞ സദാചാരവാദി ആയിരുന്നു അദ്ദേഹം. കൂടാതെ, ഷാപ്പിൽ പാട്ടുപാടാൻ പാടില്ല, ഫിറ്റാകുന്നതിനു മുന്നേ സ്ഥലം വിട്ടോണം തുടങ്ങിയ നിയമങ്ങളുടെയും ഉപജ്ഞാതാവാണ്‌ അദ്ദേഹം. കീരിവാസുവിന്റെ മുണ്ടുരിഞ്ഞ സംഭവം അദ്ദേഹത്തിന്റെ ഖ്യാതി കൂടുതൽ വ്യാപിക്കാൻ കാരണമായി.

ഇനിയുമുണ്ട്അനവധി കാരണങ്ങൾ 

7. അനീതി കാണിച്ച എസ്‌ഐ സോമശേഖരനെ ഇടിച്ചു കിണറ്റിലിട്ടു സ്ഫടികം പോലത്തെ വെള്ളം കുടിപ്പിച്ചു

8. സിഗററ്റ് വലിക്കാതെ വായിൽ വച്ചുകൊണ്ടുനടന്നു സാമൂഹികപ്രതിബദ്ധത വെളിപ്പെടുത്തി

9 .ഒരു ചെറുക്കനെ കൊന്നു പോലീസ് സ്റ്റേഷനുള്ളിൽ തന്നെ കുഴിച്ചിട്ടു സത്യസന്ധനായെങ്കിലും ആ ദൃശ്യം ആരിലും പതിയാത്തതുകാരണം അദ്ദേഹത്തിന്റെ മഹത്വം ആദ്യമൊന്നും അറിഞ്ഞിരുന്നില്ല  

10 ഓപ്പറേഷൻ ‘നിർണ്ണയ‘ത്തിലൂടെ ആശുപത്രിയിൽ നടന്ന അവയവ വ്യാപാരത്തെ പൊളിച്ചടുക്കി

11. അയ്യാൾ കഥയെഴുതി, ‘ഒരു ഗസറ്റഡ് യക്ഷി’ എന്ന കൃതിയിലൂടെ ജ്ഞാനപീഠം നേടി

12  കൊലപാതക പാരമ്പരകൾ ചെയ്തത് തന്റെ സീനിയർ ഓഫീസർ ആണെന്ന് മനസിലാക്കി ‘മുഖം‘ നോക്കാതെ നടപടിയെടുത്തു

13. ഇലാമപ്പഴത്തിന്റെ ഗുണം കണ്ടെത്തി ഗുരു എന്ന അച്ചാർ കമ്പനി തുടങ്ങി

ഇങ്ങനെ പോകുന്നു അദ്ദേഹത്തിന് പത്മഭൂഷൺ കിട്ടാനുള്ള കാരണങ്ങൾ. ഇനിയുമുണ്ട് ഇനിയുമുണ്ട് കാരണങ്ങൾ പക്ഷെ ഇതു നമ്മൾ മലയാളി അറിയുന്നില്ല. ഉറക്കെ വിളിക്കൂ

ഏട്ടൻ കീ ജയ്

ഏട്ടൻ കീ ജയ്

ഏട്ടൻ കീ ജയ്

=====

ഫ്രീ രസീതെടുത്തു പൊങ്കാലയിടാൻ ആഗ്രഹിക്കുന്ന ഏട്ടൻ വിരുദ്ധ ഭക്തജനങ്ങൾക്കായി കമന്റ് ബോക്സ് ഒരുക്കിയിട്ടുണ്ട്. കൂടുതൽ കുടങ്ങളിൽ പൊങ്കാല അർപ്പിക്കുന്നവർക്കായി പ്രത്യേക സമ്മാനങ്ങൾ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഏട്ടൻ തന്നെയാണ് താരം.

============

(വാട്സാപ്പിൽ കിട്ടിയ ചെറിയൊരാശയത്തെ ഞാൻ എന്റെ ഭാഷയിലും ഭാവനയിലും വിപുലമാക്കി അവതരിപ്പിച്ചത്)

  • 112
    Shares