Share The Article

മതിലെന്ന ആശയത്തോട് വിയോജിപ്പുള്ളതിനാലും ശബരിമല യുവതീപ്രവേശന വിഷയത്തിൽ പിന്നോട്ട് പോകുന്ന സമീപനങ്ങൾ സർക്കാർ പുലർത്തിയതിനാലും രഹ്നാഫാത്തിമയടക്കമുള്ള ആക്ടിവിസ്റ്റുകളോടുള്ള സമീപനത്തിൽ എതിർപ്പുള്ളതിനാലും വനിതാമതിലിനോട് കൂടുതൽ പ്രതികരിക്കാതെ നിന്നെങ്കിലും ആധുനികകാലത്ത് പുരോഗമനം ഉയർത്തിപ്പിടിക്കുന്നവരുടെ കൂടെ തന്നെ നിലയുറപ്പിക്കുന്നു. അതാണ് കാലത്തിന്റെ ശരി. ഇല്ലെങ്കിൽ യാഥാസ്ഥിതിക-വർഗ്ഗീയശക്തികൾ ശക്തിപ്രാപിക്കുമ്പോൾ കണ്ണീരൊഴുക്കേണ്ടിവരും.

പുരോഗമനത്തിന്റെ കാര്യത്തിൽ ചില ഏറ്റക്കുറച്ചിലുകൾ പരസ്പരം ഉണ്ടെങ്കിൽത്തന്നെയും ഇവിടെ മനുഷ്യവിരുദ്ധ അനാചാരങ്ങളെ ശക്തിപ്രാപിപ്പിക്കാൻ കുറച്ചുപേർ കിണഞ്ഞു പരിശ്രമിക്കുന്നതിനാൽ ആകെയുള്ള പുരോഗമനപക്ഷത്തിനൊപ്പം നിലകൊള്ളാതെ നിവൃത്തിയില്ല. പല ലോകരാജ്യങ്ങളും മതങ്ങളെയും വിശ്വാസങ്ങളെയും തിരസ്കരിച്ചും നിഷേധിച്ചും ശാസ്ത്രസാങ്കേതികതയിൽ അധിഷ്ഠിതമായി പുരോഗതിപ്രാപിക്കുമ്പോൾ നമ്മുടെ ജനത ഏതോ പ്രാകൃതയുഗത്തിന്റെ ഓർമ്മകൾ പേറി നടക്കുന്നു. കാലത്തിന്റെ ഏതോ സന്ധിയിൽ നിർജ്ജീവമായ നവോത്ഥാനത്തെ കൈപിടിച്ചുയർത്തേണ്ടതുണ്ട്. പുനരുജ്ജീവനം സാധ്യമാകാത്ത കാലം കൂടുതൽ കൂടുതൽ മലിനമായിപ്പോകുകയേ ഉള്ളൂ. വരുംതലമുറകളോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ പുരോഗമനപക്ഷത്തുതന്നെ നിലകൊള്ളേണ്ടതാണ്.
യാഥാസ്ഥിതികപക്ഷത്തെ പൂർണ്ണമായും പരാജയപ്പെടുത്തിയിട്ടുവേണം പുരോഗമനപക്ഷത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ

ഇവിടെയെന്താണ് അടുത്തകാലങ്ങളിൽ കാണാൻകഴിഞ്ഞത് ? ഭരണഘടനാനുസൃതമായ ലിംഗസമത്വം വിധിയെഴുതിയ കോടതിയെ പോലും ധിക്കരിച്ചുകൊണ്ടു ദുരാചാരങ്ങളുടെ സോംബിപ്പട സംഘപരിവാറിന്റെ ആസൂത്രണത്തിൽ അഴിഞ്ഞാടുന്ന ഭീകരമായ കാഴ്ചകൾ. ഒരു ജനാധിപത്യരാജ്യത്തിന്റെ യശസ്സിനു മങ്ങലേൽപ്പിക്കുന്ന ഹീനമായ പ്രവർത്തികൾ. അമ്മയുടെ പ്രായമുള്ള സ്ത്രീയെപോലും തേങ്ങയെറിഞ്ഞു കൊല്ലാൻ നിൽക്കുന്ന ചെകുത്താന്മാർ, കുട്ടികളെ ചാവേറുകൾ ആക്കി മുന്നിൽ നിർത്തിയുള്ള പോരാട്ടങ്ങൾ , പിഞ്ചു മസ്തിഷ്കങ്ങളിൽ കെട്ടുകഥകൾ അടിച്ചേൽപ്പിച്ചു സന്നിധാനത്തിലേക്കുള്ള പാതയിൽ അവരെക്കൊണ്ടു കരയിച്ചുകാലുപിടിക്കുന്ന ഹീനമായ തന്ത്രങ്ങൾ,ആക്രോശത്തോടെ ഓടിയടുക്കുന്ന കപടഭക്തിയുടെ പൈശാചികരൂപങ്ങൾ…പുരോഗമനത്തിനെതിരെ എന്തെല്ലാം കോലാഹലങ്ങൾ. ഇവയെ ആശയംകൊണ്ടു പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്

ലിംഗനീതി ഭരണഘടനയിലും നിയമങ്ങളിലും എഴുതിവച്ചാലും പുരുഷമേധാവിത്വത്തിന്റെ ഉദ്ധൃത ലിംഗങ്ങൾ അവയെനോക്കി അനുദിനം വെല്ലുവിളിക്കുകയാണ്. പ്രതിഷേധിക്കുന്ന സ്ത്രീകളെ വെർബൽ റേപ്പ് ചെയ്തു അടിച്ചമർത്തിയും വീടുകയറി ആക്രമിച്ചും അപവാദങ്ങൾ സൃഷ്ടിച്ചു വായടപ്പിച്ചും വികൃതസത്വങ്ങൾ അഴിഞ്ഞാടുന്നു. പ്രാട്രിയാർക്കിയുടെ പ്രകടമായ ഇത്തരം ഇടപെടലുകൾക്കു കാലങ്ങളുടെ പഴക്കമുണ്ട്. കാലം ഒരുപാട് മുന്നോട്ടു നീങ്ങിയിട്ടും നൂറ്റാണ്ടുകൾ, സഹസ്രാബ്ദങ്ങൾ പിന്നിൽനിന്നും ആ ഇടപെടൽ വർത്തമാനകാല ജനിതകങ്ങളിൽ അടിയുറച്ചുപോയിരിക്കുന്നു. ആ ദുർഗന്ധ ബോധങ്ങൾ ശർദ്ദിക്കുന്ന പുരുഷന്റെ മുതുകുതടവാൻ റെഡിയാകുന്ന കുലംകുത്തികൾ ആയ സ്ത്രീകളും സമൂഹത്തിൽ കുറവല്ല.

കപടപാരമ്പര്യചിന്തകളിലും ജാതീയതയുടെ അധമബോധങ്ങൾക്കുള്ളിലും കിടന്നുകൊണ്ട് മറക്കുടകളെ കൈനീട്ടിസ്വീകരിച്ചും സ്മാർത്തവിചാരണകളെ അനുകൂലിച്ചും വേണമെങ്കിൽ സതിയനുഷ്ഠിക്കാൻ പോലും തയ്യാറായി പുലഭ്യങ്ങളുടെ നാമജപങ്ങൾമുഴക്കി ‘അന്ധകാര’ജ്യോതികൾ തെളിച്ചുകൊണ്ടു വർത്തമാനകാല യാഥാസ്ഥിക വനിതകൾ ഞങ്ങൾക്കൊരു പുരോഗമനവും വേണ്ടേ എന്ന് പ്രഖ്യാപിക്കുമ്പോൾ, വിദ്യാസമ്പത്തും നമ്മളിത്രകാലം കൊണ്ട് ആർജ്ജിച്ച നവോത്ഥാനമൂല്യങ്ങളും പിന്നോട്ട് പോകുന്നു. ആർക്കുവേണ്ടെങ്കിലും ഈ സമൂഹത്തെ രക്ഷിക്കേണ്ടതുണ്ട്. ഈ രാജ്യത്തെ പുരോഗതിയിലേക്കു കൈപിടിച്ച് നടത്തേണ്ടതുണ്ട്. അതിനു വേണ്ടി പ്രയത്നിക്കാൻ ഇവിടെ ഉത്പതിഷ്ണുക്കൾ മാത്രമേ ഉള്ളൂ. ഞാൻ വനിതാമതിലിനോപ്പം നിലകൊള്ളുന്നു. : സ്നേഹപൂർവ്വം രാജേഷ്‌ശിവ(രാശി )

  • 2
    Shares